Sunday, December 6, 2009

ഹയര്‍ സെക്കണ്ടറി മേഖല മെച്ചപ്പെടലിന്റെ പാതയില്‍

അധ്യാപക സംഘടനകളുടെ മുന്‍കാല പ്രക്ഷോഭങ്ങളില്‍ മുഖ്യ ഇനമായി ഉന്നയിച്ചിരുന്നത് ഹയര്‍ സെക്കണ്ടറിയിലെ പ്രശ്നങ്ങളായിരുന്നു. ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലെ കെടുകാര്യസ്ഥത, ഉദ്യോഗസ്ഥ മേധാവിത്വം, അഴിമതി നിയമനങ്ങള്‍ അംഗീകരിക്കല്‍, ജൂനിയര്‍ സീനിയര്‍ പ്രശ്നങ്ങള്‍, പരീക്ഷാ കുഴപ്പങ്ങള്‍, ലാബ് അസിസ്റന്റ് നിയമനം, പ്രിന്‍സിപ്പല്‍മാരുടെ പ്രമോഷന്‍, പി.എസ്.സി. നിയമനം, പ്രമോഷന്‍ ലിസ്റ്റിലെ അപാകത, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് പൊതുസംഘടനകളും ഹയര്‍ സെക്കണ്ടറി കാറ്റഗറി സംഘടനകളും നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. യു.ഡി.എഫ്. ഭരണകാലത്ത് ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിന്റെ പടിവാതില്‍ എന്നും സമരകേന്ദ്രമായിരുന്നു. ഡയറക്ടറേറ്റിനുളളില്‍ പോലീസ് കാവലും സ്ഥിരമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും കടന്നുചെല്ലാനാകാത്ത 'രാവണന്‍ കോട്ട'യായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് മാറിയിരുന്നു.

എന്നാലിപ്പോള്‍ അദ്ധ്യാപക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളിലെ ഡിമാന്റുകളിലൊന്നിലും ഹയര്‍ സെക്കണ്ടറിയിലെ പ്രശ്നങ്ങള്‍ ഒന്നുപോലുമില്ല! സംഘടനകള്‍ക്ക് ഏറ്റെടുക്കാന്‍ പാകത്തിലുളള ഗൌരവ പ്രശ്നങ്ങള്‍ ഇല്ലാതായത് എങ്ങനെ? ഹയര്‍ സെക്കണ്ടറി എന്ന 'ഈജിയന്‍ തൊഴുത്തി'ലുണ്ടായ ശ്രദ്ധേയമായ മാറ്റം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായതാണ്. സാമൂഹ്യനീതിയും തുല്യതയും ഉറപ്പ് വരുത്തുന്ന രീതിയില്‍ ഹയര്‍ സെക്കണ്ടറിയില്‍ വരുത്തിയ മാറ്റങ്ങള്‍ എടുത്തു പറയേണ്ടതാണ്. പൊതുജനങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കടന്നുചെല്ലാന്‍ കഴിയുന്ന രീതിയില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിന്റെ രൂപഘടനയാകെ മാറിയത് കുറഞ്ഞ കാലത്തിനുള്ളിലാണ്.

വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന എല്ലാ നന്മകളേയും വിവാദങ്ങളാക്കി വക്രീകരിക്കാന്‍ വിരുതുളളവരുടെ പ്രചരണങ്ങള്‍ക്കിടയില്‍ ഈ മാറ്റങ്ങളെ പലരും ശ്രദ്ധിച്ചില്ല. വിദ്യാഭ്യാസ മന്ത്രിയെ അടച്ചാക്ഷേപിക്കുന്ന ഒരുകൂട്ടം മാധ്യമങ്ങളും അവരുടെ വൈതാളികരും കൂടി എല്ലാം കുഴപ്പമാണെന്നു പ്രചരിപ്പിച്ച് ഹയര്‍ സെക്കണ്ടറി രംഗത്തുണ്ടാക്കിയ നന്മ നിറഞ്ഞ, സമൂഹത്തിനു ഗുണകരമായ, അദ്ധ്യാപകര്‍ക്കു സന്തുഷ്ടിയുണ്ടാക്കുന്ന, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അനുഭവിച്ചറിയുന്ന മെച്ചപ്പെട്ട പരിഷ്ക്കാരങ്ങളെ തമസ്കരിക്കുകയാണ്.

ആന കയറിയ കരിമ്പിന്‍ തോട്ടം പോലെയായിരുന്ന ഹയര്‍ സെക്കണ്ടറിയെ ചൈതന്യപൂര്‍ണമാക്കിയതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിക്കാണ്. രാഷ്ട്രീയ ഇച്ഛാശക്തിയോടെയുളള ഓരോ ചുവടുവയ്പും നന്മയുടെ നടപ്പാതയൊരുക്കി. ഹയര്‍ സെക്കണ്ടറി എങ്ങിനെ വന്നു, എന്താണതിന്റെ ചരിത്രം എന്ന് തിരിച്ചറിഞ്ഞാലേ ഓരോ പരിഷ്ക്കരണങ്ങളുടെയും പ്രധാന്യം മനസ്സിലാകും.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തില്‍ ഹയര്‍ സെക്കണ്ടറി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രസര്‍ക്കാര്‍ 1969 മുതല്‍ കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഹയര്‍സെക്കണ്ടറിയെ പ്രീഡിഗ്രിയാക്കി പരിഗണിക്കാനാണ് കേരളം ശ്രമിച്ചത്. ഒടുവില്‍ ശക്തമായി കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ പ്രീഡിഗ്രിയ്ക്കുപകരം പ്രീഡിഗ്രി ബോര്‍ഡ് രൂപീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന (1982-87 കാലത്ത്) ടി.എം. ജേക്കബ്ബ് തീരുമാനിച്ചു. അണ്‍എയിഡഡ് സ്ക്കൂളുകളെ ശക്തിപ്പെടുത്താനുള്ള ജേക്കബ്ബിന്റെ ഈ നീക്കത്തിനെതിരെ അതിശക്തമായ സമരമാണുണ്ടായത്. പ്രക്ഷോഭ കൊടുങ്കാറ്റില്‍ ജേക്കബ്ബിന്റെ പ്രീഡിഗ്രി ബോര്‍ഡ് തകര്‍ന്ന് തരിപ്പണമായി. ആ സമരം അന്നത്തെ കരുണാകരന്‍ മന്ത്രിസഭയുടെ പതനത്തിനും വഴിവെച്ചു. തുടര്‍ന്നധികാരത്തില്‍ വന്ന ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി കെ. ചന്ദ്രശേഖരനാണ് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. (1989-90 ല്‍).

അങ്ങനെ ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ കേരളത്തില്‍ ആരംഭിച്ചതിന്റെ ക്രെഡിറ്റ് എല്‍.ഡി.എഫ്. സര്‍ക്കാരിനുതന്നെയായി. ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഹയര്‍ സെക്കണ്ടറി ബാച്ച് തുടങ്ങി. പിറ്റേവര്‍ഷം ഓരോ സ്വകാര്യ ഹൈസ്ക്കൂളുകളിലും ഹയര്‍ സെക്കണ്ടറി ബാച്ച് തുടങ്ങി. നിലവിലുളള ഹൈസ്ക്കൂളുകളില്‍ ഭൌതിക സാഹചര്യങ്ങള്‍ ഉളളവ നോക്കിയാണ് ബാച്ചുകള്‍ അനുവദിച്ചത്. യോഗ്യരായ ഹൈസ്ക്കൂള്‍ അദ്ധ്യാപകരെ സ്പെഷ്യല്‍ പേ നല്‍കിയും പോരാതെ വന്നവരെ എംപ്ളോയ്മെന്റില്‍നിന്നും നിയമിച്ചു. ഈ പരീക്ഷണം എങ്ങിനെ വ്യാപിപ്പിക്കാം, മെച്ചപ്പെടുത്താം തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച് രൂപരേഖ തയ്യാറാക്കാന്‍ റൊമാനസ് ഹോറോ ഐ.എ.എസിനെയും നിയമിച്ചു.

ഈ പരീക്ഷണം അര്‍ത്ഥവത്തായി മുന്നോട്ടുനീങ്ങി. റൊമാനസ് ഹോറോ റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മറ്റും വന്നതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാറിനു കഴിഞ്ഞില്ല, പിന്നീട് അധികാരത്തില്‍ വന്ന് നാലുവര്‍ഷം ഭരിച്ച കെ. കരുണാകരനും, ഒരു വര്‍ഷം അധികാരത്തിലിരുന്ന എ.കെ. ആന്റണിയും ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ എങ്ങും പുതുതായി അനുവദിച്ചില്ല. റോമാനസ് ഹോറോയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കാനുളള താല്പര്യവും കാണിച്ചില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിവെച്ച ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനാകര്‍ഷകമായി തുടര്‍ന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി തുടങ്ങിവെച്ചു എന്നതുകൊണ്ടാകാം പ്രസ്തുത സ്ക്കൂളുകളെ മെച്ചപ്പെടുത്താനുളള നടപടികളൊന്നും യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തില്ല. എങ്കിലും സ്പെഷല്‍ പേ വാങ്ങിച്ച് ജോലി ചെയ്ത് അദ്ധ്യാപകരും സ്കൂളുകള്‍ മെച്ചപ്പെടുത്താന്‍ പി.ടി.എ.കളും മാനേജുമെന്റും തയാറായതുകൊണ്ടുമാത്രം പ്രസ്തുത ബാച്ചുകള്‍ നടന്നു. സര്‍ക്കാരിന്റെ കൃപാകടാക്ഷങ്ങളില്ലാതെ ഈ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ ബാലാരിഷ്ടതകളോടെ അഞ്ചു വര്‍ഷം പിടിച്ചുനിന്നു.

തുടര്‍ന്നധികാരത്തില്‍ വന്ന ഇ.കെ. നായനാരുടെ നേതൃത്വത്തിലുളള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു, 96 മെയ് മാസം അധികാരത്തില്‍ വന്ന സര്‍ക്കാര്‍ തൊട്ടടുത്ത മാസം - പുതിയ അക്കാദമിക് വര്‍ഷം - തന്നെ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചു. പെട്ടെന്നുള്ള തീരുമാനം അപാകതകളുണ്ടാക്കുമെന്ന് ഗുണകാംക്ഷികള്‍ പലരും പറഞ്ഞു. വേണ്ടത്ര അദ്ധ്യാപകരെ കിട്ടില്ല, ഡയറക്ടറേറ്റുണ്ടാക്കാന്‍ കഴിയില്ല, സ്കൂളുകളില്‍ സൌകര്യമുണ്ടാകില്ല തുടങ്ങിയ തടസ്സവാദങ്ങള്‍ പല കോണുകളില്‍ നിന്നുണ്ടായിട്ടും അതിനെയൊക്കെ മറികടക്കാന്‍ കഴിയുന്ന നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങി ചരിത്ര സങ്കല്പം സാക്ഷാത്ക്കരിച്ചു. ആ അദ്ധ്യയന വര്‍ഷം 200 ലധികം സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറികളാക്കി ഉയര്‍ത്തി. വളരെ ചടുലമായ രീതിയില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ കാര്യങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് തയ്യാറായി. അങ്ങനെ പ്ളസ്ടു, സ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൊണ്ടുള്ള ചരിത്ര പ്രധാനമായ തീരുമാനത്തിന് നേതൃത്വം കൊടുക്കാന്‍ വീണ്ടും എല്‍.ഡി.എഫ്. സര്‍ക്കാരിനു കഴിഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ ഘടനയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്ന, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ഹയര്‍ സെക്കണ്ടറിക്കുവേണ്ടി നിരവധി കടമ്പകള്‍ തരണം ചെയ്യേണ്ടിയിരുന്നു. അതെല്ലാം സധൈര്യം എറ്റെടുത്താണ് കോളേജുകളില്‍ നിന്നും പ്രീ-ഡിഗ്രി വേര്‍പെടുത്താനും ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി 10+2 മാതൃക സ്വീകരിക്കാനും 1997-98 അക്കാദമിക് വര്‍ഷത്തില്‍ ഒരു ഓര്‍ഡിനന്‍സുവഴി എല്‍.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് 1998 ഡിസംബര്‍ മാസം 15 നു പ്രീഡിഗ്രി വേര്‍പ്പെടുത്തല്‍ ബില്ല് കേരള നിയമസഭയില്‍ പി.ജെ. ജോസഫ് അവതരിപ്പിച്ചു. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ യു.ഡി.എഫ്. അംഗങ്ങള്‍ ശക്തമായ എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയിട്ടും അതിനെയെല്ലാം നേരിട്ട് ഡിസംബര്‍ 18 ന് ബില്ല് പാസാക്കി.

തുടര്‍ വര്‍ഷങ്ങളില്‍ നിരവധി സ്വകാര്യ വിദ്യാലയങ്ങളിലും പ്ളസ്ടു വ്യാപിപ്പിച്ചു. എന്നാല്‍ അണ്‍എയിഡഡ് മേഖലയില്‍ ഹയര്‍ സെക്കണ്ടറി അനുവദിക്കാന്‍ എല്‍.ഡി.എഫ് തയ്യാറായില്ല എന്നതു എടുത്തു പറഞ്ഞേ പറ്റൂ. സങ്കീര്‍ണമായ പല പ്രതിസന്ധികളുണ്ടായിട്ടും യു.ഡി.എഫിന്റെ ഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുണ്ടായിട്ടും ഹയര്‍ സെക്കണ്ടറി യാഥാര്‍ത്ഥ്യമായി. സര്‍ക്കാരിന്റെ സങ്കല്പങ്ങളെ തുരങ്കം വെയ്ക്കുന്ന രീതിയിലാണ് ഡയറക്ടറേറ്റ് പെരുമാറിയത്. പൊതുവിദ്യാഭ്യാസത്തിന്റെ ധാരയില്‍ നിന്നും മാറി പ്രത്യേക 'സ്വര്‍ഗ്ഗരാജ്യം' സ്ഥാപിക്കാനുളള രീതിയിലാണ് ഡയറക്ടറേറ്റ് പ്രവര്‍ത്തിച്ചത്. ഈ സ്ഥിതിവിശേഷം ഹയര്‍ സെക്കണ്ടറിയെ സംശയത്തോടെ വീക്ഷിക്കുന്ന സ്ഥിതി ജനങ്ങളിലുണ്ടാക്കി.

എല്‍.ഡി.എഫ്. മാറി. 2001 ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റതോടെ വീണ്ടും ഹയര്‍ സെക്കണ്ടറി അസ്വസ്ഥതകളുടെ വിളഭൂമിയായി. 'കളളുകുടിച്ച കുരങ്ങനെ തേളും കൂടി കുത്തിയ' അവസ്ഥയിലായി കാര്യങ്ങള്‍. അഴിമതിയും സ്വജനപക്ഷപാതവും നിയമന പ്രശ്നങ്ങളും കോടതികേസുകളും പ്രമോഷന്‍ പ്രശ്നങ്ങളും കാറ്റഗറി പ്രശ്നങ്ങളും മാനേജ്മെന്റിന്റെ തന്നിഷ്ടങ്ങളുമെല്ലാം വര്‍ദ്ധിച്ചു. കെടുകാര്യസ്ഥതയും ധൂര്‍ത്തും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ കൊടികുത്തി വാണു. ഡയറക്ടറുടെ വിളയാട്ടങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ തുടരെ അരങ്ങേറി. നേരത്തെ സൂചിപ്പിച്ചപോലെ ഡയറക്ടറേറ്റിലേക്ക് ഒരു രക്ഷിതാവിനോ, അദ്ധ്യാപകനോ വിദ്യാര്‍ത്ഥിക്കോ കടന്നുചെല്ലാന്‍ പ്രത്യേകം അനുമതിയും പ്രശ്നപരിഹാരത്തിനു പണം കൊടുക്കണമെന്ന സ്ഥിതിയും ഉണ്ടായി. ഇതിനൊക്കെ പറ്റിയ രീതിയിലുളള അനുചരന്മാരെയും ഡയറക്ടറേറ്റില്‍ സൃഷ്ടിച്ചു. പൊതു അദ്ധ്യാപക സംഘടനകള്‍ ഒറ്റയ്ക്കും കൂട്ടായും നിരവധി സമരങ്ങള്‍ നയിച്ചു. യു.ഡി.എഫ്. ഭരണം അവസാനിക്കാറായ ഘട്ടത്തില്‍ ഹയര്‍ സെക്കണ്ടറിയിലെ പ്രശ്നങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കി. എന്നും ഡയറക്ടറേറ്റിനു മുമ്പില്‍ സമരമെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി.

ഈ കാലത്താണ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് (2006-മേയ്). വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി എം.എ. ബേബിയും വന്നു.ഹയര്‍ സെക്കണ്ടറിയുണ്ടാക്കിയതും അതിനുവേണ്ടി നിയമങ്ങള്‍ പാസാക്കിയതും എല്‍.ഡി.എഫ്. ആണെന്ന പ്രത്യേക പരിഗണനയോടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയാണ് വിദ്യാഭ്യാസ മന്ത്രി പ്രവര്‍ത്തിച്ചത്. സാമൂഹ്യനീതിയും തുല്യതയും ഉറപ്പു വരുത്തുക, വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുക എന്ന തത്വത്തിലാണ് നടപടികള്‍ തുടങ്ങിയത്. ചുവടുവെയ്പുകളെല്ലാം പ്രശ്നപരിഹാരത്തിന് സഹായകമായി.

ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ഉത്തുംഗതയില്‍ വിരാജിച്ച ഡയറക്ടറെ സ്ഥാനത്തുനിന്ന് മാറ്റി.പ്രസിദ്ധ ചരിത്ര അധ്യാപകനും സംഘടനാനേതാവുമായിരുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ തുടിപ്പുകളറിയുന്ന പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ നായരെ ഡയറക്ടര്‍ ആക്കി. ചില ചെറിയ ക്രമപ്പെടുത്തലുകളിലൂടെ ഡയറക്ടറേറ്റിനെ ജനസൌഹൃദമാക്കി. ഉദ്യോഗസ്ഥരെ കാണാനും പ്രശ്നങ്ങള്‍ അറിയാനുമെല്ലാം ഡയറക്ടറേറ്റില്‍ സൌകര്യങ്ങളൊരുക്കി. ഗ്രില്ലുഗേറ്റ് തുറന്നുകിട്ടാന്‍ സമരം ചെയ്യേണ്ട അവസ്ഥ മാറി.

പരീക്ഷാ വിഭാഗത്തിനു പ്രത്യേക സ്ഥല സൌകര്യങ്ങളും, കമ്പ്യൂട്ടര്‍ സംവിധാനങ്ങളുമൊരുക്കി. ആയിരക്കണക്കിനു രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമായി. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ തുടങ്ങിയവയ്ക്കുവേണ്ടി വിവിധ ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ അവ ലഭ്യമാകുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യങ്ങള്‍ക്കുവേണ്ടി മുമ്പ് ഇവിടെ എത്തിയിരുന്നവര്‍ സഹികെട്ട് സമരം ചെയ്തപ്പോള്‍ അവരെ പിരിച്ചുവിടാന്‍ നിരവധി തവണ പോലീസ് ഇടപെടലുണ്ടായിട്ടുണ്ട് എന്ന കാര്യം ഓര്‍മ്മിക്കുക. എല്ലാറ്റിനുമൊരു നേരും നെറിയും വന്നു. കാഴ്ചദ്രവ്യങ്ങളില്ലാതെ കാര്യങ്ങള്‍ നടക്കുന്ന മട്ടിലായി. ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡയറക്ടറേറ്റുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ഉണ്ടാക്കിയിരുന്നു. ഡയറക്ടര്‍ക്കു ഒപ്പം താളം തുള്ളിയ ചിലര്‍ക്ക് അവര്‍ വിരമിക്കുന്നതിനു മുമ്പ് റീജിയണല്‍ ഡയറക്ടര്‍മാരാകുന്നതിനുവേണ്ടി തസ്തിക സൃഷ്ടിച്ച് കുടിയിരുത്തല്‍ മാത്രമാണുണ്ടായത്. എന്നാലിപ്പോള്‍ റീജിയണല്‍ ആഫീസുകളില്‍ ഭരണപരമായ അധികാരങ്ങളും തസ്തികകളും അനുവദിച്ച് പ്രവര്‍ത്തനക്ഷമമാക്കി. ശമ്പളം, ലീവ്, അടക്കമുള്ള നിരവധി കാര്യങ്ങള്‍ക്ക് ഇപ്പോള്‍ ഡയറക്ടറേറ്റില്‍ വരേണ്ട. അദ്ധ്യാപക സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിച്ച ആവശ്യങ്ങളിലൊന്നായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ അണ്‍എയിഡഡ് സ്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി അനുവദിച്ചിരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് അണ്‍എയിഡഡ് സ്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി അനുവദിച്ചത്. അവസരമുണ്ടായിട്ടും മലബാര്‍ മേഖലയിലെ പൊതുവിദ്യാലയങ്ങളില്‍ ഹയര്‍ സെക്കണ്ടറി അനുവദിക്കാന്‍ അന്ന് അവര്‍ തയാറായില്ല. എന്നാലീ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 35 പൊതുവിദ്യാലയങ്ങളെ, മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളാക്കി ഉയര്‍ത്തി. കൂടുതല്‍ ബാച്ചുകള്‍ക്കും അനുമതി നല്‍കി. എസ്.എസ്.എല്‍.സി. ജയിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനം ലഭിക്കുമെന്നുറപ്പായി. മലബാറിലെ നിരവധി മുസ്ളീം സംഘടനകളുന്നയിച്ചിരുന്ന ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പിന്നോക്ക സമുദായ സംരക്ഷണത്തിന്റെ അമരക്കാരായിരുന്ന നാലകത്തു സൂപ്പിക്കും ഇ.ടി. മുഹമ്മദ് ബഷീറിനും കഴിയാതിരുന്ന കാര്യം എം.എ. ബേബി ചെയ്തു.

ഹയര്‍ സെക്കണ്ടറിയിലെ അക്കാദമിക് കാര്യങ്ങളില്‍ വ്യക്തതയില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്. 39 കോമ്പിനേഷനുകള്‍ ഉള്‍ക്കൊളളുന്ന നിരവധി കോഴ്സുകള്‍ ഉണ്ടായിരുന്നെങ്കിലും പാഠപുസ്തകങ്ങള്‍, അധ്യാപക പരിശീലനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഗുണനിലവാരം ഉറപ്പാക്കിയിരുന്നില്ല. എന്‍.സി.ഇ.ആര്‍.ടി. നിര്‍ദ്ദേശിക്കുന്ന പാഠപുസ്തകങ്ങള്‍ ഏതു എജന്‍സിവഴിയും സ്ക്കൂളധികൃതര്‍ക്ക് വാങ്ങാം. കമ്മീഷന്‍ കച്ചവടമാണ് നടന്നിരുന്നത്. ഈ സ്ഥിതി മാറ്റി. പ്രധാന പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആര്‍.ടി. യെ ഏല്പിച്ചു. പാഠപുസ്തക വിതരണത്തിന് സ്കൂള്‍ സഹകരണ സംഘങ്ങളെ ഏല്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന വില നിശ്ചയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക താല്പര്യമനുസരിച്ചാണ് ഹയര്‍ സെക്കണ്ടറിയിലെ പ്ളസ്വണ്ണിന് പൊതുപരീക്ഷ നിശ്ചയിച്ചത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു സ്വീകരിച്ച ശ്രദ്ധേയ നടപടിയായിരുന്നു ഇത്. ഒന്നാം വര്‍ഷത്തെ പാഠഭാഗങ്ങള്‍ ഒട്ടും പഠിപ്പിക്കാതെ പ്ളസ്ടു പരീക്ഷയില്‍മാത്രം ഊന്നല്‍ നല്‍കിയ കോച്ചിംഗ് കേന്ദ്രങ്ങളാക്കിയ പല വിദ്യാലയങ്ങളും സംസ്ഥാനത്തുണ്ടായിരുന്നു. പുതിയ തീരുമാനത്തിലൂടെ ആ അവസ്ഥ മാറി. ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളെ ഉന്നത വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ചവിട്ടുപടിയാക്കി. കഴിഞ്ഞ വര്‍ഷത്തെ എഞ്ചിനിയറിംഗ്-മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ ഈ മാറ്റത്തിന്റെ പ്രതിഫലനമുണ്ടായത് ഓര്‍മ്മിക്കുക..

ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്രവേശനനടപടികള്‍ക്കു സുതാര്യതയുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പരമാവധി ബുദ്ധിമുട്ടിക്കുന്ന ഇന്റര്‍വ്യൂ പ്രഹസനങ്ങളും പ്രവേശന കാര്യങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന അദ്ധ്യാപകരെ വലയ്ക്കുന്ന രീതിയുമാണ് പലയിടങ്ങളിലും ഉണ്ടായിരുന്നത്. ചില സര്‍ക്കാര്‍ സ്ക്കൂളുകളിലും മിക്ക സ്വകാര്യ വിദ്യാലയങ്ങളിലും മാര്‍ക്ക് കുറഞ്ഞവരെ തിരുകി കയറ്റാനുളള കുതന്ത്രങ്ങളും സംവരണ വിഭാഗങ്ങളുടെ സീറ്റ് നിഷേധവും അര്‍ഹതയുള്ളവരെ പുറന്തള്ളലുമൊക്കെ സാധാരണമായിരുന്നു. പല മാനേജ്മെന്റുകളും പ്രവേശനത്തിന് അര്‍ഹതയുള്ളവരില്‍ നിന്നുപോലും കോഴ പിരിച്ചിരുന്നു. പരാതിപ്പെടാന്‍ അവസരം നിഷധിച്ചുള്ള വിക്രിയകളാണ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ നടത്തിയിരുന്നത്.

ഇതിനറുതി വരുത്തി സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്തുന്നതിനണ് ഏകജാലക സമ്പ്രദായം ആരംഭിച്ചത്. ഒരു പരീക്ഷണമെന്ന നിലയില്‍ 2007-08 അക്കാദമിക് വര്‍ഷത്തില്‍ തിരുവനന്തപുരം ജില്ലയിലെ 117 സ്കൂളുകളിലെ 24,555 മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലകസംവിധാനം ആരംഭിച്ചത്. സാദ്ധ്യമായ എല്ലാ സഹായങ്ങളും പ്രചരണങ്ങളും നല്‍കി ഏര്‍പ്പെടുത്തിയ ഈ നൂതന സംവിധാനത്തിനെതിരെ അതിശക്തമായ എതിര്‍പ്പാണ് ചില മാനേജുമെന്റുകളും അവരുടെ പിണിയാളുകളായ മാധ്യമങ്ങളും പ്രകടിപ്പിച്ചത്. സമൂഹത്തെയാകെ പരിഹസിച്ച് പരമ്പരകളെഴുതിയ ഈ മാധ്യമങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയെ അപഹസിച്ചും വേട്ടയാടിയും പക തീര്‍ത്തപ്പോള്‍, കോടതിയില്‍ പോയി ഇടങ്കോലിട്ടു പ്രവേശനം വൈകിപ്പിക്കാനാണ് ചില മാനേജുമെന്റുകള്‍ തുനിഞ്ഞത്. ഒടുവില്‍ കോടതിയും ഏകജാലക സംവിധാനത്തെ അംഗീകരിച്ചതോടെ ഇക്കൂട്ടരുടെ കൊമ്പൊടിഞ്ഞു. ഒടുവില്‍ പ്രവേശനം ലഭിക്കാത്തവരെ കുറിച്ചെഴുതി ഇവര്‍ ആത്മനിര്‍വൃതി നേടി.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയപ്പോഴുണ്ടായ ചെറിയ ന്യൂനതകളെല്ലാം ശാസ്ത്രീയ രീതിയില്‍ പരിശോധിച്ച് സാങ്കേതിക വിദ്യയുടെ എല്ലാ സാദ്ധ്യതകളേയും ഉപയോഗിച്ച് ഈ വര്‍ഷം നടത്തിയ ഏകജാലക സംവിധാനത്തെ ദേശീയ തലത്തില്‍ തന്നെ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നു. രാജ്യത്തെ ഇ-ഗവേണന്‍സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ (സി.എസ്.ഐ.) നിഹിലന്റ് അവാര്‍ഡ് കേരളത്തിലെ ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശന പ്രക്രിയയ്ക്കു ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ കര്‍ക്കശ നിലപാടാണ് ഏകജാലക സംവിധാനവുമായി മുന്നോട്ടു പോകാനിടയാക്കിയത്. ദേശീയ തലത്തില്‍ അവാര്‍ഡ് ലഭിച്ചിട്ടും ചില മാധ്യമ കൂറ്റന്മാര്‍ ഏകജാലകത്തിനെതിരെ മുക്രയിട്ടും, മൂരി നിവര്‍ത്തിയും ഇപ്പോഴും നില്ക്കുകയാണ്.

ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം സാര്‍വ്വത്രികമാക്കിയതിന്റെ ഗുണഫലം അനുഭവിച്ചത് കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളാണ്. പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരായ പാവപ്പെട്ടവരാണ്. അര്‍ഹതപ്പെട്ടത് നിഷേധിച്ചും അവസരങ്ങള്‍ നല്‍കാതെ ഭീഷണിപ്പെടുത്തിയും പരാതിപോലും പറയാനാകാതെ അവരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നും പുറംതള്ളി. എന്നാല്‍ അവര്‍ക്ക് സാമൂഹ്യനീതിയും തൂല്യതയും ലഭിക്കുമെന്ന് ഏകജാലക സംവിധാനം തെളിയിച്ചിരിക്കുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് - പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് - ഈ വര്‍ഷം പ്രവേശനം ലഭിച്ചു എന്നത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.

രണ്ടായിരത്തോളം പുതിയ അധ്യാപക തസ്തികകള്‍ അനുവദിച്ചതും എടുത്തു പറയേണ്ട നേട്ടമാണ്. ഗസറ്റഡ് റാങ്കിലുള്ള രണ്ടായിരത്തിലധികം തസ്തികകള്‍ ഒന്നിച്ചു സൃഷ്ടിച്ച് പി.എസ്.സി നിയമനം നല്‍കിയത് സമീപകാലത്തെ പുതിയ അനുഭവമാണ്. സംവരണതത്വങ്ങള്‍ പാലിച്ച്, ഏറ്റവും മികച്ച അദ്ധ്യാപകരെ ആക്ഷേപങ്ങളേതുമില്ലാതെ നിയമിച്ചത് ആഗോളവല്‍ക്കരണ കാലത്തെ ശുഭകരമായ വാര്‍ത്തയാണ്. സ്വകാര്യ വിദ്യാലയങ്ങളിലെ മുടങ്ങിക്കിടന്ന നിയമനാംഗീകാരങ്ങള്‍ അംഗീകരിച്ചതും ലാബ് അസിസ്റന്റുമാരെ നിയമിച്ചതും അര്‍ഹതപ്പെട്ടവര്‍ക്ക് ആക്ഷേപങ്ങളില്ലാതെ പ്രമോഷന്‍ ലഭിച്ചതും ഡി.ഇ.ഒ. റാങ്കിലുളള 500 ഓളം പേര്‍ക്ക് പ്രിന്‍സിപ്പല്‍മാരായി പ്രമോഷന്‍ നല്‍കിയതും പ്രിന്‍സിപ്പല്‍മാര്‍ക്ക് സ്കെയില്‍ ലഭിച്ചതും അദ്ധ്യാപക സംഘടനകള്‍ക്കുമാത്രമല്ല കേരളീയര്‍ക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. ജൂനിയര്‍ അദ്ധ്യാപകരുടെ പ്രമോഷന്‍ (ചില കേസുകള്‍ ഉള്ളതിനാല്‍) നടന്നില്ല. അതും കൂടി നടന്നാല്‍ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുള്ളത് കേരളത്തിലാകും. സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളെയും ബന്ധിപ്പിച്ചുളള കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക്, ഡാറ്റാബാങ്ക്, ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ ദിശാബോധം നല്കിയിരിക്കുന്നു. യുവജനോത്സവങ്ങള്‍ ഏകീകരിക്കുന്നതിനുളള നടപടികളായി. എം.എല്‍.എ, എം.പി. ഫണ്ട് വഴി ഏറ്റവും കൂടുതല്‍ ഭൌതിക സാഹചര്യങ്ങള്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ഉണ്ടായതും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലാണ്. കലാപ്രതിഭകളെ കണ്ടെത്താനുളള 'കലാക്ഷേത്ര' യുടെ (ജില്ലാതലത്തില്‍) പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. ഡയറക്റ്ററായിരുന്ന പ്രൊഫസര്‍ കാര്‍ത്തികേയന്‍ നായര്‍ പെന്‍ഷന്‍ പറ്റിപിരിഞ്ഞപ്പോള്‍, പുരോഗമന പ്രസ്ഥാനങ്ങളുടെ ചുടും ചൂരുമേറ്റ് വളര്‍ന്ന, ജനകീയ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ ശോഭിച്ച, പ്രൊഫസര്‍ സി.പി. ചിത്രയെ ഡയറക്റ്ററാക്കിയതു വഴിയുളള പുതിയ പരീക്ഷണവും സാര്‍ത്ഥകമായി. രാഷ്ട്രീയ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെല്ലാം. അദ്ധ്യാപക അവാര്‍ഡു നിര്‍ണയത്തില്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരെ ഉള്‍പ്പെടുത്തിയതും വിദ്യാര്‍ത്ഥികളുടെ ജനാധിപത്യവേദി രൂപികരിച്ചതും മികച്ച വിദ്യാര്‍ത്ഥികള്‍ക്കു സ്ക്കോളര്‍ഷിപ്പ് നല്‍കുന്നതും ഉന്നത വിദ്യാഭ്യാസരംഗം ശക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായതിന്റെ തെളിവുകളാണ്. അരക്ഷിതാവസ്ഥയ്ക്ക് മോചനം നല്‍കി ഹയര്‍ സെക്കണ്ടറി മേഖലയെ സംരക്ഷിക്കാനും ശാക്തീകരിക്കാനും സര്‍ക്കാര്‍ തയ്യാറായതുകൊണ്ടു തന്നെയാണ് ഹയര്‍സെക്കണ്ടറി കവാടത്തില്‍ അദ്ധ്യാപക സംഘടനകളുടെ, വിദ്യാര്‍ത്ഥി സംഘടനകളുടെ, സമരങ്ങള്‍ നിലച്ചത്. ഈ മാറ്റങ്ങള്‍ മെച്ചപ്പെടലിന്റെ പാതയിലുളള പ്രയാണം തന്നെയാണെന്ന് തീര്‍ച്ചപ്പെടുത്താം.

റഷീദ് കണിച്ചേരി ചിന്ത വാരിക 041209

1 comment:

  1. അധ്യാപക സംഘടനകളുടെ മുന്‍കാല പ്രക്ഷോഭങ്ങളില്‍ മുഖ്യ ഇനമായി ഉന്നയിച്ചിരുന്നത് ഹയര്‍ സെക്കണ്ടറിയിലെ പ്രശ്നങ്ങളായിരുന്നു. ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലെ കെടുകാര്യസ്ഥത, ഉദ്യോഗസ്ഥ മേധാവിത്വം, അഴിമതി നിയമനങ്ങള്‍ അംഗീകരിക്കല്‍, ജൂനിയര്‍ സീനിയര്‍ പ്രശ്നങ്ങള്‍, പരീക്ഷാ കുഴപ്പങ്ങള്‍, ലാബ് അസിസ്റന്റ് നിയമനം, പ്രിന്‍സിപ്പല്‍മാരുടെ പ്രമോഷന്‍, പി.എസ്.സി. നിയമനം, പ്രമോഷന്‍ ലിസ്റ്റിലെ അപാകത, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് പൊതുസംഘടനകളും ഹയര്‍ സെക്കണ്ടറി കാറ്റഗറി സംഘടനകളും നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. യു.ഡി.എഫ്. ഭരണകാലത്ത് ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിന്റെ പടിവാതില്‍ എന്നും സമരകേന്ദ്രമായിരുന്നു. ഡയറക്ടറേറ്റിനുളളില്‍ പോലീസ് കാവലും സ്ഥിരമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും കടന്നുചെല്ലാനാകാത്ത 'രാവണന്‍ കോട്ട'യായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് മാറിയിരുന്നു.

    എന്നാലിപ്പോള്‍ അദ്ധ്യാപക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളിലെ ഡിമാന്റുകളിലൊന്നിലും ഹയര്‍ സെക്കണ്ടറിയിലെ പ്രശ്നങ്ങള്‍ ഒന്നുപോലുമില്ല! സംഘടനകള്‍ക്ക് ഏറ്റെടുക്കാന്‍ പാകത്തിലുളള ഗൌരവ പ്രശ്നങ്ങള്‍ ഇല്ലാതായത് എങ്ങനെ? ഹയര്‍ സെക്കണ്ടറി എന്ന 'ഈജിയന്‍ തൊഴുത്തി'ലുണ്ടായ ശ്രദ്ധേയമായ മാറ്റം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായതാണ്. സാമൂഹ്യനീതിയും തുല്യതയും ഉറപ്പ് വരുത്തുന്ന രീതിയില്‍ ഹയര്‍ സെക്കണ്ടറിയില്‍ വരുത്തിയ മാറ്റങ്ങള്‍ എടുത്തു പറയേണ്ടതാണ്. പൊതുജനങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കടന്നുചെല്ലാന്‍ കഴിയുന്ന രീതിയില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിന്റെ രൂപഘടനയാകെ മാറിയത് കുറഞ്ഞ കാലത്തിനുള്ളിലാണ്.

    ReplyDelete