രാജ്യത്താകമാനം സാധനവില കുതിച്ചുയരുകയാണ്. നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനയാണ് അതീവ രൂക്ഷം. താഴ്ന്ന വരുമാനക്കാരും നിശ്ചിത വരുമാനക്കാരുമാണ് വിലക്കയറ്റക്കെടുതികള്‍ ഏറെ പേറേണ്ടിവരുന്നത്. പഞ്ചസാര, അരി, ഗോതമ്പ്, പരിപ്പ്, സവാള, ഉരുളക്കിഴങ്ങ്, ശര്‍ക്കര, മൈദ, ആട്ട എന്നിവയുടെയെല്ലാം വില റെക്കോഡ് വേഗത്തില്‍ ഉയരുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില ജനുവരിക്കും ഡിസംബര്‍ അഞ്ചിനും മധ്യേ 19.95 ശതമാനം ഉയര്‍ന്നു. ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി. സവാളയുടെ വില 32 ശതമാനവും പയറിന്റെ വില 35 ശതമാനവും വര്‍ധിച്ചു. പഞ്ചസാരവില 66 ശതമാനവും ശര്‍ക്കരയുടേത് 34 ശതമാനവും ആട്ടയുടേത് 31 ശതമാനവും ഉയര്‍ന്നു. വിലക്കയറ്റത്തില്‍ സാധാരണജനങ്ങള്‍ ഞെരിപിരികൊള്ളുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങുന്നില്ല. റിസര്‍വ് ബാങ്ക് സുദീര്‍ഘ മൌനത്തിലാണ്. കാലാവസ്ഥ ചതിച്ചതുകൊണ്ടാണ് വിലക്കയറ്റമെന്ന വാദമുണ്ട്. അതില്‍ വാസ്തവമില്ല. ഇക്കൊല്ലം മഴ കുറഞ്ഞെന്നത് ശരി. നെല്‍പ്പാടങ്ങള്‍ പലസ്ഥലത്തും ഒഴിഞ്ഞുകിടക്കുന്നു എന്നതും ശരി. പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
രണ്ട് സീസണിലായാണ് ഇന്ത്യയില്‍ പൊതുവെ കൃഷിപ്രവര്‍ത്തനം നടക്കുന്നത്: ഖാരിഫ്വിളയും റാബിവിളയും. ഖാരിഫ് കൃഷിപ്പണിയും വിതയും സെപ്തംബര്‍ അവസാനത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ഉല്‍പ്പാദനത്തിലെ കുറവ് അനുഭവപ്പെടാന്‍ ഇനിയും മാസങ്ങളെടുക്കും. മാത്രവുമല്ല, 2008-09ല്‍ റാബി വിളവെടുപ്പ് മെച്ചമായിരുന്നെന്നും ഖാരിഫ് വിളയിലെ കുറവുനികത്തിയെന്നും റിസര്‍വ് ബാങ്ക് കണക്കുകള്‍ വെളിപ്പെടുത്തുന്നു. (റിസര്‍വ് ബാങ്ക് ബുള്ളറ്റിന്‍, നവംബര്‍ 2009). അക്കൊല്ലം 99.2 ദശലക്ഷം ടണ്‍ അരി ഉല്‍പ്പാദിപ്പിച്ചു. 80.6 ദശലക്ഷം ടണ്‍ ഗോതമ്പും. ആകെ ഭക്ഷ്യോല്‍പ്പാദനം 233.9 ദശലക്ഷം ടണ്‍.
അപ്പോള്‍ പ്രശ്നം ഇതാണ്: രാജ്യത്ത് അരിയുണ്ട്, ഗോതമ്പുണ്ട്. പക്ഷേ, അവ മാര്‍ക്കറ്റില്‍ എത്തുന്നില്ല. അതുകൊണ്ട് വിലക്കയറ്റം രൂക്ഷം. സാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ സ്വകാര്യകച്ചവടക്കാര്‍ ഉത്സാഹം കാണിക്കില്ല. കൃത്രിമക്ഷാമത്തിലൂടെ വിലക്കയറ്റമുണ്ടാക്കാനാണ് കുത്തകവ്യാപാരികള്‍ ശ്രമിക്കുക. അവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും പിടിച്ചുനില്‍ക്കാന്‍ കഴിവുമുണ്ട്.
സാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിച്ച് ജനങ്ങളെ രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അത് രണ്ടുവിധത്തില്‍ നിര്‍വഹിക്കാം. ഒന്ന്, കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പുകാരെയും നിയന്ത്രിച്ച്. രണ്ട്, പൊതുവിതരണശൃംഖല ശക്തിപ്പെടുത്തി. രണ്ടിന്റെയും അടിസ്ഥാനം മാര്‍ക്കറ്റില്‍ ഇടപെടലാണ്. അതിനാവശ്യം മാര്‍ക്കറ്റില്‍നിന്ന് പിന്‍വാങ്ങി സ്വതന്ത്രവിപണി വ്യവസ്ഥയുടെ ദയാദാക്ഷിണ്യങ്ങള്‍ക്കുമുന്നില്‍ സാധാരണക്കാരെ എറിഞ്ഞുകൊടുക്കുകയല്ല.
2009 ഒക്ടോബര്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ എഫ്സിഐ ഗോഡൌണുകളില്‍ 44.3ണ്‍ ദശലക്ഷം ട ഭക്ഷ്യധാന്യശേഖരം ഉണ്ടായിരുന്നു. അതില്‍ ചെറിയൊരംശം പൊതുവിതരണശൃംഖലവഴി വിതരണംചെയ്താല്‍ മതി. പകരം ഗോഡൌണുകളിലെ സ്റ്റോക്കില്‍നിന്ന് 1.5 ദശലക്ഷം ടണ്‍ ഗോതമ്പ് സ്വകാര്യകച്ചവടക്കാര്‍ക്ക് നേരിട്ടുവില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. മാര്‍ക്കറ്റില്‍ ഇടപെടുന്നതിലല്ല സര്‍ക്കാരിന് താല്‍പ്പര്യം. മറിച്ച് സ്വകാര്യവിപണിയെ ശക്തിപ്പെടുത്തുന്നതിലാണ്.
വിലക്കയറ്റത്തിന് രണ്ടു പ്രത്യക്ഷഫലങ്ങളുണ്ട്. ഒന്ന്, അത് ദാരിദ്ര്യം മൂര്‍ച്ഛിപ്പിക്കും. ദരിദ്രരുടെ എണ്ണം വര്‍ധിപ്പിക്കും. രണ്ട്, വിലക്കയറ്റം സാധാരണക്കാരില്‍നിന്ന് വരുമാനം സമ്പന്നരായ വ്യവസായി-വ്യാപാരി വിഭാഗങ്ങളിലേക്ക് കൈമാറ്റും. രണ്ടും സമൂഹത്തിലെ സാമ്പത്തിക അസമത്വം വളര്‍ത്തും.
ഒരു നിശ്ചിത കലോറി ഭക്ഷ്യ ഊര്‍ജം ലഭിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ എത്ര രൂപ വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യരേഖ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. അതനുസരിച്ച് ഗ്രാമങ്ങളില്‍ പ്രതിമാസം ഒരാളുടെ വരുമാനം 368 രൂപയും പട്ടണങ്ങളില്‍ 559 രൂപയുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. നിശ്ചിതവിലയ്ക്ക് സാധനങ്ങള്‍ കിട്ടുമെന്ന സങ്കല്‍പ്പത്തിലാണ് ഈ തുക നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പ്ളാനിങ് കമീഷന്‍ കണക്കുപ്രകാരം 27.5 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കുതാഴെ കഴിയുന്നവരാണ്. 2004-05ലെ സ്ഥിതിവിവരം അടിസ്ഥാനമാക്കിയാണ് ഇത്. ഞെട്ടിപ്പിക്കുന്ന കണക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ സുരേഷ് ടെന്‍ഡുല്‍ക്കര്‍ ചെയര്‍മാനായ വര്‍ക്കിങ് ഗ്രൂപ്പ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. 37.2 ശതമാനംപേര്‍ ദാരിദ്ര്യരേഖയ്ക്കുതാഴെ കഴിയുന്നവരായി ഉണ്ടെന്ന് വര്‍ക്കിങ് ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. ഗ്രാമങ്ങളില്‍ ദരിദ്രരുടെ എണ്ണം വളരെ കൂടുതലാണ്; 41.8 ശതമാനം. (ബിസിനസ് ലൈന്‍, ഡിസംബര്‍ 12, 2009).
സാധനവില ഉയരുമ്പോള്‍ എന്താണ് സംഭവിക്കുക? നേരത്തെ കിട്ടിയിരുന്നതിനേക്കാള്‍ കുറച്ചുമാത്രം അരിയും പയറും പച്ചക്കറിയുമേ ലഭിക്കൂ. ഭക്ഷ്യ ഊര്‍ജത്തിന്റെ ലഭ്യത ചുരുങ്ങും. ദാരിദ്ര്യത്തിന്റെ തോത് ഉയരും. ദരിദ്രരുടെ എണ്ണം പെരുകും. ഇതാണ് വിലക്കയറ്റത്തിന്റെ ദുരന്തഫലം. വിലവര്‍ധന, നിയമാനുസൃത കവര്‍ച്ചയ്ക്ക് സമമാണ്. കഴിഞ്ഞമാസത്തേക്കാള്‍ ഈ മാസം വിലകള്‍ ഇരട്ടിച്ചാല്‍, കഴിഞ്ഞമാസം ചെലവാക്കിയതിനേക്കാള്‍ ഇരട്ടി പണം കൊടുത്താലേ അത്രയും അളവിലുള്ള സാധനങ്ങള്‍ ലഭിക്കൂ. അതായത് ഉപഭോക്താക്കളില്‍നിന്ന് ഇരട്ടി പണം വ്യാപാരികളിലേക്ക് അല്ലെങ്കില്‍ വ്യവസായികളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഉപഭോക്താവിന്റെ പോക്കറ്റിലെ പണം കവര്‍ന്നാല്‍ അത് ശിക്ഷാര്‍ഹമായ ക്രിമിനല്‍കുറ്റമാണ്. അധികവില വസൂലാക്കി അത്രയും പണം കവര്‍ന്നെടുത്താലോ അതിന് ശിക്ഷയില്ല. വിലക്കയറ്റം സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്നു.
മുതലാളിത്തവ്യവസ്ഥയെ ചലിപ്പിക്കുന്നത് ലാഭമാണ്. ലാഭം കിട്ടുമെങ്കില്‍ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കപ്പെടും. അതായത് നിക്ഷേപവും ഉല്‍പ്പാദനവും നടക്കും. ലാഭമില്ലെങ്കിലോ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കപ്പെടും. വിലവര്‍ധന ലാഭം ഉയര്‍ത്തും. നിക്ഷേപവും ഉല്‍പ്പാദനവും ശക്തിപ്പെടും. അധികലാഭം കൈവരുത്തും. ആയതിനാല്‍ വിലകള്‍ എപ്പോഴും ഉയര്‍ന്ന തലത്തില്‍ നിര്‍ത്തേണ്ടത് മുതലാളിത്തവളര്‍ച്ചയ്ക്ക് അനിവാര്യമാണ്. വിലനിയന്ത്രണത്തെക്കുറിച്ച് പ്രസംഗങ്ങളെല്ലാം വാചകമടിയായി മാറുന്നത് അതുകൊണ്ടാണ്. വിലനിലവാരം സ്ഥായിയായി നിന്നാല്‍ ലാഭക്കൊതിയരായ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിയും. മുതലാളിത്തവളര്‍ച്ച മന്ദീഭവിക്കും. വിലക്കയറ്റം യാദൃച്ഛികമല്ല. മഴയുടെയോ വെയിലിന്റെയോ സൃഷ്ടിയല്ല. അത് മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമാണ്. മുതലാളിത്തവളര്‍ച്ചയുടെ പ്രചോദനമാണ്. മനഃപൂര്‍വം സ്വീകരിക്കപ്പെട്ട സാമ്പത്തികനയത്തിന്റെ ഫലമാണ്.
വിലവര്‍ധന ഉപഭോക്താക്കളെ പിന്തിരിപ്പിക്കില്ലേ; പിന്നെ എങ്ങനെ വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ലാഭമുണ്ടാക്കാനാകുമെന്ന ചോദ്യം ഉയരാം. തീര്‍ച്ചയായും പ്രസക്തമായ ചോദ്യമാണിത്.
അമേരിക്കയില്‍ വിലത്തകര്‍ച്ചയെ നേരിടാന്‍ ബുഷ്-ഒബാമ ഭരണകൂടം കൈക്കൊണ്ട അതേനടപടികളാണ് ഇന്ത്യയും വിലയിടിവ് തടയാന്‍ കൈക്കൊള്ളുന്നത്. (വിഭിന്നമായ കാരണങ്ങളാലാണ് അമേരിക്കയില്‍ വില്‍പ്പന ഇടിഞ്ഞതും വിലകള്‍ കുറഞ്ഞതും) ബാങ്കുകളുടെയും ഓഹരിക്കമ്പോളത്തിന്റെയും തകര്‍ച്ചയാണ് പണത്തിന്റെ ലഭ്യത ചുരുക്കി സാധനങ്ങള്‍ക്കുള്ള ആവശ്യം കുറച്ചത്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയുടെ ദേശീയവരുമാനം 2008-09ല്‍ കേവലം 6.7 ശതമാനമായി ഇടിഞ്ഞല്ലോ. മുന്‍വര്‍ഷം അത് ഒമ്പതുശതമാനമായിരുന്നു. മുതലാളിത്തം സൃഷ്ടിച്ച മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ഖജനാവില്‍നിന്ന് ജനങ്ങളുടെ നികുതിപ്പണം മൂന്നുഘട്ടത്തിലായി ഉത്തേജക പാക്കേജെന്ന രൂപത്തില്‍ ചെലവിട്ടു. 1.86 ലക്ഷം കോടി രൂപയാണ് അത്തരത്തില്‍ ചെലവഴിക്കപ്പെട്ടത്. ഏറ്റവുമൊടുവില്‍ 25,725 കോടി രൂപകൂടി അധികം ചെലവഴിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് പ്രേരിപ്പിക്കുന്നു. പലിശനിരക്ക് എട്ടുശതമാനത്തിലും താഴെയായി വെട്ടിക്കുറച്ചിരിക്കുന്നു. ഇതും വന്‍കിടവ്യവസായികള്‍ക്ക് തൃപ്തി നല്‍കിയിട്ടില്ല. 2.7 ശതമാനം കിഴിവ് ഏര്‍പ്പെടുത്തണമെന്ന് ഫിക്കി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും സര്‍ക്കാര്‍ ഇടപെടലിന്റെ ഫലമായി പണത്തിന്റെ ലഭ്യത ഉയര്‍ന്നു. സാധനങ്ങള്‍ക്ക് ആവശ്യം വളര്‍ന്നു. നിക്ഷേപം വര്‍ധിച്ചു. ഉല്‍പ്പാദനംകൂടി. ഒപ്പം വിലനിലവാരവും. വ്യവസായനിക്ഷേപകര്‍ക്ക് കൈത്താങ്ങ് നല്‍കി സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. അതിന് ഫലം കണ്ടു. 2009-10 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ (ജൂലൈമുതല്‍ സെപ്തംബര്‍വരെ) ദേശീയവരുമാനം 7.9 ശതമാനം വര്‍ധിച്ചു. നിര്‍മാണമേഖല 9.2 ശതമാനവും സേവനമേഖല 9.3 ശതമാനവും വളര്‍ച്ച നേടി. പക്ഷേ, കാര്‍ഷികമേഖല ദുര്‍ബലമായി തുടരുന്നു. 0.9 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഒന്നാംപാദത്തില്‍ (ഏപ്രില്‍മുതല്‍ ജൂവരെ) 2.7 ശതമാനം വളര്‍ച്ചനിരക്ക് കൈവരിച്ചിരുന്ന സ്ഥാനത്താണ് 0.9 ശതമാനം വളര്‍ച്ച.
ഒരു വശത്ത് ദേശീയവരുമാനത്തിന്റെ വര്‍ധന, മറുവശത്ത് പെരുകുന്ന ദാരിദ്ര്യവും ഉയരുന്ന സാധനവിലകളും. ഇവയുടെ ഒരു സംയോഗമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്ന ചിത്രം. അത് നല്‍കുന്ന ഒരു സന്ദേശമുണ്ട്. കേവലമായ സാമ്പത്തികവളര്‍ച്ച രാജ്യത്തെ ദാരിദ്ര്യം പോക്കുകയില്ല, വിലക്കയറ്റം പരിഹരിക്കപ്പെടുകയില്ല. ദാരിദ്ര്യവും വിലക്കയറ്റവും ദൂരീകരിക്കണമെങ്കില്‍ അവ സൃഷ്ടിക്കുന്ന മുതലാളിത്തവ്യവസ്ഥയ്ക്ക് അറുതിയുണ്ടാകണം. വിലക്കയറ്റവിരുദ്ധസമരം മുതലാളിത്തവിരുദ്ധസമരംകൂടിയാണ്.
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 231209
ഒരു വശത്ത് ദേശീയവരുമാനത്തിന്റെ വര്‍ധന, മറുവശത്ത് പെരുകുന്ന ദാരിദ്ര്യവും ഉയരുന്ന സാധനവിലകളും. ഇവയുടെ ഒരു സംയോഗമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്ന ചിത്രം. അത് നല്‍കുന്ന ഒരു സന്ദേശമുണ്ട്. കേവലമായ സാമ്പത്തികവളര്‍ച്ച രാജ്യത്തെ ദാരിദ്ര്യം പോക്കുകയില്ല, വിലക്കയറ്റം പരിഹരിക്കപ്പെടുകയില്ല. ദാരിദ്ര്യവും വിലക്കയറ്റവും ദൂരീകരിക്കണമെങ്കില്‍ അവ സൃഷ്ടിക്കുന്ന മുതലാളിത്തവ്യവസ്ഥയ്ക്ക് അറുതിയുണ്ടാകണം. വിലക്കയറ്റവിരുദ്ധസമരം മുതലാളിത്തവിരുദ്ധസമരംകൂടിയാണ്.
ReplyDelete