Monday, December 21, 2009

സുപ്രീംകോടതിക്കും മാതൃഭൂമിയുടെ നിയമോപദേശം

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിക്ക് നിയമോപദേശം കൊടുക്കാനും മാതൃഭൂമിയുടെ സാഹസം. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം തള്ളിയ ഗവര്‍ണറെ സംരക്ഷിക്കാന്‍ അജ്ഞാത 'നിയമവിദഗ്ധരു'മായാണ് മാതൃഭൂമി വീണ്ടും രംഗത്തെത്തിയത്. കോണ്‍ഗ്രസ് സമ്മര്‍ദത്തിനു കീഴടങ്ങിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ മൂന്നാംകിട രാഷ്ട്രീയക്കളി വാഴ്ത്തിപ്പാടിയ മാധ്യമങ്ങളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനത്താണ് മാതൃഭൂമി. മന്ത്രിസഭയുടെ ശുപാര്‍ശയും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശവും നിരാകരിച്ചാണ് ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. അന്ന് അറ്റോര്‍ണി ജനറലിനെയും സോളിസിറ്റര്‍ ജനറലിനെയും അവഗണിച്ച ഗവര്‍ണര്‍ സ്വകാര്യ നിയമോപദേശകനു പിറകെ പോയി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും ഉപദേശം തേടുമെന്നാണ് മാതൃഭൂമിയുടെ പുതിയ വെളിപ്പെടുത്തല്‍. സുപ്രീംകോടതി പ്രത്യേക അഭിഭാഷകനെ നിയോഗിക്കാന്‍ പോകുന്നതായും മാതൃഭൂമി പറയുന്നു.

ഭരണഘടനാസ്ഥാപനങ്ങളായ മന്ത്രിസഭയുടെയും അഡ്വക്കറ്റ് ജനറലിന്റെയും ശുപാര്‍ശ തള്ളുക മാത്രമല്ല ഗവര്‍ണര്‍ ചെയ്തത്. ഇതിനായി സ്വകാര്യ നിയമോപദേശം സംഘടിപ്പിക്കുകയും ചെയ്തു. ഗവര്‍ണറുടെ അസാധാരണവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെയും ലാവ്ലിന്‍ കേസിനു പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും ലക്ഷ്യപ്രാപ്തിക്കായിരുന്നു സ്വകാര്യ ഉപദേശം. ലാവ്ലിന്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി സിബിഐ ഗവര്‍ണറെ സമീപിച്ചപ്പോള്‍ അദ്ദേഹം മന്ത്രിസഭയുടെ ഉപദേശം തേടി. മന്ത്രിസഭ ഭരണഘടനാപരമായി തങ്ങളെ ഉപദേശിക്കാന്‍ അധികാരമുള്ള അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം ആരാഞ്ഞു. സിബിഐ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്താണ് മന്ത്രിസഭ സ്വതന്ത്രമായ തീരുമാനമെടുത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇത് മറികടന്ന ഗവായിയുടെ അധികാരദുര്‍വിനിയോഗമാണ് സുപ്രീംകോടതിയില്‍ വിചാരണചെയ്യപ്പെടാന്‍ പോകുന്നത്.

അസ്വാഭാവികമായ നടപടി ഗവര്‍ണറില്‍നിന്നുണ്ടായപ്പോള്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അഭിപ്രായമാരായണമെന്ന് ഉപദേശിക്കാന്‍ മാതൃഭൂമിക്ക് തോന്നിയില്ല. ഗവമെന്റില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായം ഗവര്‍ണര്‍ക്കുണ്ടായിക്കൂടാ എന്ന കാര്യമാണ് ഈ കേസില്‍ ഉയരുന്നത്. ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു തന്നെയാണ്. 1974ല്‍ ഏഴംഗ ഭരണഘടനാബെഞ്ച് ഇത് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ മന്ത്രിസഭയെ നിയമിക്കാനോ ഭൂരിപക്ഷമില്ലാത്ത ഗവമെന്റിനെ വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ പുറത്താക്കാനോ മാത്രമുള്ള അധികാരമേ ഗവണര്‍ക്ക് സ്വന്തം നിലയില്‍ പ്രയോഗിക്കാനാവൂ. ഇതിനു വിരുദ്ധമായി ബിഹാര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധമായ ഉത്തരവുകള്‍ ന്യായീകരിക്കേണ്ട ചുമതല സംസ്ഥാന ഗവമെന്റുകള്‍ക്കില്ല.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. അസ്വാഭാവികമായ നടപടി ഗവര്‍ണറില്‍നിന്നുണ്ടായപ്പോള്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അഭിപ്രായമാരായണമെന്ന് ഉപദേശിക്കാന്‍ മാതൃഭൂമിക്ക് തോന്നിയില്ല. ഗവമെന്റില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായം ഗവര്‍ണര്‍ക്കുണ്ടായിക്കൂടാ എന്ന കാര്യമാണ് ഈ കേസില്‍ ഉയരുന്നത്. ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു തന്നെയാണ്. 1974ല്‍ ഏഴംഗ ഭരണഘടനാബെഞ്ച് ഇത് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ മന്ത്രിസഭയെ നിയമിക്കാനോ ഭൂരിപക്ഷമില്ലാത്ത ഗവമെന്റിനെ വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ പുറത്താക്കാനോ മാത്രമുള്ള അധികാരമേ ഗവണര്‍ക്ക് സ്വന്തം നിലയില്‍ പ്രയോഗിക്കാനാവൂ. ഇതിനു വിരുദ്ധമായി ബിഹാര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധമായ ഉത്തരവുകള്‍ ന്യായീകരിക്കേണ്ട ചുമതല സംസ്ഥാന ഗവമെന്റുകള്‍ക്കില്ല.

    ReplyDelete