എഴുപത് ചുവന്ന വര്‍ഷങ്ങള്‍ എന്ന തലക്കെട്ടില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സംഭാവനകളെപ്പറ്റി നിരവധി ലേഖകരെ അണിനിരത്തി പ്രത്യേക പതിപ്പിറക്കിയ മാധ്യമം ആഴ്ചപ്പതിപ്പ് അത്യുദാരമായ വലതുപക്ഷ സേവയാണ് നടത്തുന്നത്. ചരിത്രത്തെയും നയങ്ങളെയും വൈയക്തികമായി മാത്രം കാണുന്ന ദൃഷ്ടിദോഷം മാധ്യമം വാരികയിലെ മിക്ക ലേഖകരുടെയും കൂടെപ്പിറപ്പാണ്. കേരളത്തിലെ ജനങ്ങളുടെ ഭാഗധേയങ്ങളെ മാറ്റിമറിച്ച സമ്പന്നമായ ഏഴുപതിറ്റാണ്ടുകളെ അവതരിപ്പിക്കുമ്പോള്‍ അല്‍പമെങ്കിലും നീതിയോടെ പെരുമാറാന്‍ ലേഖകര്‍ ശ്രമിക്കേണ്ടതായിരുന്നു. മുഖക്കുറിപ്പ് മുതല്‍ പിന്‍കുറിപ്പുവരെ എല്ലാവരികളിലും മാര്‍ക്സിസ്റ്റ് വിരോധവും കുയുക്തികളും സന്നിവേശിപ്പിച്ച പല അവതരണങ്ങളും ഒട്ടുമേ നിലവാരം പുലര്‍ത്തുന്നതുമല്ല. എങ്കിലും ചരിത്രപരമായ ഏതോ ജോലി ചെയ്യുന്നുവെന്ന നാട്യത്തില്‍ ചിലത് അവതരിപ്പിക്കുമ്പോള്‍ പ്രതികരിക്കാതെ വിടുന്നതും ഉചിതമാവുകയില്ല.
മതപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിക്കപ്പെടുന്ന മാധ്യമം ആഴ്ചപ്പതിപ്പിന് സ്വയം എടുത്തണിയുന്ന ഒരിടതുപക്ഷ പരിവേഷമുണ്ട്. സാമ്രാജ്യത്വവിരോധത്തിന്റെ കാര്യത്തില്‍ തൊലിപ്പുറമെയെങ്കിലും മാധ്യമത്തിന്റെ നിലപാടുകള്‍ക്കും ഇടതുപക്ഷ സാമ്യം ഉണ്ടാകും. മാത്രമല്ല, കമ്യൂണിസ്റ്റ്പാര്‍ടിയുടെ ധിഷണനിറഞ്ഞ സാന്നിധ്യംകൊണ്ട് പുരോഗമനകാരികളായി മാറിയ യുവത്വത്തെ ആകര്‍ഷിക്കാനെങ്കിലും ഒരിടതുപക്ഷ മുഖംമൂടി വേണമെന്ന് വലതുപക്ഷക്കാര്‍ക്ക് നന്നായറിയാം. ലോകത്തിലെ മിക്ക കമ്യൂണിസ്റ്റുപാര്‍ടികളുടെയും നേതാക്കള്‍ ദല്‍ഹിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് കണ്ണില്‍ പിടിക്കാതെ പോയ മാധ്യമത്തിന് 1939ലെ പിണറായി സമ്മേളനം ഓര്‍മിക്കാന്‍ ഇടവന്നതും യാദൃച്ഛികമാവില്ലല്ലോ?
കമ്യൂണിസ്റ്റുകാരന്‍ സൂക്ഷിക്കേണ്ട നന്മകളെപ്പറ്റി ഗൃഹാതുരത്വത്തോടെ ചില ലേഖകര്‍ അയവിറക്കുന്നത് സ്വാഭാവികമാകാം. അത്തരം ലളിത വിമര്‍ശനങ്ങള്‍ക്കപ്പുറത്ത് "കമ്യൂണിസ്റ്റ് ഉട്ടോപ്യയുടെ എഴുപത് വര്‍ഷങ്ങളെപ്പറ്റി'' എഴുതിപ്പിടിപ്പിക്കുമ്പോള്‍ കൃത്യമായ മറുപടി അര്‍ഹിക്കുന്നു. ഒന്നാമതായി 'കമ്യൂണിസ്റ്റ് ഉട്ടോപ്പിയ' എന്ന പ്രയോഗംതന്നെ ലേഖകന്റെ അജ്ഞതയെ തുറന്നു കാട്ടുന്നു. ഉട്ടോപ്യന്‍ കമ്യൂണിസമെന്നല്ല, ഉട്ടോപ്യന്‍ സോഷ്യലിസമെന്നാണ് ദാര്‍ശനിക പ്രബന്ധങ്ങളില്‍തന്നെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഉട്ടോപ്യന്‍ സോഷ്യലിസം മുന്നോട്ടുവച്ച മാര്‍ക്സിനുമുമ്പുള്ള കാലത്തെ ചിന്തകന്‍മാര്‍ പലരും കമ്യൂണിസ്റ്റുകാരായിരുന്നില്ല. കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ ചിന്താ പദ്ധതിയനുസരിച്ച് വര്‍ഗസമരത്തിന്റെയും, സാമൂഹ്യമാറ്റത്തിന്റെയും കാഴ്ചപ്പാടിലാണ് ചരിത്രത്തേയും സമൂഹത്തേയും പരിശോധിക്കേണ്ടത്. ഈയര്‍ത്ഥത്തിലുള്ള എന്തെങ്കിലും വിശകലനം നടത്താന്‍ ഉട്ടോപ്യന്‍ ലേഖനമെഴുതിയ സുഹൃത്തിന് സാധിക്കാത്തതെന്തുകൊണ്ട്? മുന്‍വിധിയുടെ മേലാപ്പുമായി ടി ടി ശ്രീകുമാര്‍ എഴുതുന്നത് നോക്കുക. " കേരളത്തില്‍ കമ്യൂണിസ്റ്റ് ഉട്ടോപ്യയുടെ വരവറിയിച്ച മുപ്പതുകളില്‍നിന്ന് 2009ല്‍ എത്തുമ്പോള്‍ പാര്‍ടി ബാഹ്യമായും ആന്തരികമായും വിഘടനത്തിന്റെ യുക്തിയാല്‍ ചോദ്യംചെയ്യപ്പെടുകയും മുമ്പെങ്ങും ഉണ്ടാവാത്തവിധം പ്രതിരോധത്തിലാവുകയും ചെയ്ത കാഴ്ചയാണ് നാം കാണുന്നത്. സിപിഐ (എം) അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടലിനെ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ചില ചിന്തകള്‍'' എന്ന ഭീഷണിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
ഈ ലേഖകന് സിപിഐ (എം)ന്റെ ഉദയംതന്നെ എങ്ങനെയെന്നറിയുമോ? ഇന്ത്യന്‍ വിപ്ളവം സംബന്ധിച്ച കാഴ്ചപ്പാടില്‍ സ്വന്തം ചിന്തയെ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ റഷ്യയിലേയും ചൈനയിലേയും മാത്രമല്ല, പല രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് പാര്‍ടികളുമായി ആശയസമരം നടത്തിയ മഹനീയമായ ഒറ്റപ്പെടലിന്റെ കാലം സിപിഐ (എം)നുണ്ട്. ഇപ്പോള്‍ രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികളുടെയും ക്ഷണം സ്വീകരിച്ച് ഡല്‍ഹിയില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍തന്നെ ചേര്‍ന്നു കഴിഞ്ഞ വേളയില്‍ ലേഖകന്‍ ചൂണ്ടിക്കാട്ടുന്ന "ഒറ്റപ്പെടല്‍'' യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതാണോ?
ഇന്ത്യാ രാജ്യമെമ്പാടും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനാ രൂപത്തില്‍ കേരള സംസ്ഥാനത്തെ ഒരു ഘടകത്തെ മാത്രം വിലയിരുത്തുന്നത് ചരിത്രത്തോട് നീതി പുലര്‍ത്തലാകില്ല. കേരളത്തിലെ ബഹുജനസ്വാധീനം ഉള്‍പ്പെടെ വിനിയോഗിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സര്‍ഗാത്മകമായി നടത്തിവന്ന ഇടപെടലുകളെ ലേഖകന്‍ കാണുന്നില്ല. കേരളത്തില്‍തന്നെ 1957ലെ വിദ്യാഭ്യാസ നിയമത്തെപ്പറ്റി പറയാതെ എന്ത് കമ്യൂണിസ്റ്റ് ചരിത്രമാണ് അവതരിപ്പിക്കാനാകുന്നത്. ആധുനിക കേരളീയ തലമുറയുടെ തലച്ചോറുകള്‍ക്കും ധിഷണയുടെ തിളക്കം നല്‍കിയത് 1957ലെ വിദ്യാഭ്യാസ നിയമമായിരുന്നുവെന്നും അത് ഒരു ഉട്ടോപ്യന്‍ ചിന്തയായിരുന്നില്ല എന്നും നാട്ടാര്‍ക്കറിയാം. വിദ്യാഭ്യാസവും ഭൂമിയും നിസ്വവര്‍ഗത്തിന്റെ അവകാശങ്ങളായപ്പോള്‍ വലതുപക്ഷം എങ്ങനെയാണ് കമ്യൂണിസ്റ്റ്പാര്‍ടിയെ നേരിട്ടതെന്ന് ഈ ചരിത്രകാരന്മാര്‍ വിസ്മരിക്കുകയാണ്. ചോരകിനിഞ്ഞ ഇന്നലെകളിലെ കടുത്ത പീഡനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമല്ലേ? സമ്പൂര്‍ണ്ണ സാക്ഷരതയും, ജനകീയാസൂത്രണവും ഭവനപദ്ധതികളും, ക്ഷേമപദ്ധതികളും അനുഭവിക്കുന്നവര്‍ ഉട്ടോപ്യന്‍ സോഷ്യലിസത്തിന്റെ ലോകത്തല്ല, മറിച്ച് കമ്യൂണിസ്റ്റ്പാര്‍ടികള്‍ കെട്ടിപ്പടുത്ത പുതിയ കേരളത്തിലാണ് ജീവിക്കുന്നതെന്ന് മറന്നുപോകരുത്. ലോകമാകെ ഉയര്‍ത്തിക്കാട്ടാനാകുന്ന കേരള മാതൃകയുടെ അവകാശികള്‍ മറ്റാരോ ആണെന്നാണ് മാധ്യമത്തിന്റെ വിചാരം.
"എ കെ ഗോപാലന്റെ രചനാത്മക തൊഴിലാളി പ്രവര്‍ത്തനരീതി വഴിയിലുപേക്ഷിച്ച് നിഷേധാത്മക ട്രേഡ്യൂണിയനിലേക്ക്'' സിപിഐ (എം) എത്തപ്പെട്ടെന്ന് മുഖക്കുറിപ്പില്‍ പത്രാധിപര്‍തന്നെ നിന്ദചൊരിയുമ്പോള്‍ മറ്റ് ലേഖകന്‍മാരോട് ക്ഷമിക്കാം. എ കെ ജി ഉയര്‍ത്തിയ നന്മകള്‍തന്നെയാണ് പാര്‍ടി തുടര്‍ന്നുവന്നതെന്ന് കാണാന്‍ എത്രയോ ഉദാഹരണങ്ങള്‍ ബാക്കി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍, വലതുപക്ഷ രാഷ്ട്രീയക്കാരുടെ വിഹാരരംഗങ്ങളില്‍ സ്വപ്നങ്ങള്‍പോലും നിഷേധിക്കപ്പെട്ടവരുടെ നിലവിളികള്‍ക്ക് കാതോര്‍ക്കാത്ത ബുദ്ധിജീവികള്‍ ചുവപ്പന്‍ സ്വപ്നത്തെ വിചാരണചെയ്യാനിറങ്ങുന്നത് സദുദ്ദേശത്തോടെ അല്ല എങ്കിലും ജീവിതാനുഭവങ്ങള്‍കൊണ്ട് മറുപടിനല്‍കാന്‍ കഴിയുന്ന ജനലക്ഷങ്ങള്‍ കേരളത്തിലുണ്ടെന്ന് മറക്കരുത്.
ഇ എം എസില്‍നിന്നും പി ഗോവിന്ദപ്പിള്ളയില്‍നിന്നും തായാട്ട് ശങ്കരനില്‍നിന്നും മോചനം നേടാന്‍ കഴിയാത്ത പാര്‍ടി ഒരു ഭാവി പ്രതീക്ഷയും നല്‍കുന്നില്ല എന്ന് മുഖ്യ ലേഖകന്‍തന്നെ പറഞ്ഞുവയ്ക്കുമ്പോള്‍ കാര്യങ്ങളുടെ ഗതി വ്യക്തമാണ്. ആധുനിക കേരള സൃഷ്ടിയില്‍ എതിരാളികള്‍പോലും അംഗീകരിക്കുന്നതാണ് ഇ എം എസിന്റെ പങ്ക്. അത് കയ്യൊഴിയേണ്ട ഒന്നാണെന്ന് വാദിക്കുന്നവര്‍ കമ്യൂണിസത്തെ നന്നാക്കാന്‍ ജനിച്ചവരല്ലല്ലോ.
വരട്ടെ, ആ മോഹന കാലഘട്ടം എന്ന തലക്കെട്ടില്‍ കെ ഇ എന്‍ എഴുതിയതുള്‍പ്പടെ ചില ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി എന്നതുകൊണ്ട് മാധ്യമം വാരികയുടെ കമ്യൂണിസ്റ്റ് കഥാകഥനം സയുക്തികമാകുന്നില്ല. മാര്‍ക്സിസ്റ്റ്വിരുദ്ധ ജ്വരം മാത്രം കൈമുതലായുള്ള എന്‍ എം പിയേഴ്സണ്‍ കുറിച്ചുവച്ചത് കാണുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് സമുദായ രൂപീകരണത്തിന് സംഘടനയുടെ സ്ഥാനം സംബന്ധിച്ച അജ്ഞതയോര്‍ത്ത് ആരും അതിശയിക്കും. അരനൂറ്റാണ്ടിനിടയില്‍ പാര്‍ടിയില്‍നിന്ന് പുറത്തുപോയിട്ടുള്ളവരുടെ ശിഷ്ട ജീവിതങ്ങളെ വൈകാരികമായി അവതരിപ്പിക്കുന്നതുകൊണ്ട് ഒരു വലിയ സംഘടനയുടെ ശരി ശരിയല്ലാതാകുന്നില്ല. ബി ടി ആറിനേയും, ഇ എം എസിനേയുംപോലുള്ള വലിയ നേതാക്കളെപ്പോലും ശിക്ഷിച്ച സംഘടനാരൂപമാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. സംഘടനാ നടപടിയെ മാതൃകാപരമായി അഭിമുഖീകരിച്ച് പാര്‍ടിക്ക് വിധേയരായി പ്രവര്‍ത്തിക്കാന്‍ "മനസ്സില്ലാത്ത'' ചിലരുടെ വ്യക്തിപരമായ അപഭഗ്നങ്ങള്‍ വാഴ്ത്തി പ്രസ്ഥാനത്തെത്തന്നെ പ്രതിക്കൂട്ടിലാക്കുന്നതിന് എന്തു ന്യായമാണുള്ളത്? പിയേഴ്സണ്‍തന്നെ വ്യക്തമാക്കുന്നതുപോലെ പ്രസ്ഥാനത്തില്‍നിന്ന് വേര്‍പെടുത്തപ്പെടുമ്പോള്‍ "ചരിത്രത്തില്‍നിന്നുതന്നെ അവര്‍ മാഞ്ഞുപോകുന്നതിന്'' കാരണം വ്യക്തിയും പ്രസ്ഥാനവും തമ്മിലുള്ള മാര്‍ക്സിസ്റ്റ് അപഗ്രഥനത്തെ ശരിവയ്ക്കുന്നതാണ്. പ്രസ്ഥാനങ്ങള്‍ ദുര്‍ബലപ്പെടുകയും നേതാക്കള്‍ വളരുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സാമൂഹ്യമാറ്റം സാധ്യമാകുന്നത്. സേവ് സിപിഎം ഫോറവും, മാര്‍ക്സിസ്റ്റ് പത്രികയും ജനശക്തിയും ചേര്‍ന്ന് സിപിഐ (എം)നെതിരെ സമാന്തര സാഹിത്യം മിനഞ്ഞത് എന്തിനെന്ന് ലേഖകന്‍ പറഞ്ഞുപരത്തുന്നത് നോക്കുക "ഇവ പുറത്തുകൊണ്ടുവന്ന രഹസ്യങ്ങളാണ് പിന്നീട് പാര്‍ടി നേതൃത്വത്തിന്റെ പ്രഭാവലയത്തെ ഇരുളിലാക്കിയത്''.
പാര്‍ടിക്ക് തലകുനിക്കേണ്ട ഏതു രഹസ്യമാണ് ഈ അഞ്ചാംപത്തികള്‍ പുറത്തുകൊണ്ടുവന്നത്? പാര്‍ടി നേതൃത്വത്തിന്റെ വിശ്വാസ്യത തകര്‍ത്താല്‍ പാര്‍ടിയെത്തന്നെ തകര്‍ക്കാമെന്ന ഗൂഢമായ ചിന്തയുടെ വികൃതമായ ഉല്‍പന്നങ്ങള്‍ മാത്രമായിരുന്നു അവയെല്ലാം. പാര്‍ടി നേതൃത്വത്തിന്റെ ഇമേജിനെ തകര്‍ത്തു എന്ന് വീമ്പിളക്കി ഇളിഭ്യരായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പാഠം മാസിക ഉള്‍പ്പെടെയുള്ള അഭിചാര പ്രയോഗങ്ങള്‍ "പാര്‍ടിയെ പൊളിച്ചടുക്കി''യെന്ന ലേഖകന്റെ ആത്മനിര്‍വൃതി കൊള്ളാം. മാധ്യമം വാരിക ഇത്തരക്കാര്‍ക്ക് ഇടംനല്‍കുന്നതെന്തിനെന്നും വ്യക്തമാണ്. പക്ഷേ കമ്യൂണിസ്റ്റുകാരന്റെ ശക്തി ചോരുന്നത് തങ്ങള്‍ക്കുതന്നെ വിനയാകുമെന്ന് തിരിച്ചറിയുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടെന്ന് ആരും മറക്കേണ്ടതില്ല. വിപ്ളവം നടന്നിട്ടില്ലെങ്കിലും, പല സോഷ്യലിസ്റ്റ് നന്മകളും കേരള സമൂഹത്തിന് നല്‍കിയ കമ്യൂണിസ്റ്റ്പാര്‍ടിയെ ഈ നാടിന് തുടര്‍ന്നും ആവശ്യമുണ്ട്. ഇന്ത്യകണ്ട വിപ്ളവചിന്തകള്‍ക്ക് തീപിടിപ്പിക്കുവാന്‍ ഇതല്ലാതെ മറ്റേത് പ്രസ്ഥാനമാണ് നമ്മുടെ നാട്ടിലുള്ളത്. സാമ്രാജ്യത്വത്തെ തുടര്‍ച്ചയായി ശരിയായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെ ചെറുക്കാന്‍ മറ്റേത് പ്രസ്ഥാനത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. വര്‍ഗീയവാദികളുടെ അജണ്ടകളില്‍നിന്നും ഭാരത രാഷ്ട്രീയത്തെ രക്ഷിക്കാന്‍പോന്ന നേതൃത്വം കമ്യൂണിസ്റ്റ്പാര്‍ടിക്കല്ലാതെ മറ്റേത് പാര്‍ട്ടിക്കുണ്ട്. ഈ നന്മകള്‍ യാതൊന്നും തിരിച്ചറിയാതെ ശാപവചനങ്ങള്‍കൊണ്ടുമാത്രം ഒരു പ്രസ്ഥാനത്തെ വിലയിരുത്താന്‍ ശ്രമിച്ചത് തികച്ചും അല്‍പത്വമായിപ്പോയി.
മാധ്യമത്തിന്റെ സ്മാര്‍ത്ത വിചാരംകൊണ്ട് കളങ്കപ്പെടുകയോ തളരുകയോ ചെയ്യുന്ന ഒന്നല്ല കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് ചരിത്രത്തിലെ എത്രയോ സന്ദര്‍ഭങ്ങള്‍ മറുപടി നല്‍കിക്കഴിഞ്ഞിരിക്കുന്നു.
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 181209
എഴുപത് ചുവന്ന വര്‍ഷങ്ങള്‍ എന്ന തലക്കെട്ടില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സംഭാവനകളെപ്പറ്റി നിരവധി ലേഖകരെ അണിനിരത്തി പ്രത്യേക പതിപ്പിറക്കിയ മാധ്യമം ആഴ്ചപ്പതിപ്പ് അത്യുദാരമായ വലതുപക്ഷ സേവയാണ് നടത്തുന്നത്. ചരിത്രത്തെയും നയങ്ങളെയും വൈയക്തികമായി മാത്രം കാണുന്ന ദൃഷ്ടിദോഷം മാധ്യമം വാരികയിലെ മിക്ക ലേഖകരുടെയും കൂടെപ്പിറപ്പാണ്. കേരളത്തിലെ ജനങ്ങളുടെ ഭാഗധേയങ്ങളെ മാറ്റിമറിച്ച സമ്പന്നമായ ഏഴുപതിറ്റാണ്ടുകളെ അവതരിപ്പിക്കുമ്പോള്‍ അല്‍പമെങ്കിലും നീതിയോടെ പെരുമാറാന്‍ ലേഖകര്‍ ശ്രമിക്കേണ്ടതായിരുന്നു. മുഖക്കുറിപ്പ് മുതല്‍ പിന്‍കുറിപ്പുവരെ എല്ലാവരികളിലും മാര്‍ക്സിസ്റ്റ് വിരോധവും കുയുക്തികളും സന്നിവേശിപ്പിച്ച പല അവതരണങ്ങളും ഒട്ടുമേ നിലവാരം പുലര്‍ത്തുന്നതുമല്ല. എങ്കിലും ചരിത്രപരമായ ഏതോ ജോലി ചെയ്യുന്നുവെന്ന നാട്യത്തില്‍ ചിലത് അവതരിപ്പിക്കുമ്പോള്‍ പ്രതികരിക്കാതെ വിടുന്നതും ഉചിതമാവുകയില്ല.
ReplyDelete