ചുവന്ന ചൈന തിളങ്ങി
കഴിഞ്ഞ ദശകത്തിലെ തന്നെ ഏറ്റവും പ്രധാനവാര്‍ത്തയായി പാശ്ചാത്യമാധ്യമങ്ങള്‍ തെരഞ്ഞെടുത്തത് ജനകീയചൈനയുടെ വളര്‍ച്ചയാണ്. പീപ്പീള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയുടെ അറുപതാം വാര്‍ഷികാഘോഷം 2009ലെ അവിസ്മരണീയസംഭവങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ചൈനയുടെ സൈനികശക്തിയും സാംസ്കാരികവൈവിധ്യവും ജനതയുടെ ഉത്സാഹവും പ്രതിഫലിച്ച പകിട്ടാര്‍ന്ന ചടങ്ങായിരുന്നു വാര്‍ഷികാഘോഷം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍മാര്‍ഗം സോഷ്യലിസം മാത്രമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ പ്രഖ്യാപിച്ചു. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശ്രമം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നു.
ക്രയശേഷിയുടെ കാര്യത്തില്‍ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയാണ് ചൈന. ആഭ്യന്തര മൊത്ത ഉല്‍പ്പാദനം വിനിമയനിരക്കിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ചൈന ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയാണ്. വിമോചനകാലത്ത് വ്യവസായമേഖലയിലും മറ്റു പല രംഗത്തും ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന ചൈന നേടിയ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ശ്രദ്ധേയമായ ഈ വികസനത്തിന് അടിത്തറ പാകിയത് ജന്മിത്വം അവസാനിപ്പിക്കുകയും പുരോഗമനപരമായ ഭൂപരിഷ്കാരങ്ങള്‍ നടപ്പാക്കുകയും ചെയ്ത് സിപിസി നടപ്പാക്കിയ പരിപാടിയിലൂടെയാണ്; വന്‍കിട വ്യവസായങ്ങള്‍ അടിത്തറ ഇടുകയും ജനങ്ങള്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസവും ആരോഗ്യ-സാമൂഹ്യ സേവനങ്ങളും നല്‍കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ജനാധിപത്യവിപ്ളവത്തിനുള്ള ചൈനീസ് പാത-കര്‍ഷകജനതയെ മോചിപ്പിക്കുകയും സ്വാശ്രയമാര്‍ഗങ്ങളിലൂടെ സമ്പദ്ഘടന കെട്ടിപ്പടുക്കുകയും ചെയ്ത്-കോളനിവാഴ്ചയില്‍നിന്ന് സ്വാതന്ത്ര്യം നേടിയ മൂന്നാംലോകരാജ്യങ്ങളെ വന്‍തോതില്‍ ആകര്‍ഷിച്ചു.
ചൈനയുടെ ഇന്നത്തെ വികസനത്തിന് പ്രചോദനം നല്‍കുന്നത് മുതലാളിത്തമാണെന്ന ചാപല്യം വിളമ്പുന്നവര്‍ ഈ വികസനത്തിന്റെ അടിത്തറയെക്കുറിച്ച് ഒന്നും ഉരിയാടുന്നില്ല. ഭൂപരിഷ്കരണത്തിലും ഭരണകൂട നിയന്ത്രിത വ്യവസായവല്‍ക്കരണത്തിലും പൊതുപണം മുടക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലും പരിഷ്കാരങ്ങള്‍ക്ക് ശേഷിയുള്ള സാമൂഹ്യമേഖലയിലുമാണ് ചൈന കെട്ടിപ്പടുത്തത്. പരിഷ്കരിച്ച ഭരണസംവിധാനവും കൂട്ടുടമാസംരംഭങ്ങളും വളര്‍ന്നുവരുന്ന സ്വകാര്യമേഖലയ്ക്ക് ഒപ്പം ചേര്‍ന്നാണ് ചൈനയില്‍ പ്രകടമാകുന്ന ചടുലമായ വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്. കഴിഞ്ഞവര്‍ഷം പൊട്ടിപ്പുറപ്പെട്ട ആഗോള സാമ്പത്തികപ്രതിസന്ധിയോടെ ലോകസമ്പദ്ഘടനയില്‍ ചൈനയ്ക്കുള്ള നിര്‍ണായകസ്ഥാനം വ്യക്തമായി. ചൈന അവരുടെ സമ്പദ്ഘടനയ്ക്കുവേണ്ടി 58,500 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജനപദ്ധതി പ്രഖ്യാപിച്ചു. സാമ്പത്തികവളര്‍ച്ചയ്ക്ക് കരുത്ത് പകരാന്‍ ഇത് ഫലപ്രദമായെന്ന് തെളിഞ്ഞു. 2009ല്‍ ആഗോള സാമ്പത്തികവളര്‍ച്ച പൂജ്യത്തിന് താഴെ മൂന്ന് ആകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ചൈന 7.7 ശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കുമെന്ന് കരുതുന്നു.
ഒബാമയുടെ കിരീടവും കൊഴിയുന്ന തൂവലുകളും
ബറാക് ഒബാമയാണ് 2009ല്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച വ്യക്തികളില്‍ ഒന്നാംസ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാരോഹണവും നോബല്‍പുരസ്കാരലബ്ധിയും അദ്ദേഹത്തെ വെള്ളിവെളിച്ചത്തില്‍ നിലനിര്‍ത്തി. അതേസമയം സാമ്പത്തികമാന്ദ്യവും ആരോഗ്യപരിരക്ഷാ പദ്ധതി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആഭ്യന്തരമായി നേരിടുന്ന എതിര്‍പ്പും ഇറാഖ്-അഫ്ഗാന്‍-പാക് മേഖലയിലെ സ്ഥിതിഗതി രൂക്ഷമായതും ഒബാമയെ അലട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യ ആഫ്രിക്കന്‍വംശജന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയ ഒബാമ നയതന്ത്രജ്ഞതയിലും വാക്സാമര്‍ഥ്യത്തിലും കേമനാണ്. ജോര്‍ജ് ബുഷിന്റെ അഹന്ത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ കേട്ട് വിറങ്ങലിച്ച ലോകത്തിന് ഒബാമ സ്വീകാര്യനായത് അതുകൊണ്ടാണ്. പ്രവൃത്തിയെക്കാളുപരി ഒബാമയുടെ പ്രതീക്ഷാനിര്‍ഭരമായ വാക്കുകളാണ് നോബല്‍സമ്മാനത്തിന് അര്‍ഹനാക്കിയത്. ഒബാമയ്ക്ക് നോബല്‍സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ക്യൂബന്‍ വിപ്ളവനായകന്‍ ഫിദെല്‍ കാസ്ട്രോ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. ഒബാമയ്ക്ക് ലഭിച്ച സ്വീകാര്യത അമേരിക്കയിലെ മുന്‍ഭരണാധികാരികള്‍ക്കുള്ള തിരസ്കാരമാണെന്നാണ് കാസ്ട്രോ അഭിപ്രായപ്പെട്ടത്.
കടുത്ത വംശവിവേചനം നില്‍നില്‍ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയം തീര്‍ച്ചയായും ആശാവഹമായ സംഭവവികാസമായി. രാജ്യത്തെ തീവ്രവലതുപക്ഷക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ഒബാമയുടെ വരവ് തീരെ ദഹിച്ചില്ല. കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ 'ഒബാമയുടെ തൊലിയുടെ നിറം' വിഷയമാക്കാന്‍ ശ്രമിച്ചു. കറുത്ത വംശജനായ കേംബ്രിഡ്ജ് പണ്ഡിതനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റുചെയ്ത നടപടിയെ പ്രസിഡന്റ് കടുത്ത ഭാഷയില്‍ അപലപിച്ചപ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കി. എന്നാല്‍, ഒബായുടെ നയചാതുര്യം പ്രശ്നം എളുപ്പത്തില്‍ പരിഹരിച്ചു. എന്നാല്‍, പശ്ചിമേഷ്യന്‍ പ്രശ്നം സംബന്ധിച്ച് ഒബാമ നടത്തിയ പ്രസ്താവനയില്‍ പലസ്തീന്‍ രാജ്യം എന്ന വാഗ്ദാനം ആവര്‍ത്തിക്കുകയല്ലാതെ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം വ്യക്തമായ നടപടിയൊന്നും സ്വീകരിച്ചില്ല. അധിനിവേശഭൂമിയിലെ അനധികൃത ജൂതകുടിയേറ്റങ്ങള്‍, പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവകാശം, കിഴക്കന്‍ ജെറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കല്‍ തുടങ്ങിയ പ്രധാന കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ല. എന്നും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടുനിന്ന പാകിസ്ഥാന്റെ കാര്യത്തില്‍ ഒബാമഭരണകൂടം തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ഖായിദയും താലിബാനും പാകിസ്ഥാനില്‍ ഭീകരാക്രമണം പതിവായി നടത്തുന്നു. അഴിമതിയില്‍ മുങ്ങിയ പാക്‍ഭരണനേതൃത്വം ഒരേസമയം സൈന്യത്തില്‍നിന്നും ഭീകരരില്‍നിന്നും അട്ടിമറിഭീഷണി നേരിടുന്നു. ഭീകരവിരുദ്ധപോരാട്ടം നടത്താന്‍ പാകിസ്ഥാന് അമേരിക്ക വര്‍ധിപ്പിച്ചതോതില്‍ സഹായം നല്‍കിയിട്ടും ഫലമില്ല.
ആരോഗ്യപരിരക്ഷാസംവിധാനത്തിന്റെ പരിധിയില്‍ വരാത്ത അഞ്ചുകോടി അമേരിക്കക്കാര്‍ക്ക് ഇത് ലഭ്യമാക്കാന്‍ രാജ്യത്തിന്റെ പ്രസിഡന്റ് നന്നേ വിയര്‍ക്കുന്നു. ഇതിനുവേണ്ടിയുള്ള പോരാട്ടം തീക്ഷ്ണമായി മാറുകയാണെന്ന് തനിക്ക് അനുഭവപ്പെടുന്നതായി ഒബാമയ്ക്ക് പറയേണ്ടിവന്നിടത്തോളം ആശയക്കുഴപ്പം വളര്‍ന്നു. ഓരോ തവണയും ആരോഗ്യപരിരക്ഷാസംവിധാന പരിഷ്കരണം യാഥാര്‍ഥ്യമായി മാറുന്ന ഘട്ടത്തിലേക്ക് വരുമ്പോള്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ കുപ്രചാരണം നടത്തുകയും അവരുടെ രാഷ്ട്രീയമിത്രങ്ങളെ ഉപയോഗിച്ച് അമേരിക്കന്‍ജനതയെ കബളിപ്പിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. തുടര്‍ന്നുള്ള അനുഭവങ്ങള്‍ ഒബാമയുടെ ആശങ്ക ശരിയാണെന്ന് തെളിയിച്ചു. രണ്ട് പ്രധാന സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍സ്ഥാനം ഡമോക്രാറ്റിക് പാര്‍ടിക്ക് നഷ്ടപ്പെട്ടു. ചുരുക്കത്തില്‍ ഒബാമ ഞാണിന്മേല്‍ കളി നടത്തുകയാണ്. തന്റെ ആഗ്രഹങ്ങളും പ്രഖ്യാപനങ്ങളും നടപ്പാക്കാന്‍ വളക്കൂറില്ലാത്ത മണ്ണില്‍.
(സാജന്‍ എവുജിന്‍)
നെഞ്ചൂക്കോടെ നെജാദ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ച രാഷ്ട്രത്തലവനെന്ന തലയെടുപ്പോടെയാണ് 2009ന്റെ കലണ്ടറില്‍ മഹമൂദ് അഹ്മദിനെജാദ് തെളിഞ്ഞുനില്‍ക്കുന്നത്. അമേരിക്കയുടെയും കൂട്ടാളികളുടെയും പ്രലോഭനങ്ങളിലും ഭീഷണികളിലും പതറാതെ നെജാദിന്റെ ഇറാന്‍ മുന്നേറുന്നു. യാഥാസ്ഥിതികനെന്നു മുദ്രകുത്തി എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കിടയിലും രാജ്യത്തോടുള്ള പ്രതിബദ്ധതയും അഴിമതിരഹിത ഭരണവും നെജാദിനെ വേറിട്ടുനിര്‍ത്തുന്നു. അമേരിക്കയുടെ ഭീഷണിക്ക് അതിലേറെ ഉച്ചത്തില്‍ മറുപടി നല്‍കുന്ന നെജാദിന്റെ സാമ്രാജ്യത്വവിരുദ്ധതയാണ് അഭിപ്രായവ്യത്യാസമുള്ളവര്‍ക്കുപോലും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവട്ടവും അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന് കരുത്തേകി. 63 ശതമാനം വോട്ട് നല്‍കിയാണ് അഹ്മദിനെജാദിനെ ഇറാന്‍ജനത വീണ്ടും അധികാരത്തിലേറ്റിയത്. വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയി നിയോഗിച്ച അന്വേഷണ സമിതി തള്ളി.
കിട്ടുന്ന അവസരങ്ങളിലെല്ലാം സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുകയാണ് നെജാദ് വിരുദ്ധര്‍. പാശ്ചാത്യശക്തികളുടെ പരോക്ഷ പിന്തുണ ഈ നീക്കങ്ങള്‍ക്കുണ്ട്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നെന്നും ഇത് ലോകത്തിന് ഭീഷണിയാണെന്നുമാണ് അമേരിക്കയും സംഘവും നിലവിളിക്കുന്നത്. ആണവനിലയങ്ങള്‍ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണെന്നും ഒരു രഹസ്യവുമില്ലെന്നും നെജാദ് പലവട്ടം വ്യക്തമാക്കിയിട്ടും യുഎന്നിനെ അടക്കം കരുവാക്കി അമേരിക്ക കളിതുടരുകയാണ്. ഇറാന്റെ പക്കലുള്ള യുറേനിയം കൂടുതല്‍ സമ്പുഷ്ടീകരണത്തിനായി റഷ്യയിലേക്കും ഫ്രാന്‍സിലേക്കും കയറ്റി അയക്കണമെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്നോട്ടുവച്ച നിര്‍ദേശം. സമ്പുഷ്ടീകരിച്ച യുറേനിയം ഊര്‍ജദണ്ഡുകളാക്കി മടക്കിനല്‍കാമെന്നാണ് നിര്‍ദേശം. ഊര്‍ജദണ്ഡുകളില്‍നിന്ന് ആണവായുധം നിര്‍മിക്കാനാകില്ല. ഐഎഇഎ നിര്‍ദേശത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇറാന്‍ നേതാക്കള്‍ പലവട്ടം തങ്ങളുടെ വിയോജിപ്പ് വെളിപ്പെടുത്തി. ഇറാന്റെ ആണവപരമാധികാരം ആര്‍ക്കു മുന്നിലും അടിയറവയ്ക്കില്ലെന്ന് അഹ്മദിനെജാദ് ഒബാമയുടെ നിര്‍ദേശത്തോട് പ്രതികരിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖത്തേറ്റ അടിയായി.
ദുരിതം തീരാതെ പലസ്തീന്‍
ഗാസയിലെ പലസ്തീന്‍ മണ്ണില്‍ ചോരപ്പുഴയൊഴുക്കിയ ഇസ്രയേലി ക്രൂരതയില്‍ നടുങ്ങിയാണ് 2009 പിറന്നത്. വര്‍ഷം വിടപറയുമ്പോഴും സയണിസ്റ്റുകളുടെ തോക്കിനുമുന്നില്‍ ആറ് പലസ്തീന്‍കാര്‍ പിടഞ്ഞുവീണു. താരതമ്യേന ശാന്തമായ വെസ്റ്ബാങ്കില്‍ പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസിന്റെ ഫത്താ പാര്‍ടിയുടെ മൂന്നു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രയേലി സൈന്യം വീണ്ടുമൊരു കടന്നാക്രമണത്തിന് അവസരമൊരുക്കുകയാണ്. തീവ്രനിലപാടുള്ള ഹമാസിനെതിരെ അബ്ബാസിന്റെ ഫത്താ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ കരുനീക്കുന്നത്. വെസ്റ്ബാങ്കില്‍ വീടുകള്‍ ആക്രമിച്ച് ഫത്താപ്രവര്‍ത്തകരെ വെടിവച്ചുകൊന്നത് ഈ ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടാക്കുമെന്നുറപ്പ്. കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ ജനുവരി 18ന് പുലര്‍ച്ചെവരെ ഇസ്രയേലി സൈന്യം ഗാസയില്‍ നടത്തിയ നിഷ്ഠുരമായ കടന്നാക്രമണത്തില്‍ 1500ലേറെ പേരാണ് മരിച്ചുവീണത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗാസയില്‍ കൂട്ടക്കൊല അവസാനിപ്പിച്ചശേഷവും പലപ്പോഴായി നിരവധി പലസ്തീന്‍കാര്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രശ്നപരിഹാരത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെല്ലാം മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും പരാജയപ്പെട്ടു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥപിക്കാന്‍ പ്രത്യേകദൂതനെ നിയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ നീക്കങ്ങളും എങ്ങുമെത്തിയില്ല. ഇതിനിടെ, സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിനാല്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പലസ്തീന്‍ അതോറിറ്റി ശ്രമം നടത്തി. യുഎന്നില്‍ ഈ നീക്കത്തിന് പിന്തുണ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിച്ചെങ്കിലും അവരത് നിരസിച്ചു. വെസ്റ്ബാങ്കിലെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനവും ആഴ്ചകള്‍ക്കം അദ്ദേഹംതന്നെ പിന്‍വലിച്ചു. സ്വതന്ത്ര പലസ്തീന്റെ തലസ്ഥാനമെന്നു കരുതപ്പെടുന്ന കിഴക്കന്‍ ജറുസലേമിലെ നിര്‍മാണം നിര്‍ത്താത്തതും ഗാസയിലെ ഉപരോധത്തിന് അയവുനല്‍കാന്‍പോലും തയ്യറാകാത്തതും ഇസ്രയേലിന്റെ തനിനിറം ഒരിക്കല്‍ക്കൂടി വെളിവാക്കി.
പുലികളൊടുങ്ങിയിട്ടും ലങ്ക പുകയുന്നു
കൊഴിഞ്ഞുപോകുന്ന വര്‍ഷം നിര്‍ണായക സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച രാഷ്ട്രമാണ് ശ്രീലങ്ക. പതിറ്റാണ്ടുകള്‍ പൊരുതിയ തമിഴ്പുലികള്‍ അവസാനശ്വാസംവരെ പിടിച്ചുനിന്ന് വേരറ്റുപോയ വര്‍ഷം. ആഭ്യന്തരസംഘര്‍ഷം ചോരപ്പുഴ ഒഴുക്കിയ ലങ്ക പുതിയ പ്രതിസന്ധികളിലേക്കാണ് നീങ്ങുന്നത്. വംശീയപ്രശ്നം പരിഹരിക്കുന്നതിന് വിലങ്ങുതടിയെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്ന എല്‍ടിടിഇ നാമാവശേഷമായ ശേഷവും തമിഴരുടെ ദുരിതം പരിഹാരമില്ലാതെ തുടരുന്നത് സിംഹള ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. പുലികളെ ഒതുക്കാന്‍ ഒരുമിച്ച് നിന്നവര്‍ തന്നെ പരസ്പരം കൊമ്പുകോര്‍ക്കുകയുമാണ്. 'ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം' എന്ന എല്‍ടിടിഇയെ 2008 ഡിസംബര്‍ 31നകം തുടച്ചുനീക്കുമെന്നായിരുന്നു ലങ്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. പറഞ്ഞതിലും രണ്ടുദിവസംകൂടി പിന്നിട്ടപ്പോള്‍ പുലികളുടെ തലസ്ഥാനമായ കിള്ളിനോച്ചി പിടിച്ചെടുത്ത് ഫൊന്‍സേകയുടെ സൈന്യം രജപക്സെയുടെ വാക്കുപാലിച്ചു. രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയ സൈന്യത്തോട് നേര്‍ക്കുനേര്‍ പേരാടിയ പുലികളുടെ ശക്തിചോര്‍ന്നുതുടങ്ങിയെന്നും 2009 എല്‍ടിടിഇയുടെ അവസാനവര്‍ഷമാകുമെന്നുമുള്ള വിലയിരുത്തല്‍ ശരിവയ്ക്കുന്ന മുന്നേറ്റമാണ് പിന്നീട് ലങ്കന്‍ സൈന്യം നടത്തിയത്. സൈനികകേന്ദ്രമായ മുല്ലത്തീവും സൈന്യം വളഞ്ഞതോടെ എല്‍ടിടിഇയുടെ പതനം ഉറപ്പായി.
2008ല്‍ വടക്കന്‍ ശ്രീലങ്കയെ യുദ്ധക്കളമാക്കിയ ആഭ്യന്തരയുദ്ധം 2009ല്‍ ഏകപക്ഷീയമായ ആക്രമണമായി. മാളങ്ങള്‍ ഉപേക്ഷിച്ച് പിന്തിരിഞ്ഞോടിയ പുലികളെ സിംഹളസേന പിന്തുടര്‍ന്ന് വെടിവച്ചുവീഴ്ത്തി. ഒരിക്കല്‍ രാജ്യത്തിന്റെ മൂന്നിലൊന്നു പ്രദേശവും അടക്കിവാണ എല്‍ടിടിഇ വടക്കന്‍ ശ്രീലങ്കയുടെ കിഴക്കന്‍തീരത്തെ ചില തുരുത്തുകളിലേക്ക് ഒതുങ്ങി. കരയ്ക്കൊപ്പം കടലും സൈന്യം വളഞ്ഞതോടെ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞു. ഒടുവില്‍ 2009 മെയ് 18ന് വടക്കന്‍ ലങ്കയിലെ മുല്ലിയവയ്ക്കലില്‍ നന്ദിക്കടലിനു സമീപം ഒരു നീര്‍ച്ചാലിന്റെ ഓരത്ത് എല്‍ടിടിഇയുടെ പോരാട്ടവീര്യം അസ്തമിച്ചു. വേലുപ്പിള്ള പ്രഭാകരനെന്ന അമ്പത്തിനാലുകാരന്റെ തലതകര്‍ന്ന, കണ്ണുതുറന്നുപിടിച്ച മൃതദേഹം അതിന് തെളിവായി. രണ്ടര ദശാബ്ദത്തിലേറെ ലോകജനതയെ നിരന്തരം ഞെട്ടിച്ച ഗറില്ലാനായകന്‍ മരണത്തിലും അതാവര്‍ത്തിച്ചു. എന്നാല്‍, എല്‍ടിടിഇക്കെതിരായ അന്തിമയുദ്ധത്തിന് കുന്തമുന പേറിയ 'രാജാവും സേനാനായകനും' പരസ്പരം വാളോങ്ങുന്ന കാഴ്ചയാണ് വര്‍ഷാന്ത്യത്തില്‍ ലോകം കാണുന്നത്. പ്രസിഡന്റ് മഹിന്ദ രജപക്സെയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുകയാണ് മുന്‍ സേനാമേധാവി ശരത് ഫൊന്‍സേക. ഏറെ കൊട്ടിഘോഷിച്ച യുദ്ധവിജയത്തിന്റെ അവകാശത്തെ ചൊല്ലിപ്പോലും തരംതാണ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയരുന്നത്. കിള്ളിനോച്ചി പിടിച്ചെടുത്തശേഷവും അവിടേക്ക് പോകാന്‍ ഫൊന്‍സേകയ്ക്ക് ഭയമായിരുന്നെന്നാണ് രജപക്സെ അനുകൂലികള്‍ സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കീഴടങ്ങിയ പുലിനേതാക്കളെ വധിക്കാന്‍ താനറിയാതെ പ്രസിഡന്റ് നിര്‍ദേശം നല്‍കിയെന്ന ഫൊന്‍സേകയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ അദ്ദേഹത്തിനുതന്നെ പിന്‍വലിക്കേണ്ടിവന്നു. രാജ്യത്തിന് അപമാനകരമായ പരാമര്‍ശം നടത്തിയ ഫൊന്‍സേകക്കെതിരെ നിയമനടപടിക്കും സര്‍ക്കാര്‍ വട്ടംകൂട്ടുകയാണ്.
പുലികളുടെ ഭീഷണിക്കും സര്‍ക്കാരിന്റെ സമ്മര്‍ദത്തിനുമിടയില്‍ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് തമിഴ് വംശജരുടെ ജീവിതമാണ്. രണ്ടര പതിറ്റാണ്ടിനിടെ എണ്‍പതിനായിരത്തോളംപേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. രണ്ടുലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന് അനൌദ്യോഗിക കണക്കുകള്‍. സൈനികനടപടി അഭയാര്‍ഥികളാക്കിയത് മൂന്നുലക്ഷത്തോളം തമിഴ്വംശജരെയാണ്. ജാഫ്നയിലും മുല്ലത്തീവിലും വാവുനിയയിലുമെല്ലാം അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ത്രീകളും കുട്ടികളും നരകിക്കുന്നു. പുലികള്‍ക്കെതിരെ നേടിയ വിജയം സമ്മാനിച്ച ഉത്തരവാദിത്തം ശ്രീലങ്കന്‍ സര്‍ക്കാര്‍ എത്രത്തോളം ഏറ്റെടുത്തെന്ന വിലയിരുത്തല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഏപ്രിലില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വടക്കന്‍ മേഖലയ്ക്ക് പാര്‍ലമെന്റിലേക്ക് ഏതാനും സീറ്റ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍പോലുമാകാതെ ജനം തെരുവില്‍ അലയുമ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ജലരേഖകളാകുന്നു. ആഭ്യന്തരയുദ്ധം കടപുഴക്കിയെറിഞ്ഞ തമിഴരുടെ ദുരിതജീവിതത്തിന് അറുതിവരുത്താന്‍ ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും. സ്വന്തം ജീവിതത്തിന്റെ വഴി പോലും അറിയാത്ത അവരെങ്ങനെ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
(വിജേഷ് ചൂടല്‍)
കോപ്പന്‍ഹേഗന്‍ ദുരന്തം
കടന്നുപോകുന്ന വര്‍ഷത്തെ ഏറ്റവും നിരാശാജനകമായ സംഭവം കോപ്പന്‍ഹേഗന്‍ കാലാവസ്ഥാവ്യതിയാന ഉച്ചകോടിയുടെ ദയനീയ പരാജയമാണ്. മാനവരാശിയുടെ ഭാവിയെ നിര്‍ണയിക്കുന്ന പ്രശ്നത്തില്‍ നിയമപരമായ കരാറിലെത്താന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ല. കോളനിവാഴ്ചയും ചൂഷണവും വഴി മൂന്നാംലോകജനതയുടെ സമ്പത്ത് കൊള്ളയടിച്ച പാശ്ചാത്യരാജ്യങ്ങള്‍ നിര്‍ദയ സമീപനം ആവര്‍ത്തിക്കുന്നതാണ് ഉച്ചകോടിയിലും പ്രകടമായത്. ആഗോളതാപനിലയുടെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ വികസിതരാജ്യങ്ങള്‍ സമ്മതിച്ചതാണ് ഉച്ചകോടി പകര്‍ന്ന ഏക പ്രത്യാശ.
കോപ്പന്‍ഹേഗനില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുത്താന്‍ സമ്പന്നരാഷ്ട്രങ്ങള്‍ തുടക്കംമുതലേ ശ്രമിച്ചു. ക്യോട്ടോ ഉടമ്പടി നിയമപരമായ കരാറാക്കി മാറ്റുകയെന്നതായിരുന്നു കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. എന്നാല്‍, ക്യോട്ടോ ഉടമ്പടിയിലെ പ്രധാന നടപടി കാര്‍ബവാതകങ്ങളുടെ പുറന്തള്ളല്‍ വെട്ടിച്ചുരുക്കുകയെന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ഉറപ്പുനല്‍കാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറായില്ല. എന്നാല്‍, രാഷ്ട്രത്തലവന്മാരും കൂടിയാലോചകരും ചേര്‍ന്ന് ഒടുവില്‍ രൂപംനല്‍കിയ 'കോപ്പന്‍ഹേഗന്‍ ധാരണ' ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ തീരെ പര്യാപ്തമല്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതും എണ്ണ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും കാലാവസ്ഥാഉച്ചകോടിയുടെ പരാജയകാരണങ്ങളായി. കാലാവസ്ഥാവ്യതിയാനം തടയാനുള്ള നടപടികള്‍ക്കായി ദരിദ്രരാജ്യങ്ങളെയും കൂടുതല്‍ ഭീഷണിയുള്ള ചെറുരാജ്യങ്ങളെയും സഹായിക്കാന്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് അടിയന്തരസഹായമായി 3000 കോടി ഡോളര്‍ നല്‍കുമെന്നും 2020 ആകുമ്പോള്‍ പതിനായിരംകോടി ഡോളറിന്റെ സഹായനിധി രൂപീകരിക്കുമെന്നും പറയുന്നു. ഈ തുക എങ്ങനെ സമാഹരിക്കുമെന്നതില്‍ വ്യക്തതയില്ല. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ കോപ്പന്‍ഹേഗന്‍ ധാരണയോട് ശക്തമായി വിയോജിച്ചു. കാലാവസ്ഥാവിഷയത്തിന്റെ ചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട രേഖ എന്നാണ്, ദരിദ്രരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77നു നേതൃത്വം നല്‍കുന്ന സുഡാന്‍ വിമര്‍ശിച്ചത്. ഉച്ചകോടി പരാജയപ്പെട്ടതില്‍ പരിസ്ഥിതിവാദികളും ഗ്രീന്‍പീസ് അടക്കമുള്ള സംഘടനകളും കടുത്ത നിരാശ പ്രകടിപ്പിച്ചു.
മൊറാലിസ് വീണ്ടും ആവേശം
ബൊളീവിയയില്‍ ഇടതുപക്ഷനായകന്‍ ഇവോ മൊറാലിസ് തകര്‍പ്പന്‍ ജയത്തോടെ പ്രസിഡന്റ്പദത്തില്‍ രണ്ടാമൂഴത്തിലേക്ക് കടന്നതാണ് ലാറ്റിനമേരിക്കയില്‍നിന്ന് ആവേശം പകര്‍ന്ന വാര്‍ത്ത. ഡിസംബര്‍ ആറിനു നടന്ന തെരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ട് നല്‍കിയാണ് മൊറാലിസിനെ ബൊളീവിയന്‍ ജനത വീണ്ടും ഭരണസാരഥ്യല്‍േപ്പിച്ചത്. മുഖ്യ എതിരാളി മധ്യ-വലതുപക്ഷ നേതാവ് മന്‍ഫ്രെഡ് റെയസിന് 27 ശതമാനം വോട്ടാണ് കിട്ടിയത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും വന്‍ ഭൂരിപക്ഷത്തോടെ മൊറാലിസിന്റെ 'മൂവ്മെന്റ് ടുവേര്‍ഡ് സോഷ്യലിസം' വിജയിച്ചു. ഭരണഘടനാപരിഷ്കാരത്തിന് കഴിഞ്ഞ ജനുവരി 25ന് ജനഹിതം തേടിയപ്പോഴും മൊറാലിസ് വന്‍ വിജയം നേടി. കുത്തകകളുടെ കൈവശമുള്ള കൃഷിഭൂമി കര്‍ഷകന് വിതരണം ചെയ്യാനും രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കാനുമുള്ള ശ്രമത്തിന് ബൊളീവിയന്‍ ജനത നല്‍കിയ അംഗീകാരമാണ് മൊറാലിസിന്റെ രണ്ടാം തെരഞ്ഞെടുപ്പു വിജയം. ബൊളീവിയയുടെ ആദ്യ തദ്ദേശീയ പ്രസിഡന്റായ മൊറാലിസ് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ക്യൂബയ്ക്കും വെനസ്വേലയ്ക്കുമൊപ്പം ബൊളീവിയയെ ലാറ്റിനമേരിക്കന്‍ പോരാട്ടഭൂവില്‍ അണിനിരത്തി.
കണ്ണീര്‍മഴയായി ജാക്സന്‍
പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ അകാലവിയോഗം പിന്നിടുന്ന വര്‍ഷം ലോകമെമ്പാടുമുള്ള ആരാധകവൃന്ദത്തിന് കടുത്ത ആഘാതമായി. പ്രതിഭയുടെയും പ്രശസ്തിയുടെയും ഉയരങ്ങളില്‍ വിരാജിച്ച കലാകാരന്റെ അന്ത്യം ദയനീയമായിരുന്നു. രോഗങ്ങളും ഏകാന്തതയും അലട്ടിയപ്പോള്‍ ലഹരിയില്‍ അഭയം തേടാന്‍ ശ്രമിച്ചു. സംഗീതലോകത്തേക്കുള്ള തിരിച്ചുവരവിനായി നടത്തിയ കഠിനപരിശീലനം താങ്ങാനുള്ള ശേഷി രോഗാതുരമായ ശരീരത്തിന് ഉണ്ടായിരുന്നില്ല. വേദനയും ക്ഷീണവും അകറ്റാന്‍ മയക്കുമരുന്ന് അളവറ്റതോതില്‍ കുത്തിവച്ചതാണ് ജാക്സനെ നിശ്ചലനാക്കിയത്. സംഗീതവേദികളില്‍ വിസ്മയലോകം സൃഷ്ടിച്ചിരുന്ന ജാക്സന് സ്വകാര്യജീവിതത്തിലെ പാളിച്ചകളാണ് വീഴ്ചകള്‍ സമ്മാനിച്ചത്. കോടിക്കണക്കിന് ജനങ്ങളുടെ ആരാധനാപാത്രമായിരുന്ന ജാക്സന്‍ വ്യക്തിപരമായി സമാധാനം അനുഭവിച്ചിരുന്നില്ല. സ്വന്തം രൂപത്തെക്കുറിച്ചുള്ള വികലധാരണകളും അസ്വസ്ഥതകള്‍ പകര്‍ന്നു.
ദേശാഭിമാനി 271209
2009 ലെ പ്രധാന സംഭവികാസങ്ങളെക്കുറിച്ച് .......
ReplyDelete