Wednesday, December 9, 2009

ചരിത്രത്തിന്റെ ചിതറിയ ചെപ്പേടുകള്‍


'യെഹ് തോ സിര്‍ഫ് ഝങ്കി ഹൈ, അബ് മഥുര, കാശി ബാക്കി ഹൈ' (ഇതൊരു തുടക്കംമാത്രം, ഇനി കാശിയും മഥുരയും ശേഷിക്കുന്നു)

ഇന്ത്യന്‍ മതനിരപേക്ഷതയുടെ ചിഹ്നമായിരുന്ന ബാബറി മസ്ജിദ് പൊളിച്ചടുക്കിയശേഷം അയോധ്യയിലെ തെരുവുകളില്‍ വര്‍ഗീയതിമിരം ബാധിച്ച കര്‍സേവകരുടെ പുലമ്പല്‍ ഈ വിധമായിരുന്നു. വര്‍ഗീയമുന്നേറ്റത്തെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടര്‍ത്താമെന്നവര്‍ സ്വപ്നംകണ്ടു. രാമനൊപ്പം കൃഷ്ണനും ശിവനുമൊക്കെ ഹൈന്ദവമുന്നേറ്റത്തിനു വഴിയൊരുക്കുമെന്നായിരുന്നു പ്രതീക്ഷ.

മസ്ജിദ് തകര്‍ത്ത് ശേഷം 17 വര്‍ഷം പിന്നിടുമ്പോള്‍ പരിവാര്‍ സംഘടനകള്‍ കിതച്ചുനില്‍ക്കുകയാണ്. അയോധ്യ പകര്‍ന്ന ഊര്‍ജത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ആറുവര്‍ഷം മുന്നണിസംവിധാനത്തില്‍ രാജ്യം ഭരിച്ച ബിജെപി തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പുകളില്‍ തോല്‍വിയറിഞ്ഞ് ആത്മവിശ്വാസം നഷ്ടപ്പെട്ടു നില്‍ക്കുന്നു. ഇതര പരിവാര്‍സംഘങ്ങളാകട്ടെ ഹിന്ദുവികാരം ഉണര്‍ത്താനുതകുന്ന മറ്റൊരു വിഷയത്തിനായി അലയുകയാണ്. കാശിയും മഥുരയും കാറ്റുപിടിച്ചില്ല. സേതുസമുദ്രം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആറിത്തണുത്തു.

മസ്ജിദ് പൊളിച്ചതിനുപിന്നിലെ ഗൂഢാലോചന അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വസ്തുത മറനീക്കിക്കൊണ്ടുവരുന്നതിനുപകരം കാര്യം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. സംഘപരിവാറിന്റെ മൃദുലമുഖമായി അവതരിപ്പിക്കപ്പെട്ട വാജ്പേയിയെക്കൂടി ഗൂഢാലോചനയില്‍ പങ്കാളിയാക്കിയെങ്കിലും അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെ ഒഴിവാക്കുകവഴി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത കളഞ്ഞു.

ആസൂത്രിതമായാണ് മസ്ജിദ് തകര്‍ത്തത്. രാമജന്മഭൂമിയില്‍ നിശ്ചയിച്ച കര്‍സേവയുടെ മറവില്‍ പള്ളി പൊളിക്കുകയായിരുന്നു ലക്ഷ്യം. അമ്പലം പണിയെന്ന അജന്‍ഡ ഉണ്ടായിരുന്നില്ല. പള്ളി പൊളിച്ചതിനുപിന്നാലെ ക്ഷേത്രനിര്‍മാണം തുടങ്ങിയപ്പോള്‍ രക്തച്ചൊരിച്ചില്‍ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. അര്‍ധസേനാ വിഭാഗങ്ങളോട് ഏറ്റുമുട്ടാതെ അവര്‍ പിന്‍വാങ്ങി. ആദ്യഘട്ടത്തില്‍ പള്ളിതകര്‍ക്കല്‍. രണ്ടാംഘട്ടം അമ്പലംപണി. അതായിരുന്നു തീരുമാനം.

ഡിസംബര്‍ ആറിന് അയോധ്യയില്‍ കര്‍സേവ നിശ്ചയിച്ചപ്പോള്‍ പള്ളി പൊളിക്കുമോയെന്ന ആശങ്ക മതനിരപേക്ഷവിശ്വാസികള്‍ക്കുണ്ടായിരുന്നു. ഭജനകളും കീര്‍ത്തനങ്ങളും ആലപിക്കല്‍മാത്രമെന്നായിരുന്നു സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ്. എന്നാല്‍, ഡിസംബര്‍ ഒന്നിന് അദ്വാനി വാരണാസിയില്‍നിന്നാരംഭിച്ച മിനി രഥയാത്ര നല്‍കിയ സന്ദേശം മറ്റൊന്നായിരുന്നു. "ഭജനകളും കീര്‍ത്തനങ്ങളും ആലപിക്കുന്നതുമാത്രമല്ല കര്‍സേവ. കര്‍സേവ എന്തായിരിക്കണമെന്നു നിശ്ചയിക്കാന്‍ കോടതിക്ക് അവകാശവുമില്ല''- അണികളെ ആവേശഭരിതരാക്കുംവിധമായിരുന്നു ആഹ്വാനം. യാത്രയിലുടനീളം വര്‍ഗീയത വിതച്ച പ്രഖ്യാപനം ആവര്‍ത്തിച്ചു. മഥുരയില്‍നിന്ന് ബിജെപി അധ്യക്ഷന്‍ മുരളിമനോഹര്‍ ജോഷി നടത്തിയ യാത്രയും സമാന സന്ദേശമാണു പകര്‍ന്നത്.

ഇന്ത്യയുടെ ഹൃദയഭൂമിയില്‍ വിഷംതുപ്പി ഇരു നേതാക്കളുടെയും യാത്ര മുന്നേറുമ്പോള്‍ അയോധ്യയിലും നേതാക്കള്‍ അടങ്ങിയിരുന്നില്ല. കര്‍സേവയ്ക്കെത്തിയവരെ തൃപ്തിപ്പെടുത്തുംവിധം അശോക് സിംഗാളും വിനയ് കത്യാരും ഹിന്ദുവികാരം ആളിക്കത്തിച്ചു. അയോധ്യയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിംഗാള്‍ ഗൂഢലക്ഷ്യം വെളിപ്പെടുത്തി. കര്‍സേവ പ്രതീകാത്മകംമാത്രമായിരിക്കുമെന്ന് വിഎച്ച്പിയുടെ പേരില്‍ കോടതിയില്‍ പറയാന്‍ യുപി സര്‍ക്കാര്‍ അഭിഭാഷകന് അവകാശമില്ലെന്നു തുറന്നടിച്ചു. കര്‍സേവ പ്രതീകാത്മകമായിരിക്കില്ലെന്നു തീര്‍ച്ചപ്പെടുത്തുന്നതായിരുന്നു ആ വാക്കുകള്‍.

ഇരുനൂറോളം ക്യാമ്പുകളാണ് അയോധ്യയില്‍ ഉയര്‍ന്നത്. തീവ്ര ഹിന്ദുവികാരം പേറിയെത്തിയ കര്‍സേവകരെ ശാന്തരാക്കാന്‍ സാധ്യമല്ലെന്ന് പരിവാര്‍ നേതൃത്വത്തിനും യുപി-കേന്ദ്ര സര്‍ക്കാരുകള്‍ക്കും ബോധ്യമുണ്ടായിരുന്നു. ക്യാമ്പുകളുടെ ചുമതലയുള്ളവര്‍ കര്‍സേവകര്‍ സംയമനംപാലിക്കില്ലെന്ന് നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. പ്രതീകാത്മകമെന്ന പ്രതീതി സൃഷ്ടിച്ചതിനൊപ്പം ആവേശം നിലനിര്‍ത്താന്‍ നേതൃത്വം മടിച്ചില്ല. തന്ത്രപരമായ നിലപാടായിരുന്നു ഇത്.

പള്ളിയോടു ചേര്‍ന്നുള്ള 2.774 ഏക്കര്‍ സ്ഥലത്ത് അമ്പലംപണിക്കുള്ള പ്രവര്‍ത്തനം തുടങ്ങുക മാത്രമേയുള്ളുവെന്നാണ് മാധ്യമങ്ങളോട് നേതാക്കള്‍ പറഞ്ഞത്. പള്ളി പൊളിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് അവസാനനിമിഷംവരെ അവകാശപ്പെട്ടു. പള്ളി പൊളിക്കുമെന്ന് അയോധ്യയിലെയും ഫൈസാബാദിലെയും മുസ്ളിങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫൈസാബാദിലെ മുസ്ളിംനേതാവ് മുഹമദ് യൂനുസ് സിദ്ദിഖി ആശങ്ക അറിയിച്ച് കത്തയച്ചു. ഭരണക്കാര്‍ ഇതെല്ലാം തള്ളി. മുസ്ളിങ്ങളുടെ അരക്ഷിതാവസ്ഥയാണ് ആശങ്കയ്ക്കു കാരണമെന്നായിരുന്നു വിധിയെഴുത്ത്. സിദ്ദിഖിയുടെ മുന്നറിയിപ്പ് യാഥാര്‍ഥ്യത്തോടടുത്തപ്പോള്‍ വൈകിക്കഴിഞ്ഞിരുന്നു.

പൊളിക്കല്‍പദ്ധതി സെപ്തംബര്‍ അവസാനത്തോടെ തുടങ്ങിയിരുന്നുവെന്ന് യുപി ബജ്രംഗ്ദള്‍ നേതാവ് പറഞ്ഞു. 1200 വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഒറീസക്കാരന്‍ എന്‍ജിനീയര്‍ പള്ളിയുടെ നിര്‍മാണഘടന പഠിച്ചു. 1990 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ കര്‍സേവയില്‍ മകുടങ്ങള്‍മാത്രമാണ് തകര്‍ക്കപ്പെട്ടത്. പള്ളി നിന്നു. ഒരേസമയം മകുടങ്ങളും ഭിത്തികളും പൊളിച്ചതോടെ ആറുമണിക്കൂര്‍കൊണ്ട് ചരിത്രം പൊടുന്നനെ മുണ്ഡനം ചെയ്യപ്പെട്ടു. പള്ളി നിരങ്ങി. വംശപരമ്പരകളുടെ നമസ്കാരനിശ്വാസവും സ്പര്‍ശഗന്ധവും പള്ളിയകങ്ങളില്‍ തപിച്ചിരിക്കണം. അടര്‍ന്ന മിനാരങ്ങളില്‍ മൌനം പൊള്ളിക്കിടന്നു. നിലവിളിയറ്റ്, നിരാലംബതയുടെ നിശ്ചലതയില്‍ ഒരുജനത സ്തംഭിച്ചുനിന്നു.

പള്ളി പൊളിക്കില്ലെന്നു പറഞ്ഞ ബിജെപി നേതാക്കള്‍പോലും കര്‍സേവര്‍ മകുടങ്ങള്‍ക്കു മുകളില്‍ എത്തിയതോടെ ആവേശഭരിതരായ കാഴ്ചയായിരുന്നു. കര്‍സേവകരെ അഭിസംബോധനചെയ്ത അദ്വാനി പൊളിക്കല്‍ തുടങ്ങിയതോടെ അയോധ്യയിലേക്കുള്ള എല്ലാ കവാടങ്ങളും അടയ്ക്കാന്‍ ആഹ്വാനംചെയ്തു. പള്ളി തകര്‍ന്നുവീണപ്പോള്‍ പരിവാര്‍നേതാക്കള്‍ ആഹ്ളാദത്തിമിര്‍പ്പിലായിരുന്നു. മുരളിമനോഹര്‍ ജോഷിയെ വാരിപ്പുണര്‍ന്ന ഉമാഭാരതി ചിത്രം ചരിത്രക്കാഴ്ചകളില്‍ മായില്ല.

വര്‍ത്തമാനകാലചിത്രം 1992ല്‍നിന്നു വ്യത്യസ്തമാണ്. നൂറ്റാണ്ടുകളായി ഹിന്ദു-മുസിം വിശ്വാസികള്‍ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞ കൊച്ചുപട്ടണത്തില്‍ അവിശ്വാസത്തിന്റെ കരിപുരണ്ട മാറാലയുണ്ട്. പള്ളി പൊളിച്ചിടത്ത് അമ്പലം നിര്‍മിക്കുകയെന്ന അജന്‍ഡ ഇന്നും നടപ്പായിട്ടില്ല. പള്ളിസ്ഥലത്തുനിന്ന് എട്ടു കിലോമീറ്റര്‍ മാറി രാംജാനകി നിര്‍മാണശാലയിലായിരുന്നു അമ്പലത്തിനാവശ്യമായ പണി. കൊത്തുപണി നടത്തിയ കല്‍ത്തൂണുകളും ഇഷ്ടികകളും അവിടെ അടുക്കിവച്ചിരിക്കുന്നു. വലിയ അമ്പലമായിരുന്നു ലക്ഷ്യം. നിര്‍മാണപ്രവര്‍ത്തനം കഴിഞ്ഞവര്‍ഷം നിലച്ചു. ഫണ്ട്വരവ് നിന്നതാണു കാരണം. വിഎച്ച്പിയാണ് പണം മുടക്കിയിരുന്നത്. അമ്പലനിര്‍മാണം വിദൂരസ്വപ്നമായതോടെ പണം ചെലവഴിക്കുന്നത് അവര്‍ നിര്‍ത്തി. അയോധ്യയിലെത്തുന്ന പരിവാര്‍ അനുഭാവികളായ ഭക്തര്‍ അമ്പലനിര്‍മാണസ്ഥലംകൂടി സന്ദര്‍ശിച്ചാണ് മടങ്ങാറുള്ളത്. കാവല്‍നില്‍ക്കുന്ന കാവിധാരികള്‍ ക്ഷേത്രം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ്. ബാബറിദിനം അടുക്കുമ്പോള്‍ പതിവ് സുരക്ഷാസന്നാഹം ഒഴിച്ചുനിര്‍ത്തിയാല്‍ അയോധ്യ ഇപ്പോള്‍ ശാന്തമാണ്. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും വിവാദങ്ങളും ജനജീവിതത്തില്‍ മാറ്റംവരുത്തിയിട്ടില്ല.

അയോധ്യാപ്രസ്ഥാനത്തിലൂടെ ഊര്‍ജംനേടിയ പരിവാര്‍ ചിതറിയിരിക്കുന്നു. രണ്ടു കാരണങ്ങളാണ്്. പല സംഘടനകളില്‍ പല തരത്തില്‍ സംസാരിക്കുന്ന ബഹുസ്വരതയെ അവര്‍ നന്നായി ഉപയോഗിച്ചിരുന്നു. അത് ദോഷംചെയ്തു. മുഖ്യ പരിവാര്‍സംഘങ്ങളിലൊന്നായി വളര്‍ന്ന വിഎച്ച്പി രാഷ്ട്രീയതാല്‍പ്പര്യം പ്രകടിപ്പിച്ചതോടെ പ്രശ്നം തുടങ്ങി. രാംവിലാസ് വേദാന്തിയെപ്പോലുള്ളവര്‍ സ്ഥാനാര്‍ഥികളായി. വിനയ് കത്യാറും മറ്റും ലോക്സഭയിലെത്തി. ഇത് കിടമത്സരത്തിനു തുടക്കമിട്ടു. മറ്റൊന്ന് പിന്നോക്ക-ദളിത് വിഭാഗങ്ങളെ പ്രതിനിധാനംചെയ്ത പാര്‍ടികള്‍ ബിജെപിക്കെതിരെ ഒന്നിച്ചതാണ്. പള്ളി തകര്‍ത്തശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുലായവും കാന്‍ഷിറാമും കൈകോര്‍ത്തു. ഏകീകൃത ഹിന്ദുസ്വത്വമെന്ന പരിവാര്‍ അജന്‍ഡ പൊളിഞ്ഞു. ബിജെപിയുടെ തകര്‍ച്ചയ്ക്ക് ഇതു തുടക്കമിട്ടു. ഹിന്ദുസ്വത്വമുപേക്ഷിച്ച് കൂട്ടുകക്ഷി രാഷ്ട്രീയത്തിലേക്ക് ബിജെപി കടന്നു. ആറുവര്‍ഷത്തെ ഭരണം ഹിന്ദുത്വ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ നിഷേധിക്കുന്നതായിരുന്നു. അഴിമതിയും തമ്മില്‍ത്തല്ലും ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ദൈനംദിന കാര്യങ്ങളില്‍പോലും ആര്‍എസ്എസ് ഇടപെടുന്ന സ്ഥിതിയായി. അയോധ്യാപ്രസ്ഥാനത്തിലൂടെ അദ്വാനി വളര്‍ന്നപോലെ മറ്റൊരു നേതാവിന്റെ ഉയര്‍ച്ച സംഭവിക്കാഞ്ഞതും തിരിച്ചടിക്കു നിമിത്തമായി. ഇതൊക്കെയാണെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും വര്‍ഗീയധ്രുവീകരണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നു. ഒരു തീപ്പൊരിമതി ആളിക്കത്താന്‍. അയോധ്യപോലെ അതിനൊരു മൂര്‍ത്തകാരണം വേണമെന്നുമാത്രം. .

വെങ്കിടേശ് രാമകൃഷ്ണന്‍ ദേശാഭിമാനി വാരാന്തം 061209

1 comment:

  1. 'യെഹ് തോ സിര്‍ഫ് ഝങ്കി ഹൈ, അബ് മഥുര, കാശി ബാക്കി ഹൈ' (ഇതൊരു തുടക്കംമാത്രം, ഇനി കാശിയും മഥുരയും ശേഷിക്കുന്നു)

    ഇന്ത്യന്‍ മതനിരപേക്ഷതയുടെ ചിഹ്നമായിരുന്ന ബാബറി മസ്ജിദ് പൊളിച്ചടുക്കിയശേഷം അയോധ്യയിലെ തെരുവുകളില്‍ വര്‍ഗീയതിമിരം ബാധിച്ച കര്‍സേവകരുടെ പുലമ്പല്‍ ഈ വിധമായിരുന്നു. വര്‍ഗീയമുന്നേറ്റത്തെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടര്‍ത്താമെന്നവര്‍ സ്വപ്നംകണ്ടു. രാമനൊപ്പം കൃഷ്ണനും ശിവനുമൊക്കെ ഹൈന്ദവമുന്നേറ്റത്തിനു വഴിയൊരുക്കുമെന്നായിരുന്നു പ്രതീക്ഷ.

    ReplyDelete