Tuesday, December 8, 2009

കോപ്പന്‍ഹേഗനില്‍നിന്ന് പ്രതീക്ഷിക്കുന്നത്

ലോകത്തിന്റെയും മാനവരാശിയുടെയും നിലനില്‍പ്പുതന്നെ ഭീഷണിയിലാക്കുന്ന കാലാവസ്ഥാവ്യതിയാനം ചര്‍ച്ചചെയ്യുന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ ചര്‍ച്ചകളിലേക്കും പ്രഖ്യാപനങ്ങളിലേക്കുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ 192 രാഷ്ട്രം പങ്കെടുക്കുന്നുണ്ട്. ആഗോളതാപനത്തിലേക്ക് നയിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം എങ്ങനെ കുറയ്ക്കാമെന്നതാണ് പ്രധാനപ്രശ്നം. നാലുഡിഗ്രി കൂടി താപനില ഉയര്‍ന്നാല്‍ ലോകത്തുള്ള ജീവിവംശത്തിന്റെ പകുതിയിലധികം ഇല്ലാതാകുമെന്നാണ് വിദ്ഗധമതം. മാലിദ്വീപ് ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളും അധികം വൈകാതെ വെള്ളത്തിനടിയിലാകുമെന്നാണ് പറയുന്നത്.

ലാഭംമാത്രം ലക്ഷ്യമാക്കുന്ന മുതലാളിത്ത വികസനരീതിയുടെ അനിവാര്യമായ പ്രത്യാഘാതമാണ് കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും എന്ന അടിസ്ഥാന കാരണം പ്രധാനമാണ്. പാരിസ്ഥിതികമായ സന്തുലനാവസ്ഥ ഉറപ്പുവരുത്തുകയും മനുഷ്യന് പ്രധാന പരിഗണന നല്‍കുകയും ചെയ്യുന്ന വികസനരീതി ഇതുവരെ മുതലാളിത്തത്തിന് അന്യമായിരുന്നു. ഇപ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഗൌരവമായി ചര്‍ച്ചചെയ്യുന്നത് കഴുത്തറുപ്പന്‍ ലാഭചിന്തയില്‍ മാറ്റം വന്ന് മൂലധനത്തിനു സാത്വിക സ്വഭാവം കൈവന്നതുകൊണ്ടല്ല. ഇങ്ങനെതന്നെ ഉല്‍പ്പാദനരീതിയും ഉപഭോഗസമ്പ്രദായവും തുടരുകയാണെങ്കില്‍ തങ്ങള്‍കൂടി ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്നുള്ള ശാസ്ത്രീയമായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗം തേടുമ്പോഴും തങ്ങള്‍ക്ക് കൂടുതല്‍ ബാധ്യത വരാതെയും ലാഭത്തോതില്‍ വലിയ ഇടിച്ചില്‍ വരാതെയും മറ്റുള്ളവരുടെ കണക്കില്‍ എങ്ങനെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാമെന്നാണ് ആഗോളമൂലധനം ശ്രമിക്കുന്നത്.

ഭൌമ ഉച്ചകോടി മുതലാണ് കാലാവസ്ഥ വ്യതിയാനം പ്രധാനപ്രശ്നമായി ലോകം അംഗീകരിക്കുന്നത്. 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന ഈ ഉച്ചകോടി കാലാവസ്ഥാവ്യതിയാനം കുറയ്ക്കുന്നതിനുള്ള സമഗ്രമായ പദ്ധതി അംഗീകരിച്ചു. എന്നാല്‍, അമേരിക്ക അതില്‍നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയാണ് ചെയ്തത്. ക്യോട്ടോ ഉച്ചകോടിയുടെ തീരുമാനപ്രകാരം 2005 മുതലാണ് അതിന്റെ ഉടമ്പടി പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് 32 വികസിത രാജ്യങ്ങള്‍ ഹരിതവാതക ബഹിര്‍ഗമനത്തില്‍ 90നെ അപേക്ഷിച്ച് 5.2 ശതമാനം കുറക്കേണ്ടതായിരുന്നു. എന്നാല്‍, അതിനനുസരിച്ച് നടപടികള്‍ എടുക്കാന്‍ ആരും തയ്യാറായില്ല.

2012ല്‍ അവസാനിക്കുന്ന ക്യോട്ടോ ഉടമ്പടിക്കു പകരം സമവായത്തോടെ പുതിയ പ്രഖ്യാപനത്തിനാണ് ലോകം ശ്രമിക്കുന്നത്. എന്നാല്‍, ഉച്ചകോടി ചര്‍ച്ച ചെയ്യുന്നതിനായി തയ്യാറാക്കിയിരിക്കുന്ന അടിസ്ഥാനപ്രമേയം ഇതുവരെ ഐക്യരാഷ്ട്ര സഭ എടുത്തിരുന്ന സമീപനത്തില്‍നിന്ന് വ്യത്യസ്തമാണ്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെ ഉത്തരവാദിത്തം വഹിക്കണമെന്ന മട്ടിലുള്ള സമീപനമാണ് ഇപ്പോഴുള്ളത്. അന്തരീക്ഷത്തില്‍ ഇതുവരെയുള്ള കാര്‍ബശേഖരത്തിന്റെ മഹാഭൂരിഭാഗവും അമേരിക്കയുടെ സംഭാവനയാണ്. അതാണ് ഇപ്പോഴത്തെ അതീവഗുരുതരാവസ്ഥയ്ക്ക് അടിസ്ഥാനം. ഇതുകാണാതെ ഇന്ത്യയും ചൈനയും ഇപ്പോള്‍ വിസര്‍ജിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ തോത് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴത്തെ കണക്കിലും അമേരിക്കയ്ക്ക് പ്രധാനസ്ഥാനമുണ്ട്. അതില്‍തന്നെ മൊത്തക്കണക്കുകളാണ് പ്രമേയത്തിലുള്ളത്. പ്രതിശീര്‍ഷ ഹരിതഗൃഹവാതകനിര്‍ഗമനമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ ശാസ്ത്രീയമായി സ്വീകരിക്കേണ്ട സൂചകം. എന്നാല്‍, അതിലും അയവേറിയ സമീപനമാണ് കോപ്പന്‍ഹേഗനില്‍ എത്തുമ്പോള്‍ എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ചിരുന്ന സമീപനത്തില്‍നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നേരത്തെ പ്രധാനമന്ത്രി എടുത്ത നിലപാടില്‍നിന്ന് വ്യതിചലിക്കുന്ന സമീപനമാണ് പാര്‍ലമെന്റില്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ് സ്വീകരിച്ചത്. പ്രതിശീര്‍ഷ ഹരിതഗൃഹ വാതക ബഹിര്‍ഗമനം എന്ന സൂചകം തന്നെ അപ്രസക്തമാണെന്നാണ് മന്ത്രി പ്രസ്താവിച്ചത്. അതുപോലെ ഏകപക്ഷീയമായി ഇന്ത്യ കുറക്കേണ്ട നിരക്കുകള്‍ പ്രഖ്യാപിച്ചു.

ഇത് അമേരിക്കയുടെ താല്‍പ്പര്യമാണ്. ഏതെങ്കിലും ശാസ്ത്രീയമായ സൂചകങ്ങളുടെ അടിസ്ഥാനത്തിലുള്ള വെട്ടിക്കുറയ്ക്കലുകള്‍ ഉച്ചകോടി പ്രഖ്യാപിക്കേണ്ടതില്ലെന്നും രാജ്യങ്ങള്‍ അവരവരുടെ സാധ്യതകള്‍ക്ക് അനുസരിച്ച് സ്വയം ഇത് കണ്ടെത്തിയാല്‍ മതിയെന്നുമുള്ള നയമാണ് അമേരിക്ക എക്കാലവും സ്വീകരിക്കുന്നത്. ക്യോട്ടോ ഉടമ്പടിയിയില്‍നിന്ന് മാറുന്നതിന് അതും ഒരു കാരണമായിരുന്നു. ഇപ്പോള്‍ അമേരിക്കയ്ക്ക് സഹായകരമായ പരിസരം സൃഷ്ടിക്കുന്നതിനാണ് ഇന്ത്യ കുറയ്ക്കുന്നതിന്റെ അളവ് പ്രഖ്യാപിച്ചത്. രണ്ടാമത്തെ കാര്യം സാങ്കേതികവിദ്യയുടെയും പണച്ചെലവിന്റേതുമാണ്. ഇതില്‍ വികസിത രാജ്യങ്ങള്‍ പങ്കു വഹിക്കണമെന്നതായിരുന്നു ഇതുവരെയുള്ള ആവശ്യം. എന്നാല്‍, അത്തരം നിബന്ധനകള്‍ ഒന്നുമില്ലാതെ ഏകപക്ഷീയമായി കുറയ്ക്കുന്ന നിരക്കുകള്‍ പ്രഖ്യാപിച്ചത് നമ്മുടെ ഭാഗം ദുര്‍ബലമാക്കി എന്ന വിമര്‍ശനം സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കുതന്നെയുണ്ട്. വികസ്വര രാജ്യങ്ങളുടെ കുട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ശക്തമായ വിലപേശല്‍ കഴിവുണ്ടാക്കിയിരുന്ന ഇന്ത്യ ഇപ്പോള്‍ അതില്‍നിന്ന് പുറകോട്ടുപോയിരിക്കുന്നു.

ജി-77നെ സംബന്ധിച്ച് പരിഹാസത്തോടെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എങ്ങനെയാണ് മന്ത്രിക്ക് ധൈര്യം കിട്ടിയത്! നെഹ്റുവിന്റെ നയങ്ങളെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ സമീപനത്തെക്കൂടി പരസ്യമായി തള്ളിക്കളയുകയാണ്. സ്റ്റോക്ഹോം കോണ്‍ഗ്രസില്‍ പങ്കെടുത്ത ഇന്ദിരാഗാന്ധിയെ ജയറാം രമേശ് പാര്‍ലമെന്റില്‍ ആവേശത്തോടെ അനുസ്മരിക്കുകയുണ്ടായി. മന്ത്രി പറഞ്ഞതുപോലെ അന്നത്തെ സമ്മേളനം കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചായിരുന്നില്ല. അന്ന് അത് പ്രധാനപ്രശ്നവുമായിരുന്നില്ല. പരിസ്ഥിതി മലിനീകരണത്തെ സംബന്ധിച്ച് ആ ഉച്ചകോടിയില്‍ അന്ന് അവര്‍ എടുത്ത നിലപാടിന്റെ വക്കുകടിക്കാനെങ്കിലും കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തില്‍ മന്‍മോഹന്‍സിങ്ങിന് കഴിയില്ല. കോപ്പന്‍ഹേഗനിലേക്ക് പ്രധാനമന്ത്രി പോകണമെന്ന് രാജ്യത്തെ പാരിസ്ഥിതിക സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്ന് അതിനു വഴങ്ങാതിരുന്ന പ്രധാനമന്ത്രി ഇപ്പോള്‍ തയ്യാറായത് അമേരിക്കയുടെ സമ്മര്‍ദത്തിന്റെ ഫലമായാണെന്ന വസ്തുത ഇന്ത്യ അവിടെ സ്വീകരിക്കാന്‍ പോകുന്ന വിധേയത്വ നിലപാടിന്റെ സൂചനയാണ്.

കാലാവസ്ഥ വ്യതിയാനത്തിനു അറുതികുറിക്കാന്‍ വൈകിയിരിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. അതിനുള്ള പ്രധാന ഉത്തരവാദിത്തം വികസിത രാജ്യങ്ങളെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള സാര്‍വദേശീയ സമ്മര്‍ദത്തിനാണ് ഇന്ത്യ നേതൃത്വം നല്‍കേണ്ടത്. കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച ഒരു നിയമനിര്‍മാണവും ഇതുവരെ നടത്താത്ത, ക്യോട്ടോ ഉടമ്പടി നടപ്പാക്കാത്ത അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഈ ദ്യത്യം നിര്‍വഹിക്കാന്‍ കഴിയില്ല. അതിനു പരമാധികാരം ഉയര്‍ത്തിപ്പിടിച്ച് വികസ്വരരാജ്യങ്ങളെ നയിക്കണം. അതു ചെയ്യുമ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച നയത്തിന് അനുസരിച്ചുള്ള നടപടികള്‍ ഇവിടെ സ്വീകരിക്കുകയും വേണം. കോപ്പന്‍ഹേഗനിലേക്ക് പോകുന്ന പ്രധാനമന്ത്രിയില്‍നിന്ന് രാജ്യം ഇങ്ങനെയൊരു നിലപാടാണ് പ്രതീക്ഷിക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 081209

1 comment:

  1. ലോകത്തിന്റെയും മാനവരാശിയുടെയും നിലനില്‍പ്പുതന്നെ ഭീഷണിയിലാക്കുന്ന കാലാവസ്ഥാവ്യതിയാനം ചര്‍ച്ചചെയ്യുന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ ചര്‍ച്ചകളിലേക്കും പ്രഖ്യാപനങ്ങളിലേക്കുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ 192 രാഷ്ട്രം പങ്കെടുക്കുന്നുണ്ട്. ആഗോളതാപനത്തിലേക്ക് നയിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം എങ്ങനെ കുറയ്ക്കാമെന്നതാണ് പ്രധാനപ്രശ്നം. നാലുഡിഗ്രി കൂടി താപനില ഉയര്‍ന്നാല്‍ ലോകത്തുള്ള ജീവിവംശത്തിന്റെ പകുതിയിലധികം ഇല്ലാതാകുമെന്നാണ് വിദ്ഗധമതം. മാലിദ്വീപ് ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളും അധികം വൈകാതെ വെള്ളത്തിനടിയിലാകുമെന്നാണ് പറയുന്നത്.

    ReplyDelete