Tuesday, December 15, 2009

ഒരു രാഷ്ട്രീയ പാര്‍ടിയുടെ അരാഷ്ട്രീയ സംഭാവനകള്‍

അരാഷ്ട്രീയവല്‍ക്കരണം ആഗോളവല്‍ക്കരണത്തിന്റെ ആയുധമാണ്. ജനാധിപത്യപ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുന്നത് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും കൂട്ടായ്മകളെ ദുര്‍ബലപ്പെടുത്തും. ഇത് മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തിന് അഭിലഷണീയവുമാണ്. ഇന്ത്യയില്‍ നവ ഉദാരവല്‍ക്കരണപ്രക്രിയ ത്വരിതപ്പെട്ടതിനോടൊപ്പമാണ് രാഷ്ട്രീയ നിരോധനവും സജീവമായത്. വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധനം, ബന്ദുനിരോധനം, പണിമുടക്കുകള്‍ക്കും പ്രകടനങ്ങള്‍ക്കുമുള്ള നിയന്ത്രണം തുടങ്ങിയ ചര്‍ച്ചകള്‍ സജീവമായത് ഈ കാലഘട്ടത്തില്‍ തന്നെയാണ്.

നിയമങ്ങളിലൂടെയുള്ള രാഷ്ട്രീയ നിരോധന നീക്കങ്ങളേക്കാള്‍ അപകടമാണ് സമൂഹത്തിലെ രാഷ്ട്രീയ സങ്കല്‍പം വികലമാക്കുന്നത്. ഇതില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണ്. വര്‍ത്തമാനകാലത്തെ സാംസ്കാരിക അധിനിവേശത്തിന്റെ ഫലമായി നാടിന്റെ കലയും ഭാഷയും പൈതൃകവും അക്രമിക്കപ്പെടുന്നതോടൊപ്പംതന്നെ രാഷ്ട്രീയ ജനാധിപത്യ സങ്കല്‍പങ്ങളും ആക്രമണത്തിന് വിധേയമാവുകയാണ്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന തങ്ങളുടെ മൌലികമായ ധര്‍മ്മം മാധ്യമങ്ങളുടെ മത്സരക്കാലത്ത് തെല്ലും ഉണ്ടാകുന്നില്ല. മുംബൈ ഭീകരാക്രമണത്തിനുശേഷം നടന്ന ചില ചാനല്‍ ചര്‍ച്ചകള്‍ വിരല്‍ചൂണ്ടിയത് ജനാധിപത്യ സംവിധാനംതന്നെ വേണ്ടതില്ല എന്നതിലേക്കാണ്. ആഗോളവല്‍ക്കരണകാലത്തെ "വാര്‍ത്ത ഫാക്ടറികള്‍'' പുറത്തുവിടുന്നത് ജനാധിപത്യത്തിന്റെ അസ്ഥിത്വത്തിനെത്തന്നെ അപകടപ്പെടുത്തുന്ന മാലിന്യങ്ങളാണ്. രാഷ്ട്രീയം അഴിമതിയും അക്രമവുമാണെന്ന ധാരണ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കലാലയ രാഷ്ട്രീയ നിരോധനത്തിന് അരങ്ങൊരുക്കിയത് ഇത്തരം വാര്‍ത്തകളായിരുന്നു. ത്യാഗനിര്‍ഭരതയുടെ ഭൂതകാലം വിസ്മരിച്ച് വര്‍ത്തമാനകാല രാഷ്ട്രീയ നേതൃത്വത്തെ ഹാസ്യ കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ രാഷ്ട്രീയ ധാരണയെയാണ് കോമാളി വേഷം കെട്ടിക്കുന്നത്.

എന്നാല്‍ രാഷ്ട്രീയ പാര്‍ടികള്‍ സംശുദ്ധമായ ജനാധിപത്യ അവബോധത്തെ ദുര്‍ബലപ്പെടുത്തുന്നത് ഒരുപക്ഷേ ആഗോളവല്‍ക്കരണകാലത്തെ അനിവാര്യതയായിരിക്കാം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് 'പ്രൊഫഷണല്‍' പരികല്‍പന നല്‍കിയത് കോണ്‍ഗ്രസും ബിജെപിയുമാണ്. ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ അലകും പിടിയും മാറ്റി; നിലവിലുള്ള ലോക്സഭയിലെ കോടീശ്വരന്മാരായ കോണ്‍ഗ്രസിന്റെയും, ബിജെപിയുടെയും, ബിഎസ്പിയുടെയും, എസ്പിയുടെയും അംഗങ്ങള്‍ ഒരുമിച്ച് വിചാരിച്ചാല്‍ ഒരുപക്ഷേ ഇന്ത്യയെത്തന്നെ വിലയ്ക്ക് വാങ്ങാനാകും. 543 അംഗ ഇന്ത്യന്‍ പാര്‍ലമെന്റില്‍ 300 ശതകോടീശ്വരന്മാരും 150 ദശലക്ഷാധിപതികളുമാണ്. ടിഡിപിയിലെ നമ്മാ നാഗേശ്വരറാവുവിന്റെ ആസ്തി 173 കോടിയാണ്. ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ നവീന്‍ ജിന്‍ഡാല്‍, വ്യോമയാന മന്ത്രി പ്രഭുല്‍പട്ടേല്‍ തുടങ്ങി ഇന്ത്യന്‍ പാര്‍ലമെന്റിലെ കോടീശ്വരന്മാര്‍ ജനാധിപത്യ സങ്കല്‍പത്തിന് നല്‍കുന്ന പുതിയ മാനം അര്‍പ്പണബോധത്തിന്റേതല്ല, ആഢ്യത്ത്വത്തിന്റേതാണ്. ജനാധിപത്യം ജനങ്ങളുടേതാണ്. ജനാധിപത്യത്തിലെ ജനങ്ങളുടെ സര്‍വ്വാധിപത്യം പുതിയകാലത്ത് നാശോന്‍മുഖമായിരിക്കുന്നു. പ്രവര്‍ത്തനത്തിന്റെയോ രാഷ്ട്രീയ കാഴ്ചപ്പാടിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഉയര്‍ന്ന ജനാധിപത്യ വേദികളിലെത്തുന്നവര്‍ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തെ സൃഷ്ടിക്കുകയാണ്.90കള്‍ക്കുമുമ്പ് പരിചിതമില്ലാതിരുന്നതാണിത്.

മുദ്രാവാക്യനിര്‍മ്മിതിക്കുപോലും പരസ്യകമ്പനികളെയും കണ്‍സള്‍ട്ടന്‍സികളെയും ബിജെപിയും കോണ്‍ഗ്രസും ആശ്രയിക്കുന്നുണ്ട്. 14-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് എന്‍ഡിഎ സഖ്യം ഉപയോഗിച്ച 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് അമേരിക്ക കേന്ദ്രമായ മെക്കന്‍സി എന്ന പ്രമുഖ കണ്‍സള്‍ട്ടന്‍സിയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെയുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്തതും നടപ്പിലാക്കിയതും പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളായിരുന്നു. പ്രചാരണത്തിന്, സാദ്ധ്യത പഠനത്തിന്, നയരൂപീകരണത്തിന് തുടങ്ങി ഇപ്പോഴിതാ സംഘടനാ തെരഞ്ഞെടുപ്പു നടത്തിപ്പിനും സ്വകാര്യ ഏജന്‍സിക്ക് ക്വട്ടേഷന്‍ നല്‍കി ഈ രംഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറെ മുന്നോട്ടുപോയിരിക്കുന്നു.

കെ.എസ്.യുവിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത് "ഫൌണ്ടേഷന്‍ ഓഫ് അഡ്വാന്‍സ് മാനേജ്മെന്റ് ഏജന്‍സി എന്ന ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയെയാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പസുകളിലും തെരുവുകളിലും ഏകീകൃത ഐ, എ ഗ്രൂപ്പുകള്‍ വ്യത്യസ്ത സംഘടനകളെപ്പോലെ ഏറ്റുമുട്ടി. മലയാള മാധ്യമങ്ങളുടെ 'യജമാനസ്നേഹം' കാരണം പുറത്തറിയാതിരുന്ന കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ല് മറനീക്കി. എന്നിട്ടും ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് കെ.എസ്.യുവിന്റെ സംഘടനാ തെരഞ്ഞെടുപ്പ് മഹത്തരമെന്നാണ്.

കേരളത്തിലെ ഏഴ് സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ ഭരണം എസ്എഫ്ഐക്കാണ്. കെ.എസ്.യുവിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടന്ന കാലയളവിലാണ് സംസ്ഥാന ഇന്റര്‍ പോളിടെക്നിക് യൂണിയനിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍പോലും ഒരു പ്രതിനിധി കെ.എസ്.യുവിന് ഉണ്ടായില്ല. എതിരില്ലാതെയാണ് എസ്എഫ്ഐ വിജയിച്ചത്. വിദ്യാര്‍ത്ഥികള്‍ തിരസ്കരിച്ച കെ.എസ്.യുവിന് പുനര്‍ജന്മം നല്‍കാനുള്ള ഒടുവിലത്തെ വിദ്യയായാണ് കോണ്‍ഗ്രസിലെ മാനേജ്മെന്റ് വിദഗ്ധര്‍ സംഘടനാ തെരഞ്ഞെടുപ്പ് രൂപകല്‍പന ചെയ്തത്. ചില മാധ്യമങ്ങള്‍ നടത്തുന്ന അന്വേഷണം തെരഞ്ഞെടുപ്പ് മരുന്ന് ഫലിച്ചോ ഇല്ലയോ എന്നാണ്. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് രംഗങ്ങള്‍ പുതിയ തലമുറയുടെ രാഷ്ട്രീയ സങ്കല്‍പങ്ങളെ മലിനമാക്കുകയാണ് ചെയ്തത്. ജനാധിപത്യ അവബോധം രൂപപ്പെടേണ്ട പ്രായത്തില്‍ വിദ്യാര്‍ത്ഥികള്‍ കാണുന്ന ഈ സംഘടനാ രീതി അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ വികലമാക്കുകയാണ് ചെയ്തത്.
എസ്എഫ്ഐക്കുമുണ്ട് സംഘടനാ തെരഞ്ഞെടുപ്പ്. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍തന്നെ പരിപാലിക്കാറുണ്ട്. എസ്എഫ്ഐയുടെ സംഘടനാ സമ്മേളനങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളുടെയും നയരൂപീകരണത്തിന്റെയും വേദികളാണ്. ലോകരാഷ്ട്രീയം മുതല്‍ ക്ളാസ് മുറികളിലെ മാറ്റംവരെ വിദ്യാര്‍ത്ഥികളുടെ ചര്‍ച്ചകളില്‍ പ്രതിഫലിക്കും. പുരോഗമനപരവും ശാസ്ത്രീയവുമായ രാഷ്ട്രീയ കാഴ്ചപ്പാടും അവബോധവും കലാലയങ്ങളില്‍ കരുപ്പിടിപ്പിക്കാന്‍ ഇത് ജനാധിപത്യസമൂഹത്തിന് വലിയ സംഭാവനയുമാണ്.

അരാഷ്ട്രീയവല്‍ക്കരണം എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം മാത്രമല്ല. രാഷ്ട്രീയബോധത്തെ വികലമാക്കുന്നത് അരാഷ്ട്രീയവല്‍ക്കരണംതന്നെയാണ്. യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ നേരത്തെ സ്വീകരിച്ച വിദ്യ ടാലന്റ് സ്കാന്‍ ആയിരുന്നു. ചോദ്യാവലിക്ക് ശരിയായ ഉത്തരം നല്‍കുന്നവര്‍ക്ക് സ്ഥാനം ലഭിക്കും. നേതാവാകാന്‍ താല്‍പര്യമുള്ള 'ഉദ്യോഗാര്‍ത്ഥികള്‍' അപേക്ഷ സമര്‍പ്പിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍സഹിതം ഇന്റര്‍വ്യു ബോര്‍ഡിനുമുമ്പില്‍ ഹാജരാകണം. പൊതു വിജ്ഞാനം മന:പാഠമാക്കി അഭിമുഖത്തിന് പോയവര്‍ തങ്ങളുടെ സ്പോണ്‍സര്‍മാരായ ഗ്രൂപ്പ് നേതാക്കളുടെ ശുപാര്‍ശകത്തും കരുതിതീരുന്നത്രേ!

ഇന്ത്യന്‍ മുതലാളിത്തത്തിന്റെ കാവല്‍നായ്ക്കളായ കോണ്‍ഗ്രസ് കോര്‍പ്പറേറ്റ് സംസ്കാരം തങ്ങളുടെ പാര്‍ട്ടിയിലും നടപ്പിലാക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ അവരുടെ പോഷക സംഘടനകളുടെയോ ആഭ്യന്തരകാര്യം മാത്രമായി ഈ പ്രവണതയെ നിസാരവല്‍ക്കരിക്കുക സാധ്യമല്ല. ജനാധിപത്യമൂല്യങ്ങള്‍ ഒരു തലമുറയുടെ മനസ്സില്‍നിന്നും പടിയിറക്കാന്‍, പ്രതിരോധത്തിന്റെ നാളെകളെ ദുര്‍ബലപ്പെടുത്താനുള്ള മുതലാളിത്തത്തിന്റെ കിനാവുകളുടെ പ്രയോക്താക്കളാവുകയാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെയ്യുന്നത്.

എ എ റഹിം ചിന്ത 181209

1 comment:

  1. മുദ്രാവാക്യനിര്‍മ്മിതിക്കുപോലും പരസ്യകമ്പനികളെയും കണ്‍സള്‍ട്ടന്‍സികളെയും ബിജെപിയും കോണ്‍ഗ്രസും ആശ്രയിക്കുന്നുണ്ട്. 14-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് എന്‍ഡിഎ സഖ്യം ഉപയോഗിച്ച 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് അമേരിക്ക കേന്ദ്രമായ മെക്കന്‍സി എന്ന പ്രമുഖ കണ്‍സള്‍ട്ടന്‍സിയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെയുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്തതും നടപ്പിലാക്കിയതും പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളായിരുന്നു. പ്രചാരണത്തിന്, സാദ്ധ്യത പഠനത്തിന്, നയരൂപീകരണത്തിന് തുടങ്ങി ഇപ്പോഴിതാ സംഘടനാ തെരഞ്ഞെടുപ്പു നടത്തിപ്പിനും സ്വകാര്യ ഏജന്‍സിക്ക് ക്വട്ടേഷന്‍ നല്‍കി ഈ രംഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറെ മുന്നോട്ടുപോയിരിക്കുന്നു.

    ReplyDelete