Wednesday, December 9, 2009

വിലക്കയറ്റത്തിന്റെ രാഷ്ട്രീയം

ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ കഷ്ടപ്പാട് വിവരണാതീതമാണെന്നും രാഷ്ട്രീയാഭിപ്രായവ്യത്യാസമെന്യേ എല്ലാവരും സമ്മതിക്കും. എന്നാല്‍, വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണമെന്താണ്, ആരാണുത്തരവാദി, വിലക്കയറ്റം തടയാനോ നിയന്ത്രിക്കാനോ ഉള്ള മാര്‍ഗമെന്താണ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അഭിപ്രായവ്യത്യാസം തലപൊക്കാന്‍ തുടങ്ങും. കേന്ദ്രഭരണാധികാരികള്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാണ് വിലക്കയറ്റത്തിനുത്തരവാദി എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനവുമായി രംഗത്തുവരും. ബൂര്‍ഷ്വാ മാധ്യമങ്ങളും സ്വാഭാവികമായും ഇക്കൂട്ടര്‍ക്കുവേണ്ടിയാണ് വാദിക്കുക. വിലക്കയറ്റം നിയന്ത്രിക്കാനും നിത്യോപയോഗ വസ്തുക്കള്‍ ന്യായവിലയ്ക്ക് വിതരണംചെയ്യാനും എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നതിന് അനുഭവംതന്നെ സാക്ഷിയാണ്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തികനയത്തിന്റെ സന്തതിയാണ് വിലക്കയറ്റം. വിപണി സമ്പദ്‌വ്യവസ്ഥയില്‍ വില നിശ്ചയിക്കുന്നത് വിപണിയിലാണ്. വിപണിയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടരുതെന്നാണ് നയം. വിലക്കയറ്റം കാരണം ജീവിതസൂചികയില്‍ വര്‍ധനയുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ക്ഷാമബത്ത നല്‍കാറുണ്ട്. ഏറ്റവുമൊടുവില്‍ കേരള സര്‍ക്കാര്‍ ഒമ്പത് ശതമാനം ക്ഷാമബത്തയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചത്. പൊതുവിതരണസമ്പ്രദായം മാതൃകാപരമായി നടപ്പാക്കുന്നതിനും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഭീമമായ തുക ചെലവഴിക്കേണ്ടതുണ്ട്. ഇതിനെല്ലാം സംസ്ഥാനസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരിമിതികളുണ്ടെന്ന് അറിയാത്തവരല്ല കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്. എന്നിട്ടും സബ്സിഡി ഇനത്തില്‍ സഹായം നല്‍കുകയില്ല എന്നതാണ് കേന്ദ്രനയം. റേഷന്‍ വിതരണത്തിനാവശ്യമായ അരിവിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാരിനെ ശ്വാസംമുട്ടിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്.

1991ലെ തെരഞ്ഞെടുപ്പുകാലത്തെങ്കിലും വിലക്കയറ്റം സൃഷ്ടിക്കുന്നത് ദേശീയമുന്നണി സര്‍ക്കാരാണെന്ന് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു. തങ്ങള്‍ ജയിച്ചാല്‍ നിത്യോപയോഗസാധനങ്ങളുടെ വിലനിലവാരം 1990 ജൂലൈ മാസത്തിലേതിനൊപ്പമെത്തിക്കുമെന്നും സമ്മതിദായകര്‍ക്ക് വാക്കുനല്‍കിയിരുന്നു. അധികാരത്തിലെത്തി നൂറുദിവസത്തിനകം വില കുറയ്ക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എഴുതിവച്ചത്. അതായത് വില വര്‍ധിപ്പിക്കുന്നതും വില കുറയ്ക്കേണ്ടതും കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചെന്നര്‍ഥം. ഇത് യുപിഎ സര്‍ക്കാരിന് കൂടുതല്‍ ബാധകമാകുന്നുവെന്നത് ഉമ്മന്‍ചാണ്ടി അംഗീകരിച്ചേ മതിയാകൂ.

വിലക്കയറ്റത്തിനുത്തരവാദി ആരെന്നുള്ള ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്.

15-ാം ലോക്സഭാതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ പെട്രോള്‍ ലിറ്ററിന് നാലു രൂപയും ഡീസലിന് രണ്ടുരൂപയും വര്‍ധിപ്പിച്ചതാരാണ്? റേഷന്‍വിഹിതം ഗണ്യമായി വെട്ടിക്കുറച്ച് കേരളത്തിലെ പൊതുവിതരണസമ്പ്രദായം ദുര്‍ബലപ്പെടുത്തിയതാരാണ്? ഊഹക്കച്ചവടവും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിച്ച് അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അനുവദിച്ചതാരാണ്? പഞ്ചസാര ലോബിയുടെ സമ്മര്‍ദത്തിനുവഴങ്ങി കയറ്റുമതി അനുവദിച്ചതാരാണ്?

ഇതുപോലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് കോണ്‍ഗ്രസിനും കൂട്ടാളികള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഭക്ഷ്യസുരക്ഷിതത്വം എന്ന ഓമനപ്പേര്‍ നല്‍കി ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ നിയമപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു കുടുംബത്തിന് 25 കിലോ അരിയോ ഗോതമ്പോ കിലോയ്ക്ക് മൂന്നു രൂപ നിരക്കില്‍ നല്‍കുമെന്നാണ് വ്യവസ്ഥ. അതായത് ഇന്ന് രണ്ടുരൂപ നല്‍കുന്നതിനുപകരം ഒരു രൂപ കൂടുതല്‍ നല്‍കേണ്ടിവരും.

ബിപിഎല്‍ കുടുംബങ്ങളെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഇപ്പോള്‍ രാജ്യത്താകെ ആറുകോടി 52 ലക്ഷം ബിപിഎല്‍ കുടുംബങ്ങളാണുള്ളത്. ഇത് അഞ്ചുകോടി 91 ലക്ഷമായി വെട്ടിക്കുറയ്ക്കാനാണ് നിര്‍ദേശം. ഏതാനും ചില സംസ്ഥാനങ്ങള്‍മാത്രം നടത്തിയ സര്‍വേ അനുസരിച്ച് ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 10 കോടിയിലധികം വരും. എല്ലാ സംസ്ഥാനങ്ങളും സര്‍വേ നടത്തിയാല്‍ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം ഇനിയും ഗണ്യമായി വര്‍ധിക്കും. കേന്ദ്രനയമനുസരിച്ച് കോടിക്കണക്കിന് ദരിദ്രകുടുംബങ്ങള്‍ ആനുകൂല്യം ലഭിക്കുന്നതില്‍നിന്ന് പുറംതള്ളപ്പെടുമെന്ന് വ്യക്തമാണ്.

ഇതിനെല്ലാമുള്ള ഒരേയൊരു പോംവഴി സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കല്‍മാത്രമാണ്.

യുപിഎ ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് 53 ആയി വര്‍ധിച്ചെന്നത് നേരാണ്. എന്നാല്‍, അര്‍ജുന്‍ സെന്‍ ഗുപ്ത റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 77 ശതമാനം ജനങ്ങളും ശരാശരി ഒരു ദിവസം 20 രൂപമാത്രം ചെലവഴിക്കാന്‍ കഴിവുള്ളവരാണ്. ഡോ. എസ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഗ്രാമീണ ദരിദ്രരുടെ എണ്ണം 42 ശതമാനവും നഗരങ്ങളില്‍ 26 ശതമാനവുമാണെന്നാണ് എഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കുന്നതിന് ആവശ്യമായ തുക നീക്കിവയ്ക്കാന്‍ കേന്ദ്രം തയ്യാറായേ മതിയാകൂ.

2009-10ല്‍ 52489 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ നീക്കിവച്ചത്. ഇത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.18 ശതമാനംമാത്രമാണ്. പല രാജ്യങ്ങളും 2.7 ശതമാനംവരെ തുക സബ്സിഡിക്ക് നല്‍കുന്നുണ്ട് എന്ന വസ്തുതയും ഓര്‍ക്കേണ്ടതാണ്. 2009-10 വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്കായി നാലുലക്ഷം കോടി രൂപ നികുതി ആനുകൂല്യം അനുവദിച്ചതായി കാണുന്നുണ്ട്. മറ്റൊരു കണക്കനുസരിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് പ്രതിദിനം 700 കോടി രൂപയുടെ നികുതി ആനുകൂല്യം നല്‍കുന്നു. ഇതിന്റെ ചെറിയൊരംശമെങ്കിലും പാവപ്പെട്ടവര്‍ക്ക് (ആം ആദ്മി) നല്‍കാന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യേണ്ടത്. അത്തരമൊരു നയംമാറ്റത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സഹായകരമായ സമരമാണ് ഇവര്‍ ചെയ്യേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 091209

2 comments:

  1. വിലക്കയറ്റത്തിനുത്തരവാദി ആരെന്നുള്ള ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്.

    15-ാം ലോക്സഭാതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ പെട്രോള്‍ ലിറ്ററിന് നാലു രൂപയും ഡീസലിന് രണ്ടുരൂപയും വര്‍ധിപ്പിച്ചതാരാണ്? റേഷന്‍വിഹിതം ഗണ്യമായി വെട്ടിക്കുറച്ച് കേരളത്തിലെ പൊതുവിതരണസമ്പ്രദായം ദുര്‍ബലപ്പെടുത്തിയതാരാണ്? ഊഹക്കച്ചവടവും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിച്ച് അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അനുവദിച്ചതാരാണ്? പഞ്ചസാര ലോബിയുടെ സമ്മര്‍ദത്തിനുവഴങ്ങി കയറ്റുമതി അനുവദിച്ചതാരാണ്?

    ReplyDelete
  2. കഴിഞ്ഞ യു പി എ സര്‍ക്കാരിനെ മൂടുതാങ്ങി നിര്‍ത്തിയ നിങ്ങള്‍ക്കും ഇതിനുത്തരവാദിത്വം ഇല്ലേ സഗാവേ?

    ReplyDelete