Saturday, December 12, 2009

ദുബായ് വേള്‍ഡ് തകര്‍ച്ചയുടെ പ്രത്യാഘാതം കേരളത്തില്‍

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കഥ കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്നവര്‍ക്കെല്ലാം ഒരു ഞെട്ടലായി, ദുബായിയിലെ ആഗോള ഭീമന്‍ ദുബായ് വേള്‍ഡിന്റെ തകര്‍ച്ച. 2008-09 കാലത്ത് ഉണ്ടായ തകര്‍ച്ചയില്‍നിന്ന് ലോക സമ്പദ്ഘടന ഇപ്പോള്‍ കരകയറി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും ചൈനയുമാണ് മുന്നില്‍. പാശ്ചാത്യ സമ്പദ്ഘടനകള്‍ ഉറക്കമുണര്‍ന്ന് തുടങ്ങിയിട്ടേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഗള്‍ഫില്‍ ഇനിയൊന്നും പേടിക്കാനില്ല എന്ന വിശ്വാസം രൂഢമൂലമായത്.

അല്ലെങ്കില്‍ തന്നെ ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും ദുര്‍ബലമായി ബാധിച്ചിരുന്ന പ്രദേശങ്ങളായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. എണ്ണ വിലയിലുണ്ടായ കുറവ് ഗള്‍ഫ് രാജ്യങ്ങളിലെ സമ്പദ്ഘടനകളെ പ്രതിസന്ധിയിലാക്കുമെന്നും വന്‍തോതില്‍ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചു പോരേണ്ടിവരുമെന്നുമുള്ള ആശങ്ക ശക്തമായിരുന്നു. ഈ ലേഖകന്റെയും നിഗമനം അത്തരത്തിലായിരുന്നു. എന്നാല്‍ ഇത്രയും കാലത്തെ എണ്ണ കയറ്റുമതിയില്‍നിന്ന് ഉണ്ടാക്കിയെടുത്തിട്ടുള്ള അതിഭീമമായ സമ്പത്ത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തുണയായി. യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകള്‍ ഒന്ന് ആടിയെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ശക്തമായി ഇടപെട്ട് അവയെ താങ്ങിനിര്‍ത്തി.

എങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ തോത് കുറഞ്ഞു. പഴയ പ്രോജക്ടുകളുടെ പണി തുടര്‍ന്നുവെങ്കിലും പുതിയ പ്രോജക്ടുകള്‍ ആരംഭിക്കാതായി. പഴയ പണികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഗള്‍ഫ് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാനും തുടങ്ങി. എന്നാല്‍ പതുക്കെ പതുക്കെയുള്ള ഈ തിരിച്ചു പോക്ക് ലോകശ്രദ്ധയാകര്‍ഷിച്ചില്ല. കാരണം ഗള്‍ഫിലേക്കുള്ള കുടിയേറ്റം എക്കാലത്തും താല്‍ക്കാലിക സ്വഭാവത്തോടു കൂടിയുള്ളതാണ്. പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ കുടിയേറ്റക്കാര്‍ക്ക് അവിടെ സ്ഥിരമായി നില്‍ക്കാനാവില്ല. പോകുന്നവര്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ തിരിച്ചുപോന്നേ പറ്റൂ. എല്ലാ വര്‍ഷവും ഒന്ന് ഒന്നരലക്ഷം പേര്‍ ഇപ്രകാരം ഗള്‍ഫില്‍നിന്ന് തിരിച്ചുപോന്നുകൊണ്ടിരുന്നു. അതുപോലെ തന്നെ രണ്ട് - രണ്ടരലക്ഷം പേര്‍ ഗള്‍ഫിലേക്ക് പൊയ്ക്കൊണ്ടുമിരുന്നു. മൊത്തത്തില്‍ നോക്കിയാല്‍ ഗള്‍ഫില്‍നിന്നുള്ള തിരിച്ചുവരവിനേക്കാള്‍ കൂടുതലായിരുന്നു ഗള്‍ഫിലേക്കുള്ള കുടിയേറ്റം.

ആഗോള മാന്ദ്യത്തിന്റെ ഫലമായി വന്ന സുപ്രധാന മാറ്റം ഇതാണ്, ഗള്‍ഫിലേക്ക് പുതിയതായി കുടിയേറുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തിരിച്ചുവരുന്നവരുടെ എണ്ണം ഗണ്യമായി കൂടി. പലരും ഔപചാരികമായി ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരല്ല. കമ്പനികള്‍ ദീര്‍ഘകാല അവധിയെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയായിരുന്നു. കാര്യങ്ങള്‍ സാധാരണഗതിയിലാവുമ്പോള്‍ തിരിച്ചു വിളിക്കാമെന്ന വാഗ്ദാനമാണ് അവര്‍ക്ക് നല്‍കിയിരുന്നത്. ഇത് സ്ഥിതിഗതികളുടെ ഗൌരവം കുറയ്ക്കുന്നതിന് കാരണമായി. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലേതില്‍നിന്ന് വ്യത്യസ്തമായി ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ തിരിച്ചുവരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. അതായത് അസ്സല്‍ കുടിയേറ്റത്തിന്റെ ഗതി തിരിച്ചായി.

ഇപ്രകാരമെല്ലാം ആശ്വസിച്ചിരിക്കുമ്പോഴാണ് പൊടുന്നനെ ഈദ് ഒഴിവുകാലം തുടങ്ങുന്ന അന്ന് തങ്ങള്‍ താല്‍ക്കാലികമായി പാപ്പരായിരിക്കുന്നുവെന്ന് ദുബായ് വേള്‍ഡ് പ്രഖ്യാപിച്ചത്. തിരിച്ചുകൊടുക്കേണ്ട കാലാവധിയിലെത്തിയ 6000 കോടി ഡോളര്‍ ആറുമാസം കഴിഞ്ഞേ തിരിച്ചുകൊടുക്കാനാവൂ എന്നായിരുന്നു അവരുടെ പ്രഖ്യാപനം. ദുബായിയിലെ ഏറ്റവും വലിയ കമ്പനിയുടെ ഈ പ്രഖ്യാപനം ലോകത്തെമ്പാടും സാമ്പത്തിക വെപ്രാളമുണ്ടാക്കി. ആഗോളതലത്തില്‍ തന്നെ ഓഹരിവിപണികള്‍ ഇടിഞ്ഞു. ബോംബെ സെന്‍സെക്സ് 500 പോയിന്റാണ് താഴേക്കു പോയത്. പിന്നീട് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ പണമിറക്കി ഓഹരിവിപണി ഉയര്‍ത്തി നിര്‍ത്തുകയായിരുന്നു. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമായി. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള വീണ്ടെടുപ്പ് എത്രയോ ദുര്‍ബലമാണ്.

എന്താണ് ദുബായ് വേള്‍ഡിന്റെ പ്രശ്നം? ദുബായിലെ ഗള്‍ഫ് മേഖലയിലെ വാണിജ്യ - ഗതാഗത - സേവന ഇടപാടുകളുടെ സിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ വലിയ തോതിലുള്ള നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി അവര്‍ നടപ്പാക്കിവരികയായിരുന്നു. ദുബായിക്ക് വലിയ എണ്ണ ശേഖരമില്ല. എന്നാല്‍ മറ്റുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പക്കല്‍ സുലഭമായി പണം ഉണ്ടായിരുന്നതുകൊണ്ട് ആവശ്യാനുസരണം പണം അവര്‍ക്ക് ലഭ്യമായിരുന്നു. ഈ വായ്പകൊണ്ടാണ് ദുബായ് വേള്‍ഡ് പോലുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് സ്ഥാപനങ്ങള്‍ പുതിയ ദുബായ് നിര്‍മിച്ചുകൊണ്ടിരുന്നത്. ദുബായ് വേള്‍ഡാണ് ഇത്തരം സ്ഥാപനങ്ങളില്‍ ഏറ്റവും വലുത്. ദുബായ് പോര്‍ട്ട് ഇപ്പോള്‍ പല പ്രമുഖ രാജ്യങ്ങളുടെയും കണ്ടെയ്നര്‍ ട്രാഫിക്കിനെ നിയന്ത്രിക്കുന്നവരാണ്. ഇന്ത്യയിലെ 45% ട്രാന്‍സ്ഷിപ്പ്മെന്റ് ഇടപാടുകള്‍ ഇവരുടെ കൈവശമാണ്. കൊച്ചി പോര്‍ട്ടും ഇവരാണ് കൈകാര്യം ചെയ്യുന്നത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മാണം നടത്തുന്നതും ഇവരാണ്.

ആഗോളമാന്ദ്യത്തിന്റെ ഭാഗമായി ചരക്കുഗതാഗതത്തില്‍ വന്ന ഇടിവ് ഇവരെയും ബാധിച്ചു. എന്നാല്‍ ദുബായ് പോര്‍ട്ട് ഇപ്പോഴും പ്രതിസന്ധിയിലായിട്ടില്ല. മാതൃ സ്ഥാപനമായ ദുബായ് വേള്‍ഡിന്റെ സാമ്പത്തിക ഭദ്രതയെ തുരങ്കംവെച്ചത് 'നഖി' എന്ന ദുബായ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയാണ്. കേവലം കെട്ടിടങ്ങളല്ല പുതിയ പട്ടണങ്ങളാണ് അവര്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ആകാരത്തിലും പ്രൌഢിയിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങള്‍ പലതും ഗള്‍ഫ് മണലാരണ്യത്തില്‍ അവര്‍ നിര്‍മിച്ചു. കടല്‍ നികത്തി പുതിയ ടൌണ്‍ഷിപ്പുകളുണ്ടാക്കി. ആഗോളമാന്ദ്യം പതുക്കെപ്പതുക്കെ ഇവയെ പ്രതികൂലമായി ബാധിച്ചു. ഇവര്‍ പണിയുന്ന കെട്ടിടങ്ങളില്‍ വാണിജ്യമോ, സേവന സൌകര്യമോ, വ്യവസായം തന്നെയോ നടത്താന്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് നിക്ഷേപകര്‍ വരുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആഗോളമാന്ദ്യത്തോടെ ഈ പ്രതീക്ഷയ്ക്ക് വിരാമമായി. എങ്കിലും പണ്ടത്തേതുപോലെ വായ്പ വാങ്ങി കെട്ടിടനിര്‍മ്മാണവുമായി മുന്നോട്ടുപോയി. ചെലവുകള്‍ പണ്ടത്തേതുപോലെ തന്നെ തുടരുകയും വരുമാനം ശോഷിക്കുകയും ചെയ്തു. കയ്യില്‍ പണമില്ലാതാവുകയും പുതിയ വായ്പകള്‍ കിട്ടാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. എമിറേറ്റ്സിലെ മറ്റു രാജ്യങ്ങള്‍ മുഖം തിരിച്ചുനിന്നു. ദുബായ് വേള്‍ഡിന് പാപ്പരായതായി സ്വയം പ്രഖ്യാപിക്കേണ്ടിവന്നു. ലേഫ്മാന്‍ ബാങ്ക് തകര്‍ന്നപ്പോള്‍ അമേരിക്ക കുലുങ്ങിയതുപോലെ ഭൂകമ്പം എമിറേറ്റ്സിലെങ്കിലും ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കാരണം ഏതാണ്ട് ഒരാഴ്ചക്കാലം ഈദ് അവധിയിലായിരുന്നു ധനകാര്യസ്ഥാപനങ്ങളും ഓഹരിവിപണിയുമൊക്കെ. അതുകൊണ്ട് മറ്റു രാജ്യങ്ങളുമായി കൂടിയാലോചിച്ച് ശക്തമായ രക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് ദുബായ് ഭരണകൂടത്തിന് കഴിഞ്ഞു.

എന്നാല്‍ പ്രശ്നം തീര്‍ന്നിട്ടില്ല. ദുബായ് വേള്‍ഡിന്റെ തകര്‍ച്ചമൂലം അവയ്ക്ക് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ തകരില്ല എന്ന് ഉറപ്പായിട്ടുണ്ട്. എമിറേറ്റ്സ് സെന്‍ട്രല്‍ ബാങ്ക് ഇവയ്ക്ക് ആവശ്യമായ പണം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ദുബായ് വേള്‍ഡ് സമൂലമായി പുനഃസംഘടിപ്പിച്ചാലേ അവര്‍ക്കിനി പണം കിട്ടൂ. ദുബായ് വേള്‍ഡിന്റെ കാര്യത്തില്‍ മാത്രമല്ല ഇത്. സമാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് സ്ഥാപനങ്ങള്‍ക്കും പണം നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഭയപ്പെടുന്ന സ്ഥിതിയാണിന്നുള്ളത്. ഈ മനോഭാവം കടുത്ത വായ്പാ ഞെരുക്കം സൃഷ്ടിക്കുന്നു. മറ്റ് സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങില്ലായിരിക്കാം. എന്നാല്‍ അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം വെട്ടിച്ചുരുക്കേണ്ടതായിവരും. അടുത്ത അഞ്ചാറുമാസക്കാലത്തേക്ക് നിര്‍മാണ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്ന സ്ഥിതിയാണിത് ഉണ്ടാക്കുക.

സ്ഥിതിഗതികള്‍ ഇത്രയും ഗൌരവതരമായിരുന്നിട്ടും യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരു പാക്കേജ് പ്രഖ്യാപിക്കുമെന്ന വാഗ്ദാനം വന്നിട്ട് ഒരു വര്‍ഷക്കാലമായി. ഇതുവരെ യാതൊന്നും ചെയ്തിട്ടില്ല. കേന്ദ്ര ധനകാര്യവകുപ്പ് പണം നല്‍കാത്തതാണ് പ്രവാസി വകുപ്പിന്റെ ആഗ്രഹം നടപ്പിലാക്കാതിരിക്കുന്നതിന് കാരണം. ഇന്നത്തെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രക്ഷാപാക്കേജ് നടപ്പിലാക്കുവാന്‍ ശക്തമായി ഇടപെടുന്നതിനുപകരം പ്രശ്നമൊന്നുമില്ല എന്ന് വയലാര്‍ജിയെപ്പോലുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ എന്താണ് രക്ഷ?

എന്തായാലും കേരള സര്‍ക്കാര്‍ അടിയന്തിരമായി പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുകയും ബജറ്റില്‍ വകയിരുത്തിയിട്ടുള്ള രക്ഷാപദ്ധതി നടപ്പിലാക്കാന്‍ പോവുകയുമാണ്. ജോലി നഷ്ടപ്പെട്ടു വരുന്നവര്‍ക്ക് 7 ശതമാനം പലിശയ്ക്ക് വായ്പ നല്‍കി സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിയാണ് ആദ്യമായി നടപ്പാക്കാന്‍ പോകുന്നത്.

ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

1 comment:

  1. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കഥ കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്നവര്‍ക്കെല്ലാം ഒരു ഞെട്ടലായി, ദുബായിയിലെ ആഗോള ഭീമന്‍ ദുബായ് വേള്‍ഡിന്റെ തകര്‍ച്ച. 2008-09 കാലത്ത് ഉണ്ടായ തകര്‍ച്ചയില്‍നിന്ന് ലോക സമ്പദ്ഘടന ഇപ്പോള്‍ കരകയറി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും ചൈനയുമാണ് മുന്നില്‍. പാശ്ചാത്യ സമ്പദ്ഘടനകള്‍ ഉറക്കമുണര്‍ന്ന് തുടങ്ങിയിട്ടേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഗള്‍ഫില്‍ ഇനിയൊന്നും പേടിക്കാനില്ല എന്ന വിശ്വാസം രൂഢമൂലമായത്.

    ReplyDelete