Thursday, December 3, 2009

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം....

ഏതാനും ദിവസം മുമ്പത്തെ മലയാള മനോരമ പത്രത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരു ചെറുവാര്‍ത്തയുണ്ട്. 'പോളണ്ടില്‍ ചെങ്കൊടി നിരോധിക്കുന്നു' എന്നാണ് തലവാചകം. 'ഒരു കാലത്ത് കമ്യൂണിസ്റ്റ് കോട്ടയായിരുന്ന പോളണ്ടില്‍ ഇനി ചെങ്കൊടി പാറില്ല' എന്നിങ്ങനെ വാര്‍ത്ത ആരംഭിക്കുന്നു. കൊടികള്‍ക്കുമാത്രമല്ല, കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള വിപ്ളവ ഗാനങ്ങള്‍ക്കും അവിടെ നിരോധനമുണ്ടത്രേ. കമ്യൂണിസത്തെ പുകഴ്ത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം ജയില്‍ശിക്ഷ ലഭിക്കും. കമ്യൂണിസ്റ്റുകാരായ വലിയ വിഭാഗം ജനങ്ങള്‍ പോളണ്ടിലുണ്ടെന്നും ഇനി അവര്‍ക്ക് കൊടിപിടിച്ച് ഗാനമാലപിച്ച് തെരുവിലൂടെ നടക്കാനാകില്ലെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാം എത്ര വളരെ സ്വാഭാവികം സാധാരണം എന്നമട്ടിലാണ് വാര്‍ത്തയുടെ പോക്ക്.

കമ്യൂണിസ്റ്റ് പാര്‍ടി ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന ഒരു രാജ്യത്ത് ചുവന്ന കൊടിയും ഗാനങ്ങളും നിരോധിച്ചിരിക്കുന്നു എന്നതില്‍ തീര്‍ച്ചയായും വാര്‍ത്താപ്രാധാന്യമുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങളൊന്നും ഈ മനോരമ വാര്‍ത്തയില്‍ ഉണ്ടാകില്ലെന്ന് വിചാരിക്കാം. പക്ഷേ, വസ്തുത റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മനസ്സില്‍ തിരയടിക്കുന്ന ചെറിയൊരു ആഹ്ളാദം ലേഖകന് മറച്ചുപിടിക്കാനാകുന്നില്ല. നേരിയ നര്‍മവും പരിഹാസവുമൊക്കെയായിട്ടാണ് ഈ ആഹ്ളാദം ആവിഷ്കരിക്കപ്പെടുന്നത്. കമ്യൂണിസ്റ്റുവിരുദ്ധ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മനോരമയ്ക്ക് സന്തോഷമുണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല.

രണ്ടുദിവസം പിന്നിടുമ്പോള്‍ ഈ സന്തോഷം വാക്കുകളില്‍നിന്ന് വരയിലേക്ക് കടക്കുന്നു. 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത്' എന്ന സത്യന്‍ അന്തിക്കാട് സിനിമയിലെ സംഭാഷണം ഉപയോഗപ്പെടുത്തിക്കൊണ്ടും സ്ഥിരം ലക്ഷ്യമായ പിണറായി വിജയനെയും മറ്റ് സിപിഐ എം നേതാക്കളെയും കഥാപാത്രങ്ങളാക്കിക്കൊണ്ടും ഒരു കാര്‍ട്ടൂണ്‍. അതും എത്രമേല്‍ സ്വാഭാവികം. മനോരമയില്‍ ഇപ്പോള്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് ആരാണെന്ന് എനിക്ക് നിശ്ചയം പോരാ. പക്ഷേ, അത് പുറപ്പെടുവിക്കുന്ന 'ആക്ഷേപഹാസ്യം' അങ്ങേയറ്റം ദയനീയമായണെന്നു പറയാതിരിക്കാനാകില്ല. യേശുദാസന്‍ പുറത്തുപോയതുകൊണ്ടാണോ ഈ മൂല്യശോഷണം? അങ്ങനെയാകാന്‍ വഴിയില്ല. സങ്കുചിത താല്‍പ്പര്യങ്ങള്‍ ഏറുംതോറും ഹാസ്യത്തിന്റെ ഗ്രാഫ് താഴേക്ക് പോരുന്നത് സ്വാഭാവികം. മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ സമകാലിക അവസ്ഥ ഇത് ഉദാഹരിക്കുന്നു. തന്റെ പ്രതിഭാവിലാസം മികച്ച രീതിയില്‍ പ്രകടിപ്പിച്ചിട്ടുള്ള ആളാണ് അദ്ദേഹം. പക്ഷേ, ഇപ്പോള്‍ ആ വര ഉപ്പിലിട്ടതുപോലെ മരവിച്ചതായി മാറി. തലവര എന്നല്ലാതെ എന്തു പറയാനാണ്?

പോളണ്ടിനെക്കുറിച്ചുള്ള ഈ വാര്‍ത്തയില്‍ മലയാള മനോരമയ്ക്ക് സത്യത്തില്‍ ആഹ്ളാദിക്കാന്‍ വല്ല വകയുമുണ്ടോ? വാര്‍ത്തയിലെ ആഹ്ളാദവും നര്‍മവും മറ്റും അഴിച്ചുമാറ്റിയാല്‍ എന്താണ് ബാക്കിയാകുന്ന വസ്തുത? പോളണ്ടിലെ ഗവമെന്റ് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തെ നിരോധിച്ചിരിക്കുന്നു. പാര്‍ടിയെമാത്രമല്ല, പാര്‍ടിയുടെ കൊടിയുടെ നിറമായ ചുവപ്പിനെയും ജനതയുടെ സംഗീതാഭിരുചിയെപ്പോലും ഭയക്കേണ്ടുന്നത്ര പ്രതിരോധത്തിലേക്ക് അവിടത്തെ ഭരണാധികാരികള്‍ ചെന്നെത്തിയിരിക്കുന്നു. ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളുടെപോലും പിന്തുണയോടെ വലിയൊരു തിരിച്ചുവരവിന് കമ്യൂണിസ്റ്റ് പ്രസ്ഥാനം സന്നദ്ധമായിരിക്കുന്നു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ തലത്തിലേക്ക് ഭരണവര്‍ഗം ചെന്നെത്തിയിരിക്കുന്നു. എഴുത്തുകാരന്റെയും കലാകാരന്റെയും മാത്രമല്ല, സാമാന്യ മനുഷ്യന്റെതന്നെ സര്‍ഗാത്മക സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരിക്കുന്നു.

ഏതൊരു ഘട്ടത്തിലാണ് ഭരണാധികാരികള്‍ ജനകീയപ്രസ്ഥാനങ്ങളെയും ജനങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ പ്രകടമാക്കുന്ന വാര്‍ത്തകളെയും കലാസാഹിത്യപ്രവര്‍ത്തനങ്ങളെയും ഭയപ്പെടുകയും നിരോധിക്കുകയും ചെയ്യുക എന്നതിന് നമുക്ക് വേണ്ടത്ര ഉദാഹരണങ്ങളുണ്ട്. അകലേക്കെങ്ങും പോകേണ്ടതില്ല. ഈ ലേഖകന്റെ കുട്ടിക്കാലത്ത് ഇന്ത്യയില്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥതന്നെ വലിയ തെളിവ്. ബിഹാറടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഗവമെന്റിന്റെ അഴിമതിക്കും ഏകാധിപത്യ പ്രവണതയ്ക്കുമെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളുടെ ഒരു ഘട്ടത്തില്‍വച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ജനനേതാക്കളെ രായ്ക്കുരാമാനം അറസ്റ്റുചെയ്ത് ജയിലിലടച്ചു. വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ സസ്പെന്‍ഡുചെയ്തു. സാഹിത്യ-കലാ ആവിഷ്കാരങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു. പത്രപ്രവര്‍ത്തകരും കലാകാരന്മാരും ജയിലുകളില്‍വച്ച് പീഡിപ്പിക്കപ്പെട്ടു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സര്‍ഗാത്മകതയാണല്ലോ പ്രത്യുല്‍പ്പാദനം എന്നത്. ആ സ്വാതന്ത്ര്യത്തിന്മേല്‍ കത്തിവച്ചു. കൂട്ടം കൂട്ടമായി ആട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വന്ധ്യംകരിച്ചു. ലോകത്തിലേക്കുവച്ച് ഏറ്റവും വലിയ ജനാധിപത്യരാജ്യമായി അവകാശപ്പെടുന്ന ഇന്ത്യയില്‍ നടന്ന ഈ സംഹാരതാണ്ഡവത്തെക്കുറിച്ച് മലയാള മനോരമ എപ്പോഴെങ്കിലും ആകുലത പ്രകടിപ്പിച്ചതായി അറിവില്ല. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കേരളത്തിലെ അപ്പോസ്തലന്മാരും ഇതുസംബന്ധമായി ഒരിക്കലും ആശങ്കപ്പെട്ടുകണ്ടിട്ടില്ല. പണിയെടുക്കുന്നവരും ദരിദ്രരും മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റപ്പെട്ടവരുമായ ജനതയുടെ സര്‍ഗാത്മകസ്വാതന്ത്ര്യം ഇവര്‍ക്ക് ഒരിക്കലും വിഷയമല്ല.

പോളണ്ടിലേക്ക് തിരിച്ചുവരാം. പോളണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണവ്യവസ്ഥ തകര്‍ന്നതിനെക്കുറിച്ച് നമ്മുടെ വലിയ പത്രങ്ങള്‍ എന്തൊക്കെയാണ് നിരന്തരം എഴുതിയത്? ജനാധിപത്യത്തിന്റെ സൂര്യോദയം. സ്വാതന്ത്ര്യത്തിന്റെ വസന്തമാണ് അവിടെ ഉദ്ഘാടനംചെയ്യപ്പെടുന്നതെന്നും എഴുതി. സ്വാതന്ത്ര്യത്തിന്റെ അത്തരമൊരു നന്ദനോദ്യാനത്തിലാണ് ഒരു ഭരണകൂടം ചുവപ്പുകണ്ട കാളയെപ്പോലെ വിരണ്ട് മുക്രിയിട്ടുകൊണ്ട് നിന്നലറുന്നത്. പോളണ്ട് തകര്‍ന്ന് രണ്ടു പതിറ്റാണ്ട് ആകാറായിട്ടും നിരോധിക്കാന്‍മാത്രം അവിടെ ചെങ്കൊടി ഉയരുന്നു എന്നത് ആവേശകരമാണ്. ആരാണവിടെ ഇന്നും ചെങ്കൊടി ഭയക്കുന്നത്? എന്തുകൊണ്ട്?

അശോകന്‍ ചരുവില്‍ ദേശാഭിമാനി 031209

11 comments:

  1. പോളണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണവ്യവസ്ഥ തകര്‍ന്നതിനെക്കുറിച്ച് നമ്മുടെ വലിയ പത്രങ്ങള്‍ എന്തൊക്കെയാണ് നിരന്തരം എഴുതിയത്? ജനാധിപത്യത്തിന്റെ സൂര്യോദയം. സ്വാതന്ത്ര്യത്തിന്റെ വസന്തമാണ് അവിടെ ഉദ്ഘാടനംചെയ്യപ്പെടുന്നതെന്നും എഴുതി. സ്വാതന്ത്ര്യത്തിന്റെ അത്തരമൊരു നന്ദനോദ്യാനത്തിലാണ് ഒരു ഭരണകൂടം ചുവപ്പുകണ്ട കാളയെപ്പോലെ വിരണ്ട് മുക്രിയിട്ടുകൊണ്ട് നിന്നലറുന്നത്. പോളണ്ട് തകര്‍ന്ന് രണ്ടു പതിറ്റാണ്ട് ആകാറായിട്ടും നിരോധിക്കാന്‍മാത്രം അവിടെ ചെങ്കൊടി ഉയരുന്നു എന്നത് ആവേശകരമാണ്. ആരാണവിടെ ഇന്നും ചെങ്കൊടി ഭയക്കുന്നത്? എന്തുകൊണ്ട്?

    ReplyDelete
  2. Cut the crap man... Communism is jurassic... It has nothing to do with today's world, except destruction.

    ReplyDelete
  3. വാര്‍ത്തയുടെ വിശദാംശങ്ങല്‍ ഇവിടെ

    ReplyDelete
  4. പറ്റിയാല്‍ അല്പം വിശദീകരിക്ക് സന്തോഷ്. ഇതുപോലെ ഒരു ആധാരവുമില്ലാതെ വല്ലതും പറഞ്ഞിട്ട് പോകുന്നതില്‍ എന്ത് കാര്യം?

    ReplyDelete
  5. കമ്യൂണിസത്തിന്‌, തെറ്റുകള്‍ സംഭവിച്ചതു കൊണ്ട്‌, കമ്യൂണിസം നിരോധിക്കണമെന്നു പറയുന്ന 'ജനാധിപത്യ' വാദത്തിലെ കപട മുഖമാണ്‌ തിരിച്ചറിയപ്പെടെണ്ടത്‌.

    പോളണ്ടില്‍ റഷ്യക്കെതിരെ ജനവികാരമുണ്ട്. റഷ്യന്‍ അധിനിവേശത്തെനിതിരെ നിലപാടെറ്റുക്കാന്‍, റഷ്യന്‍ ചിഹ്നങ്ങള്‍ തിരസ്കരിക്കുന്നതിന്റെ ഭാഗമായാണ്‌ ഒരു നിയമം വരുമ്പോള്‍ അതിന്‌ പിന്തുണകിട്ടുന്നതില്‍ അദ്ഭുതമില്ല. അവിടത്തെ ഇടതുപക്ഷമായ Polish Social Democratic party ഇതിനെ എതിര്‍ക്കുന്നുമുണ്ട്. ഇത്തരത്തിലൊരു നിയമം മറ്റു ബാള്‍ക്കികന്‍ രാജ്യങ്ങളും എടുത്തിട്ടുണ്ടെന്നും,ഉക്രൈനില്‍ ഇതൊരു പ്രഖ്യാപനത്തിലോതുങ്ങി എന്നും കൂട്ടി വായിക്കുക.
    ഇനി മറ്റോരു കാര്യം. കഴിഞ്ഞയാഴ്ച, ഉറുഗ്ഗ്വായില്‍ José Mujica പ്രസിഡ്ന്റായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോള്‍ ഒരു മലയാള പത്രത്തിലെ തലക്കെട്ട് , "മുന്‍ തീവ്രവാദി പ്രസിഡ്ന്റായി" എന്നായിരുന്നു. ഇത്തരത്തിലുള്ള അസഹിഷ്ണുത വാഴ്ത്തപ്പപ്പെടേണ്ടതാണോ? ലോകത്ത് ചിലയിടങ്ങളില്‍ ചുവപ്പു മാറി വരുമ്പോള്‍ ലാറ്റിന്‍ അമേരിക്ക ചുവപ്പ് പുതക്കുന്നു എന്നും ഇടക്കൊക്കെ നമുക്കും ഓര്‍ക്കാം.

    ReplyDelete
  6. എല്ലാ രാജ്യങ്ങളിലും ചൈനയിലും, ക്യൂബയിലും നിലവിലുള്ളതുപോലെ ബഹുപാര്‍‌ട്ടി ജനാധിപത്യം ഉണ്ടായിരിക്കണമെന്നില്ലല്ലോ :-)

    ഒന്നുരണ്ടു മണ്ടന്‍ ചോദ്യങ്ങള്‍
    -----------------------------
    ൧. പാര്‍‌ട്ടികള്‍ നിരോധിക്കപ്പെടുന്ന സ്ഥലങ്ങളെല്ലാം ഇത്ര മോശമാണെങ്കില്‍ നമ്മുടെ ഇന്ത്യയെപ്പറ്റി എന്തു പറയുന്നു?
    ൨. ബംഗാളില്‍ ചുവപ്പുകൊടി വീശുന്ന മാവോയിസ്റ്റുകളെ കാണുമ്പോള്‍ ആര്‍‌ക്കാണു വിറളി?

    പോളണ്ടില്‍ ഏതു വിപ്ലവമാണ്‌ കമ്യൂണിസം കൊണ്ടുവന്നത്? അതോ ഇനി അതു രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അടിച്ചേല്പിക്കപ്പെട്ടതു വല്ലതുമാണോ? ഇല്ല, അങ്ങനെയാവാന്‍ തരമില്ല. എന്നാലും...


    @Nodichil:
    ഹിറ്റ്‌ലര്‍‌ക്കു ഒന്നോരണ്ടോ തെറ്റു പറ്റി എന്നുവച്ചു നാത്സിസം തെറ്റാണെന്നു പറയാന്‍ പറ്റുമോ എന്നു ചോദിക്കുന്നതുപോലെയാണിത്. ഇപ്പോളുള്ള കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ താങ്കളുടെ ഐഡിയല്‍ രാജ്യം എന്നു പറയാന്‍ പറ്റുന്നത് ഏതാണ്‌ എന്നറിയാന്‍ താല്പര്യമുണ്ട്. [കമ്യൂണിസ്റ്റാശയങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന മറ്റാര്‍‌ക്കും ഇതിനുത്തരം തരാം. വെറും കൗതുകത്തിന്റെ പുറത്തുള്ള സംശയമാണ്‌.]

    ReplyDelete
  7. കേരളത്തിലെ LDF ഭരണകൂടം കോണ്ഗ്രസിനെ നിരോധിച്ചാലും മനോരമ ഇങ്ങനയൊകെ തന്നെയായിരിക്കും പ്രതികരിക്കുക ! നല്ല തമാശ

    ReplyDelete
  8. അശോകന്‍ ചരുവില്‍ ദേശാഭിമാനി ലേഖകനാണോ? ഇടതുപക്ഷ സഹയാത്രികനാണെന്ന് കേട്ടിരുന്നു.

    പോളണ്ടില്‍ ചെങ്കൊടി നിരോധിച്ചത് ശരിയായില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത സ്വാ‍തന്ത്ര്യത്തിനും നിരോധനമേര്‍പ്പെടുത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ നിന്നാണ് പോളണ്ട് സ്വതന്ത്രമായത്. അവര്‍ വീണ്ടും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നത് - ചെങ്കൊടിക്കായാലും എന്തിനായാലും - വിരോധാഭാസമാണ്.

    ReplyDelete
  9. മാണീക്യന്‍ ,
    ജനാധിപത്യം, ആവിഷ്കാര സ്വാതത്ര്യം എന്നൊക്കെ നിലവിളിച്ചിട്ട്, നിരോധനം ഏര്‍പ്പെടുത്തുന്നതിലെ വിരോധാഭാസമാണ്‌ പരാമര്‍ശിക്കപ്പെട്ടത്. നിരോധനം ഒരിക്കലും ഒരുപരിഹാരമല്ലെന്ന് ഇന്ത്യയും തെളിയിച്ചിട്ടുണ്ട്. തെളിയിച്ചുകെണ്ടിരിക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ ആണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന്, ഇന്ത്യന്‍ ഭരണകൂടം തന്നെയാണ്‌ പ്രഖ്യാപിച്ചത്.
    എന്നാല്‍ പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ എടുത്ത സമീപനം മാവോയിസ്റ്റുകളെ നിരോധിക്കണ്ട കാര്യമില്ല എന്നായിരുന്നു. ഐഡിയല്‍ രാജ്യം എന്നത്, ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിലും പ്രായോഗികമാണോ സുഹ്ര്ത്തെ? എന്നു വെച്ച് അതിനുള്ള ശ്രമങ്ങളെ തള്ളീക്കളയാനും പറ്റുമോ സുഹ്ര്ത്തെ?

    ReplyDelete
  10. i have heard that in China they have blocked many websites of foreign news agencies, blogs etc. tht system is called 'the great firewall of china'..
    (i just quoted this example because am most certain of its existence)

    what do u think is the reason behind tht? dont they have any right to express or right to gather knowledge?

    ReplyDelete
  11. മാവോവാദികളെ രാഷ്ട്രീയപരമായി നേരിടണം എന്നാഹ്വാനം ചെയ്ത ജനാധിപത്യ-ഇടതുകക്ഷികളെയും, സൈനികമായും, ബലപ്രയോഗത്തിലൂടെയും നേരിടണമെന്ന് പറഞ്ഞ അല്ലെങ്കില്‍ അങ്ങനെ ചെയ്ത വലതുപക്ഷത്തിന്റെയും നിലപാടുകള്‍ അറിഞ്ഞുകൊണ്ടു തന്നെയാണോ, മാണിക്കന്‍ "ബംഗാളില്‍ ചുവപ്പുകൊടി വീശുന്ന മാവോയിസ്റ്റുകളെ കാണുമ്പോള്‍ ആര്‍‌ക്കാണു വിറളി?" പറഞ്ഞത്?

    ReplyDelete