കാല്‍നൂറ്റാണ്ടായിട്ടും നീതി കിട്ടാതെ ഭോപാല്‍
ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന് വ്യാഴാഴ്ച 25 വയസ്സ് തികയുമ്പോഴും ലക്ഷങ്ങളുടെ കണ്ണുനീര്‍ കാണാന്‍ അധികാരികള്‍ക്കാകുന്നില്ല. ഉറക്കത്തില്‍നിന്ന് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ആയിരങ്ങളെ വലിച്ചെറിഞ്ഞ യൂണിയന്‍ കാര്‍ബൈഡും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കാട്ടുന്ന നീതികേടിനെതിരെ ഇന്നും പൊരുതുകയാണ് ഭോപാല്‍ജനത. രാക്ഷസീയമായ കൂട്ടക്കൊലയുടെ ഉത്തരവാദികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ ന്യൂയോര്‍ക്കില്‍ ഇന്നും സുഖമായി ജീവിക്കുന്നു.
ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍നിന്ന് ചോര്‍ന്ന മീഥൈല്‍ ഐസോ സൈനേറ്റ് (എംഐസി) എന്ന വിഷവാതകം ശ്വസിച്ച്് 3000 പേര്‍ 1984 ഡിസംബര്‍ മൂന്നിനും മറ്റൊരു 7000 പേര്‍ ഒരാഴ്ചയ്ക്കുള്ളിലും മരിച്ചു. വിവിധ ആരോഗ്യപ്രശ്നം നേരിട്ട 15,000 പേരാണ് 25 വര്‍ഷത്തിനുള്ളില്‍ മരിച്ചത്. എന്നാല്‍, മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കില്‍ 3787 പേര്‍മാത്രമേ മരിച്ചുള്ളൂ. ഡിസംബര്‍ മൂന്നിന് മരിച്ചവരെമാത്രമാണ് സര്‍ക്കാര്‍ കണക്കില്‍പ്പെടുത്തിയത്. ധനസഹായചര്‍ച്ചകളില്‍ ഇവരെമാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്ന് യൂണിയന്‍ കാര്‍ബൈഡ് ശഠിച്ചു. മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ജനലക്ഷങ്ങള്‍ ഇന്നും ദുരന്തത്തിന്റെ പലവിധ വേദന കടിച്ചമര്‍ത്തിയാണ് ജീവിക്കുന്നത്. അടുത്ത തലമുറയും ഈ വേദനകളും വൈകല്യങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.
യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് 330 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഇന്ത്യാ ഗവമെന്റ് ഒടുവില്‍ 47 കോടി ഡോളറിന് കീഴടങ്ങി. ആറുലക്ഷംപേര്‍ക്കാണ് ഇത് വീതിക്കേണ്ടത്. ഒരുലക്ഷംപേര്‍ക്ക് 200 രൂപവീതം ഇടക്കാലസഹായം നല്‍കിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് (സര്‍ക്കാര്‍ കണക്കുപ്രകാരം) 1989ലെ ധാരണയനുസരിച്ച് ഒരുലക്ഷം രൂപയും നല്‍കി. യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് ന്യായമായ നഷ്ടപരിഹാരം വാങ്ങി നല്‍കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ശരിയായ വൈദ്യസഹായം ലഭിക്കുന്നില്ല. വിധവകള്‍ക്കായി നിര്‍മിച്ച വീടുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. അവിടെ കുടിവെള്ളമില്ല, മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളില്ല, അവര്‍ക്ക് ജീവിതമാര്‍ഗവുമില്ല.
1984 ഡിസംബര്‍ രണ്ടിന് രാത്രി പത്തോടെയാണ് വാതകചോര്‍ച്ച തുടങ്ങിയത്. ശുദ്ധീകരണജോലിക്കിടെ പൈപ്പ് പൊട്ടി വെള്ളം എംഐസി ടാങ്കിലേക്ക് പ്രവേശിച്ചു. അരമണിക്കൂറിനുള്ളില്‍ ടാങ്കിനുള്ളില്‍നിന്ന് വിഷവാതകം വമിക്കാന്‍ തുടങ്ങി. ടാങ്കിനുമുകളിലുള്ള വാല്‍വിലൂടെ ഇത് പുറത്തേക്ക് പരന്നു. മൂന്നിന് പുലര്‍ച്ചെ 12.30ന് ഫാക്ടറിയില്‍ സൈറന്‍ മുഴങ്ങി. ആദ്യമണിക്കൂറുകളില്‍തന്നെ സമീപപ്രദേശങ്ങളിലെ വീടുകളില്‍ കിടന്നുറങ്ങിയിരുന്നവരില്‍ ഒട്ടുമുക്കാലും മരിച്ചു. കണ്ണ് ചുട്ടുനീറലും ശ്വാസംമുട്ടലും കാരണം അസ്വസ്ഥത തോന്നിയവര്‍ വീടുകളില്‍നിന്ന് പലായനംചെയ്തു. പരമാവധി 10 മീറ്റര്‍ ഉയരത്തിലേക്കുമാത്രം വ്യാപിക്കുന്ന എംഐസി ഭൂമിയോട് ചേര്‍ന്നുള്ള എല്ലാ ജീവജാലങ്ങളെയും ആക്രമിച്ചു. നഗരത്തിലെ മരങ്ങളുടെ ഇലകളെല്ലാം മൂന്നുദിവസത്തിനുള്ളില്‍ കൊഴിഞ്ഞുവീണു. മൂവായിരത്തോളം കന്നുകാലികള്‍ ചത്തൊടുങ്ങി. രാസായുധം പ്രയോഗിച്ചതുപോലെ നഗരം ശ്മശാനഭൂമിയായി.
(വി ജയിന്‍)
ഇന്നും വിഷമയം
യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി പുറന്തള്ളിയ വിഷവാതകവും ഫാക്ടറിവളപ്പില്‍ സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങളും ഇന്നും ഭോപാലിലെ കുടിവെള്ളത്തെ വിഷമയമാക്കുന്നു. ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലത്തിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂഗര്‍ഭജലത്തില്‍ അനുവദനീയമായ അളവിന്റെ നാല്‍പ്പതിരട്ടി വിഷാംശവും കീടനാശിനിയുമുണ്ടെന്ന് ഡല്‍ഹി കേന്ദ്രമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) ഈയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഫാക്ടറിയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നെടുത്ത മണ്ണിലെ വിഷാംശവും വളരെ കൂടിയ അളവിലാണ്. രസം, കറുത്തീയം എന്നിവയുടെ അവശിഷ്ടങ്ങളടക്കം മാലിന്യങ്ങളുടെ വന്‍ ശേഖരംതന്നെ ഫാക്ടറിവളപ്പിലുണ്ട്. ഫാക്ടറിക്ക് മൂന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍നിന്നെടുത്ത 11 ജലസാമ്പിളില്‍ ക്ളോറിനേറ്റഡ് ബന്‍സീന്‍, ഓര്‍ഗാനോ ക്ളോറൈന്‍ കീടനാശിനി എന്നിവയുടെ സാന്നിധ്യമുണ്ട്. മൂന്നു കിലോമീറ്റര്‍ അകലെയുള്ള ശിവ്നഗറിലെ ചൌരാസിയ സമാജ് മന്ദിറിലെ ഹാന്‍ഡ് പമ്പില്‍നിന്നെടുത്ത വെള്ളത്തില്‍ മെര്‍ക്കുറിയുടെ അളവ് അനുവദനീയമായ അളവിനേക്കാള്‍ 24 ഇരട്ടിയാണ്. ലിന്‍ഡേന്‍ 40 ഇരട്ടി കൂടുതലുണ്ട്. വളരെ ഗുരുതരമായ മലിനീകരണമാണ് ഫാക്ടറിവളപ്പിലുള്ളതെന്ന് സിഎസ്ഇ ഡയറക്ടര്‍ സുനിത നാരായ പറഞ്ഞു.
അമേരിക്കന്‍ കമ്പനികള്‍ക്കായി ആണവബാധ്യതാ നിയമം
വന്‍ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുന്ന ആണവബാധ്യതാ നിയമം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇറക്കുമതിചെയ്യുന്ന ആണവറിയാക്ടര്‍ അപകടം വരുത്തിയാല്‍ അത് നല്‍കിയ വിദേശ സ്വകാര്യകമ്പനികളെ പൂര്‍ണമായും കുറ്റവിമുക്തമാക്കുന്നതാണ് ആണവബാധ്യതാനിയമം. നഷ്ടപരിഹാരം നല്‍കേണ്ട പൂര്‍ണബാധ്യത ആഭ്യന്തരമായി ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പൊതുമേഖലാ കമ്പനിയായ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനും (എന്‍പിസിഐഎല്‍) കേന്ദ്ര സര്‍ക്കാരിനുമായിരിക്കും. ഭോപാല്‍ ദുരന്തത്തിന്റെ 25-ാംവാര്‍ഷികത്തിലാണ് അമേരിക്കന്‍ കമ്പനികളെ ഉത്തരവാദിത്തത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുന്ന നിയമം കൊണ്ടുവരുന്നത്.
ആണവബാധ്യതാനിയമത്തിന്റെ കരടനുസരിച്ച് ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ അപകടം സൃഷ്ടിച്ചാല്‍ ഒരുകോടി 86 ലക്ഷം ഡോളര്‍മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതി. നേരത്തെ നാലുകോടി 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നിശ്ചയിക്കുമെന്നാണ് പ്രധാനമന്ത്രികാര്യാലയം വ്യക്തമാക്കിയിരുന്നത്. ഇതുതന്നെ വര്‍ധിപ്പിക്കണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടുവരികെയാണ് കുറഞ്ഞ തുക നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അപകടത്തിന്റെ ബാധ്യത അമേരിക്കന്‍ കമ്പനികള്‍ ഏറ്റെടുക്കേണ്ടതില്ലെന്നതാണ് നിയമത്തിന്റെ സത്ത. ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളാണ് റിയാക്ടര്‍ നല്‍കുന്നത് എന്നതിനാല്‍ അപകടത്തില്‍പ്പെട്ടാലുള്ള നഷ്ടം ആ കമ്പനികള്‍ വഹിക്കുമെന്നാണ് ചട്ടം. എന്നാല്‍, അമേരിക്കയിലെ സ്വകാര്യ കമ്പനികളാണ് റിയാക്ടര്‍ നിര്‍മിച്ചുനല്‍കുക. ജനറല്‍ ഇലക്ട്രിക്കല്‍സ്-ഹിറ്റാച്ചി, വെസ്റ്റിങ് ഹൌസ് എന്നീ കമ്പനികളാണ് ഗുജറാത്തിലും ആന്ധ്രയിലുമുള്ള നിലയങ്ങളിലേക്കുള്ള റിയാക്ടറുകള്‍ നല്‍കുക.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 031209
ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന് വ്യാഴാഴ്ച 25 വയസ്സ് തികയുമ്പോഴും ലക്ഷങ്ങളുടെ കണ്ണുനീര്‍ കാണാന്‍ അധികാരികള്‍ക്കാകുന്നില്ല. ഉറക്കത്തില്‍നിന്ന് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ആയിരങ്ങളെ വലിച്ചെറിഞ്ഞ യൂണിയന്‍ കാര്‍ബൈഡും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കാട്ടുന്ന നീതികേടിനെതിരെ ഇന്നും പൊരുതുകയാണ് ഭോപാല്‍ജനത. രാക്ഷസീയമായ കൂട്ടക്കൊലയുടെ ഉത്തരവാദികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ ന്യൂയോര്‍ക്കില്‍ ഇന്നും സുഖമായി ജീവിക്കുന്നു.
ReplyDelete