Wednesday, December 9, 2009

കേന്ദ്രസര്‍ക്കാര്‍ ഉത്തരം പറയേണ്ട 6 ആരോപണങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

വിലക്കയറ്റത്തിനെതിരെ കേരളം രണ്ടുസമരത്തിന് വേദിയാവുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി സമരം പ്രഖ്യാപിച്ചിരിക്കുന്നു. യുഡിഎഫിന്റെ സമരം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും. വിലക്കയറ്റത്തിനു കാരണം കേന്ദ്രസര്‍ക്കാരാണെന്ന് എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരാണെന്ന് യുഡിഎഫും പറയുന്നു. പരസ്പരവിരുദ്ധങ്ങളായ ഈ ആരോപണങ്ങള്‍ കുറച്ചു സാധാരണക്കാരെയെങ്കിലും അമ്പരപ്പിച്ചേക്കാം. കേന്ദ്രസര്‍ക്കാരിനെതിരെ ഒരു കുറ്റപത്രം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാനുണ്ട്.

ആരോപണം ഒന്ന്

റേഷന്‍വില വര്‍ധിപ്പിച്ചു ബിപിഎല്‍ വിഭാഗത്തിന് കിലോയ്ക്ക് 6.20 രൂപവച്ചും എപിഎല്‍ വിഭാഗത്തിന് 8.90 രൂപവച്ചുമാണ് റേഷനരി കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഓണത്തിന് 30000 ട അരി എപിഎല്‍ വിഭാഗത്തിന് അധികമായി അനുവദിച്ചു. ഈ അരിക്ക് 13.88 രൂപയാണ് ഈടാക്കിയത്. കേരള സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായി ഇപ്പോള്‍ ഇതുപോലെ കുറച്ചു കൂടുതല്‍ അരി അനുവദിച്ചിട്ടുണ്ട്. അരിയുടെ ഗ്രേഡ് അനുസരിച്ച് 15 മുതല്‍ 16 രൂപവരെയാണ് വില ഈടാക്കുന്നത്. 8.90 രൂപ നല്‍കേണ്ടുന്ന എപിഎല്‍ അരി 15-16 രൂപ ഈടാക്കിയാണ് നല്‍കുന്നത്. വിലക്കയറ്റകാലത്ത് സര്‍ക്കാര്‍ വിലകള്‍ പിടിച്ചുനിര്‍ത്തുന്നതിനു പകരം വര്‍ധിപ്പിക്കുന്നത് പാതകമാണ്. കോണ്‍ഗ്രസ് ഇതിന് മറുപടി പറഞ്ഞേ തീരൂ.

ആരോപണം രണ്ട്

അരിയുടെ ക്വോട്ട വെട്ടിക്കുറച്ചു സംസ്ഥാനത്തിന്റെ അരിയുടെ ക്വോട്ടയില്‍ ഏതാണ്ട് ഒരുലക്ഷം ടണ്ണിന്റെ വെട്ടിക്കുറവാണ് കേന്ദ്രം നടത്തിയത്. എപിഎല്‍ വിഭാഗത്തിന് ലഭിച്ചിരുന്ന 117000 ട വിഹിതം, 13056 ട ആയാണ് വെട്ടിച്ചുരുക്കിയത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധവും സമ്മര്‍ദവും കേന്ദ്രം അവഗണിച്ചു. ഇതുവരെ ഈ ക്വോട്ട പുനസ്ഥാപിച്ചിട്ടില്ല. പകരം താല്‍ക്കാലികമായി 19000 ട കൂടി അനുവദിക്കുകയാണ് ചെയ്തത്. കൊടിയ വിലക്കയറ്റത്തിന്റെ ഈ നാളുകളില്‍ പോലും ഭക്ഷ്യക്വോട്ട പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതിനു പകരം റേഷന്‍സമ്പ്രദായത്തില്‍ കൈവയ്ക്കാനും തീരുമാനം വന്നുകഴിഞ്ഞു.

ആരോപണം മൂന്ന്

സാര്‍വത്രിക റേഷനിങ് നിയമവിരുദ്ധമാക്കാന്‍ പരിപാടി ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ എപിഎല്‍ വിഭാഗത്തിന് സമ്പൂര്‍ണമായി റേഷന്‍ നിഷേധിക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ നിയമപ്രകാരം കേരളത്തില്‍ റേഷന് അര്‍ഹതയുള്ളത് 11 ലക്ഷം കുടുംബത്തിനു മാത്രം. നിലവില്‍ 26 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ റേഷന്‍ ലഭിക്കുന്നത്. പകുതിയിലേറെപ്പേരുടെ ആനുകൂല്യം നഷ്ടപ്പെടും. അര്‍ഹതപ്പെട്ടവര്‍പോലും ഇന്നത്തെ രണ്ടു രൂപയ്ക്കുപകരം മൂന്നു രൂപ വില നല്‍കണം. ഇപ്പോള്‍ അന്ത്യോദയ സ്കീമില്‍ 35 കിലോ കിട്ടുന്നത് 25 കിലോ ആയി കുറയുകയും ചെയ്യും. വില കൂട്ടിയും അളവു കുറച്ചും പാവങ്ങള്‍ക്ക് ഇരട്ടപ്രഹരമേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എപിഎല്‍ വിഭാഗത്തിന് റേഷന്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിനെതിരെ ഇന്നോളം കണ്ടതില്‍വച്ചേറ്റവും വലിയ സമരശക്തികൊണ്ട് കേരളം നേരിടും. ആ സമരപഥത്തിന്റെ ഓരത്തെങ്കിലും കോണ്‍ഗ്രസുകാരുണ്ടാകുമോ എന്നാണ് കേരളം ചൂണ്ടുവിരല്‍ നീട്ടി ചോദിക്കുന്നത്.

ആരോപണം നാല്

സ്റ്റോക്കുണ്ടായിട്ടും പൊതുവിതരണം നിഷേധിക്കുന്നു നാലരക്കോടി ടണ്‍ ധ്യാനങ്ങള്‍ സ്റ്റോക്കുണ്ടെന്നാണ് ഡല്‍ഹിയില്‍ നടന്ന ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രകൃഷി മന്ത്രി ശരദ്പവാര്‍ വെളിപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷയ്ക്ക് മിനിമം വേണ്ടത് 1.6കോടി മാത്രം. ആവശ്യത്തിലേറെ ധാന്യം സ്റ്റോക്കുണ്ടായിട്ടും പൊതുവിതരണ സംവിധാനം പുനസ്ഥാപിക്കാതെ കേരള ജനതയെ വെല്ലുവിളിക്കുകയാണ് കേന്ദ്രഭരണകൂടം. പൊതുവിതരണ സംവിധാനത്തിലൂടെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം ധാന്യം നല്‍കുന്നതിനു പകരം മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലം വിളിച്ച് വീതിക്കുന്ന (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ്) കേന്ദ്രത്തിനെതിരെ ശബ്ദിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് നാവില്ല. കച്ചവടക്കാര്‍ക്കു വേണ്ടി പൊതുവിതരണ സംവിധാനം തകര്‍ക്കുന്ന ഭരണശൈലിക്കും നയങ്ങള്‍ക്കുമെതിരെയുളള സമരത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു വിട്ടുവീഴ്ചയുമില്ല.

ആരോപണം അഞ്ച്

പൂഴ്ത്തിവയ്പും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്നു പൂഴ്ത്തിവയ്പുകാര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ഓപ്പ മാര്‍ക്കറ്റ് സംവിധാനമാണ് ദരിദ്രര്‍ക്ക് കേന്ദ്രം നല്‍കുന്ന സമ്മാനം. വിലക്കയറ്റത്തിന്റെ തീവെയിലില്‍ പൂഴ്ത്തിവയ്പിന് സൌകര്യമുണ്ടാക്കുന്ന കേന്ദ്രം ഭരിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് സ്പഷ്ടം. ഇടതുപക്ഷ സമ്മര്‍ദത്തിനു വഴങ്ങിയാണ് ധാന്യങ്ങളുടെ മേലുള്ള ഫോര്‍വേഡ് ട്രേഡിങ് എന്ന ഊഹക്കച്ചവട സമ്പ്രദായം കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ഇത് ഇപ്പോള്‍ പുനസ്ഥാപിക്കപ്പെട്ടു. 2009 ജൂണില്‍ 15 ലക്ഷം കോടി രൂപയുടെ ഫോര്‍വേഡ് ട്രേഡിങ് ആണ് ധാന്യത്തില്‍ നടന്നത്. 2008 ജൂണില്‍ ഇത് കേവലം രണ്ടു ലക്ഷം കോടി മാത്രമായിരുന്നു. ക്രമാതീതമായി വീര്‍ത്തുകൊണ്ടിരിക്കുന്ന ഈ ഊഹക്കച്ചവടമാണ് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണം.

ആരോപണം ആറ്

പണക്കാര്‍ക്ക് സൌജന്യം നല്‍കാന്‍ പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്നു കേരളത്തിലെ എല്ലാവര്‍ക്കും റേഷന്‍ നല്‍കാന്‍ പണമില്ലെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വരേണ്യവര്‍ഗത്തിന് രണ്ടു ലക്ഷം കോടിയുടെ നികുതിയിളവ് നല്‍കി. മാന്ദ്യം നേരിടാന്‍ നികുതിയിളവുകളുടെ മാര്‍ഗം സ്വീകരിച്ചാല്‍ സര്‍ക്കാരിന്റെ കമ്മികൂടും; പാവങ്ങള്‍ക്ക് റേഷന്‍ നല്‍കാന്‍ പണമില്ലാതെ വരും. കോണ്‍ഗ്രസിന്റെ ഈ ചെയ്തിയുടെ ഫലമായാണ് വിലകള്‍ വാണംപോലെ കയറുന്നത്. അവശ്യസാധനങ്ങളുടെ വിലകയറുമ്പോള്‍ സാധാരണക്കാരുടെ പോക്കറ്റ് ചോരും. പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് പണക്കാര്‍ക്ക് സൌജന്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍.

റൂള്‍ 193 പ്രകാരം 2009 നവംബര്‍ 26ന് ലോക്സഭയില്‍ വിലക്കയറ്റത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് ആരും പങ്കെടുത്തതായി കണ്ടില്ല. എല്ലാ സംസ്ഥാനവും അതിരൂക്ഷമായ വിലക്കയറ്റം നേരിടുന്നുവെന്ന് ആ ചര്‍ച്ച സ്പഷ്ടമാക്കി. ഏറ്റവുമധികം വിലക്കയറ്റം ഡല്‍ഹിയിലാണ്. വിലക്കയറ്റത്തില്‍ പൊള്ളിപ്പിടയുകയാണ് മറ്റു സംസ്ഥാനങ്ങളും. അവിടെയൊന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയല്ല ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ സൃഷ്ടിക്കുന്ന മാരകമായ വിലക്കയറ്റത്തില്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ജനങ്ങള്‍ വറചട്ടിയില്‍ കിടന്ന് പിടയുമ്പോഴാണ് യുഡിഎഫുകാര്‍ സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ സമരനാടകവുമായി ഇറങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധതയില്‍നിന്ന് ഇങ്ങനെ ശ്രദ്ധതിരിക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കുളള മറുപടി ജനം നല്‍കും.

ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി

2 comments:

  1. വിലക്കയറ്റത്തിനെതിരെ കേരളം രണ്ടുസമരത്തിന് വേദിയാവുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി സമരം പ്രഖ്യാപിച്ചിരിക്കുന്നു. യുഡിഎഫിന്റെ സമരം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും. വിലക്കയറ്റത്തിനു കാരണം കേന്ദ്രസര്‍ക്കാരാണെന്ന് എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരാണെന്ന് യുഡിഎഫും പറയുന്നു. പരസ്പരവിരുദ്ധങ്ങളായ ഈ ആരോപണങ്ങള്‍ കുറച്ചു സാധാരണക്കാരെയെങ്കിലും അമ്പരപ്പിച്ചേക്കാം. കേന്ദ്രസര്‍ക്കാരിനെതിരെ ഒരു കുറ്റപത്രം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാനുണ്ട്.

    ReplyDelete
  2. അരിയുടെ ക്വോട്ട വെട്ടിക്കുറച്ചു സംസ്ഥാനത്തിന്റെ അരിയുടെ ക്വോട്ടയില്‍ ഏതാണ്ട് ഒരുലക്ഷം ടണ്ണിന്റെ വെട്ടിക്കുറവാണ് കേന്ദ്രം നടത്തിയത്...

    how come, we need more rice? what happened to our farm land in kerala? make more strike to all farming area... so that the rest will close soon...:) then blame the central for everything...

    ReplyDelete