ഭീകരഭീഷണിയടക്കം ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളുടെ വിലയിരുത്തല്‍ ആഭ്യന്തരമന്ത്രിക്കസേരയില്‍ പി ചിദംബരത്തിന്റെ ഒരുവര്‍ഷത്തെ പ്രകടനത്തിന്റെ വിലയിരുത്തല്‍ കൂടിയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ വിഭജനം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) രൂപീകരണം, ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കല്‍ തുടങ്ങി തികച്ചും അമേരിക്കന്‍ മോഡല്‍ ആഭ്യന്തരസുരക്ഷയിലേക്ക് രാജ്യത്തെ അതിവേഗം നയിക്കുകയാണ് ചിദംബരം. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് 2008 ഡിസംബര്‍ ഒന്നിനാണ് ചിദംബരം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. പോട്ടയ്ക്ക് സമാനമായ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം കൊണ്ടുവരികയാണ് ആദ്യം ചെയ്തത്. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) രൂപംനല്‍കി. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ വിധത്തിലാണ് എന്‍ഐഎ കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിച്ചതെങ്കിലും സംസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാര്‍ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പല മാറ്റവും കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ചുമതലയേറ്റശേഷം രാജ്യത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ചിദംബരം നേട്ടമായി അവകാശപ്പെടുന്നു. എന്നാല്‍,ഭീകരഭീഷണിയുടെ കരിനിഴലില്‍ത്തന്നെയാണ് രാജ്യം. ഭീകരവാദത്തിന്റെ സ്പോണ്‍സര്‍മാര്‍ ആരെന്ന ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെയും തഹാവൂര്‍ റാണയുടെയുമൊക്കെ യഥാര്‍ഥ കഥകള്‍ പുറത്തുവന്നുതുടങ്ങിയതോടെ ഭീകരതയ്ക്ക് പിന്നിലും അമേരിക്കന്‍കരങ്ങളുണ്ടോയെന്ന സംശയങ്ങള്‍ ദൃഢപ്പെടുന്നു. ഹെഡ്ലിയും റാണയും പലവട്ടം ഇന്ത്യയില്‍ വന്നുപോയിട്ടും അധികൃതര്‍ അറിഞ്ഞില്ലെന്നത് സുരക്ഷാസംവിധാനങ്ങളുടെ വീഴ്ച വിളിച്ചറിയിക്കുന്നു.
ഇന്റലിജന്‍സ് കാര്യങ്ങളില്‍ അമേരിക്ക പറയുന്നത് കേള്‍ക്കുകമാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സ്വീകാര്യം. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് കേന്ദ്രം ഡല്‍ഹിക്ക് പുറമെ മറ്റ് നാലിടങ്ങളില്‍ കൂടി തുറന്നിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും 250 എന്‍എസ്ജി കമാന്‍ഡോകളാണുള്ളത്. സേനാംഗങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കണമെന്നും രാത്രികാലങ്ങളിലും കാഴ്ച സാധ്യമാക്കുന്ന ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നുമൊക്കെ ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍, എല്ലാം കടലാസിലൊതുങ്ങി. ഭാരക്കുറവുള്ള ആധുനിക ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ അര്‍ദ്ധസേനാവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യംപോലും ആഭ്യന്തരമന്ത്രാലയത്തിലെ ഫയലിലുറങ്ങുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും വേഗത്തില്‍ പങ്കുവയ്ക്കുന്നതിന് മള്‍ട്ടിഏജന്‍സി കേന്ദ്രത്തിന് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍, ഏജന്‍സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇന്റലിജന്‍സ് ശക്തിപ്പെടുത്താന്‍ പുതിയ റിക്രൂട്ട്മെന്റുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അംഗബലം ഇപ്പോഴും പരിമിതമാണ്.
കടല്‍മാര്‍ഗം മറ്റൊരു അപ്രതീക്ഷിത ആക്രമണമുണ്ടായാല്‍ മുംബൈ ദുരന്തം ആവര്‍ത്തിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. തീരസംരക്ഷണസേനയുടെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. ആവശ്യത്തിന് യാനങ്ങളോ ആയുധങ്ങളോ സേനയ്ക്ക് ലഭ്യമായിട്ടില്ല. പട്രോളിങ്ങിന് ബോട്ടുകളും കുറവ്. തീരദേശത്ത് കൂടുതല്‍ പൊലീസ് സ്റ്റേഷന്‍ എന്ന ആശയവും ഫലപ്രദമായി നടപ്പായിട്ടില്ല. വിവരശേഖരണത്തില്‍ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിക്കാനുള്ള കേന്ദ്രനിര്‍ദേശം കേരളംപോലെ ചുരുക്കം സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രായോഗികമാക്കിയത്.
നക്സല്‍ ഭീഷണിയും ശക്തമാകുന്നു. ഏറ്റവും കൂടുതല്‍ നക്സല്‍ ആക്രമണങ്ങളുണ്ടായതും കൂടുതല്‍ ആളുകള്‍ മരിച്ചതും 2009 ലാണ്. നവംബര്‍ വരെയുള്ള കണക്കുപ്രകാരം 818 പേര്‍ 2009 ല്‍ നക്സല്‍ ആക്രമണങ്ങളില്‍ മരിച്ചു. ഇതില്‍ 514 സിവിലിയന്മാരും 304 സുരക്ഷാസൈനികരുമാണ്. 2008 ല്‍ നക്സല്‍ ആക്രമണങ്ങളില്‍ മരിച്ചത് 661 പേരായിരുന്നു. 2016 നക്സല്‍ ആക്രമണങ്ങളാണ് നവംബര്‍ വരെയുള്ള കണക്കുപ്രകാരം 2009 ല്‍ രാജ്യത്തുണ്ടായത്. മുന്‍വര്‍ഷം അക്രമസംഭവങ്ങളുടെ എണ്ണം 1452 മാത്രമായിരുന്നു. മുതിര്‍ന്ന നേതാവ് കൊബാഡ് ഘാണ്ടിയെ പിടിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ഏകനേട്ടം. ഇതാകട്ടെ ചികിത്സയ്ക്കായി അറിഞ്ഞുകൊണ്ടുള്ള കീഴടങ്ങലായിരുന്നെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. ബംഗാള്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചതിനാല്‍ മറ്റൊരു മുതിര്‍ന്ന നേതാവ് ഛത്രധര്‍ മഹാതോയെ കീഴടക്കാനായി. ചിദംബരത്തിന്റെ കാലത്ത് നക്സല്‍ ആക്രമണം ബംഗാളിലേക്ക് കൂടി വ്യാപിച്ചു. ജാര്‍ഖണ്ഡ് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നക്സലുകളാണ് ബംഗാളില്‍ കുഴപ്പമുണ്ടാക്കുന്നതെന്ന് സംസ്ഥാനസര്‍ക്കാര്‍ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രത്തിന് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നക്സലുകളെ പരസ്യമായി പിന്തുണയ്ക്കുന്ന മമത ബാനര്‍ജിയെ പോലുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രത്തിന്റെ നക്സല്‍വിരുദ്ധ നീക്കമെന്ന വൈരുധ്യവുമുണ്ട്. ജാര്‍ഖണ്ഡിലേക്കും ഛത്തീസ്ഗഢിലേക്കും കൂടുതല്‍ അര്‍ധസൈനികരെ അയച്ച് നക്സലുകളെ അടിച്ചമര്‍ത്താന്‍ ചിദംബരം തന്ത്രം മെനയുന്നുണ്ട്. എന്നാല്‍, ഇത് ആ സംസ്ഥാനങ്ങളിലെ ആദിവാസി ജനവിഭാഗങ്ങളെ കൂടുതല്‍ ദ്രോഹിക്കാന്‍ മാത്രമേ ഇടയാക്കൂ എന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
(എം പ്രശാന്ത് )
ദേശാഭിമാനി 271209
ഭീകരഭീഷണിയടക്കം ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളുടെ വിലയിരുത്തല്‍ ആഭ്യന്തരമന്ത്രിക്കസേരയില്‍ പി ചിദംബരത്തിന്റെ ഒരുവര്‍ഷത്തെ പ്രകടനത്തിന്റെ വിലയിരുത്തല്‍ കൂടിയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ വിഭജനം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) രൂപീകരണം, ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കല്‍ തുടങ്ങി തികച്ചും അമേരിക്കന്‍ മോഡല്‍ ആഭ്യന്തരസുരക്ഷയിലേക്ക് രാജ്യത്തെ അതിവേഗം നയിക്കുകയാണ് ചിദംബരം
ReplyDelete