Thursday, December 24, 2009

ആന്ധ്രയിലെ കലാപം കോണ്‍ഗ്രസിന്റെ സൃഷ്ടി

ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാര്‍ പടി ഇറങ്ങിയത് ഒരര്‍ദ്ധ രാത്രിയില്‍. പക്ഷേ, അത് ഒരു നൂറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവില്‍. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണാധികാരികള്‍ രാജ്യത്തെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതും സംഘര്‍ഷാത്മക സാഹചര്യം സൃഷ്ടിച്ചതുമായ പല തീരുമാനങ്ങളും കൈക്കൊണ്ടതും പലപ്പോഴും അര്‍ദ്ധരാത്രികളില്‍. 1975ല്‍ ഒരര്‍ദ്ധരാത്രിയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിച്ചുകൊണ്ട് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2008ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെ പണയപ്പെടുത്തുന്ന വിധത്തിലുള്ള ഇന്ത്യ - അമേരിക്ക ആണവക്കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടതും മറ്റൊരര്‍ദ്ധ രാത്രിയില്‍. ഇപ്പോള്‍ ഇതാ രാജ്യത്തിന്റെ ശിഥിലീകരണത്തിന്റെ വിത്തു പാകുന്ന വിധത്തില്‍ തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച തീരുമാനവും കൈക്കൊണ്ടത് ഡിസംബര്‍ 9ന് ഏതാണ്ട് അര്‍ദ്ധരാത്രി നേരത്തുതന്നെ.

പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് തെലങ്കാന രാജ്യസമിതി (ടിആര്‍എസ്) നേതാവ് ചന്ദ്രശേഖര റാവു നടത്തി വന്ന 'മരണം വരെ ഉപവാസ സമരം' അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് കഴിഞ്ഞെങ്കിലും അത് ആന്ധ്രാ സംസ്ഥാനത്തെയാകെ ഇളക്കി മറിക്കുന്ന കലാപങ്ങള്‍ക്കും രാഷ്ട്രീയ പ്രതിസന്ധിക്കും ഇടവരുത്തുകയാണുണ്ടായത്. മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഘടനവാദപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിച്ചിരുന്ന സമസ്ത ശിഥിലീകരണ ശക്തികള്‍ക്കും ഈ തീരുമാനം ഊര്‍ജ്ജം പകരുകയും ചെയ്തിരിക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച തീരുമാനം. ഒരു കാര്യം ഇപ്പോള്‍ ഉറപ്പായിരിക്കുന്നു. കോണ്‍ഗ്രസിന്റെ തന്നെ ആന്ധ്രാ സംസ്ഥാന ഘടകത്തിന്റെയോ ആന്ധ്രാ സംസ്ഥാന മന്ത്രിസഭയുടെയോപോലും അഭിപ്രായം ആരായാതെയോ അഥവാ അതിന് ചെവി കൊടുക്കാതെയോ ആണ് കേന്ദ്ര നേതൃത്വം തെലങ്കാന സംസ്ഥാന രൂപീകരണത്തിന് അനുകൂലമായ തീരുമാനമെടുത്തത്. ഇത്തരം സുപ്രധാനമായ തീരുമാനം കേന്ദ്ര ഭരണകക്ഷി കൈക്കൊള്ളുന്നതിനു മുമ്പ് സ്വീകരിക്കേണ്ട അവധാനതയോ രാഷ്ട്രീയ മര്യാദയോ ഒന്നും കോണ്‍ഗ്രസ് പുലര്‍ത്തിയതുമില്ല. സ്വാഭാവികമായും ഇത്തരം ഒരു തീരുമാനം ആന്ധ്രയില്‍ തന്നെ എതിര്‍പ്പും എതിര്‍ പ്രക്ഷോഭവും ക്ഷണിച്ചുവരുത്തുമെന്നിരിക്കെ, എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തുന്നതിനുപകരം ഏകപക്ഷീയമായ തീരുമാനത്തില്‍ എടുത്തു ചാടി കലാപവും രാഷ്ട്രീയ അനിശ്ചിതത്വവും കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചു വരുത്തുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ആന്ധ്രയിലെ കോണ്‍ഗ്രസുകാരെപ്പോലും ബോധ്യപ്പെടുത്താനാകാത്ത ഈ തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞോടാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നിര്‍ബന്ധിതവുമായി.

ഈ തീരുമാനത്തിന്റെ പ്രത്യാഘാതം രാജ്യത്താകെ ഉണ്ടാകുമെന്ന് കണ്ടറിയാനുള്ള രാഷ്ട്രീയ വിവേകവും പക്വതയും കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചില്ല. പശ്ചിമബംഗാളില്‍ ഗൂര്‍ഖാലാന്റിനുവേണ്ടിയും ഉത്തര്‍പ്രദേശിനെ മൂന്നായി മുറിക്കാനും - പൂര്‍വാഞ്ചല്‍, ഹരിതപ്രദേശ്, ഉത്തരാഖണ്ഡ് - സജീവമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നവര്‍ക്ക് ഈ തീരുമാനം ഊര്‍ജ്ജവും ഉശിരും പകര്‍ന്നിരിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്‍ണാടകത്തിലും മധ്യപ്രദേശിലുമെല്ലാം സമാനമായ വിവിധ വിഭാഗങ്ങള്‍ പ്രത്യേക സംസ്ഥാന വാദങ്ങള്‍ ഉയര്‍ത്താനും അതിനായി പ്രക്ഷോഭങ്ങളും സമ്മര്‍ദ്ദതന്ത്രങ്ങളും ആരംഭിക്കാനും കോണ്‍ഗ്രസിന്റെ ഈ തീരുമാനം ഇടയാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്തതും രാജ്യതാല്‍പര്യം കണക്കിലെടുക്കാത്തതുമായ തീരുമാനം കുടത്തില്‍ അടയ്ക്കപ്പെട്ടിരുന്ന ഭൂതത്തെ തുറന്നുവിടുകയാണുണ്ടായത്.

കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പ്രസ്താവന ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ഇന്ത്യയെക്കാള്‍ ജനസംഖ്യ വളരെ കുറഞ്ഞ അമേരിക്കയില്‍ 50 സംസ്ഥാനങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ അപാകതയില്ലെന്നത്രെ ചിദംബരത്തിന്റെ വാദം. പക്ഷേ, 110 കോടി ജനങ്ങള്‍ ഉള്ള ഇന്ത്യയുടെ ഭൂവിസ്തൃതി 32,87,263 ചതുരശ്ര കിലോമീറ്റര്‍. 30 കോടി ജനങ്ങള്‍ അധിവസിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ ഭൂവിസ്തൃതി 96,29,081 ചതുരശ്ര കിലോമീറ്ററും ഭൂവിസ്തൃതിയുടെയും ജനസംഖ്യയുടെയും ഭരണപരമായ സൌകര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്, ഭാഷയുടെയോ വംശീയതയുടെയോ ദേശീയതയുടെയോ ആയ സ്വത്വങ്ങളുടെ അടിസ്ഥാനത്തിലല്ല അമേരിക്കന്‍ സംസ്ഥാന വിഭജനം. ഭാഷാ സംസ്ഥാനങ്ങള്‍ എന്ന അടിസ്ഥാന കാഴ്ചപ്പാട് നിലവിലുള്ള ഇന്ത്യയില്‍ അതിന് യാതൊരു പ്രസക്തിയുമില്ല. ഉണ്ടിരുന്ന ആള്‍ക്ക് ഒരുള്‍വിളി എന്നപോലെ തെലങ്കാന സംസ്ഥാന രൂപീകരണ തീരുമാനത്തിന് ന്യായീകരണമായി അമേരിക്കന്‍ വാദം ചിദംബരത്തെപ്പോലെ ഒരു സാമ്രാജ്യത്വപക്ഷപാതി പറയുമ്പോള്‍ ഏറെ സൂക്ഷിക്കേണ്ടതാണ്. രാജ്യങ്ങളെ തന്നെ ചെറുതുണ്ടുകളായി വിഭജിക്കുന്നതാണ് ആഗോളവല്‍ക്കരണ കാലത്തെ സാമ്രാജ്യത്വ നയം. ബാള്‍ക്കനൈസേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രവണതയുടെ മറ്റൊരു വകഭേദമായി ചെറിയ സംസ്ഥാനങ്ങള്‍ എന്ന ആവശ്യത്തെ കാണാവുന്നതാണ്. ചിദംബരത്തെപ്പോലെ തന്നെ ഇപ്പോള്‍ ഈ ആവശ്യത്തെ ന്യായീകരിക്കുന്നത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ സംഘടനകളായ ഫിക്കിയും അസോചെമും ആണെന്നതും ശ്രദ്ധേയമാണ്. യുപിയെയും ബീഹാറിനെയും മധ്യപ്രദേശിനെയും വിഭജിച്ചുകൊണ്ട് ഈ വാദത്തിന് പ്രായോഗിക രൂപം നല്‍കിയ ബിജെപിയും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യയില്‍ 1956ല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന നടപ്പാക്കിയതിന് ആധാരമായ ജനകീയ പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്. ഭാഷാ സംസ്ഥാന രൂപീകരണത്തിനു നിദാനമായി പോറ്റി ശ്രീരാമുലുവിന്റെ രക്തസാക്ഷിത്വവും പരിഗണിക്കപ്പെടുന്നു. അന്നും കോണ്‍ഗ്രസിന്റെ സമീപനം ഭാഷാ സംസ്ഥാന രൂപീകരണത്തിന് അനുകൂലമായിരുന്നില്ല. മുന്‍ നാട്ടുരാജ്യങ്ങളെ അങ്ങനെ തന്നെ സംസ്ഥാനങ്ങളായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യമെടുത്തത്. ജനകീയ പ്രക്ഷോഭവും സമ്മര്‍ദ്ദവുമാണ് ഭാഷാ സംസ്ഥാന രൂപീകരണത്തിന് അവരെ നിര്‍ബന്ധിതരാക്കിയത്. 1956ലെ സംസ്ഥാന പുനഃസംഘടനയുടെ ഘട്ടത്തില്‍പോലും ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും രൂപീകരിക്കാനോ പഞ്ചാബും ഹരിയാനയും രൂപീകരിക്കാനോ തയ്യാറാകാതിരുന്നതുതന്നെ ഈ വൈമനസ്യത്തിന്റെ പ്രകടനമായിരുന്നു. ഈ സംസ്ഥാന രൂപീകരണങ്ങള്‍ക്കുവേണ്ടിയും വീണ്ടും കോണ്‍ഗ്രസ് പ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയാണുണ്ടായത്.

ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. തെലങ്കാന എന്നറിയപ്പെടുന്ന ഭൂപ്രദേശം നൈസാമിന്റെ ഭരണത്തിലായിരുന്ന ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമാണ്. ആന്ധ്രയുടെ തീരദേശമേഖലയും റായലസീമ എന്നറിയപ്പെടുന്ന തെക്കന്‍ ജില്ലകളും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗവുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ കൂടുതല്‍ വികസിതവും നൈസാമിന്റെ ഭരണത്തിലായിരുന്ന തെലങ്കാന മേഖല അവികസിതവുമായിരുന്നു. എന്നാല്‍ ഈ പ്രദേശം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നവുമാണ്. നിരവധി കല്‍ക്കരി ഖനികള്‍ ഈ മേഖലയിലുണ്ട്. കൃഷ്ണ, ഗോദാവരി എന്നീ രണ്ട് പ്രധാന നദികളുടെയും പ്രയാണത്തില്‍ 75 ശതമാനവും തെലങ്കാന മേഖലയിലൂടെയാണ്. എന്നാല്‍ ഇതിന്റെയൊന്നും ഗുണങ്ങള്‍ ആ പ്രദേശത്തിനോ അവിടത്തെ ജനങ്ങള്‍ക്കോ ലഭിക്കുന്നില്ല എന്നതാണ് അവിടത്തുകാരുടെ അസംതൃപ്തിയുടെ പ്രധാന കാരണം. ആന്ധ്രാപ്രദേശിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 42 ശതമാനവും ജനസംഖ്യയുടെ 40 ശതമാനവും വരുന്ന മേഖലയാണ് തെലങ്കാന. എന്നാല്‍ മൊത്തം വിഭവങ്ങളുടെ വീതംവയ്ക്കലില്‍ തെലങ്കാനമേഖലയെ അവഗണിക്കുന്നുവെന്ന പരാതിയുമുണ്ട്. 1953ല്‍ സംസ്ഥാന പുനഃസംഘടനാ സമിതിയുടെ മുന്നില്‍ തന്നെ പ്രത്യേക തെലങ്കാന സംസ്ഥാനം വേണം എന്ന വാദം ഉന്നയിക്കപ്പെട്ടിരുന്നു. സമിതി അത് അംഗീകരിച്ചെങ്കിലും ഭാഷാ സംസ്ഥാനം എന്ന വാദത്തിന് പ്രാമുഖ്യവും പൊതുസ്വീകാര്യതയും ലഭിച്ചതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തെലങ്കാന വാദത്തെ നിരാകരിക്കുകയാണുണ്ടായത്. അതേസമയം തെലങ്കാന മേഖലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് 1956 ഫെബ്രുവരിയില്‍ 14 ഇനങ്ങള്‍ അടങ്ങിയ ജന്റില്‍മെന്‍സ് എഗ്രിമെന്റ് എന്ന പേരിലുള്ള ഒരു കരാര്‍ അംഗീകരിക്കുകയുണ്ടായി. തൊഴില്‍, വിദ്യാഭ്യാസം എന്നീ കാര്യങ്ങളിലെല്ലാം തെലങ്കാനയ്ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും എന്നതായിരുന്നു കരാറിന്റെ അന്തഃസത്ത. കൂടാതെ തെലങ്കാന റീജിയണല്‍ കൌണ്‍സില്‍ എന്ന സ്വയംഭരണ സംവിധാനത്തിനും വ്യവസ്ഥ ചെയ്തിരുന്നു.

എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഈ കരാറിനെ കേവലം ഏട്ടിലെ പശുവായി മാത്രമാണ് കണ്ടത്. തെലങ്കാന മേഖലാ സമിതി രൂപീകരിച്ചെങ്കിലും അതിന് അധികാരമോ ആവശ്യത്തിന് ഫണ്ടോ നല്‍കാതെ ചാപിള്ളയാക്കി മാറ്റുകയായിരുന്നു. ഇത് 1960കളുടെ മധ്യത്തോടെ തെലങ്കാന മേഖലയില്‍ അസംതൃപ്തി വ്യാപകമാകുന്നതിന് ഇടയാക്കി. 1969ലെ ജയ് തെലങ്കാന പ്രസ്ഥാനം അസംതൃപ്തിയുടെ ബഹിര്‍സ്ഫുരണമായിരുന്നു. പ്രത്യേക സംസ്ഥാനമായിരുന്നില്ല ഈ പ്രസ്ഥാനത്തിന്റെ ആവശ്യം; മറിച്ച് 1956ല്‍ രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നതായിരുന്നു. 1969ലെ പ്രസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനിഷ്ഠുരമായി അടിച്ചമര്‍ത്തുകയാണുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 370 ചെറുപ്പക്കാരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 1971ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം കോണ്‍ഗ്രസ് അനുഭവിച്ചു. തെലങ്കാന മേഖലയിലെ 14 ലോക്സഭാ സീറ്റില്‍ 11 എണ്ണത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പുതുതായി രൂപീകൃതമായ തെലങ്കാന പ്രജാസമിതിയുടെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പ്രജാസമിതിക്ക് നേതൃത്വം നല്‍കിയവരെല്ലാം കോണ്‍ഗ്രസില്‍നിന്ന് ഭിന്നിച്ചുവന്നവരായതുകൊണ്ട് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന് അവരെ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് കാലു മാറ്റിക്കാന്‍ അനായാസം കഴിഞ്ഞു. അതിനുപകരമായി ഇന്ദിരാഗാന്ധി തെലങ്കാനയ്ക്കുവേണ്ടി ഒരാറിന പാക്കേജ് പ്രഖ്യാപിച്ചു. ഏറ്റവും രസകരമായ വസ്തുത 1956ലെ കരാറിലെ രണ്ട് വകുപ്പുകള്‍ റദ്ദു ചെയ്യും എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ പാക്കേജിലെ ആറാമത്തെ ഇനം. അതായത്, തെലങ്കാന റീജിയണല്‍ കൌണ്‍സിലും മുല്‍ക്കി നിയമവും ആണ് ഈ ഇനം. പുതിയ പാക്കേജില്‍ ഈ ആറാമത്തെ ഇനമൊഴികെ മറ്റൊന്നും നടപ്പാക്കപ്പെട്ടില്ല. തെലങ്കാനക്കാര്‍ക്ക് ജോലി സംവരണം എന്ന വ്യവസ്ഥ നടപ്പാക്കാന്‍ 1975ല്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നെങ്കിലും ഭാഗികമായെങ്കിലും നടപ്പാക്കാന്‍ വീണ്ടും പത്തുവര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. മാത്രമല്ല, അതിനും പ്രക്ഷോഭം വേണ്ടിവന്നു. ഈ ഘട്ടത്തിലാണ് പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന വാദം സജീവമായി ഉയര്‍ന്നുവന്നത്.

ഈ പശ്ചാത്തലത്തിലാണ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് തെലങ്കാന രാജ്യസമിതി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 2004ലെ തെരഞ്ഞെടുപ്പില്‍ തെലങ്കാന മേഖലയിലെ ഭൂരിപക്ഷം ലോക്സഭാ സീറ്റുകളും നേടിയ ടിആര്‍എസ് യുപിഎയില്‍ ചേരുകയും ചന്ദ്രശേഖര റാവു കേന്ദ്ര കാബിനറ്റ് അംഗമാവുകയും ചെയ്തു. തെലങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന് ടിആര്‍എസിന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും, പ്രണബ്മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയമിക്കുന്നതിനപ്പുറം സംസ്ഥാന രൂപീകരണത്തിന് നടപടിയൊന്നും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് റാവു മന്ത്രിസഭ വിടുകയും ടിആര്‍എസിന്റെ എംപിമാരും എംഎല്‍എമാരുമെല്ലാം തല്‍സ്ഥാനങ്ങള്‍ രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പുഫലം ടിആര്‍എസിന് കനത്ത തിരിച്ചടി ആയിരുന്നു. 2009ലെ തെരഞ്ഞെടുപ്പിലാകട്ടെ തെലങ്കാന മേഖലയിലെ 17 ലോക്സഭാ സീറ്റില്‍ 2 എണ്ണവും 119 നിയമസഭാ സീറ്റില്‍ 10 എണ്ണവും മാത്രമാണ് ടിആര്‍എസിന് ലഭിച്ചത്. നവംബറില്‍ നടന്ന ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍പോലും തയ്യാറാകാതെ ടിആര്‍എസും റാവുവും ഒളിച്ചോടുകയാണുണ്ടായത്. ഇങ്ങനെ ദുര്‍ബലാവസ്ഥയില്‍, സ്വയം കെട്ടടങ്ങി വന്ന സന്ദര്‍ഭത്തിലാണ് ചന്ദ്രശേഖര റാവു നിരാഹാരസമരം ആരംഭിച്ചത്. എങ്കിലും മുന്‍കാലത്തെപ്പോലെ ഒരു ജനകീയ മുന്നേറ്റമാകുകയോ ടിആര്‍എസിന് വേണ്ട ജനപിന്തുണ ഉണ്ടാകുകയോ ചെയ്തിരുന്നില്ല. ഈ അവസ്ഥയിലാണ് കടന്നല്‍ക്കൂട്ടില്‍ കല്ലെറിയുന്നതുപോലെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം തെലങ്കാന സംസ്ഥാന രൂപീകരണത്തിന് തീരുമാനമെടുത്തത്.

ടിആര്‍എസ് സമരം ആരംഭിച്ചതും കോണ്‍ഗ്രസ് സംസ്ഥാന രൂപീകരണത്തിന് തീരുമാനം കൈക്കൊണ്ടതും ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ആഭ്യന്തരക്കുഴപ്പംമൂലം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്ന ഘട്ടത്തിലാണ്. അന്തരിച്ച രാജശേഖരറെഡ്ഡിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരുന്ന മകന്‍ ജഗന്‍ മോഹനറെഡ്ഡിയെ മുഖ്യമന്ത്രിയാക്കാത്തതില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ പ്രതിഷേധം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബിസിനസ് പങ്കാളികളും കര്‍ണാടകത്തിലെ ബിജെപി മന്ത്രിമാരുമായ ബെല്ലാരി സഹോദരന്മാര്‍ ആന്ധ്രയില്‍ തങ്ങളുടെ ഖനികളോടടുത്തുള്ള ഭൂമി കയ്യേറി നിയമവിരുദ്ധമായി ഖനനം നടത്തുന്നതിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ ഘട്ടവുമായിരുന്നു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ ആന്ധ്രാപ്രദേശ് രാഷ്ട്രീയ സ്തംഭനാവസ്ഥയിലുമായിരുന്നു. സാധാരണഗതിയില്‍ നിയമസഭ ചേരുമ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ ഇരുവിഭാഗത്തിനും ഗുണകരമാവുകയുമില്ല. ഈ രാഷ്ട്രീയ വൈതരണിയില്‍നിന്ന് കരകയറാനും തെലങ്കാന മേഖലയില്‍ പിടിമുറുക്കാനുമുള്ള കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുതലെടുപ്പ് രാഷ്ട്രീയമാണ് ആന്ധ്രയില്‍ ഇപ്പോള്‍ കലാപത്തിന് വഴിവെച്ചത്. മുമ്പും ആന്ധ്രയിലെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമായപ്പോഴെല്ലാമാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പ്രക്ഷോഭം സജീവമായി ഉയര്‍ന്നുവന്നിട്ടുള്ളത്.

തെലങ്കാന മേഖലയുടെ വികസനത്തിന് പ്രത്യേക സംസ്ഥാന രൂപീകരണം വഴിവെയ്ക്കുമെന്ന വാദം തന്നെ സമീപകാല ചരിത്രം നിരാകരിക്കുന്നതാണ്. യുപിയെ വിഭജിച്ച് ഉത്തരാഖണ്ഡും ബീഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡും മധ്യപ്രദേശില്‍നിന്ന് ഛത്തീസ്ഗഢും രൂപീകരിക്കപ്പെട്ടെങ്കിലും ഈ സംസ്ഥാനങ്ങളിലൊന്നും ജനജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടായില്ല എന്നതാണ് അനുഭവം. അഴിമതിയും രാഷ്ട്രീയ അസ്ഥിരതയും വര്‍ദ്ധിക്കുകയും രാഷ്ട്രീയമായി കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്തുവെന്നതാണ് വസ്തുത. സ്വാതന്ത്ര്യാനന്തരം ഇന്ത്യ തുടര്‍ന്നുവരുന്ന മുതലാളിത്ത വികസനപാതയുടെ അനിവാര്യമായ ദുരന്തങ്ങളില്‍ ഒന്നാണ് അസമമായ വളര്‍ച്ച. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതുപോലെ തന്നെ വികസിത, അവികസിത മേഖലകള്‍ തമ്മിലുള്ള അന്തരവും വര്‍ദ്ധിക്കുകയാണ്. ഇതുമൂലം സ്വാഭാവികമായും ജനങ്ങളില്‍ വളര്‍ന്നുവരുന്ന അസംതൃപ്തി മുതലെടുത്താണ് ശിഥിലീകരണശക്തികള്‍ വളര്‍ന്നുവരുന്നത്. ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ തന്നെ അവിഭാജ്യമായ ഭാഗമാണ് ഈ ശിഥിലീകരണ വിഘടനവാദവും. ആന്ധ്രാപ്രദേശിലെ ജനങ്ങളെ തെലങ്കാനക്കാരും തെലങ്കാന ഇതരരുമായി വേര്‍തിരിച്ച് കലാപത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെയാണ്. മറ്റെല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളും അതില്‍ അണിചേരുകയുമാണ്. ഇവിടെ അപകടപ്പെടുന്നത് ജനങ്ങളുടെ, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തിന്റെ താല്‍പര്യമാണ്.

ബൂര്‍ഷ്വാ-പെറ്റീ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളുടെ അവസരവാദപരവും വിഭാഗീയവുമായ നിലപാടുകളില്‍നിന്നും വിഭിന്നമായി തത്വാധിഷ്ടിതവും രാജ്യത്തിന്റെ വിശാല താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ നിലപാട് സ്വീകരിക്കുന്നത് സിപിഐ എം മാത്രമാണെന്ന് ആന്ധ്രയിലെ സംഭവവികാസങ്ങള്‍ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നു.

ജി വിജയകുമാര്‍ ചിന്ത വാരിക

1 comment:

  1. ഉണ്ടിരുന്ന ആള്‍ക്ക് ഒരുള്‍വിളി എന്നപോലെ തെലങ്കാന സംസ്ഥാന രൂപീകരണ തീരുമാനത്തിന് ന്യായീകരണമായി അമേരിക്കന്‍ വാദം ചിദംബരത്തെപ്പോലെ ഒരു സാമ്രാജ്യത്വപക്ഷപാതി പറയുമ്പോള്‍ ഏറെ സൂക്ഷിക്കേണ്ടതാണ്. രാജ്യങ്ങളെ തന്നെ ചെറുതുണ്ടുകളായി വിഭജിക്കുന്നതാണ് ആഗോളവല്‍ക്കരണ കാലത്തെ സാമ്രാജ്യത്വ നയം. ബാള്‍ക്കനൈസേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രവണതയുടെ മറ്റൊരു വകഭേദമായി ചെറിയ സംസ്ഥാനങ്ങള്‍ എന്ന ആവശ്യത്തെ കാണാവുന്നതാണ്. ചിദംബരത്തെപ്പോലെ തന്നെ ഇപ്പോള്‍ ഈ ആവശ്യത്തെ ന്യായീകരിക്കുന്നത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ സംഘടനകളായ ഫിക്കിയും അസോചെമും ആണെന്നതും ശ്രദ്ധേയമാണ്. യുപിയെയും ബീഹാറിനെയും മധ്യപ്രദേശിനെയും വിഭജിച്ചുകൊണ്ട് ഈ വാദത്തിന് പ്രായോഗിക രൂപം നല്‍കിയ ബിജെപിയും ഇക്കൂട്ടത്തിലുണ്ട്

    ReplyDelete