Thursday, December 10, 2009

ഭക്ഷണം പരമമായ മനുഷ്യാവകാശം

ഡിസംബര്‍ 10 ലോക മനുഷ്യാവകാശദിനമാണ്. മനുഷ്യസമൂഹത്തെ മാനുഷികമൂല്യങ്ങളോടെ നിലനിര്‍ത്താന്‍ നിയമങ്ങളും നീതിന്യായവും അവകാശങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഈ ദിനത്തില്‍ ലോകജനതയുടെ ഉത്തരവാദിത്തം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരളത്തില്‍ ഡിസംബര്‍ 10 വിലക്കയറ്റ പ്രതിഷേധദിനമായി ആചരിക്കാനാണ് തീരുമാനിച്ചത്. ഭക്ഷണം ലഭ്യമല്ലാത്ത ഒരു പൌരന് മറ്റൊരു അവകാശത്തെക്കുറിച്ചും ചിന്തിക്കാന്‍ കഴിയുകയില്ല. കഴിഞ്ഞ നവംബര്‍ 14 മുതല്‍ 18 വരെ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ ഉച്ചകോടി റോമില്‍ നടക്കുകയുണ്ടായി. വര്‍ധിച്ചുവരുന്ന പട്ടിണിയിലും വിശപ്പിലും പട്ടിണിമരണങ്ങളിലും ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയങ്ങള്‍ ഈ സമ്മേളനം പാസാക്കി. എന്നാല്‍, പരിഹാരനിര്‍ദേശങ്ങളൊന്നും നല്‍കാതെയാണ് സമ്മേളനം പിരിഞ്ഞത്.

വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം ഏറ്റവും രൂക്ഷമായി ബാധിക്കുക മൂന്നു രാജ്യത്തെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍- അവ പാകിസ്ഥാനും ഇന്ത്യയും ബംഗ്ളാദേശുമാണ്.

ഭക്ഷ്യോല്‍പ്പാദനം കുറയുകയും ആളോഹരി ഉപഭോഗത്തിന് തികയാതെ വരികയും ചെയ്യുമ്പോഴാണ് ഭക്ഷ്യകമ്മി ഉണ്ടാകുന്നത്. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാതിരുന്നാലും കാലാവസ്ഥ കെടുതിമൂലം കൃഷിനാശം സംഭവിച്ചാലും ഭക്ഷ്യപ്രതിസന്ധി ഉണ്ടാകും. ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്തം നാടു ഭരിക്കുന്ന ഗവമെന്റിനാണ്. എല്ലാ പൌരന്മാര്‍ക്കും ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ പോഷകഗുണങ്ങളോടുകൂടിയ ആഹാരം ലഭ്യമാക്കണമെന്ന നിര്‍ബന്ധം ഉണ്ടാകണം. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതി ഉണ്ടാകണം. ഓരോരുത്തരുടെയും വരുമാനപരിധിയില്‍ നിന്നുകൊണ്ടുതന്നെ ഭക്ഷ്യധാന്യം മതിയായത്ര എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയുന്ന രീതിയില്‍ വിലകള്‍ ക്രമീകരിക്കണം. പ്രകൃതിക്ഷോഭത്താല്‍ വന്‍തോതില്‍ ധാന്യം കുറയുമ്പോള്‍ അത്രയും ധാന്യം പുറമെനിന്ന് ശേഖരിച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കണം.

എന്നാല്‍, സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരികള്‍ സ്വാതന്ത്ര്യത്തിന്റെ 62-ാംവര്‍ഷം പിന്നിട്ടിട്ടും ഇത്തരം ഒരു നീക്കം നടത്തിയതായി കാണുന്നില്ല. ഇന്ത്യയില്‍ ഇപ്പോഴും 77 ശതമാനം ജനങ്ങളുടെ ഒരുദിവസം 20 രൂപപോലും വരുമാനമില്ലാത്തവരാണെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1999നും 2005നും ഇടയിലാണ് പട്ടിണിക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍ പെരുകിയതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഘട്ടത്തില്‍ ഭക്ഷ്യോല്‍പ്പാദനത്തില്‍ ഭീമമായ കുറവ് ഉണ്ടായിട്ടുമില്ല. മേല്‍പ്പറഞ്ഞവിധമുള്ള ദരിദ്രര്‍ 1999ല്‍ 8110 ലക്ഷം ആയിരുന്നത് 2005ല്‍ 8360 ലക്ഷമായി. സാമ്പത്തികമാന്ദ്യത്തിന്റെ നാളുകളില്‍ അത് 10,000 ലക്ഷമെങ്കിലും ആകാനാണ് സാധ്യത. 50 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവുകൊണ്ട് വലയുന്നു. 75 ശതമാനം സ്ത്രീകള്‍ വിളര്‍ച്ച ബാധിച്ചവരാണ്. ശിശുമരണങ്ങളില്‍ പകുതിയിലേറെയും പോഷകാഹാരക്കുറവുകൊണ്ടുള്ളതാണ്. 182 രാജ്യങ്ങളുടെ മാനവവികസനസൂചിക തയ്യാറാക്കിയപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 134-ാമതാണ്. 88 പട്ടിണിരാജ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ (ലോക ദരിദ്രസൂചിക അനുസരിച്ച്) ഇന്ത്യയുടെ സ്ഥാനം 66-ാമതാണ്. ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യപദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകത്തിലാകെയുള്ള പട്ടിണിക്കാരുടെ 27 ശതമാനം ഇന്ത്യയിലാണെന്നാണ്.

എന്തുകൊണ്ടാണ് വില കൂടുന്നത്?

ഇന്ത്യക്ക് ഈ പട്ടിണിയും വിലക്കയറ്റവും ഈശ്വരനോ പ്രകൃതിയോ സമ്മാനിച്ചതല്ല; ആഗോള പ്രതിഭാസവുമല്ല. ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വീകരിച്ച മുതലാളിത്ത ഭരണനയത്തിന്റെ പ്രത്യാഘാതമാണ്. 1980കള്‍മുതല്‍ ലോകമുതലാളിത്തത്തിന്റെ പുത്തന്‍ ഉദാരവത്കൃത സാമ്പത്തികനയത്തിന് ഇന്ത്യന്‍ ഭരണാധികാരികള്‍ കീഴടങ്ങി. ഭരണഘടനയില്‍ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശവും പൊതുവാഗ്ദാനമായി പറയുന്നുണ്ടെങ്കിലും അത് ലഭ്യമാക്കാനുള്ള നടപടി ഇന്ത്യാ ഗവമെന്റ് സ്വീകരിച്ചിട്ടില്ല. പകരം ധനിക-ദരിദ്ര അന്തരം വര്‍ധിപ്പിക്കുന്നതിനും ധനികര്‍ കൂടുതല്‍ ധനികരായി മാറുന്നതിനുമുള്ള സമീപനമാണ് സ്വീകരിച്ചത്. ഭക്ഷ്യ ധാന്യം ശേഖരിച്ച് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര ഗവമെന്റിനാണ്. ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയും വിലകള്‍ നിയന്ത്രിച്ചും ഭക്ഷ്യധാന്യ കൃഷിക്കാരെയും ഉപഭോക്താക്കളെയും ഒരേപോലെ സംരക്ഷിച്ചുനിര്‍ത്താന്‍ ജനാധിപത്യബോധമുള്ള ഗവമെന്റ് വിചാരിച്ചാല്‍ കഴിയും. കേന്ദ്ര ഗവമെന്റ് ഈ രണ്ടു കാര്യത്തിലും പരാജയപ്പെട്ടിരിക്കുന്നു.
ആസിയന്‍ കരാര്‍വഴി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറയുന്നില്ല. വന്‍കിടക്കാര്‍ വില കൂട്ടിവില്‍ക്കുകയാണ്. വന്‍കിടക്കാര്‍ ഇഷ്ടത്തിന് വില വര്‍ധിപ്പിച്ച് അമിതലാഭം ഉണ്ടാക്കുന്നു. അടുത്ത നാളുകളിലായി അരിവില 150 ശതമാനവും ഗോതമ്പുവില 46 ശതമാനവും പഞ്ചസാരവില 90 ശതമാനവും വര്‍ധിച്ചു. വന്‍കിടമുതലാളിമാരുടെ ലാഭം ഒരു ഭാഗത്ത് വര്‍ധിക്കുമ്പോള്‍ പാവപ്പെട്ടവര്‍ അവരുടെ ഭക്ഷ്യഉപഭോഗം വെട്ടിക്കുറച്ചുകൊണ്ടാണ് വിലക്കയറ്റത്തെ നേരിടുന്നത്. '91ല്‍ ആളൊന്നിന് പ്രതിവര്‍ഷം 186 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ലഭിച്ചിരുന്നതെങ്കില്‍ 2000ത്തില്‍ അത് 166 കിലോഗ്രാമായി കുറഞ്ഞു.

ഈ അവസരത്തില്‍ കേന്ദ്ര ഗവമെന്റ് സബ്സിഡി നല്‍കിക്കൊണ്ട് വിലകള്‍ നിയന്ത്രിച്ചുനിര്‍ത്തുകയും ജനങ്ങളുടെ വാങ്ങല്‍കഴിവിന് അനുസരിച്ച് ഭക്ഷ്യധാന്യം കിട്ടുമെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാല്‍, കേന്ദ്ര ഗവമെന്റ് തുടര്‍ച്ചയായി ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കുകയാണ്. ഭക്ഷ്യധാന്യം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവകാശം സ്വകാര്യമുതലാളിമാരെ ഏല്‍പ്പിക്കുകയാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കാരണമാണ് ഇന്ത്യയില്‍ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിക്കുന്നത്. എഫ്സിഐ ഗോഡൌണില്‍ ആവശ്യത്തിലധികം അരി കെട്ടിക്കിടക്കുമ്പോഴും അരിയുടെ വില കുതിച്ചുയരുന്നത് അതുകൊണ്ടാണ്.

കേരള ഗവമെന്റ് ഏര്‍പ്പെടുത്തുന്ന ഭക്ഷ്യ സബ്സിഡികൊണ്ടാണ് കേരളത്തില്‍ അല്‍പ്പമെങ്കിലും വില നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയുന്നത്. കേരളത്തിലാകെ ആവശ്യമായതിന്റെ 10 ശതമാനം അരിപോലും ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നത് ഈ അവസരത്തില്‍ നാം ഓര്‍ക്കണം. ഭക്ഷ്യകമ്മി സംസ്ഥാനമായിട്ടും ഒരുപരിധിവരെ വിലകള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയുന്ന കേരളത്തിലെ ഇടതുപക്ഷ ഗവമെന്റിന്റെ മാതൃക സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ഭക്ഷ്യപ്രശ്നം പരിഹരിക്കാന്‍ കഴിയുമായിരുന്നു. ഒരു സംസ്ഥാന ഗവമെന്റിന് ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ട്. എന്നിട്ടും 600 കോടിയിലേറെ രൂപ കേരളത്തിലെ പൊതുവിതരണമേഖലയില്‍ ചെലവഴിച്ചു. ബിപിഎല്‍ കാര്‍ഡിന് കിലോയ്ക്ക് രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നു. മാവേലി സ്റ്റോറുകളിലും സഹകരണസ്ഥാപനങ്ങളിലെ സ്റ്റോറുകളിലും കിലോയ്ക്ക് 14 രൂപയ്ക്ക് അരി കൊടുക്കുന്നു. ആന്ധ്രയില്‍നിന്നും ബംഗാളില്‍നിന്നും മറ്റും അരി വിലയ്ക്ക് വാങ്ങിക്കൊണ്ടുവരുമ്പോള്‍ ചരക്കുകടത്ത് കൂലിയടക്കം കണക്കാക്കിയാല്‍ കിലോയ്ക്ക് 25 രൂപയ്ക്കും 30 രൂപയ്ക്കും ഇടയില്‍ വിലവരുന്ന അരിയാണ് ഇങ്ങനെ വിലകുറച്ച് കൊടുക്കുന്നത്. ഭക്ഷ്യധാന്യ മിച്ച സംസ്ഥാനങ്ങളായ ആന്ധ്രയിലും തമിഴ്നാട്ടിലും സ്വകാര്യ മാര്‍ക്കറ്റില്‍ 25 രൂപമുതല്‍ 30 രൂപവരെയാണ് അരിവില. കേരളത്തില്‍ 20-22 രൂപയ്ക്ക് മാര്‍ക്കറ്റില്‍ നല്ല അരി കിട്ടുന്നത് മേല്‍പ്പറഞ്ഞ സംവിധാനങ്ങളുള്ളതുകൊണ്ടാണ്.

പക്ഷേ, കേന്ദ്രം തരാനുള്ള അരിവിഹിതം തുടര്‍ച്ചയായി തരാതിരിക്കുമ്പോഴും ബിപിഎല്‍ കാര്‍ഡുകളുടെ എണ്ണവും അരിവിഹിതവും വെട്ടിക്കുറയ്ക്കുമ്പോഴും കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ പ്രയാസമായിരിക്കും. വരാനിരിക്കുന്ന കേന്ദ്ര ഭക്ഷ്യസുരക്ഷിതത്വനിയമവും കേരളത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷമായി മാറുമെന്നാണ് സൂചന. 60-70 കോടി ദരിദ്രരുള്ള രാജ്യത്ത് ആറുകോടി പേര്‍ക്കുമാത്രം ഭക്ഷ്യസബ് സിഡി നല്‍കാനാണ് നിയമം വ്യവസ്ഥചെയ്യുന്നത്. ഇതില്‍ ഭക്ഷ്യധാന്യവിതരണം സാര്‍വത്രികമാക്കാനുള്ള നിര്‍ദേശങ്ങളൊന്നും ബില്ലില്‍ ഇല്ല.

കാര്‍ഷികമേഖലയില്‍ ജനങ്ങള്‍ക്ക് സബ്സിഡിയും മറ്റു പിന്തുണകളും നല്‍കി ഉല്‍പ്പാദനം കെട്ടഴിച്ചുവിടുക, ഭക്ഷ്യധാന്യങ്ങളുടെ ശേഖരണവും വിതരണവും ഗവമെന്റ് ഏറ്റെടുക്കുക, വിലനിലവാരം നിയന്ത്രിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിക്കുക എന്നിവയിലൂടെമാത്രമേ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയൂ. മനുഷ്യാവകാശദിനത്തില്‍ കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനുള്ള മുദ്രാവാക്യം ഉയര്‍ത്തി മഹിളാ അസോസിയേഷന്‍ എല്ലാ താലൂക്കുകേന്ദ്രത്തിലും പ്രതിഷേധമാര്‍ച്ച് നടത്തുകയാണ്. വിലക്കയറ്റം തടയാന്‍ അടിയന്തരനടപടി സ്വീകരിക്കുക, ഭക്ഷ്യസുരക്ഷാനിയമത്തിലെ ജനവിരുദ്ധസമീപനം തിരുത്തുക, കേരളത്തിന്റ ഭക്ഷ്യധാന്യ ക്വാട്ടയും സബ്സിഡിയും പുനഃസ്ഥാപിക്കുക, റേഷന്‍വിതരണം സാര്‍വത്രികമാക്കുക, ബിപിഎല്‍ കാര്‍ഡിന്റെ എണ്ണം വര്‍ധിപ്പിക്കുക, എപിഎല്‍ അരിവില വര്‍ധന പിന്‍വലിക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക, ഉച്ചഭക്ഷണപരിപാടിയും അങ്കണവാടി പോഷകാഹാരപദ്ധതിയും ഭക്ഷ്യസുരക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് മഹിളാ അസോസിയേഷന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. കേന്ദ്ര ഗവമെന്റ് ജനവിരുദ്ധസമീപനം തിരുത്തുന്നതുവരെ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം തുടരാന്‍ കേരളത്തിലെ സ്ത്രീകള്‍ തയ്യാറാകും.

കെ കെ ശൈലജ ദേശാഭിമാനി 101209

1 comment:

  1. ഡിസംബര്‍ 10 ലോക മനുഷ്യാവകാശദിനമാണ്. മനുഷ്യസമൂഹത്തെ മാനുഷികമൂല്യങ്ങളോടെ നിലനിര്‍ത്താന്‍ നിയമങ്ങളും നീതിന്യായവും അവകാശങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഈ ദിനത്തില്‍ ലോകജനതയുടെ ഉത്തരവാദിത്തം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരളത്തില്‍ ഡിസംബര്‍ 10 വിലക്കയറ്റ പ്രതിഷേധദിനമായി ആചരിക്കാനാണ് തീരുമാനിച്ചത്. ഭക്ഷണം ലഭ്യമല്ലാത്ത ഒരു പൌരന് മറ്റൊരു അവകാശത്തെക്കുറിച്ചും ചിന്തിക്കാന്‍ കഴിയുകയില്ല. കഴിഞ്ഞ നവംബര്‍ 14 മുതല്‍ 18 വരെ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ ഉച്ചകോടി റോമില്‍ നടക്കുകയുണ്ടായി. വര്‍ധിച്ചുവരുന്ന പട്ടിണിയിലും വിശപ്പിലും പട്ടിണിമരണങ്ങളിലും ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയങ്ങള്‍ ഈ സമ്മേളനം പാസാക്കി. എന്നാല്‍, പരിഹാരനിര്‍ദേശങ്ങളൊന്നും നല്‍കാതെയാണ് സമ്മേളനം പിരിഞ്ഞത്.

    വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം ഏറ്റവും രൂക്ഷമായി ബാധിക്കുക മൂന്നു രാജ്യത്തെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍- അവ പാകിസ്ഥാനും ഇന്ത്യയും ബംഗ്ളാദേശുമാണ്.

    ReplyDelete