Tuesday, December 1, 2009

ഭോപാല്‍; ഇന്നും തുടരുന്ന ദുരന്തം

25 വര്‍ഷം മുമ്പുള്ള ആ രാത്രി സാജിത ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. ഉറക്കത്തില്‍നിന്ന് ഉണര്‍ന്നപ്പോള്‍ കണ്ണില്‍ മുളകരച്ചതുപോലെ വേദന, ശ്വാസം കിട്ടാതെ കിതയ്ക്കാന്‍ തുടങ്ങി. പ്രിയപ്പെട്ടവരെയൊന്നും കാണാനാകാതെ പരക്കംപാഞ്ഞു. അടുത്ത ദിവസം രാവിലെയാണ് അറിഞ്ഞത് ഭര്‍ത്താവ് മരിച്ചെന്ന്. കാല്‍നൂറ്റാണ്ടിനിപ്പുറം സാജിത പെട്ടിക്കടയിലിരുന്ന് ജീവിതത്തിന് വഴിതേടുമ്പോള്‍ മകന്‍ ഖലാവുദീന്‍ തൊട്ടുപിന്നിലെ വീട്ടില്‍ നിലത്തുകിടന്ന് വേദന തിന്നുകയാണ്. ഭോപാല്‍ വിഷവാതകദുരന്തത്തില്‍ മരിച്ചവര്‍ക്കായി നിര്‍മിച്ച ഹൌസിങ് ബോര്‍ഡ് കോളനിയിലെ വീട്ടില്‍ മുപ്പതുകാരനായ ഖലാവുദീന്‍ അര്‍ബുദബാധിതനായി മരണത്തെ മുഖാമുഖം നോക്കുകയാണ്. ഖലാവുദീന്റെ ഒരു വയസ്സുള്ള മകന്‍ രണ്ടുവര്‍ഷംമുമ്പ് അര്‍ബുദത്തിന് കീഴടങ്ങി.

1984 ഡിസംബര്‍ മൂന്നിനാണ് സാജിതയുടെ ഭര്‍ത്താവ് സിജാവുദീന്‍ മരിച്ചത്. ഒരിക്കല്‍ സുഖനിദ്രയില്‍നിന്ന് മരണവുമായുള്ള പോരാട്ടത്തിലേക്കുണര്‍ന്ന ഭോപാലിലെ പതിനായിരങ്ങളും അവരുടെ പിന്മുറക്കാരും മരണത്തോടും ജീവിതത്തോടും ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നു. ഹൌസിങ് ബോര്‍ഡ് കോളനിയില്‍ ഓരോ വീട്ടിലും വാതകദുരന്തത്തില്‍ മരിച്ച മൂന്നും നാലും പേരുടെ കഥകള്‍. മരിക്കാതെ ശേഷിക്കുന്നവര്‍ നിറംകെട്ട ജീവിതത്തോടും അതിന്റെ കാരണക്കാരോടും പോരാടിക്കൊണ്ടിരിക്കുന്നു. ഈ കോളനിയിലെ എല്ലാവര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു രോഗം. ദുരന്തത്തില്‍ മരിച്ചവരുടെ വിധവകള്‍ക്ക് ഒരു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സാജിത പറയുന്നു. ആശുപത്രികളില്‍ ചികിത്സാസഹായവും കിട്ടുന്നില്ല. വാതകദുരന്തത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഇപ്പോഴില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

അറുപതുകാരി ഐഷാബിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഭര്‍ത്താവ് അബ്ദുള്‍വഹാബ് ദുരന്തത്തില്‍ മരിച്ചു. ഒരു മകനും സഹോദരനും ദുരന്തത്തിന്റെ പാര്‍ശ്വഫലങ്ങളാല്‍ മരണത്തിന് കീഴടങ്ങി. ദുരന്തം നടന്ന സമയത്ത് 12 വയസ്സുകാരനായ അനൂപ് ശര്‍മയ്ക്ക് ഇപ്പോള്‍ കരള്‍രോഗമാണ്. വേഗം നടക്കാന്‍ വയ്യ, പടികള്‍ കയറാനാകില്ല. ദുരന്തത്തില്‍ അച്ഛന്‍ രാംബാബു ശര്‍മ മരിച്ചു. ഐഷാബിയുടെ സഹോദരനായ എഴുപതുകാരന്‍ സയ്യിദ് ഉര്‍ റഹ്മാന് കണ്ണില്‍ എപ്പോഴും വെള്ളം നിറയും. ദുരന്തത്തിനുശേഷം ജോലിയൊന്നും ചെയ്യാനാകുന്നില്ല. ഒരു മിനിറ്റ് സംസാരിക്കുമ്പോള്‍ കിതയ്ക്കും. ഭാര്യയും ഒരു സഹോദരനും ദുരന്തത്തില്‍ മരിച്ചു. ഭര്‍ത്താവിനെയും ദുരന്തത്തില്‍ നഷ്ടമായ ബദറുന്നിസ കൈകാലുകള്‍ ചലിപ്പിക്കാനാകാതെ നരകിക്കുന്നു. വിരലുകളുടെ അഗ്രം മുറിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. രോഗത്തിന് ഒരു വിശദീകരണവും നല്‍കാന്‍ വൈദ്യശാസ്ത്രത്തിന് കഴിയുന്നില്ല. ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ച പ്രേംപതിക്ക് എഴുന്നേറ്റുനിന്നാല്‍ ഉടന്‍ കാലുകള്‍ കുഴയുന്നു. ക്രൂരമായ ലാഭക്കൊതിയില്‍ ലോകത്തെ ഏറ്റവും വലിയ വ്യവസായദുരന്തം സൃഷ്ടിച്ച യൂണിയന്‍ കാര്‍ബൈഡ് കമ്പനി വേഷംമാറി 'ഡോവ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ മരുന്നുകളും സൌന്ദര്യവര്‍ധകസാധനങ്ങളും നിര്‍മിച്ച് ഇന്ത്യയില്‍ യഥേഷ്ടം വിറ്റഴിക്കുന്നു. വേഷംമാറിയ മൂലധനക്രൂരത തുടരുകയാണ്. ഭോപാല്‍ നീതി കിട്ടാതെ നരകിക്കുകയും.

(വി ജയിന്‍)

ദേശാഭിമാനി 011209

4 comments:

  1. ക്രൂരമായ ലാഭക്കൊതിയില്‍ ലോകത്തെ ഏറ്റവും വലിയ വ്യവസായദുരന്തം സൃഷ്ടിച്ച യൂണിയന്‍ കാര്‍ബൈഡ് കമ്പനി വേഷംമാറി 'ഡോവ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ മരുന്നുകളും സൌന്ദര്യവര്‍ധകസാധനങ്ങളും നിര്‍മിച്ച് ഇന്ത്യയില്‍ യഥേഷ്ടം വിറ്റഴിക്കുന്നു. വേഷംമാറിയ മൂലധനക്രൂരത തുടരുകയാണ്. ഭോപാല്‍ നീതി കിട്ടാതെ നരകിക്കുകയും.

    ReplyDelete
  2. ഇതു പഴയ പട്ടിയെ തിന്ന പോലെ ആയല്ലോ സഖാവേ..

    http://cibu.blogspot.com/2009/12/dove.html

    ReplyDelete
  3. വേഷം മാറി എന്ന പ്രയോഗം ആ ഏറ്റെടുക്കലിന്റെ രാഷ്ട്രീയവും കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.

    ReplyDelete
  4. 25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നോവുന്ന സത്യം വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി ...നമ്മള്‍ എല്ലാ ചെറിയ കാര്യങ്ങളും ഓര്‍ക്കുകയും ..അതിന് സംസ്കാരം ഉള്ളതും ഇല്ലാത്തവരുമായ നായകന്‍ മാരും...രാഷ്ട്രീയ പൊതു സേവകന്മാരും ...സിനിമ നടി നടന്‍ മാരും പങ്കെടുക്കുന്ന വര്ണ പകിട്ടുള്ള മേളകളും ഒരുക്കാറുണ്ട് ...ഇവരെ ഓര്‍മിക്കാനും ...ആ ദുരന്തത്തിന്റെ നേര്‍കാഴ്ച നടത്താനും ...മാധ്യമ പുംഗവന്‍ മാരെയും കണ്ടില്ല ..ആ പാവങ്ങള്‍ക്ക്
    ന്യായമായ നഷ്ടപരിഹാരം പോലും നേടിക്കൊടുക്കാന്‍ കഴിയാത്ത ...ഇച്ചാ ശക്തിയില്ലാത്ത രാഷ്ട്രീയ കോമരങ്ങളുടെ നാടായി പോയി ഭാരതം .....


    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete