Thursday, December 24, 2009

മാധ്യമങ്ങള്‍ ന്യൂനപക്ഷ വിരുദ്ധത തിരുത്തണം

മാധ്യമങ്ങള്‍ ന്യൂനപക്ഷ വിരുദ്ധത തിരുത്തണം: സച്ചിദാനന്ദന്‍

ന്യൂഡല്‍ഹി: ഭീകരവാദികളെന്ന് മുദ്രകുത്തി അബ്ദുള്‍നാസര്‍ മഅ്ദനിയെയും സൂഫിയ മഅ്ദനിയെയും വേട്ടയാടുന്ന സമീപനം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തിരുത്തണമെന്ന് കവി കെ സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. ഒരു മതവിഭാഗത്തെയാകെ വേട്ടയാടുംവിധമാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം. മഅ്ദനി, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കൈക്കൊള്ളുന്ന ന്യൂനപക്ഷവിരുദ്ധ സമീപനം കേരളസമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും സച്ചിദാനന്ദന്‍, ജോ ദയാല്‍, ഡോ. എ കെ രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ സമീപനത്തിന് ഉദാഹരണമായി ചില വാര്‍ത്തകളുടെ പകര്‍പ്പുകള്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണംചെയ്തു. മനോരമയാണ് 'ലവ് ജിഹാദ്' എന്നപേരില്‍ വിവാദം ഉയര്‍ത്തിയതെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ലവ് ജിഹാദ് എന്ന പേരില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാര്‍ 'അവള്‍ ഇരയാണ്, അവിടെയും ഇവിടെയും' എന്ന പേരിലാണ് മനോരമ ലേഖനപരമ്പര പ്രസിദ്ധീകരിച്ചത്. ക്യാമ്പസുകളില്‍ ലവ്ബോംബ് സ്ഫോടനമെന്ന പേരില്‍ പേജ് മുഴുവന്‍ വാര്‍ത്തയും നല്‍കി. മാതൃഭൂമിയില്‍ വന്ന 'വാര്‍ത്ത' മാധ്യമങ്ങളുടെ നിരുത്തരവാദ റിപ്പോര്‍ട്ടിന് ഉദാഹരണമാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 'പ്രണയത്തിന്റെ പേരില്‍ മതംമാറ്റത്തിന് ആസൂത്രിതശ്രമം: ഡിജിപി' എന്ന തലക്കെട്ടിലാണ് വാര്‍ത്ത. എന്നാല്‍, 'ലവ് ജിഹാദ് എന്ന പേരില്‍ മതപരിവര്‍ത്തനത്തിനായി ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നതായി തെളിവില്ലെന്ന് ഡിജിപി പറഞ്ഞു' എന്നാണ് വാര്‍ത്തയ്ക്കുള്ളിലെ പരാമര്‍ശം. കളമശേരി ബസ്കത്തിക്കല്‍ കേസില്‍ സൂഫിയ കുറ്റക്കാരിയാണെന്ന് ഉറപ്പാക്കുംവിധമാണ് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. ജുഡീഷ്യല്‍ പ്രക്രിയയെയും നിയമവ്യവസ്ഥയെയും പൂര്‍ണമായി നിരാകരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ കോടതികളെപ്പോലും സ്വാധീനിക്കുന്നു. ലവ് ജിഹാദ് കേസില്‍ ഒരു ജഡ്ജിയുടെ വിധിന്യായം ഇതിന് ഉദാഹരണം. കോടതിതന്നെ പിന്നീട് ഇത് തിരുത്തിയത് സ്വാഗതാര്‍ഹമാണ്. മഅ്ദനിക്കെതിരായ ഇപ്പോഴത്തെ ആക്രമണം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ വന്ന മാറ്റംകൊണ്ടുകൂടിയാണ്. തന്റെ പഴയ നിലപാടുകളില്‍നിന്ന് അകന്നുനില്‍ക്കുംവിധമാണ് മഅ്ദനിയുടെ ഇപ്പോഴത്തെ പ്രസ്താവനകള്‍. ഇത് ചില മാധ്യമങ്ങള്‍ക്ക് തീര്‍ത്തും അസുഖകരമായെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത 241209

1 comment:

  1. ഭീകരവാദികളെന്ന് മുദ്രകുത്തി അബ്ദുള്‍നാസര്‍ മഅ്ദനിയെയും സൂഫിയ മഅ്ദനിയെയും വേട്ടയാടുന്ന സമീപനം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തിരുത്തണമെന്ന് കവി കെ സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. ഒരു മതവിഭാഗത്തെയാകെ വേട്ടയാടുംവിധമാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം. മഅ്ദനി, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കൈക്കൊള്ളുന്ന ന്യൂനപക്ഷവിരുദ്ധ സമീപനം കേരളസമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും സച്ചിദാനന്ദന്‍, ജോ ദയാല്‍, ഡോ. എ കെ രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete