Sunday, December 6, 2009

സവാള കണ്ണെരിയിക്കുന്നു; വില മുകളിലേക്കുതന്നെ

രാഷ്ട്രീയ പാര്‍ടികളെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍വരെ ശേഷിയുള്ള സവാളക്ക് രാജ്യമെങ്ങും വീണ്ടും വില കുതിച്ചുയരുന്നു. പ്രധാന ഭക്ഷ്യവസ്തുക്കളിലൊന്നായ സവാളയുടെ വില റെക്കോഡ് ഭേദിച്ച് കിലോയ്ക്ക് 35 മുതല്‍ 45 രൂപവരെയായി. ശനിയാഴ്ച ഡല്‍ഹിയില്‍ 38 മുതല്‍ 46 രൂപവരെയാണ് വില. രാജ്യമാകെ കുതിച്ചുയരുന്ന അവശ്യവസ്തുക്കളുടെ വിലയില്‍ സാധാരണക്കാരുടെ കണ്ണെരിയിക്കുന്നത് സവാള തന്നെയാണ്.

അധികാരത്തിലിരിക്കുന്ന പാര്‍ടികളെ കണ്ണീരുകുടിപ്പിച്ച ചരിത്രമാണ് ഉത്തരേന്ത്യയില്‍ സവാളയ്ക്ക്. 1998ല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആയുധമായിരുന്നു സവാള വിലക്കയറ്റം. 1980ലെ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിക്കെതിരെ കോണ്‍ഗ്രസ് സ്വര്‍ണത്തിന്റെ വിലയ്ക്കൊപ്പം സവാളയുടെ വിലയും ഉയര്‍ത്തിക്കാട്ടി. രണ്ടുതവണയും ഭരണകക്ഷി തോറ്റു. ഇക്കുറി ഭരണത്തില്‍ കോണ്‍ഗ്രസാണ്. അടുത്തെങ്ങും തെരഞ്ഞെടുപ്പ് നടക്കാനില്ലെങ്കിലും വിലക്കയറ്റത്തിനെതിരെ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന വികാരമാണ് രാജ്യമെമ്പാടുമുള്ളത്. സവാള കിട്ടാനില്ലാത്ത സ്ഥിതിയിലേക്കാണ് രാജ്യം നീങ്ങുന്നത്.

വരള്‍ച്ചമൂലം രാജ്യത്ത് സവാളക്കൃഷി 20 ശതമാനം കുറഞ്ഞു. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് കൂടുതല്‍ സവാള ഉല്‍പ്പാദിപ്പിക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടകം സംസ്ഥാനങ്ങളില്‍ വിളവെടുപ്പിനു പാകമായ സവാള നശിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. ചില്ലറവില്‍പ്പന മേഖല കൈയടക്കിയ റിലയന്‍സ്പോലുള്ള കുത്തകകള്‍ സവാള ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ ശേഖരിക്കുന്നതും അവധി വ്യാപാരവും വിലകുതിച്ചുയരാന്‍ ഇടയാക്കുന്നു. ഖാരിഫ്, വൈകിയുള്ള ഖാരിഫ്, റാബി എന്നിവയാണ് സവാളകൃഷി സീസണുകള്‍. റാബി കാലത്താണ് 60 ശതമാനം ഉല്‍പ്പാദനം. വരള്‍ച്ച കാരണം മഹാരാഷ്ട്രയിലും ഗുജറാത്തിലും വൈകിയുള്ള ഖാരിഫ് കൃഷി കുറഞ്ഞു. 2008ല്‍ 75,000 ഹെക്ടറില്‍ 16.11 ലക്ഷം ടണ്‍ സവാളയാണ് ഉല്‍പ്പാദിപ്പിച്ചത്. ഇക്കൊല്ലം 69,000 ഹെക്ടറില്‍ മാത്രമാണ് കൃഷിയിറക്കിയത്. ഉല്‍പ്പാദനം 14.15 ലക്ഷം ടണ്ണായി കുറയുമെന്നാണ് കണക്ക്. സവാളയുടെ മൊത്തക്കച്ചവടകേന്ദ്രമായ മഹാരാഷ്ട്രയിലെ ലസല്‍ഗാവില്‍ നവംബറില്‍ ക്വിന്റലിന് ശരാശരി 2300 രൂപയാണ് വില. ഉപഭോക്താവിന്റെ കൈയിലെത്തുമ്പോള്‍ ഇത് ഇരട്ടിയാകും. ഡിസംബറില്‍ വില വീണ്ടും കയറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വില കുതിച്ചുയരുമ്പോഴും കേന്ദ്രം കയറ്റുമതി നിരോധിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 9.91 ലക്ഷം ടണ്‍ സവാള കയറ്റുമതിചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ഇത് 9.15 ലക്ഷം ടണ്ണായിരുന്നു. കയറ്റുമതി നടത്തി ലാഭം കൊയ്യാന്‍ കച്ചവടക്കാരെ അനുവദിച്ചിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്രയുമായിട്ടും കുത്തകകളുടെ പൂഴ്ത്തിവെപ്പും അവധിവ്യാപാരവും തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാജ്യത്തെ സവാള ഉല്‍പ്പാദനത്തില്‍ 30 ശതമാനം മഹാരാഷ്ട്രയിലാണ്. ഉല്‍പ്പാദിപ്പിക്കുന്നതില്‍ 20 ശതമാനം മാത്രമാണ് ശേഖരിച്ചുവെക്കാന്‍ കഴിയുന്നത്. കൂടുതല്‍ ശേഷിയുള്ള സംഭരണശാലകള്‍ സ്ഥാപിക്കുകയും കയറ്റുമതി പൂര്‍ണമായി നിരോധിക്കുകയും പൂഴ്ത്തിവെപ്പ് തടയുകയും ചെയ്താല്‍ വില നിയന്ത്രിക്കാനാകും. ഇതിന് കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതാണ് വില കുതിച്ചുയരാന്‍ കാരണം.
(വി ജയിന്‍)

വിലക്കയറ്റം: കേന്ദ്രം സഹായം നിഷേധിച്ചു

രൂക്ഷമായ വിലക്കയറ്റം തടയാന്‍ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാനം ചോദിച്ച ധനസഹായം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. സബ്സിഡിക്കായി സംസ്ഥാന സര്‍ക്കാരിന് ചെലവാകുന്ന തുകയില്‍ പകുതിയെങ്കിലും അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്രം നിരസിച്ചതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബിപിഎല്‍ കാര്‍ഡുടമകള്‍ക്കു മാത്രമായി കേന്ദ്രം റേഷന്‍ നിജപ്പെടുത്തിയതാണ് വിലക്കയറ്റം രൂക്ഷമാകാന്‍ കാരണമെന്നും എല്ലാവര്‍ക്കും റേഷന്‍സംവിധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.

അരിയും നിത്യോപയോഗസാധനങ്ങളും സബ്സിഡി നിരക്കില്‍ വിതരണം ചെയ്താണ് കേരളത്തില്‍ വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നത്. 400 കോടിയിലധികം രൂപ ഇതിന് ചെലവഴിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടത്. സപ്ളൈകോയുടെ വിപണി ഇടപെടലിന് മാത്രം 105 കോടി രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളം മുടക്കി. വില വീണ്ടും വര്‍ധിച്ചതിനാല്‍ ഈ വര്‍ഷം ഇത് കൂടും. റേഷന്‍ സബ്സിഡിക്ക് 118 കോടി കഴിഞ്ഞവര്‍ഷം മുടക്കിയെങ്കില്‍ ഇത്തവണ 228 കോടിയിലെത്തും. കൂടിയ വിലയ്ക്ക് നെല്ല് സംഭരിക്കുന്നതിന് കഴിഞ്ഞവര്‍ഷം 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കി. ഈ സാഹചര്യത്തിലാണ് 200 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. കാല്‍കോടിയിലേറെ കുടുംബത്തിന് രണ്ടു രൂപയ്ക്ക് അരി നല്‍കിയും സപ്ളൈകോ, കസ്യൂമര്‍ഫെഡ് എന്നിവ വഴി നിത്യോപയോഗസാധനങ്ങള്‍ വിലകുറച്ച് വിതരണംചെയ്തുമാണ് സംസ്ഥാനത്ത് വിലക്കയറ്റത്തിന്റെ രൂക്ഷത കുറച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉല്‍പ്പാദനക്കുറവ് പരിഹരിക്കാനും പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താനും ശ്രമിക്കുന്നതിനുപകരം ഊഹക്കച്ചവടം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രം. റേഷന്‍കടയില്‍ ഒരേതരം അരി പല വിലയ്ക്ക് വില്‍ക്കേണ്ട സ്ഥിതിയാണ് കേന്ദ്രം സൃഷ്ടിച്ചത്. നിര്‍ദിഷ്ട കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം നടപ്പായാല്‍ കേരളത്തിലെ മൂന്നില്‍രണ്ട് ഭാഗം വരുന്ന എപിഎല്‍ കാര്‍ഡുടമകള്‍ റേഷന്‍ സംവിധാനത്തിന് പുറത്താകും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് മാസം ലഭിക്കുന്ന 35 കിലോ ‘ഭക്ഷ്യധാന്യം 25 കിലോയായി കുറയും. എപിഎല്‍ വിഭാഗത്തില്‍ തരുന്ന അരിക്ക് വില വര്‍ധിപ്പിക്കുകയും ചെയ്തു- കേരള ഗവമെന്റ് പ്രസ് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) 15-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍ ലഭ്യമാക്കാന്‍ പൊതുവിതരണസംവിധാനം കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. രൂക്ഷമായ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനുതന്നെയാണ്. എന്നാല്‍, കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിലക്കയറ്റം തടയാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. സിവില്‍ സപ്ളൈസ് കോര്‍പറേഷന് കഴിഞ്ഞ ബജറ്റില്‍ 70 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍, ഇതിനകം 165 കോടിരൂപ ചെലവഴിച്ചു. കേന്ദ്രം അനുവദിച്ച അരിവിഹിതം സംസ്ഥാനം ഏറ്റെടുത്തില്ലെന്ന വാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കുപിന്നില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യവസ്തുക്കളുടെ വിലയും പണപ്പെരുപ്പവും കുതിക്കുന്നു

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും അസാധാരണ ഉയരങ്ങളിലേക്ക്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം നവംബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ 17.47 ശതമാനമായി. ഇത് നിയന്ത്രിക്കാന്‍ എത്രയുംവേഗം നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മൊത്തം പണപ്പെരുപ്പം വന്‍തോതില്‍ വര്‍ധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റം തടയാന്‍ അടിയന്തരനടപടി എടുക്കണമെന്ന് കോണ്‍ഗ്രസും കഴിഞ്ഞദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തവര്‍ഷവും വിലക്കയറ്റത്തിന്റെ പോക്ക് ഇതേഗതിയിലായിരിക്കുമെന്നാണ് ഭക്ഷ്യമന്ത്രി ശരദ്പവാര്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പറഞ്ഞത്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം
ഒരാഴ്ചകൊണ്ടാണ് 15.58 ശതമാനത്തില്‍നിന്ന് 17.47ല്‍ എത്തിയത്. പച്ചക്കറിക്ക് ക്ഷാമവും തുടങ്ങിയിട്ടുണ്ട്. സവാളയ്ക്ക് കിലോയ്ക്ക് 45 രൂപയും തക്കാളിക്ക് 50 രൂപയുമായി ഉയര്‍ന്നു. ഉരുളക്കിഴങ്ങിന് 35 രൂപയായി. പഞ്ചസാര കിലോയ്ക്ക് 40 മുതല്‍ 48 രൂപവരെയാണ് ഡല്‍ഹിയിലെ വില. അരി, ആട്ട എന്നിവയ്ക്കും വന്‍ വിലവര്‍ധനയുണ്ടായി. ഒരുവര്‍ഷത്തിനിടയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് 25 ശതമാനവും പയര്‍വര്‍ഗങ്ങള്‍ക്ക് 80 ശതമാനവും പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും 100 ശതമാനവും വിലവര്‍ധിച്ചു. ഡല്‍ഹിയില്‍ കോഴിയിറച്ചിയുടെ വില ജനുവരിയിലെ 90 രൂപയില്‍നിന്ന് ഡിസംബറില്‍ 160 രൂപയായി. നിത്യോപയോഗസാധനങ്ങളുടെ വിലകാരണം ഒരുവര്‍ഷംകൊണ്ട് കുടുംബബജറ്റില്‍ ഇരട്ടിവര്‍ധനയായി. സവാളയ്ക്ക് ആഴ്ചതോറും 12 ശതമാനമാണ് വില വര്‍ധിക്കുന്നത്. രാജ്യത്ത് സവാളശേഖരം തീരാറായിട്ടുണ്ട്.

വരള്‍ച്ചയും വെള്ളപ്പൊക്കവും കാരണം കൃഷി മോശമായത് സവാളയുടെ ലഭ്യതയെ ബാധിച്ചു. ലാഭം കൊയ്യാന്‍ ലക്ഷ്യമിട്ട് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും വ്യാപാരികള്‍ ശേഖരിച്ചതും വില ഉയരാന്‍ കാരണമായിട്ടുണ്ട്. ഈ പൂഴ്ത്തിവയ്പ് തടയാന്‍ സര്‍ക്കാരിനാകുന്നില്ല. ലഭ്യത കുറഞ്ഞതും ആവശ്യം കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമായി കേന്ദ്രം പറയുന്നത്. വരള്‍ച്ചയും വെള്ളപ്പൊക്കവും പ്രശ്നം സൃഷ്ടിച്ചെങ്കിലും കാര്‍ഷികമേഖലയോട് കേന്ദ്രം കാണിക്കുന്ന അവഗണനയാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഉല്‍പ്പാദനച്ചെലവ് കുതിച്ചുയരുകയും ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായവില കിട്ടാതിരിക്കുകയും ചെയ്യുന്നതിനാല്‍ കര്‍ഷകര്‍ കൃഷി ഒഴിവാക്കുകയാണ്. ശേഷിക്കുന്ന കര്‍ഷകരില്‍നിന്ന് ന്യായവിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി സൂക്ഷിക്കാനും പൊതുവിതരണസംവിധാനത്തിലൂടെ വിതരണംചെയ്യാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ന്യായവില ലഭിക്കാത്തതിനാല്‍ മഹാരാഷ്ട്രയില്‍ തക്കാളിയും ഉത്തര്‍പ്രദേശില്‍ കരിമ്പും നശിപ്പിക്കുകയാണ് കര്‍ഷകര്‍. വിലക്കയറ്റംകൊണ്ട് ജനം വലയുമ്പോള്‍ ലാഭം കുന്നുകൂട്ടാനിറങ്ങിയ പൂഴ്ത്തിവയ്പുകാരെയും കൊള്ളലാഭക്കാരെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.

വിവിധ വസ്തുക്കളെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ച് വില കണക്കിലെടുത്താണ് പണപ്പെരുപ്പം നിര്‍ണയിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന അടിസ്ഥാനവസ്തുക്കളുടെ പണപ്പെരുപ്പം നവംബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ 12.53 ശതമാനമായി. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ഇത് 11.04 ശതമാനമായിരുന്നു. മൊത്തം പണപ്പെരുപ്പം സെപ്തംബറില്‍ 0.50 ശതമാനമായിരുന്നത് ഒക്ടോബറില്‍ 1.34 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റംമൂലമാണ് ഈ വര്‍ധന. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും നടപടിയെടുക്കണമെന്ന് സി രംഗരാജന്‍ ആവശ്യപ്പെട്ടു.
(വി ജയിന്‍)

കോര്‍പറേഷനുകളില്‍ 25രൂപയുടെ പച്ചക്കറി കിറ്റ്

സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷന്‍ പരിധിയിലും 25രൂപയുടെ പച്ചക്കറി കിറ്റുകള്‍ നല്‍കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 32രൂപ 50 പൈസ വിലയുള്ള കിറ്റാണ് 25രൂപയ്ക്ക് നല്‍കുന്നത്. 10 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യും. താലൂക്കിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ ന്യായവില പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. കാര്‍ഷിക സര്‍വകലാശാല നിയമനം പിഎസ്സിക്ക് വിടാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വിലക്കയറ്റം: കേരളം 17-ാം സ്ഥാനത്ത്

വിലക്കയറ്റത്തിന്റെ കാര്യത്തില്‍ കേരളം 17-ാം സ്ഥാനത്താണെന്ന് ഭഷ്യമന്ത്രി സി ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രം തയ്യാറാക്കുന്ന ഉപഭോക്തൃ സൂചിക അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ സ്ഥാനം 17-ാമതാണ്. കേരളത്തിനു താഴെ ത്രിപുര, ഹിമാചല്‍, മണിപ്പൂര്‍ തുടങ്ങീ ചെറിയ ചില സംസ്ഥാനങ്ങളെ ഉള്ളു. ഡിസംബര്‍ 15നുള്ളില്‍ പുതിയ റേഷന്‍കാര്‍ഡ് വിതരണം തുടങ്ങും. പാല്‍വില കൂട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാല്‍ ക്ഷാമം ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നടപടി എടുക്കും.

ദേശാഭിമാനി വാര്‍ത്തകള്‍ 061209

2 comments:

  1. രാഷ്ട്രീയ പാര്‍ടികളെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍വരെ ശേഷിയുള്ള സവാളക്ക് രാജ്യമെങ്ങും വീണ്ടും വില കുതിച്ചുയരുന്നു. പ്രധാന ഭക്ഷ്യവസ്തുക്കളിലൊന്നായ സവാളയുടെ വില റെക്കോഡ് ഭേദിച്ച് കിലോയ്ക്ക് 35 മുതല്‍ 45 രൂപവരെയായി. ശനിയാഴ്ച ഡല്‍ഹിയില്‍ 38 മുതല്‍ 46 രൂപവരെയാണ് വില. രാജ്യമാകെ കുതിച്ചുയരുന്ന അവശ്യവസ്തുക്കളുടെ വിലയില്‍ സാധാരണക്കാരുടെ കണ്ണെരിയിക്കുന്നത് സവാള തന്നെയാണ്.

    അധികാരത്തിലിരിക്കുന്ന പാര്‍ടികളെ കണ്ണീരുകുടിപ്പിച്ച ചരിത്രമാണ് ഉത്തരേന്ത്യയില്‍ സവാളയ്ക്ക്. 1998ല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആയുധമായിരുന്നു സവാള വിലക്കയറ്റം. 1980ലെ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിക്കെതിരെ കോണ്‍ഗ്രസ് സ്വര്‍ണത്തിന്റെ വിലയ്ക്കൊപ്പം സവാളയുടെ വിലയും ഉയര്‍ത്തിക്കാട്ടി. രണ്ടുതവണയും ഭരണകക്ഷി തോറ്റു

    ReplyDelete
  2. വാചക കസര്‍ത്തു നടത്താതെ സഗാവേ.

    ReplyDelete