Sunday, December 13, 2009

'അഭിമാനഹത്യ'

ന്യൂഡല്‍ഹി: ജാതിയുടെ പേരില്‍ ഉത്തരേന്ത്യയില്‍ സര്‍വസാധാരണമായ 'അഭിമാനഹത്യ'കളെ ന്യായീകരിക്കുംവിധം സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം വിവാദമായി. ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ മൂന്നു മലയാളികളടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്യാന്‍ സുപ്രീംകോടതി നിരത്തുന്ന ന്യായങ്ങളാണ് ചോദ്യംചെയ്യപ്പെടുന്നത്. പാര്‍ലമെന്റിലടക്കം കോടതിക്കെതിരെ വിമര്‍ശമുയര്‍ന്നു.

യുപി സ്വദേശിനി സുഷമയെ വിവാഹം ചെയ്ത മലയാളിയായ പ്രഭു, അച്ഛന്‍ കൃഷ്ണന്‍, 13 വയസ്സുള്ള ബന്ധു ബിജിത്, അയല്‍വാസി അഭയരാജ് എന്നിവരാണ് 2004 മെയ് 17ന് കൊല്ലപ്പെട്ടത്. സുഷമയുടെ മൂത്ത ജ്യേഷ്ഠന്‍ ദിലീപ് തിവാരി, സുഹൃത്തുക്കളായ മനോജ് പസ്വാന്‍, സുനില്‍ യാദവ് എന്നിവരാണ് കൊല നടത്തിയത്. മുംബൈയില്‍ അയല്‍വാസികളായിരുന്ന പ്രഭുവും സുഷമയും പ്രണയിച്ചാണ് വിവാഹിതരായത്. യുപിയില്‍നിന്നുള്ള ബ്രാഹ്മണ വിഭാഗക്കാരാണ് സുഷമയുടെ കുടുംബം. ഈ വിവാഹത്തോട് സുഷമയുടെ കുടുംബം യോജിച്ചിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞ് സുഷമ ഗര്‍ഭിണിയായ സമയത്താണ് കൂട്ടക്കൊലപാതകം നടത്തിയത്. പ്രഭുവിന്റെ വീട്ടിലെത്തിയ തിവാരിയും സുഹൃത്തുക്കളും നടത്തിയ അക്രമത്തില്‍ പ്രഭുവിന്റെ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പരിക്കേറ്റു. കേസില്‍ തിവാരിക്കും സുഹൃത്തുക്കള്‍ക്കും സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി ഇത് ശരിവച്ചു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്. മൂന്നുപേരുടെയും വധശിക്ഷ സുപ്രീംകോടതി ഇളവുചെയ്തു.

ജാതീയതയെ ക്രൂര യാഥാര്‍ഥ്യമായി അംഗീകരിച്ചേ പറ്റൂവെന്നാണ് സുപ്രീംകോടതി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടത്. കീഴ്ജാതിയില്‍പ്പെട്ട ഒരാളെ വിവാഹം കഴിക്കുകയെന്ന സാമൂഹ്യപ്രശ്നം കാരണമാണ് കൊലപാതകങ്ങള്‍ നടന്നത്. ഒരാള്‍ ജനിക്കുന്നതുതന്നെ ജാതിക്ക് കീഴ്പ്പെട്ടാണ്. മരണശേഷവും അതിന്റെ പിടിയില്‍നിന്ന് മുക്തമല്ല. ഇത്തരം കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ ജാതീയതപോലുള്ള സാമൂഹ്യപ്രശ്നങ്ങളെ പ്രസക്തമായി കാണണം- ജസ്റ്റിസുമാരായ വി എസ് സിര്‍പുര്‍ക്കറും ദീപക്ക് വര്‍മയുമടങ്ങിയ ബെഞ്ച് പറഞ്ഞു. സാമൂഹ്യപരിഷ്ക്കരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കോടതികള്‍ സ്വയം പിന്നോക്കം പോകുന്നതിന് ഉദാഹരണമാണ് ഇത്തരം വിധിന്യായങ്ങളെന്ന് വൃന്ദ കാരാട്ട് രാജ്യസഭയില്‍ പറഞ്ഞു. ഹൈക്കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിച്ച കേസാണിത്. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ നിരാകരിക്കുകയാണ് ഇതിലൂടെ കോടതി ചെയ്തതെന്നും വൃന്ദ പറഞ്ഞു. കോടതി നിലപാടിനെ മഹിള അസോസിയേഷനും വിമര്‍ശിച്ചു. 'അഭിമാനഹത്യ'കള്‍പോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 131209

Demand for separate law to curb ‘honour killings’

Supreme Court commutes sentence in honour killings case

2 comments:

  1. സാമൂഹ്യപരിഷ്ക്കരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കോടതികള്‍ സ്വയം പിന്നോക്കം പോകുന്നതിന് ഉദാഹരണമാണ് ഇത്തരം വിധിന്യായങ്ങളെന്ന് വൃന്ദ കാരാട്ട് രാജ്യസഭയില്‍ പറഞ്ഞു. ഹൈക്കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിച്ച കേസാണിത്. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ നിരാകരിക്കുകയാണ് ഇതിലൂടെ കോടതി ചെയ്തതെന്നും വൃന്ദ പറഞ്ഞു. കോടതി നിലപാടിനെ മഹിള അസോസിയേഷനും വിമര്‍ശിച്ചു. 'അഭിമാനഹത്യ'കള്‍പോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. ജാതിവ്യവസ്ഥയുടെ സ്വാധീനം തടയാന്‍ ഭരണകര്‍ത്താക്കള്‍ നടപടിയെടുക്കാത്തിടത്തോളം കാലം ദുരഭിമാനഹത്യ തുടരുമെന്ന് സാമൂഹ്യപ്രവര്‍ത്തകയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ്പ്രസിഡന്റുമായ ജഗ്മതി സങ്വാന്‍ അഭിപ്രായപ്പെട്ടു. 'ദുരഭിമാന കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും' എന്ന വിഷയത്തില്‍ ജനസംസ്കൃതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭരണാധികാരികള്‍ പോലും പലപ്പോഴും ഇത്തരം അനീതികളുടെ ഭാഗമാകുന്ന കാഴ്ച നിര്‍ഭാഗ്യകരമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെകുട്ടികള്‍ പോലും ഈ ക്രൂരതക്ക് ഇരയാകുന്നു. ഭരണസംവിധാനവും നിയമവ്യവസ്ഥയും ഈ ദുരാചാരത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണാനും യഥാസമയം ഇടപെടാന്‍ മടിക്കുകയാണ്-ജഗ്മതി പറഞ്ഞു. സുപ്രീംകോടതിയിലെ അഭിഭാഷക കീര്‍ത്തിസിങ്, പത്രപ്രവര്‍ത്തക ടി കെ രാജലക്ഷ്മി എന്നിവരും സെമിനാറില്‍ സംസാരിച്ചു.(ദേശാഭിമാനി 211210)

    ReplyDelete