Wednesday, December 2, 2009

ഭോപാലില്‍ ഇന്നും വിഷമാലിന്യം

ഷെഹ്നാസിന്റെ ചിരി അധികൃതര്‍ കാണുന്നില്ല

ചലനമറ്റ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ റെഡ് ക്വാര്‍ട്ടേഴ്സ് കോളനിയിലെ ഷെഹ്നാസ് എന്ന പന്ത്രണ്ടുകാരി എല്ലാവരോടും സന്തോഷത്തോടെ ചിരിക്കുന്നു. ഭോപാലിനെ കൈയൊഴിയുന്നവരുടെ മുന്നില്‍ വീര്‍ത്ത തലയും ചിരിക്കുന്ന മുഖവുമായി ചോദ്യചിഹ്നമായി ഷെഹ്നാസ് നിശ്ശബ്ദം സംസാരിക്കുന്നു. ഭോപാല്‍ ദുരന്തം നടന്ന് 12 വര്‍ഷം കഴിഞ്ഞ് ജനിച്ച ഷെഹ്നാസ് എങ്ങനെ ബുദ്ധി വളരാത്ത കുട്ടിയായി എന്നതിന് ഉത്തരം തെരയാന്‍പോലും ഭരണകൂടം മടിക്കുന്നു. ഭോപാലില്‍ പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രശ്നങ്ങളില്ലെന്നു പ്രഖ്യാപിച്ച കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്റാം രമേശ് ഷെഹ്നാസിനെ ഒരു നോക്കുകണ്ടെങ്കില്‍. റെഡ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സയ്യിദിന്റെ മകളാണ് ഷെഹ്നാസ്. ജനിക്കുമ്പോള്‍ത്തന്നെ ഷെഹ്നാസിന്റെ രൂപം അസാധാരണമായിരുന്നെന്ന് സയ്യിദ് പറഞ്ഞു. മീഥൈല്‍ ഐസോസൈനേറ്റിനു തലമുറകളെ നശിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ കുട്ടി. ഭോപാലിലെ എസ് എസ് കോണ്‍വെന്റ് സ്കൂളില്‍ ഒന്നാംക്ളാസിലാണ് ഷെഹ്നാസ്. പരീക്ഷയും മാര്‍ക്കുമൊന്നും അവളെ കാര്യമായി ബാധിക്കുന്നില്ല.

ഭോപാല്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട സയ്യദിന് അന്ന് 10 വയസ്സായിരുന്നു പ്രായം. ഇവിടെത്തന്നെ നിര്‍പതിന്റെയും ഫൂല്‍വതിന്റെയും മകള്‍ മൂന്നു വയസ്സുകാരി ഹര്‍സിതയ്ക്കും ബുദ്ധിവികാസമില്ല. ഇത്ര കാലമായിട്ടും ഇവര്‍ക്കാര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരമോ മതിയായ ചികിത്സയോ ലഭിച്ചിട്ടില്ല. എംഐസി തലമുറകളോളം ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന ഭോപാലിലെ ജവാഹര്‍ലാല്‍ നെഹ്റു ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോ. എന്‍ ഗണേഷ് 'ദേശാഭിമാനി'യോടു പറഞ്ഞു. മരണത്തില്‍നിന്ന് രക്ഷപ്പെട്ടാലും ജീനുകളില്‍ കാര്യമായ തകരാറുണ്ടാകും. ഇത് അടുത്ത തലമുറയിലേക്കു വ്യാപിക്കും. ഗര്‍ഭം അലസിപ്പോയ 1,331 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 75 ശതമാനത്തിനും കാരണം ജീനുകളില്‍ സംഭവിച്ച തകരാറാണെന്നു കണ്ടെത്തി. ശ്വാസകോശ ക്യാന്‍സര്‍, എല്ലിനെ ബാധിക്കുന്ന ക്യാന്‍സര്‍ എന്നിവയും ഇവിടെ കൂടുതലാണ്. ജനിതക തകരാര്‍ പരിഹരിക്കുന്നതിനുള്ള ചികിത്സ ഹിരോഷിമയിലും നാഗസാക്കിയിലും ചെര്‍ണോബിലിലും നടത്തുന്നുണ്ട്. ഭോപാലിലെ വരുംതലമുറകളെ രക്ഷിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ ആവശ്യമാണെന്ന് ഡോ. ഗണേഷ് പറഞ്ഞു.

ആസിഡുപോലെ പ്രവര്‍ത്തിക്കുന്ന വിഷമാണ് എംഐസിയെന്ന് ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രതിനിധി അമിത്സെന്‍ ഗുപ്ത പറഞ്ഞു. കണ്ണിനെയും ശ്വാസകോശത്തെയും അത് ദ്രവിപ്പിക്കും. കാഴ്ചയില്ലാതാക്കുകയും ശ്വാസകോശം തകര്‍ന്ന് മരിക്കുകയുമാണ് എംഐസിയുടെ ഉടന്‍ഫലങ്ങള്‍. എംഐസിയുടെ ദോഷഫലം ചികിത്സിച്ച് ഭേദമാക്കാനാകില്ല. ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനേ കഴിയൂ. ഭോപാലിലെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ തരത്തില്‍ മെഡിക്കല്‍ ഗവേഷണ കൌസിലിന്റെ പഠനങ്ങള്‍ പുനരാരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
(വി ജയിന്‍)

ഭീഷണിയായി ഭോപാലില്‍ ഇന്നും വിഷമാലിന്യം

വിഷവാതക ദുരന്തം നടന്ന് കാല്‍ നൂറ്റാണ്ടായിട്ടും അവശിഷ്ട വിഷവാതകം ഇന്നും ഫാക്ടറിവളപ്പില്‍. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന മീഥൈല്‍ ഐസോസൈനേറ്റ് (എംഐസി) മറ്റൊരു ടാങ്കിലേക്ക് മാറ്റി ഫാക്ടറിവളപ്പില്‍ത്തന്നെ സൂക്ഷിച്ചിരിക്കയാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവശിഷ്ടമാലിന്യം നീക്കണമെന്ന മുറവിളിപോലും സര്‍ക്കാര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

വിഷവാതക ദുരന്തബാധിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ സമരംചെയ്യുന്ന നാല്‍പ്പതോളം സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അവശിഷ്ട ഫാക്ടറി മാലിന്യങ്ങളും വിഷവാതകവും നീക്കം ചെയ്യുകയെന്നതാണ്. എന്നാല്‍, ഫാക്ടറി സന്ദര്‍ശിച്ച് ഒരുപിടി മണ്ണെടുത്ത് കാട്ടിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്റാം രമേശ് പറഞ്ഞത്, ഫാക്ടറി മാലിന്യമുക്തമാണെന്നാണ്. 1984ല്‍ എംഐസി വിഷവാതകം ചോര്‍ന്ന 610-ാം നമ്പര്‍ ടാങ്ക് ഇന്നും ഫാക്ടറിപരിസരത്തുണ്ട്. അതിനടുത്തുതന്നെയുള്ള മറ്റൊരു ടാങ്കിലും എംഐസി സൂക്ഷിച്ചിരുന്നു. അഞ്ചുവര്‍ഷംമുമ്പ് ഈ ടാങ്കില്‍നിന്ന് മറ്റൊരു ടാങ്കിലേക്ക് ഇത് മാറ്റി. ഭോപാലിന്റെ മണ്ണും വായുവും വിഷമയമാക്കിയ യൂണിയന്‍ കാര്‍ബൈഡിന് സഹായകമായ നിലപാടാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എന്നും സ്വീകരിച്ചത്. അപകടത്തില്‍ മരിച്ചവര്‍ക്കും ദുരന്തത്തിന്റെ ഇരകളായി ഇന്നും ജീവിച്ചിരിക്കുന്നവര്‍ക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ യൂണിയന്‍ കാര്‍ബൈഡിന് സഹായകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

മൂവായിരത്തോളം പേരാണ് അപകടം നടന്ന ദിവസം മരിച്ചത്. അതിനുശേഷം അപകടത്തിന്റെ പാര്‍ശ്വഫലങ്ങള്‍മൂലം മരിച്ച 12,000 ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുകയാണ് യൂണിയന്‍ കാര്‍ബൈഡ്. 3000 പേര്‍ക്കുള്ള നഷ്ടപരിഹാരം 15,000 പേരുടെ ആശ്രിതര്‍ക്കായി വീതിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ആറു ലക്ഷത്തോളം ആളുകളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. രോഗംമൂലം ജോലിയെടുക്കാന്‍ കഴിയാതായവര്‍, നിരവധി ആരോഗ്യപ്രശ്നങ്ങളോടെ ജനിച്ചവര്‍, അര്‍ബുദം ഉള്‍പ്പെടെ മാരകരോഗങ്ങള്‍ പിടിപെട്ടവര്‍ എന്നിങ്ങനെ ഭോപാല്‍നഗരത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, യൂണിയന്‍ കാര്‍ബൈഡ് ഒരു ലക്ഷം പേര്‍ക്കുമാത്രമേ നഷ്ടപരിഹാരം നല്‍കൂവെന്ന് ശഠിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇതിന് കീഴടങ്ങി.

ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് ഇരകളായ മനുഷ്യര്‍. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചാണ് യൂണിയന്‍ കാര്‍ബൈഡ് വിഷവാതകം ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നത്. വാതകം ചോര്‍ന്ന ടാങ്കില്‍ ശേഷിയില്‍ കൂടുതല്‍ വാതകം (42 ട) സൂക്ഷിച്ചിരുന്നു. അതും സൂക്ഷിക്കേണ്ട നാലു ഡിഗ്രി സെല്‍ഷ്യസിനു പകരം 20 ഡിഗ്രി സെല്‍ഷ്യസില്‍. പണം ലാഭിക്കാന്‍ സുരക്ഷാ സംവിധാനങ്ങളില്‍ വെള്ളം ചേര്‍ത്ത യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി മാനേജ്മെന്റുതന്നെയാണ് ഈ ദുരന്തത്തിന്റെ ഏറ്റവും വലിയ കാരണക്കാരനെന്ന് ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ ഡോ. അമിത്സെന്‍ ഗുപ്ത പറഞ്ഞു.

ദേശാഭിമാനി 021209

1 comment:

  1. വിഷവാതക ദുരന്തം നടന്ന് കാല്‍ നൂറ്റാണ്ടായിട്ടും അവശിഷ്ട വിഷവാതകം ഇന്നും ഫാക്ടറിവളപ്പില്‍. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന മീഥൈല്‍ ഐസോസൈനേറ്റ് (എംഐസി) മറ്റൊരു ടാങ്കിലേക്ക് മാറ്റി ഫാക്ടറിവളപ്പില്‍ത്തന്നെ സൂക്ഷിച്ചിരിക്കയാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവശിഷ്ടമാലിന്യം നീക്കണമെന്ന മുറവിളിപോലും സര്‍ക്കാര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

    ReplyDelete