Wednesday, December 2, 2009

എല്ലാ വീട്ടിലും ദേശാഭിമാനി

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലയാളത്തിലെ മുഖപത്രമായി 1942ല്‍ ആരംഭിച്ച ദേശാഭിമാനി ആദ്യം വാരികയും നാലുവര്‍ഷത്തിനകം ദിനപത്രവുമായി. 67 വര്‍ഷത്തെ ചരിത്രമുള്ള ദേശാഭിമാനി ഇന്ന് ലോകത്തിലെ ലക്ഷണമൊത്ത ഇടതുപക്ഷ ദിനപത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കമ്യൂണിസത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരത്തില്‍ ജനങ്ങളെ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പ്രവര്‍ത്തനത്തെ സഹായിക്കുകയും നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് കമ്യൂണിസ്റ്റ് പത്രങ്ങള്‍ക്കുള്ളത്. ആദ്യകാലത്ത് പാര്‍ടിപത്രങ്ങള്‍ ഒരു സമ്പൂര്‍ണ വാര്‍ത്താപത്രമായിരുന്നില്ല. എന്നാല്‍, ഇന്ന് ദേശാഭിമാനി ഒരേസമയം പാര്‍ടിപത്രവും അതേസമയം സമ്പൂര്‍ണ വാര്‍ത്താ ദിനപത്രവുമാണ്. മറ്റൊരു പത്രവും വായിക്കാതെ പാര്‍ടിയുടെ ദിനപത്രംമാത്രം വായിക്കുന്ന ഒരു സാധാരണ വായനക്കാരന് ദൈനംദിനം നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുവിവരം കിട്ടാനുള്ള എല്ലാത്തരം വാര്‍ത്തകളും കൊടുക്കുന്ന പത്രമാണിന്ന് ദേശാഭിമാനി.

പാര്‍ടിയുടെ ആശയപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ കൂടുതല്‍ ജനവിഭാഗങ്ങളില്‍ എത്തുന്നതിനും പത്രത്തിന്റെ മാറ്റം അനിവാര്യമായ ആവശ്യമാണ്. ഈ പരിവര്‍ത്തനവും വളര്‍ച്ചയും ഏതാനും ദശകങ്ങള്‍ക്കുമുമ്പുതന്നെ ആര്‍ജിച്ചു. ഇതിന്റെ ഫലമായി ദേശാഭിമാനി മലയാളികളുള്ള എല്ലായിടത്തും എത്തുന്ന പത്രമായി മാറി. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും ഇടതുപക്ഷക്കാരും മാത്രമല്ല, വിവിധ രാഷ്ട്രീയ പാര്‍ടികളില്‍പ്പെട്ടവരും ഒരു കക്ഷിയിലും ഉള്‍പ്പെടാത്തവരും ദേശാഭിമാനിയുടെ വരിക്കാരാണ്. പല ഘട്ടങ്ങളിലും ദേശാഭിമാനിയുടെ പ്രചാരം കുതിച്ചുയരുന്നുണ്ട്. ഇന്ത്യയില്‍ വായനക്കാരുടെ വളര്‍ച്ചയില്‍ ഒന്നാംസ്ഥാനം ദേശാഭിമാനിക്കാണെന്ന് ഇന്ത്യന്‍ റീഡര്‍ഷിപ് സര്‍വേ 2009 രണ്ടാം റൌണ്ട് വ്യക്തമാക്കിയത് ദേശാഭിമാനിക്കും പത്രത്തെ സ്നേഹിക്കുന്നവര്‍ക്കും സന്തോഷം പകരുന്നതാണ്. പത്രത്തിന്റെ ആകെ വായനക്കാര്‍ 34.4 ലക്ഷമാണ്. 2009ലെ ഒന്നാം റൌണ്ടില്‍നിന്ന് രണ്ടാം റൌണ്ടില്‍ എത്തിയപ്പോള്‍ 2.8 ലക്ഷം വായനക്കാര്‍ കൂടി. ദേശാഭിമാനിയുടെ ശരാശരി വര്‍ധന 21.96 ശതമാനം. എന്നാല്‍, മനോരമയ്ക്ക് 3.38 ശതമാനവും മാതൃഭൂമിക്ക് 4.13 ശതമാനവും ടൈംസ് ഓഫ് ഇന്ത്യക്ക് 4.02 ശതമാനവുമാണ് വളര്‍ച്ച.

മലയാള ദിനപത്രങ്ങളില്‍ പ്രചാരത്തില്‍ മൂന്നാംസ്ഥാനത്താണ് ദേശാഭിമാനി. എങ്കിലും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടി എന്ന നിലയ്ക്ക് ഏറ്റവുമധികം ജനപിന്തുണയുള്ള സിപിഐ എമ്മിന്റെ മുഖപത്രത്തിന് കിട്ടുന്നതിന്റെ മൂന്നും നാലും ഇരട്ടി പ്രചാരം ഇവിടത്തെ രണ്ട് കുത്തകപത്രങ്ങള്‍ക്കുണ്ട്. ഈ സ്ഥിതി മാറ്റിയെടുത്ത് ജനങ്ങള്‍ക്കിടയില്‍ പാര്‍ടിക്കുള്ള സ്വാധീനത്തിനൊത്ത പ്രചാരം പാര്‍ടിയുടെ മുഖപത്രത്തിന് ഉണ്ടാക്കേണ്ടത് ഇവിടത്തെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഒഴിവാക്കാനാകാത്ത ആവശ്യമാണ്. ഇത് മനസ്സിലാക്കിയാണ് ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുള്ള വിപുലമായ യജ്ഞം കേരളത്തിലൊട്ടാകെ സിപിഐ എമ്മിന്റെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ ഊര്‍ജിതമായി മുന്നേറുന്നത്. ഡിസംബറില്‍ പുതിയ വരിക്കാരെ കണ്ടെത്തുകയും ജനുവരിമുതല്‍ പത്രവരിക്കാരുടെ എണ്ണം ഇന്നുള്ളതിന്റെ ഇരട്ടിയിലധികമാക്കി വര്‍ധിപ്പിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ജനകീയോത്സവംപോലെയാണ് പലയിടങ്ങളിലും ദേശാഭിമാനി വായനക്കാരുടെ സംഗമങ്ങള്‍ ചേരുന്നത്. ഒരു ലക്ഷം വരിക്കാരെ പുതുതായി കണ്ടെത്തുമെന്ന് ചില ജില്ലകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശാഭിമാനി വരിക്കാരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ് സ്ഥാപിക്കുന്നതാകും ഇപ്പോഴത്തെ ക്യാമ്പയിന്‍. അത് വിളംബരംചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ ജില്ലയിലും കാണാന്‍ കഴിയുന്നത്. ബഹ്റൈനില്‍നിന്ന് ഉള്‍പ്പെടെ ഏഴു കേന്ദ്രത്തില്‍നിന്നാണ് ദേശാഭിമാനി പുറത്തിറങ്ങുന്നത്. പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുള്ള തീവ്ര ക്യാമ്പയില്‍ പുരോഗമിക്കുന്നതിനുമധ്യേ ഡിസംബറില്‍ കേരളത്തിനുപുറത്തുനിന്ന് പുതിയൊരു പതിപ്പുകൂടി തുടങ്ങുകയാണ്. ഡിസംബര്‍ 28ന് ബംഗളൂരു എഡിഷന്‍ ഉദ്ഘാടനംചെയ്യും. ജനുവരിയില്‍ മലപ്പുറത്തുനിന്ന് ഒമ്പതാമത്തെ എഡിഷന് തുടക്കംകുറിക്കും. ഇതിനുപിന്നാലെ പത്രത്തിന്റെ കേന്ദ്ര ആസ്ഥാനമായി ദേശാഭിമാനി ടവര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. പ്രചാരം വര്‍ധിപ്പിക്കുന്നതിനോടൊപ്പംതന്നെ ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട നില കൈവരിക്കുന്നതിനുള്ള പരിശ്രമവുമുണ്ടാകും.

മാധ്യമരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. വിവരസാങ്കേതികരംഗത്തെ വളര്‍ച്ച ശീഘ്രഗതിയിലാണ്. ഇതിന്റെയെല്ലാം ഗുണഫലം സമൂഹത്തിനാകെ അവകാശപ്പെട്ടതാണെങ്കിലും അര്‍ഹിക്കുന്ന രീതിയില്‍ അത് പങ്കുവയ്ക്കപ്പെടുന്നില്ല. ധനമേധാവിത്വമെന്നപോലെ ബൌദ്ധികസമ്പത്തും ബഹുരാഷ്ട്ര കുത്തകകളുടെ കൈയിലമര്‍ന്നിരിക്കുകയാണ്. ലോകവാര്‍ത്താശൃംഖലയെ നിയന്ത്രിക്കുന്ന ആഗോളാധിപത്യമുള്ള 22 വാര്‍ത്താ കുത്തകസ്ഥാപനങ്ങളില്‍ പത്തിലും അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് മേധാവിത്വമുള്ളതാണ്. ഇതിന്റെകൂടി ഫലമായി അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് അനുസരണമായി ഓരോ രാജ്യത്തെയും ജനമനസ്സുകളെ പിടിച്ചടക്കാനുള്ള തന്ത്രപൂര്‍വമായ യുദ്ധം ആഗോളതലത്തില്‍ നടക്കുകയാണ്. മുമ്പ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തത് തിരപ്പുറത്തുകൂടിയായിരുന്നു. നാവികശക്തികൊണ്ട് അവികസിത ദരിദ്രനാടുകളെ കീഴടക്കിയ സാമ്രാജ്യത്വതന്ത്രമായിരുന്നു അന്ന് മുഖ്യമായി സ്വീകരിച്ചത്. എന്നാല്‍, മാധ്യമങ്ങളുടെ ആഗോളവല്‍ക്കരണത്തിലൂടെ സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും ഉറപ്പിക്കുക എന്ന തന്ത്രം ഇന്ന് സ്വീകരിച്ചിരിക്കുന്നു. ഇറാഖ് പോലുള്ള രാജ്യങ്ങളിലെ അധിനിവേശയുദ്ധം വിജയിപ്പിക്കാനും മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു.

സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകര്‍ച്ചയോടെ ഏകധ്രുവലോകമെന്ന സാമ്രാജ്യത്വ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഓരോ രാജ്യത്തെയും ജനമനസ്സുകളെ കീഴടക്കാന്‍ മാധ്യമങ്ങളെ ആയുധമായി ഉപയോഗിക്കുകയാണ്. സോഷ്യലിസം മോശം, ഇടതുപക്ഷം ശരിയല്ല, കമ്യൂണിസ്റ്റ് ഭരണം നന്നല്ല എന്നെല്ലാമുള്ള ആശയം ജനങ്ങളിലേക്ക് കുത്തിനിറയ്ക്കുന്നതിനാണ് സാമ്രാജ്യത്വ മാധ്യമങ്ങള്‍ പരിശ്രമിക്കുന്നത്. ഇതിന്റെ വക്താക്കളായാണ് കേരളത്തിലെ പ്രമുഖ പത്രങ്ങളും ഒട്ടുമിക്ക ടിവി ചാനലുകളും പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഐ എമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരായി എന്തെല്ലാം അസത്യം പ്രചരിപ്പിക്കാമോ, എന്തെല്ലാം സത്യങ്ങള്‍ മറച്ചുവയ്ക്കാമോ അതെല്ലാം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ചെയ്യുന്നു. ഇതിനൊപ്പം അമേരിക്കന്‍ നിയന്ത്രിത മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും നല്‍കുന്ന അസത്യങ്ങളെ സത്യസന്ധമായ വാര്‍ത്തകളായി അവതരിപ്പിക്കുകയുംചെയ്യുന്നു.

മുന്‍ തലമുറയെ നയിച്ച ലളിതമായ സമവാക്യങ്ങള്‍ മാധ്യമരംഗത്തെ സംബന്ധിച്ചിടത്തോളം പൊതുവില്‍ കാലഹരണപ്പെട്ടിരിക്കുന്നു എന്നതാണ് ഉല്‍ക്കണ്ഠാജനകമായ അവസ്ഥ. സോപ്പ്, ചീപ്പ്, കണ്ണാടിപോലെയുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒന്നായി മാധ്യമങ്ങളെ കാണരുത് എന്നായിരുന്നു സങ്കല്‍പ്പം. പക്ഷേ, ഇന്ന് മാധ്യമങ്ങള്‍ ഏറെക്കുറെ വാണിജ്യസ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ഈ വാണിജ്യവല്‍ക്കരണത്തിന്റെ വിപല്‍ക്കരമായ മുഖം മാധ്യമങ്ങള്‍ ദിനംതോറും കാട്ടുന്നു. ഇതിന്റെ ഭയാനകരൂപമാണ് പെയ്ഡ് ന്യൂസ്. പെയ്ഡ് ന്യൂസിന്റെ ഭീകരത മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അനുഭവം അവലോകനംചെയ്ത് വിഖ്യാത മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു പത്രത്തിന്റെ റൂറല്‍ അഫയേഴ്സ് എഡിറ്ററുമായ പി സായിനാഥ് വിവരിച്ചത് ഏവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. മാധ്യമം എങ്ങനെ വില്‍പ്പനച്ചരക്കായി, വാര്‍ത്ത എങ്ങനെ വില്‍ക്കപ്പെടുന്നു എന്നത് സായിനാഥ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ ഒട്ടാകെ കവറേജ് പാക്കേജ് മാധ്യമങ്ങള്‍ നടപ്പാക്കി. സ്ഥാനാര്‍ഥികളുടെ ജീവചരിത്രം, അഭിമുഖം, നേട്ടങ്ങളുടെ പട്ടിക, എതിര്‍സ്ഥാനാര്‍ഥിയെ അവഹേളിക്കല്‍- ഇതിനെല്ലാം പണം വാങ്ങി വാര്‍ത്ത വിറ്റു. ദൃശ്യമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. പശ്ചിമമഹാരാഷ്ട്രയിലെ ഒരു മണ്ഡലത്തിലെ വിമതസ്ഥാനാര്‍ഥി ഒരു പ്രാദേശിക മാധ്യമത്തിനു മാത്രം നല്‍കിയത് ഒരു കോടി രൂപയായിരുന്നു. പാര്‍ടിയുടെ ഔദ്യോഗികസ്ഥാനാര്‍ഥിയെ അദ്ദേഹം തോല്‍പ്പിച്ചു. ജനഹിതം അട്ടിമറിക്കാന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന കുറ്റകരമായ പങ്കാണ് ഇവിടെ തെളിയുന്നത്. റെസ്പോസിബിള്‍ മീഡിയ അഥവാ ഉത്തരവാദിത്ത മാധ്യമം എന്ന സങ്കല്‍പ്പമാണ് തകര്‍ന്നത്.

ജനങ്ങളോട് ഉത്തരവാദിത്തമുണ്ടായിരുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് ഉത്തരവാദിത്തം പത്രമുതലാളിയോടും മുതലാളിയെ നയിക്കുന്ന താല്‍പ്പര്യങ്ങളോടുമാണ്. ഈ ചരിത്രഘട്ടത്തിലാണ് സാമ്രാജ്യത്വത്തിന്റെയും കുത്തക മുതലാളിത്ത ഭരണവര്‍ഗങ്ങളുടെയും ജിഹ്വയായി പ്രവര്‍ത്തിക്കുന്ന പത്രങ്ങളും തൊഴിലാളിവര്‍ഗത്തിന്റെ മുഖപത്രവും തമ്മിലുള്ള വ്യത്യാസവും കൂടുതല്‍ തെളിയുന്നത്. സോഷ്യലിസത്തിനും മതനിരപേക്ഷതയ്ക്കും ശക്തിപകരാനും ഐശ്വര്യകേരളം കെട്ടിപ്പടുക്കാനും കേരളത്തിലെ ഭരണരംഗത്ത് ജനകീയ ബദല്‍നയം നടപ്പാക്കാനും എല്‍ഡിഎഫിന് കൂടുതല്‍ ശക്തിപകരാനും സംസ്ഥാനത്തെ രാഷ്ട്രീയ ധ്രുവീകരണത്തെ ഇടതുപക്ഷത്തിന് അനുകൂലമാക്കേണ്ടതുണ്ട്. അതിന് ദേശാഭിമാനിയെ കൂടുതല്‍ കരുത്തുറ്റതാക്കണം. ദേശാഭിമാനി വായിച്ചാലേ കേരളീയന്റെ വായനാനുഭവം പൂര്‍ത്തിയാകുന്നുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ വീട്ടിലും ദേശാഭിമാനി എന്നത് യാഥാര്‍ഥ്യമാക്കേണ്ടത് ആവശ്യമാണ്. അതിലേക്ക് എത്തുംമുമ്പ് മലയാളത്തിലെ ഒന്നാമത്തെ പത്രമാക്കി ദേശാഭിമാനിയെ മാറ്റേണ്ടതുണ്ട്. ആ ലക്ഷ്യവും ഒറ്റയടിക്ക് കൈവരിക്കാന്‍ കഴിയില്ല. പക്ഷേ, അസാധ്യമായ കാര്യമല്ല. ദേശാഭിമാനിക്ക് ഇന്നുള്ള പ്രചാരം ഇരട്ടിയിലധികമാക്കാനുള്ള സര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ വന്‍ വിജയമാക്കാന്‍ കമ്യൂണിസ്റ്റുകാരും ജനാധിപത്യവിശ്വാസികളും മതനിരപേക്ഷ വിശ്വാസികളും അക്ഷരസ്നേഹികളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഇ പി ജയരാജന്‍ ദേശാഭിമാനി 021209

6 comments:

  1. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലയാളത്തിലെ മുഖപത്രമായി 1942ല്‍ ആരംഭിച്ച ദേശാഭിമാനി ആദ്യം വാരികയും നാലുവര്‍ഷത്തിനകം ദിനപത്രവുമായി. 67 വര്‍ഷത്തെ ചരിത്രമുള്ള ദേശാഭിമാനി ഇന്ന് ലോകത്തിലെ ലക്ഷണമൊത്ത ഇടതുപക്ഷ ദിനപത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കമ്യൂണിസത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരത്തില്‍ ജനങ്ങളെ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പ്രവര്‍ത്തനത്തെ സഹായിക്കുകയും നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് കമ്യൂണിസ്റ്റ് പത്രങ്ങള്‍ക്കുള്ളത്. ആദ്യകാലത്ത് പാര്‍ടിപത്രങ്ങള്‍ ഒരു സമ്പൂര്‍ണ വാര്‍ത്താപത്രമായിരുന്നില്ല. എന്നാല്‍, ഇന്ന് ദേശാഭിമാനി ഒരേസമയം പാര്‍ടിപത്രവും അതേസമയം സമ്പൂര്‍ണ വാര്‍ത്താ ദിനപത്രവുമാണ്. മറ്റൊരു പത്രവും വായിക്കാതെ പാര്‍ടിയുടെ ദിനപത്രംമാത്രം വായിക്കുന്ന ഒരു സാധാരണ വായനക്കാരന് ദൈനംദിനം നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുവിവരം കിട്ടാനുള്ള എല്ലാത്തരം വാര്‍ത്തകളും കൊടുക്കുന്ന പത്രമാണിന്ന് ദേശാഭിമാനി.

    ReplyDelete
  2. read this:
    http://cibu.blogspot.com/2009/12/dove.html

    now this:

    "മറ്റൊരു പത്രവും വായിക്കാതെ പാര്‍ടിയുടെ ദിനപത്രംമാത്രം വായിക്കുന്ന ഒരു സാധാരണ വായനക്കാരന് ദൈനംദിനം നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുവിവരം കിട്ടാനുള്ള എല്ലാത്തരം വാര്‍ത്തകളും കൊടുക്കുന്ന പത്രമാണിന്ന് ദേശാഭിമാനി."

    if u r telling such truths, i dont blame the 'common' communists for his mistakes!!!

    ReplyDelete
  3. രഞ്ജിത്,

    വേഷം മാറി എന്ന പ്രയോഗം ആ ഏറ്റെടുക്കലിന്റെ രാഷ്ട്രീയവും കൂടി ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ഭോപ്പാല്‍ പോസ്റ്റില്‍ തന്നെ കമന്റായി ഇട്ടിട്ടുണ്ട്.

    ReplyDelete
  4. oru proof readerine koode vekkan marakkalle saghavee... allenkil pinne veendum patti theetta thudarum...

    ReplyDelete
  5. http://tappulathif.blogspot.com/2009/07/blog-post_10.html

    ReplyDelete
  6. നാട്ടിലായിരുന്നപ്പോള്‍ പാര്‍ട്ടിയിലും മെംബറായിരിന്നു... നാട്ടില്‍ ഒരു മില്‍മ ഡയറി തുടങ്ങാന്‍ 400 മെംബര്‍ മാരെ കണ്ടെത്തി ഒരു സഹകരണ സ്ഥാപനം തുടങ്ങി... പാലളക്കുന്നതിന്റെ കമ്മീഷനില്‍ സ്ഥപനം അല്പം മെച്ചപ്പെട്ട വരുമാനത്തിലെത്തി.. അപ്പോഴല്ലേ കുട്ടി സഖാക്കള്‍, ആധുനിക വിപ്ലവ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്...
    ദേശാവമാനി,കൌമുദി... അങ്ങനെ ഇടതു പക്ഷത്തിന്റെ സകല വാരികകളും, നാട്ടു കാരുടെ ചിലവില്‍ വരുത്തിതുടങ്ങി...

    ഇത് ഇപ്പോളും നാട്ടില്‍ പല സ്ഥലങ്ങളിലും നടക്കുന്നുണ്ടാകും... സ്വന്തം കാശ് കൊടുത്ത് എത്ര പേര്‍ വാങ്ങുന്നുണ്ടാവോ?

    ReplyDelete