Tuesday, December 29, 2009

ബിജെപി: 'തലമുറമാറ്റം' തീവ്രഹിന്ദുത്വ നിലപാടിന് ആക്കം കൂട്ടും

അധികാര രാഷ്ട്രീയത്തിന് താല്‍ക്കാലിക അവധി നല്‍കി, തീവ്രഹിന്ദുത്വ നിലപാട് ശക്തമാക്കാനുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയ അജന്‍ഡയ്ക്ക്, പുതിയ നേതൃമാറ്റത്തോടെ ബിജെപി അംഗീകാരം നല്‍കി. മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍പോലും ഏറെ സ്വാധീനം ചെലുത്താനാകാത്ത ഒരു ഗ്രൂപ്പിന്റെ കയ്യാളായ നിതിന്‍ ഗഡ്കരിയെ ആര്‍എസ്എസിന്റെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് അധ്യക്ഷനാക്കിയത്. ചുരുങ്ങിയ കാലംകൊണ്ട് ബിസിനസ് സാമ്രാജ്യത്വത്തിന്റെ അധിപനായ ഈ അമ്പത്തിരണ്ടുകാരന്‍ ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജനിച്ചു വളര്‍ന്ന ഗഡ്കരി, സംഘചാലക് വലയത്തിനുള്ളില്‍ തന്നെയാണ് രാഷ്ട്രീയത്തില്‍ പിച്ചവെച്ചത്.

അടുത്ത അഞ്ചുവര്‍ഷത്തേക്കെങ്കിലും അധികാരം സ്വപ്നം കാണാനാവാത്ത സാഹചര്യത്തില്‍ കൈവിട്ടുപോയ രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാന്‍ ആര്‍എസ്എസ് കണ്ടെത്തുന്ന മാര്‍ഗം തീവ്രഹിന്ദുത്വ മുഖം തന്നെയാണ്. ആര്‍എസ്എസിന്റെ ഉല്‍ഭവശേഷം അതിന്റെ രാഷ്ട്രീയ മുഖം ജനസംഘം ആയിരുന്നു. പിന്നീട് ജനതാപാര്‍ടി രൂപീകരിച്ചത് സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും കോണ്‍ഗ്രസിലെ സിണ്ടിക്കേറ്റ് വിഭാഗവും ജയപ്രകാശ് നാരായണനെ അനുകൂലിക്കുന്നവരും ഒക്കെ ചേര്‍ന്നായിരുന്നു. ജനതാപാര്‍ടി പിളര്‍ന്നപ്പോള്‍ ബിജെപി യെ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗമാക്കി മാറ്റി. ആ സ്വാധീനവലയത്തിനുള്ളില്‍ തന്നെയാണ് ബിജെപി. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതിനെ എന്‍ഡിഎ ഘടകകക്ഷികളില്‍ മാത്രമല്ല, ബിജെപിയില്‍ ഉള്ളവര്‍പോലും എതിര്‍ക്കുമെന്ന് ആര്‍എസ്എസ് നേതൃത്വത്തിനറിയാത്തതല്ല. എന്നാല്‍ തൊണ്ണൂറുകളില്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വീകരിച്ച തീവ്രഹിന്ദുത്വ പരിപാടികളും രഥയാത്ര പോലുള്ള രാഷ്ട്രീയ ക്യാമ്പയിനുകളുമാണ് പല സംസ്ഥാനങ്ങളിലും അധികാരത്തിന്റെ വഴിതുറന്നതെന്നവര്‍ വിശ്വസിക്കുന്നു. ഇനിയും ആര്‍എസ്എസ് നിശ്ചയിക്കുന്നതായിരിക്കും ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡ! നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തായിരിക്കും ഗഡ്കരിയെ നിയന്ത്രിക്കുക!!

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത സുഷമാസ്വരാജ് താന്‍ ഒരു തീവ്രഹിന്ദുത്വവാദിയാണെന്ന് പലവുരു തെളിയിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉമാഭാരതി മിനാരങ്ങള്‍ക്കരികില്‍ ഉറഞ്ഞുതുള്ളിയെങ്കില്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നപ്പോള്‍ ആടിതിമിര്‍ത്തവരില്‍ മുന്നിലായിരുന്നു സുഷമ. പാര്‍ടി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുപോലെ ഒത്തുപോകുന്ന ചേരിയിലാണെങ്കിലും ഒരു രണ്ടാംനിര നേതൃത്വത്തിന്റെ മികവുപോലും ബിജെപിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ആര്‍എസ്എസ് ഉല്‍ഭവിച്ചശേഷം ജനസംഘമായിരുന്നു അതിന്റെ രാഷ്ട്രീയമുഖം. പിന്നീട് രൂപീകരിച്ച ബിജെപിയെ, ആര്‍എസ്എസ് അതിന്റെ രാഷ്ട്രീയ വിഭാഗമാക്കി. കടിഞ്ഞാണ്‍ നഷ്ടപ്പെടുന്നതിനെ അവര്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ആര്‍എസ്എസിന്റെ തീവ്രഹിന്ദുത്വ നിലപാടിനപ്പുറമുള്ള മേഖലയിലേക്ക് വാജ്പേയി കടന്നപ്പോള്‍, ബിജെപി നേതൃത്വത്തിലുണ്ടായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഏറെക്കാലം നീറിനിന്നു. 'യൂണിഫോറം ധരിച്ചു ട്രെയിനിങ്ങിനു പോകുന്ന ആര്‍എസ്എസുകാരനാണ് താനെ'ന്ന് അഭിമാനത്തോടെ മൊഴിഞ്ഞ വാജ്പേയിക്ക് തന്റെ മിതവാദ നിലപാട് ഉപേക്ഷിക്കേണ്ടിവന്നു. അക്കാലത്ത് അദ്വാനിക്കും കൂട്ടര്‍ക്കും ശക്തി പകര്‍ന്നത് ആര്‍എസ്എസ് ആണ്. ബിജെപിയിലുണ്ടായിരുന്ന പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകാര്‍പോലും വാജ്പേയിയുടെ രക്ഷയ്ക്കെത്തിയില്ല.

ഗഡ്കരിയുടെയും സുഷമയുടെയും നേതൃസ്ഥാനത്തെ സ്ഥാനാരോഹണത്തോടെ പൂര്‍ണ്ണമായ ഒരു 'തലമുറ മാറ്റം' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കിയ രാജ്നാഥ് സിങ്, വിവാദങ്ങള്‍ക്കിടം കൊടുക്കാതെ അധ്യക്ഷപദവി ഒഴിഞ്ഞപ്പോള്‍ ഗഡ്കരിയുടെ അവരോധനം പൂര്‍ണ്ണമായി. ബിജെപിയുടെ രണ്ടാംനിര നേതൃത്വത്തിലെ മറ്റാരെങ്കിലും അധ്യക്ഷനാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ആര്‍എസ്എസ് താല്‍പര്യം കണക്കിലെടുത്ത് മുതിര്‍ന്ന നേതാക്കള്‍പോലും പിന്മാറി! ആര്‍എസ്എസ് ആവശ്യപ്പെട്ട പ്രകാരമാണോ അധ്യക്ഷനായതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആദ്യം അദ്വാനിയും പിന്നീട് രാജ്നാഥ് സിങ്ങും തന്നോട് സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് ഗഡ്കരി പറഞ്ഞത്.

മഹാരാഷ്ട്രയില്‍ ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യകാരണമായി പറയുന്നത് ഗോപിനാഥ് മുണ്ടെ - ഗഡ്കരി ഗ്രൂപ്പു വഴക്കാണെന്നാണ്. 1995-99ല്‍ മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായി ഗഡ്കരി വന്നത്, ഏറെ എതിര്‍പ്പോടെയായിരുന്നു. ശിവസേന - ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഹൈവേ പദ്ധതി ഫലപ്രദമായി നടപ്പാക്കിയതാണ് ഗഡ്കരിയുടെ മികവായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, പിവിസി പൈപ്പ് നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയില്‍നിന്ന് വന്‍ ബിസിനസ് സാമ്രാജ്യത്വത്തിനുടമയായ അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും മുഖ്യ സാമ്പത്തിക സ്രോതസ്സ് ആണ്. രാഷ്ട്രീയത്തില്‍ സജീവമായതുതന്നെ തന്റെ ബിസിനസ് താല്‍പര്യവുമായിരുന്നു. ഗഡ്കരിയുടെ ഉയര്‍ച്ചയുടെ പടവുകള്‍ ആരെയും അതിശയിപ്പിക്കും.

വ്യവസായികളെയും വ്യാപാര - വാണിജ്യരംഗത്തെ പ്രമുഖരെയും ലക്ഷ്യംവെച്ചാണ് ബിജെപിയുടെ രാഷ്ട്രീയ - സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നത്. ജമീന്ദാര്‍മാരുടെ പാത ഉപേക്ഷിക്കാതെ തന്നെ മുതലാളിത്ത വികസനത്തിന്റെ ഫലം കൊയ്യാന്‍ അവര്‍ക്ക് കഴിയുന്നുമുണ്ട്. ദേശീയ നേതൃത്വത്തിലേക്കുയര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ശേഷി ഗഡ്കരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വത്തിനു ബോധ്യമുള്ളപ്പോള്‍ തന്നെ, ബിസിനസ് സാമ്രാജ്യത്വത്തിന്റെ പ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തെ ആവശ്യമുണ്ട്. വാജ്പേയിയെ അനുകൂലിക്കുന്നവര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അദ്വാനിയുടെയും രാജ്നാഥ് സിങ്ങിന്റെയും ഇടപെടലോടെ അത് കെട്ടടങ്ങി. ബിജെപിക്ക് ഗുണം ചെയ്യുന്ന നേതാവാണ് ഗഡ്കരിയെന്ന് വാജ്പേയ് പിന്നീട് ഏറ്റുപറയുകയുമുണ്ടായി.

ഗഡ്കരി ഒരിക്കലും സംഘചാലകിന്റെ വലയം ഭേദിച്ചൊരു ചാട്ടത്തിന് മുതിര്‍ന്നിട്ടില്ല. ആ വിശ്വാസ്യതയാണ് മറ്റു താല്‍പര്യങ്ങളെ മറികടക്കുന്നത്. പിന്നോക്ക വിഭാഗക്കാരനായ ഗോപിനാഥ്മുണ്ടെയെ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നേതൃനിരയിലേയ്ക്കുയര്‍ത്തിക്കൊണ്ടു വന്നത് പ്രമോദ് മഹാജനായിരുന്നു. എന്നാല്‍ സംഘടനയുടെ താക്കോല്‍ ബ്രാഹ്മണസമുദായത്തില്‍നിന്നുള്ള ഗഡ്കരിയുടെ കൈയിലായിരുന്നു. താക്കറെയും ശിവസേനയും മറാഠാ വികാരം ഉണര്‍ത്തി തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചപ്പോഴും ബിജെപിയുടെ സ്വാധീനം കാക്കാന്‍ ഗഡ്കരി സംസ്ഥാന അധ്യക്ഷപദവി പ്രയോജനപ്പെടുത്തി എന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്.

ഗഡ്കരി നേതൃപദവിയിലെത്തിയതുകൊണ്ട് ബിജെപിക്ക് പ്രത്യേക 'തിളക്കം' ഉണ്ടാകണമെന്നില്ല. പക്ഷേ, പിവിസി പൈപ്പ് കമ്പനിയായ പോളിഡാക്ക് വ്യവസായ സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാനായ ഗഡ്കരി വ്യവസായത്തില്‍ തിളങ്ങുകയാണ്! ഈ സ്ഥാപനത്തിന്റെ വാര്‍ഷിക വരുമാനം മുപ്പതുകോടിയിലേറെ രൂപയാണ്. നാഗ്പൂരില്‍ തന്നെ സോഫ്ട്വെയര്‍ ടെക്നോളജി പാര്‍ക്കില്‍, സോഫ്ട് ലിങ്ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയും ഗഡ്കരി തന്നെ.

ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ സുഷമ സ്വരാജിന് ഗഡ്കരിയേക്കാള്‍ അഞ്ചുവയസ്സിന്റെ മൂപ്പുണ്ട്. സുഷമയെ അല്ലാതെ മറ്റാരെയും പിന്‍ഗാമിയാക്കാന്‍ അനുവദിക്കില്ലെന്ന അദ്വാനിയുടെ കടുംപിടുത്തമാണ് മുരളി മനോഹര്‍ ജോഷിയെ പിന്തിരിപ്പിച്ചത്. ഗുരുതുല്യനായ എല്‍ കെ അദ്വാനിയുടെ പിന്തുണ എപ്പോഴും സുഷമയ്ക്കുണ്ടായിട്ടുണ്ട്. മുരളി മനോഹര്‍ ജോഷി രംഗത്തിറങ്ങിയത് വെറുതെയല്ല. ജസ്വന്ത്സിങ്, യശ്വന്ത് സിന്‍ഹ, സ്ഥാനമൊഴിഞ്ഞ ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് എന്നിവരുടെ പിന്തുണ അദ്ദേഹത്തിന് ആദ്യമേ ഉണ്ടായിരുന്നു. അവര്‍ക്കുമുന്നില്‍ അര്‍ഥശങ്കക്കിടയില്ലാതെ, അദ്വാനി തന്റെ പിന്‍ഗാമിയായി സുഷമയുടെ പേര് ഉയര്‍ത്തിപ്പിടിച്ചു.

ബിജെപിയിലെ പുതിയ അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും തെരഞ്ഞെടുപ്പോടെ മാധ്യമങ്ങളും, ചില രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്ന 'തലമുറ മാറ്റം' ഉണ്ടെങ്കിലും ഏറ്റുമുട്ടലിന്റെ പാരമ്പര്യം നിലനില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇടിയുന്നതിന്റെ ആഘാതം കുറച്ചൊന്നുമല്ല സംഘടനയെ ഉലയ്ക്കുന്നത്. എന്നാലും 'അധികാര രാഷ്ട്രീയം'എന്ന മുഖമുദ്രയുള്ള ബിജെപിക്ക് ഏറ്റുമുട്ടലിന്റെ വഴി സംഘടനയ്ക്കുള്ളിലും നീറിനില്‍ക്കും. 'തലമുറ മാറ്റം' അതിന് തടസ്സമല്ല; തീവ്രതയോടെ തുടരാനാണ് സാധ്യത.

പി വി പങ്കജാക്ഷന്‍ ചിന്ത വാരിക 010110

2 comments:

  1. അധികാര രാഷ്ട്രീയത്തിന് താല്‍ക്കാലിക അവധി നല്‍കി, തീവ്രഹിന്ദുത്വ നിലപാട് ശക്തമാക്കാനുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയ അജന്‍ഡയ്ക്ക്, പുതിയ നേതൃമാറ്റത്തോടെ ബിജെപി അംഗീകാരം നല്‍കി. മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍പോലും ഏറെ സ്വാധീനം ചെലുത്താനാകാത്ത ഒരു ഗ്രൂപ്പിന്റെ കയ്യാളായ നിതിന്‍ ഗഡ്കരിയെ ആര്‍എസ്എസിന്റെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് അധ്യക്ഷനാക്കിയത്. ചുരുങ്ങിയ കാലംകൊണ്ട് ബിസിനസ് സാമ്രാജ്യത്വത്തിന്റെ അധിപനായ ഈ അമ്പത്തിരണ്ടുകാരന്‍ ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജനിച്ചു വളര്‍ന്ന ഗഡ്കരി, സംഘചാലക് വലയത്തിനുള്ളില്‍ തന്നെയാണ് രാഷ്ട്രീയത്തില്‍ പിച്ചവെച്ചത്.

    ReplyDelete
  2. വായിക്കുക പുലരിയില്‍

    പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും
    വാസ്തവത്തിൽ പർദ്ദയെ അല്ല എതിർക്കുന്നവർ ലക്ഷ്യം വെക്കുന്നത്‌, മറിച്ച്‌ ഇസ്ലാമിക മൂല്യങ്ങളെ തന്നെയാണു

    ReplyDelete