Wednesday, December 9, 2009

വിലക്കയറ്റത്തെപ്പറ്റിത്തന്നെ

കമ്പത്ത് പച്ചക്കറിക്ക് തീവില; കേരളത്തിന് പൊള്ളുന്നു

ഇടുക്കി: ക്യാരറ്റും ബീറ്റ്റൂട്ടും ബീന്‍സും വലിയ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന പതിവു കാഴ്ച കമ്പത്തെ ചന്തയിലെങ്ങുമില്ല. ആ സ്ഥാനത്ത് ചെറിയ ചാക്കുകെട്ടുകള്‍മാത്രം. സമീപത്തുതന്നെ ചില സ്ത്രീകള്‍ അഴുകിയ ഉള്ളിയും കടലയും നിരത്തി ഭേദപ്പെട്ടതു തെരയുന്നു. കേരളത്തിലേക്കു വന്‍തോതില്‍ പച്ചക്കറി കൊണ്ടുവന്നിരുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ അതിര്‍ത്തിപ്രദേശമായ കമ്പം. എന്നാല്‍, ഇപ്പോള്‍ ഇവിടേക്കു പച്ചക്കറി വാങ്ങാനെത്തുന്നവര്‍ വില കേട്ട് ഞെട്ടുകയാണ്. രണ്ടു രൂപയ്ക്ക് ഒരു ദിവസത്തേക്കുള്ള കായ്കറികള്‍ വാങ്ങിയിരുന്ന സ്ഥാനത്ത് പത്തിരട്ടി വില കൊടുക്കണം. പഴമക്കാരുടെ ഓര്‍മയില്‍പോലുമില്ലാത്ത പൊള്ളുന്ന വില. ഒരുമാസംമുമ്പ് തമിഴ്നാട്ടിലാകെയുണ്ടായ കനത്തമഴയില്‍ പച്ചക്കറിപ്പാടങ്ങള്‍ വെള്ളത്തിലായി. വെള്ളം കെട്ടിനിന്ന് വിളകളാകെ നശിച്ചു. ആയിരക്കണക്കിനു ടണ്‍ പച്ചക്കറിയാണ് ചീഞ്ഞളിഞ്ഞത്. അതോടെ വില കുതിച്ചുയര്‍ന്നു. എന്നാലും വേറെ വഴിയില്ലാത്തതിനാല്‍ ഉയര്‍ന്ന വില കൊടുത്തു പച്ചക്കറി അതിര്‍ത്തിക്കിപ്പുറമെത്തിക്കുന്നു. കമ്പം നഗരത്തിലെ ഉഴവര്‍ ചന്തയില്‍നിന്നാണ് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുള്ള പച്ചക്കറി കൊണ്ടുവരുന്നത്. പുലര്‍ച്ചെ അഞ്ചിനു തുടങ്ങുന്ന കച്ചവടം പകല്‍ ഒന്നുവരെ തുടരും. കേരളത്തിലേക്കുള്ള മൊത്തവ്യാപാരം ഈ സമയത്താണ്. തേനി ജില്ലയിലും മധുര ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും കൃഷിചെയ്യുന്ന വിളകള്‍ നേരിട്ടെത്തിക്കുന്നത് കമ്പത്താണ്. ഉള്ളി -24, സവാള -30, തക്കാളി-16, ഉരുളക്കിഴങ്ങ്-25, കത്തിരിക്ക-35, ക്യാരറ്റ്-25, ബീറ്റ്റൂട്ട്-22, വെണ്ടയ്ക്ക-16, ബീന്‍സ്-25, പച്ചമുളക്-16, ക്യാബേജ്-14 എന്നിങ്ങനെ ഓരോ ഇനത്തിന്റെയും വില ചന്തയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കമ്പത്തുനിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ ശരാശരി അഞ്ചുരൂപ അധികവിലയില്‍ ഇടുക്കിയില്‍ കിട്ടും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇരട്ടിയോളം വിലയ്ക്കാണ് വില്‍ക്കുന്നത്. പച്ചക്കറിവില ഉയരുമ്പോള്‍, സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ തമിഴ്നാട്ടിലേക്കു കൊണ്ടുപോയി അവിടെനിന്ന് കൂടിയ വിലയ്ക്ക് കേരളത്തിലേക്കുതന്നെ കൊണ്ടുവരുന്ന സ്ഥിതിയുമുണ്ട്. കേരളത്തില്‍ ശീതകാല പച്ചക്കറി കൃഷിയുള്ള കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ പഞ്ചായത്തുകളില്‍ വിളയുന്ന ഉല്‍പ്പന്നങ്ങളാണ് മധുരയിലെത്തിച്ചശേഷം വീണ്ടും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ക്യാബേജ്, വെളുത്തുള്ളി, ബീന്‍സ്, ബീറ്റ്റൂട്ട്, മുള്ളങ്കി, കോളിഫ്ളവര്‍ എന്നിവയെല്ലാം ഇവിടെ വിളയുന്നു. സീസണില്‍ 35,200 ട ഉരുളക്കിഴങ്ങും 27,600 ടണ്‍ ക്യാബേജും 28,560 ടണ്‍ ക്യാരറ്റും 15,560 ടണ്‍ ബീന്‍സും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. തമിഴ്നാട്ടിലെ കച്ചവടക്കാരെത്തി മധുര, വത്തലക്കുണ്ട്, വടുകപട്ടി എന്നിവിടങ്ങളിലെ ചന്തകളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഈ പച്ചക്കറി സംഭരിച്ച് കേരളത്തില്‍ വിതരണംചെയ്താല്‍ അധികവില നല്‍കേണ്ട സ്ഥിതി ഒഴിവാക്കാമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് പറഞ്ഞു.
(കെ ജെ മാത്യു)

100 മാവേലി സ്റ്റോര്‍ കൂടി

വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് 100 മാവേലി സ്റ്റോറുകള്‍ കൂടി തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ അറിയിച്ചു. അമ്പതെണ്ണം തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചത്. സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ക്രിസ്മസ് ബസാറുകള്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും പടിഞ്ഞാറെകോട്ട എന്‍എസ്എസ് ഹാളിലും 10ന് തുടങ്ങും. കോട്ടയം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും സ്പെഷല്‍ ബസാറുകള്‍ ആരംഭിക്കും.അരിയും പഞ്ചസാരയും അടക്കം നിത്യോപയോഗ സാധനങ്ങള്‍ നിയന്ത്രണമില്ലാതെ ഇവിടെനിന്ന് ലഭിക്കും.

വിലക്കയറ്റം: 15ന് പഞ്ചായത്തുകളില്‍ ജനകീയ കൂട്ടായ്മ

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ഈ മാസം 15ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജനകീയകൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കവീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. മണല്‍ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നാളികേരള സംഭരണത്തിന് നടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് യോഗം ആവശ്യപ്പെട്ടു.

13 രൂപയ്ക്ക് അരി

വിലക്കയറ്റം നിയന്ത്രിക്കാന്‍ കിലോയ്ക്ക് 13 രൂപ നിരക്കില്‍ അരിയും 25 രൂപയ്ക്ക് പഞ്ചസാരയും വിതരണംചെയ്യാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് കൂടിയ വിലയ്ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച അരി വില കുറച്ച് അരിക്കടകള്‍വഴി വിതരണംചെയ്യും. കിലോയ്ക്ക് 15.47 രൂപമുതല്‍ 16.14 രൂപവരെ ഈടാക്കി കേന്ദ്രം നല്‍കുന്ന അരിയാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. വിവിധ ജില്ലകളില്‍ 115 മാവേലി ഹോട്ടല്‍ 15ന് പ്രവര്‍ത്തനം തുടങ്ങും. 10 മുതല്‍ 15 രൂപവരെ നിരക്കില്‍ മാവേലി ഹോട്ടലില്‍ ഊണ് നല്‍കും. മാവേലി ഹോട്ടലുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ സപ്ളൈകോ സബ്സിഡി നിരക്കില്‍ നല്‍കും. മാവേലി സ്റോറുകളും സപ്ളൈകോ വില്‍പ്പനകേന്ദ്രങ്ങളും വഴിയാണ് കിലോയ്ക്ക് 25 രൂപ നിരക്കില്‍ പഞ്ചസാര വില്‍ക്കുക. മാവേലി സ്റോറുകളില്‍ സബ്സിഡി നല്‍കി വിതരണംചെയ്യുന്ന സാധനങ്ങളുടെ കൂട്ടത്തില്‍ പഞ്ചസാരകൂടി ഉള്‍പ്പെടുത്തും. സബ്സിഡി ഇനത്തില്‍ വേണ്ടിവരുന്ന മുഴുവന്‍ തുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, സി ദിവാകരന്‍, ജി സുധാകരന്‍ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിലക്കയറ്റം: പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു

രാജ്യമെങ്ങും വിലക്കയറ്റം രൂക്ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നിസ്സംഗസമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിലക്കയറ്റത്തെക്കുറിച്ച് സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍ നല്‍കിയ മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൂടി കാര്യക്ഷമമായി നടപടിയെടുക്കണമെന്ന് കോഗ്രസ് അംഗം ജയന്തി നടരാജന്‍ പറഞ്ഞു. വരള്‍ച്ചയും പ്രളയവുമൊക്കെ വിലക്കയറ്റത്തിനു കാരണങ്ങളാണെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് ജയന്തി അഭിപ്രായപ്പെട്ടു. വിലക്കയറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ തലയില്‍ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം നന്നല്ലെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട മുതിര്‍ന്ന ബിജെപി നേതാവ് കല്‍രാജ് മിശ്ര പറഞ്ഞു. പ്രളയവും വരള്‍ച്ചയുംപോലെ വിലക്കയറ്റവും ഒരു സ്ഥിരം പ്രതിഭാസമാവുകയാണെന്ന് സിപിഐ എം അംഗം ശ്യാമള്‍ ചക്രവര്‍ത്തി ചര്‍ച്ചയില്‍ പറഞ്ഞു. പൊതുവിതരണ സംവിധാനം ശക്തമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെന്നും ശ്യാമള്‍ ചക്രവര്‍ത്തി പറഞ്ഞു. കേരളത്തിനു നല്‍കുന്ന ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സ്റാറ്റ്യൂട്ടറി റേഷന്‍ നിലനിര്‍ത്താമെന്ന് കേന്ദ്രം വാക്കുനല്‍കിയിരുന്നതാണെന്ന് എ വിജയരാഘവനും പി ജെ കുര്യനും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേരളം ഭക്ഷ്യധാന്യം എടുക്കുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പി രാജീവ് പറഞ്ഞു. പൊതുവിപണിയില്‍ വില കുറവായിരിക്കുമ്പോള്‍ മാത്രമാണ് കുറച്ച് വിഹിതം എടുക്കാറുള്ളത്. വിപണിയില്‍ വിലകൂടുമ്പോള്‍ വിഹിതം പൂര്‍ണമായും എടുക്കാറുണ്ടെന്നും രാജീവ് പറഞ്ഞു. ഉല്‍പ്പാദനം കുറഞ്ഞതും ആവശ്യം വര്‍ധിച്ചതുമാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണമെന്ന് പവാര്‍ മറുപടിയില്‍ പറഞ്ഞു. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ വിലകൂടുന്നത് ഗതാഗതചെലവുകൂടി വരുന്നതുകൊണ്ടാണ്. കേരളത്തിന്റെ ധാന്യവിഹിതം കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

വിലക്കയറ്റം: തമിഴ്നാട്ടില്‍ ഇടതുപക്ഷം റോഡ് ഉപരോധിച്ചു

വിലക്കയറ്റത്തിനെതിരെ സിപിഐ എം, സിപിഐ പാര്‍ടികളുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ 350 സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചു. സാധാരണക്കാരുടെ നടുവൊടിക്കുന്ന രൂക്ഷമായ വിലക്കയറ്റമാണ് തമിഴ്നാട്ടില്‍. കേരളത്തിലേതുപോലെ പൊതുവിതരണസമ്പ്രദായം ശക്തമല്ലാത്തതിനാല്‍ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. കേന്ദ്രഭരണത്തില്‍ പങ്കാളിയായ ഡിഎംകെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. കോയമ്പത്തൂരില്‍ പി ആര്‍ നടരാജന്‍ എംപി സമരം ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാനസെക്രട്ടറി എന്‍ വരദരാജന്‍, കേന്ദ്രകമ്മിറ്റിയംഗം രാമകൃഷ്ണന്‍, എ കെ പത്മനാഭന്‍, ബാലഭാരതി എംഎല്‍എ, മഹേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദേശാഭിമാനി വാര്‍ത്തകള്‍

കൂട്ടത്തില്‍ വായിക്കാന്‍

പൊറുതി മുട്ടുമ്പോള്‍ ‌ പി.എം.മനോജ് എഴുതിയ ലേഖനം

2 comments:

  1. ഇടുക്കി: ക്യാരറ്റും ബീറ്റ്റൂട്ടും ബീന്‍സും വലിയ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന പതിവു കാഴ്ച കമ്പത്തെ ചന്തയിലെങ്ങുമില്ല. ആ സ്ഥാനത്ത് ചെറിയ ചാക്കുകെട്ടുകള്‍മാത്രം. സമീപത്തുതന്നെ ചില സ്ത്രീകള്‍ അഴുകിയ ഉള്ളിയും കടലയും നിരത്തി ഭേദപ്പെട്ടതു തെരയുന്നു. കേരളത്തിലേക്കു വന്‍തോതില്‍ പച്ചക്കറി കൊണ്ടുവന്നിരുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ അതിര്‍ത്തിപ്രദേശമായ കമ്പം. എന്നാല്‍, ഇപ്പോള്‍ ഇവിടേക്കു പച്ചക്കറി വാങ്ങാനെത്തുന്നവര്‍ വില കേട്ട് ഞെട്ടുകയാണ്. രണ്ടു രൂപയ്ക്ക് ഒരു ദിവസത്തേക്കുള്ള കായ്കറികള്‍ വാങ്ങിയിരുന്ന സ്ഥാനത്ത് പത്തിരട്ടി വില കൊടുക്കണം. പഴമക്കാരുടെ ഓര്‍മയില്‍പോലുമില്ലാത്ത പൊള്ളുന്ന വില

    ReplyDelete
  2. yeaa.... yea keep writing s**ts :) everything is cheap in kerala.. but costly in tamilnadu.. tell me a single item which is cheaper in kerala than tamilnadu? STRIKE :)

    ReplyDelete