Tuesday, December 31, 2013

കെപിസിസി എക്സിക്യൂട്ടീവ്: യുവ എംഎല്‍എമാരെ കൂട്ടത്തോടെ വെട്ടി

യുവാക്കളെ കൂട്ടത്തോടെ ഒഴിവാക്കി കെപിസിസിക്ക് 105 പേരടങ്ങുന്ന എക്സിക്യൂട്ടീവിനെ പ്രഖ്യാപിച്ചു. എംഎല്‍എമാരായ പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, വി ടി ബല്‍റാം, ഷാഫി പറമ്പില്‍ എന്നിവര്‍ പട്ടികയില്‍ ഇല്ല. യൂത്ത്കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് എം ലിജുവും പരിഗണിക്കപ്പെട്ടില്ല. വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരുംഒഴിവാക്കപ്പെട്ടു. സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിങ്ങനെ ഏതാനും പേരെ ഉള്‍പ്പെടുത്താന്‍ ദേശീയ നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്.

ഒഴിവാക്കപ്പെട്ടവരെ ഈ പട്ടികയില്‍ തിരുകിക്കയറ്റാനാണ് നീക്കം. എ കെ ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവര്‍ക്കൊപ്പം എക്സിക്യൂട്ടീവില്‍ മന്ത്രിമാരും എംപിമാരും കൂട്ടത്തോടെ സ്ഥാനം പിടിച്ചു. എംഎല്‍എമാരില്‍ പലരെയും ഒഴിവാക്കി. ഹരിത ഗ്രൂപ്പുകാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും പട്ടികയില്‍ ഇടംനേടി. 12 വനിതകളാണ് സമിതിയില്‍. പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തതെന്ന് കേന്ദ്രനേതൃത്വം അറിയിച്ചു. നേതൃത്വത്തിനുള്ള താല്‍പ്പര്യമില്ലായ്മ മൂലമാണ് യുവ എംഎല്‍എമാര്‍ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടത്.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനമികവിന് മാര്‍ക്കിടാന്‍ കേന്ദ്രം ചുമതലപ്പെടുത്തിയ സജീവ് ജോസഫും എക്സിക്യൂട്ടിവിലുണ്ട്. പ്രമുഖ വ്യവസായി കെ എം ഐ മേത്തര്‍ എക്സിക്യൂട്ടീവിലുണ്ട്. ജില്ലാനേതാക്കളെ ഉള്‍പ്പെടുത്തി വമ്പന്‍ പട്ടികയാണ് കെപിസിസി നേതൃത്വം എഐസിസിക്ക് കൈമാറിയിരുന്നത്. ജംബോ പട്ടിക അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വന്‍ വെട്ടിത്തിരുത്തലോടെ പട്ടിക പുറത്തുവിട്ടത്. എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടാതെ പോയവരെ തൃപ്തിപ്പെടുത്തുന്നതിനാണ് സ്ഥിരം ക്ഷണിതാവ്, പ്രത്യേക ക്ഷണിതാവ് പട്ടികയ്ക്ക് എഐസിസി അനുമതി നല്‍കിയത്.

deshabhimani

ചെന്നിത്തല മന്ത്രിയാകും; തിരുവഞ്ചൂര്‍ ഇടഞ്ഞു

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കി സര്‍ക്കാരിന്റെ മുഖംമിനുക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചയില്‍ ധാരണ. ചെന്നിത്തലയെ മന്ത്രിയാക്കി കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് ശമനമുണ്ടാക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം നടപ്പാക്കാനുള്ള ചര്‍ച്ചയ്ക്കും കൂടിയാലോചനയ്ക്കും കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി നേതൃത്വം നല്‍കി.

യുഡിഎഫ് സീറ്റുതര്‍ക്കത്തിലോ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലോ നേരിട്ട് ഇടപെടാതെ ഒഴിഞ്ഞുമാറിയ ആന്റണി ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഉറച്ച നിലപാടെടുത്തു. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം ശേഷിക്കുന്നു. ആഭ്യന്തരം തന്നില്‍ നിന്നെടുത്ത് ചെന്നിത്തലയ്ക്ക് നല്‍കിയാല്‍ മന്ത്രിയായി തുടരില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിഷേധത്തോടെ അറിയിച്ചു. ആഭ്യന്തരവകുപ്പോടെ മന്ത്രിസഭയിലേക്ക് വരാമെന്ന് ചെന്നിത്തല കഴിഞ്ഞയാഴ്ച ഡല്‍ഹി ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളോട് സമ്മതിച്ചിരുന്നു.

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അവര്‍ അക്കാര്യം ധരിപ്പിക്കുകയും ചെയ്തു. അതിന് തുടര്‍ച്ചയായി ഹൈക്കമാന്‍ഡ് തീരുമാനം നടപ്പാക്കാനുള്ള ദൗത്യമാണ് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം കേരളത്തിലെത്തിയ ആന്റണി മാരത്തണ്‍ ചര്‍ച്ചകളിലൂടെ നിര്‍വഹിക്കുന്നത്. നിയമസഭാ സമ്മേളനം ചേരുന്ന ജനുവരി 3നു മുമ്പായി മന്ത്രിസഭ അഴിച്ചുപണി നടത്തും. ബുധനാഴ്ച മന്ത്രിസഭായോഗത്തിനു മുമ്പ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കും. ഇതിനിടെ, പുതിയ തര്‍ക്കങ്ങളും തലപൊക്കുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് ആഭ്യന്തരം മാറ്റുന്നതിനോട് യോജിപ്പാണെങ്കിലും അത് ചെന്നിത്തലയ്ക്ക് നല്‍കുന്നതിനോട് എ ഗ്രൂപ്പുനേതാക്കള്‍ വിയോജിപ്പിലാണ്.

മുഖ്യമന്ത്രി ആഭ്യന്തരം ഏറ്റെടുത്ത് ചെന്നിത്തലയ്ക്ക് വേറെ വകുപ്പ് നല്‍കണമെന്ന് എ ഗ്രൂപ്പിലെ തീവ്രവാദികള്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. അതിന്റെ ആശയക്കുഴപ്പത്തിലാണ് ഉമ്മന്‍ചാണ്ടി. പക്ഷേ, ചെന്നിത്തലയ്ക്ക് മാന്യമായ സ്ഥാനം നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ആന്റണി ആവര്‍ത്തിച്ചതിനാല്‍ ഉമ്മന്‍ചാണ്ടി നിസ്സഹായതയിലാണ്. ചെന്നിത്തല മന്ത്രിയായാല്‍ കെപിസിസി പ്രസിഡന്റ് ആരാകണമെന്നതും തര്‍ക്കത്തിലാണ്. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍, വി ഡി സതീശന്‍ തുടങ്ങിയ പേരുകള്‍ ഉയരുന്നുണ്ട്. സുധീരന്‍ വരുന്നതിനോട് ഉമ്മന്‍ചാണ്ടി എതിര്‍പ്പ് അറിയിച്ചു.

കാര്‍ത്തികേയന്‍ മാറിയാല്‍ സ്പീക്കറായി തിരുവഞ്ചൂരിനെ കൊണ്ടുവന്ന് അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്ആഗ്രഹമുണ്ടെങ്കിലും തിരുവഞ്ചൂരിന് താല്‍പര്യമില്ല. തിരുവഞ്ചൂരിന് റവന്യൂവകുപ്പ് നല്‍കാനും ഉമ്മന്‍ചാണ്ടി ഉദ്ദേശിക്കുന്നു. തര്‍ക്കം തീരാത്തതിനാല്‍ നിയമസഭാ സമ്മേളനം കഴിയുംവരെ കെപിസിസി പ്രസിഡന്റായി ചെന്നിത്തല തുടരും. ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ ചെവി കൊടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധാരണ. നിയമസഭാ സമ്മേളനത്തിനുശേഷം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി വന്നേക്കും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടവും കോണ്‍ഗ്രസിലെ ഐക്യമില്ലായ്മയും മുന്നണിയില്‍ കൂട്ടുത്തരവാദിത്തം തകര്‍ന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നിയോഗിച്ച സര്‍വേ റിപ്പോര്‍ട്ടുകള്‍ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതു മറികടക്കാനാണ് ചെന്നിത്തലയെ മന്ത്രിയാക്കുന്നത്. എന്നാല്‍, ഈ പരിഹാരക്രിയ അപഹാസ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ പുനഃസംഘടന കാര്യം ആന്റണി പ്രധാന ഘടകകക്ഷി നേതാക്കളോട് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇന്ദിരാഭവനില്‍ ആന്റണിയുമായി നടന്ന ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍ എസ് ബാബു

deshabhimani

Monday, December 30, 2013

മതവാദികളെ വിളിച്ചിരുത്തുവാനുള്ള ഇടമല്ല ശിവഗിരി: പിണറായി

വര്‍ക്കല: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്റെ വചനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നിടം ആ മതം തന്റെതാകണമെന്ന് ശഠിക്കുന്നവരെ വിളിച്ചിരുത്തുവാനുള്ള സ്ഥലമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അത്തരക്കാരെ എത്തിക്കുവാനുള്ള സ്ഥലമല്ലിതെന്ന് ഗുരുവിന്റെ ശിക്ഷ്യന്‍മാരായ സന്യാസിവര്യന്‍മാര്‍ ഓര്‍ക്കണം. 81-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്.

അല്ലാതെ മറ്റ് ജാതികള്‍ക്കോ മതങ്ങള്‍ക്കോ എതിരായി സംഘടിക്കണമെന്നല്ല. സംഘടന എല്ലാ മനുഷ്യരേയും ഒന്നായി ചേര്‍ക്കുന്നതാകണമെന്നാണ് എസ്എന്‍ഡിപിയെ കുറിച്ച് ഗുരു പറഞ്ഞത്. ജനിച്ച നാടിന്റെ അവസ്ഥ മാറ്റിയെഴുതിയതാണ് ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നത്. ദുരാചാരങ്ങള്‍ മൂലം മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിലാണ് അദ്ദേഹം മാനവ സ്നേഹത്തിന്റെ മഹത്വം കൊണ്ടുവന്നത്. അവര്‍ണന്റെ ശരീരഭാഗങ്ങള്‍ക്ക് വരെ കരം ചുമത്തിയിരുന്ന ഭൂതകാലം നമുക്കുണ്ടായിരുന്നു. സംഘടനകൊണ്ട് ശക്തരാകുക എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഈഴവ സമുദായത്തെ മാത്രമല്ല സ്വാധീനിച്ചത്.

അക്കാലത്ത് ഈഴവ സമുദായത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ മാറ്റിയെടുക്കുവാനാണ് ഗുരു ശ്രമിച്ചത്. അതിന്റെ അലയൊലികള്‍ മറ്റ് സമുദായങ്ങള്‍ക്കകത്തേക്കും പടര്‍ന്നു. കേരളം ഭ്രാന്താലയമെന്ന കാഴ്ചപാടിന് മാറ്റം വരുത്തുവാന്‍ കഴിഞ്ഞതും ആ അലയൊലികള്‍ക്കാണെന്ന് പിണറായി പറഞ്ഞു.

മനുഷ്യത്വം ഇല്ലാത്തവരെ വരവേല്‍ക്കേണ്ട സ്ഥലമല്ല ശിവഗിരി: പിണറായി

ശിവഗിരി: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ശ്രീനാരായണഗുരു ചിന്ത വാഴുന്നിടത്ത് മതം തന്റേതുതന്നെയാകണമെന്നു ശഠിക്കുകയും അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നയാള്‍ക്ക് സ്ഥാനമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യത്വം ഇല്ലാത്ത അത്തരക്കാരെ വിളിച്ചുവരുത്തി വരവേല്‍പ് നല്‍കാനുള്ള സ്ഥലമല്ല ശിവഗിരി. എണ്‍പത്തി ഒന്നാമത് ശിവഗിരി തീര്‍ഥാടനത്തിനോടനുബന്ധിച്ച് "അധഃസ്ഥിത മുന്നേറ്റം ഗുരുദര്‍ശനത്തിലൂടെ" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും പല മത സാരം ഏകം എന്നുമാണ് ശ്രീനാരായണഗുരു പറഞ്ഞത്. എന്നാല്‍, മതം താനാണെന്നും മതം തന്റേതുതന്നെ ആയിക്കൊള്ളണമെന്നും ശഠിക്കുന്നവരെ വിളിച്ചുവരുത്തി ആദരിക്കുന്നത് ശരിയോ എന്ന് ഗുരുവിന്റെ ശിഷ്യന്മാരായ സന്യാസിവര്യന്മാര്‍ ചിന്തിക്കണം. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ഗുരു ഉപദേശിച്ചത്. അല്ലാതെ മറ്റ് മതങ്ങള്‍ക്കോ ജാതികള്‍ക്കോ എതിരായി സംഘടിക്കണമെന്നല്ല. ഗുരു ഉയര്‍ത്തിയ മാനവികതയുടെ മഹാസന്ദേശം കൂടുതല്‍ കരുത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട കാലഘട്ടമാണിതെന്ന് പിണറായി പറഞ്ഞു. ഒരു പ്രത്യേക ജാതിയോ പ്രത്യേക മതമോ മാത്രം മതിയെന്നല്ല അദ്ദേഹം ഉദ്ബോധിപ്പിച്ചത്.

അദ്ദേഹം ഉണ്ടാക്കിയ സംഘടനയുടെ പേര് ഒരു ജാതിയുമായും ബന്ധപ്പെട്ടതല്ല. ശ്രീനാരായണധര്‍മത്തിന്റെ പേരാണ് സംഘടനയ്ക്ക് നല്‍കിയത്. സംഘടനയില്‍ പ്രത്യേക സമുദായക്കാര്‍ മാത്രമായി ചുരുങ്ങരുതെന്നും മനുഷ്യരെയെല്ലാം ഒന്നായി ചേര്‍ക്കുന്നതാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. തന്റെ ശിഷ്യര്‍ ഒരേ സമുദായത്തില്‍ പെട്ടവരാകരുതെന്നായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. സന്ദേശത്തിനൊപ്പം പ്രവര്‍ത്തനത്തിലൂടെയേ സാമൂഹ്യമാറ്റം കൈവരിക്കാനാകൂ എന്ന് ശ്രീനാരായണഗുരു തെളിയിച്ചു. അരുവിപ്പുറം ശിവപ്രതിഷ്ഠ നല്‍കുന്ന സന്ദേശം ഇതാണ്.

ചാതുര്‍വര്‍ണ്യ തേര്‍വാഴ്ചയില്‍ ചതഞ്ഞരഞ്ഞ ഒരു സമൂഹത്തെ അതില്‍നിന്ന് മോചിപ്പിക്കാനും ആത്മാഭിമാനവും നവോത്ഥാനത്തിന്റെ വെളിച്ചവും പകര്‍ന്നുനല്‍കാനും ഗുരുവിന് കഴിഞ്ഞു. സാമൂഹ്യമാറ്റത്തിന്റെ ചിന്തയുടെ പ്രതിഷ്ഠയാണ് അരുവിപ്പുറത്ത് ഗുരു നടത്തിയത്. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയോടുള്ള കലാപമായിരുന്നു ഇത്. നിങ്ങള്‍ നിങ്ങളെത്തന്നെ തിരിച്ചറിയണമെന്ന സന്ദേശവുമായി കണ്ണാടിപ്രതിഷ്ഠയും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദീപപ്രതിഷ്ഠയും വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ അക്ഷരപ്രതിഷ്ഠയും നടത്തി അദ്ദേഹം മാറ്റത്തിന്റെ കാഹളമായി. ഇതെല്ലാം മറന്ന് വിഗ്രഹത്തില്‍മാത്രം കേന്ദ്രീകരിച്ചാല്‍ അത് ഗുരുനിന്ദയാകും. അറിവിനെ ആയുധമാക്കി സാമൂഹ്യമാറ്റത്തിനായി പോരാടാന്‍ വിദ്യാലയങ്ങളുടെ അനിവാര്യത ഗുരു ഊന്നിപ്പറഞ്ഞു.

സാധാരണ സന്യാസികള്‍ മോക്ഷപ്രാപ്തിക്കായി ശ്രമിക്കുമ്പോള്‍ ജനങ്ങളുടെ ജീവിതപ്രാപ്തിക്ക് ഉതകുന്ന വഴികള്‍ തേടി ഗുരു വഴിമാറി നടന്നു. സമൂഹത്തെ മാറ്റുന്നതിനുള്ള സമരോത്സുകമായ വഴിയായിരുന്നു ഇത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥയില്‍ മനുഷ്യത്വത്തിന്റെ മഹാസന്ദേശവുമായി ഗുരു ഇടപെട്ടു. ഒരുപാട് അനാചാരങ്ങളും ജീര്‍ണതകളും പീഡനങ്ങളും അടിമത്ത മനോഭാവവുമെല്ലാം നിറഞ്ഞുനിന്നിരുന്ന അവസ്ഥ. ഗുരുവിന്റെ സന്ദേശങ്ങളും ഇടപെടലുകളും ഒരു സമുദായത്തില്‍ മാത്രമല്ല കേരളത്തിലെമ്പാടും മാറ്റത്തിന്റെ കാഹളം മുഴക്കി.

കേരളത്തെ ഭ്രാന്താലയമാണെന്ന വിശേഷണത്തില്‍നിന്ന് മാറ്റുന്നതിനുള്ള തീവ്രമായ ശ്രമമാണ് ഗുരു നടത്തിയത്. അധ്വാനവര്‍ഗത്തിന്റെ പോരാട്ടങ്ങളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം കേരളത്തിലുണ്ടായത്. എന്നാല്‍, അധ്വാനവര്‍ഗത്തിന്റെ ഐക്യത്തെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് ഗുരുനിന്ദയാണെന്നും പിണറായി പറഞ്ഞു.

deshabhimani

നീക്കം ദേശാഭിമാനിയെ അപകീര്‍ത്തിപ്പെടുത്താന്‍: ഇ പി

കണ്ണൂര്‍: കേരളത്തിലെ മൂന്നാമത്തെ പത്രമായി തലയുയര്‍ത്തി നില്‍ക്കുന്ന ദേശാഭിമാനിയെ അപകീര്‍ത്തിപ്പെടുത്താനും ജനറല്‍ മാനേജരെ വ്യക്തിഹത്യ ചെയ്യാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ഏഷ്യനെറ്റിന്റേതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനിയുടെ സ്ഥലവും കെട്ടിടവും ചെറിയ വിലയ്ക്ക് വിറ്റുവെന്ന ഏഷ്യനെറ്റ് വാര്‍ത്ത പത്രത്തെ സംശയദൃഷ്ടിയില്‍ നിത്തുന്നതിന് സൃഷ്ടിച്ചതാണ്. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇ പി.

രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരം മാഞ്ഞാലിക്കുളത്തെ ദേശാഭിമാനിയുടെ കെട്ടിടവും 32 സെന്റ് സ്ഥലവും വില്‍പന നടത്തിയത് സുതാര്യമായാണ്. വില്‍പനയ്ക്ക് മുന്നോടിയായി പത്രപരസ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലം ഏജന്റുമാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ സമീപിച്ചു. നേരിട്ടുള്ള കച്ചവടത്തിന് മാത്രമെയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവല്ല സ്വദേശിയും കോയമ്പത്തൂരിലെ ബിസിനസ്കാരനുമായ ഡാനിഷ് ചാക്കോയ്ക്ക് മൂന്നരക്കോടി രൂപയ്ക്ക് സ്ഥലവും കെട്ടിടവും വിറ്റത്. വി എം രാധാകൃഷ്ണനെന്ന് പറയുന്നയാളുമായി ദേശാഭിമാനി് ഒരു ഇടപാടും നടത്തിയിട്ടില്ല. ഡാനിഷ് ചാക്കോ ആര്‍ക്കെങ്കിലും ഇത് മറിച്ചുവിറ്റുവോ എന്നറിയില്ല.

മാഞ്ഞാലിക്കുളത്തെ ദേശാഭിമാനി കെട്ടിടം കാലാഹരണപ്പെട്ടതായിരുന്നു. പുതിയ കെട്ടിടം നിര്‍മിക്കാതെ ഇവിടെ തുടരാന്‍ പറ്റുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വില്‍പന നടത്താന്‍ തീരുമാനിച്ചത്. ദേശാഭിമാനി കാലോചിതമായി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടവും സ്ഥലവും വിറ്റത്. ഇതിന്റെ തുകയും ദേശാമാനിയുടെ മൂലധനവും ജനങ്ങളുടെ സഹായവും കൊണ്ടാണ് തിരുവനന്തപുരം തമ്പാന്നൂരില്‍ 60 സെന്റ് സ്ഥലംവാങ്ങി പുതിയ കെട്ടിടം പണിതത്. സ്ഥലത്തിന് സെന്റിന് ഏഴുലക്ഷം രൂപയാണ് നല്‍കിയത്. സ്ഥലത്തിന് മാത്രം 4.20 കോടി രൂപ ചെലവായി. ഈ ഇടപാടും സുതാര്യമായിരുന്നു. തമ്പാനൂരിലെ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടം കണ്ട് ചിലര്‍ അസൂയപ്പെടുകയാണ്.

നവീകരണത്തിന്റെ പാതയിലാണ് ദേശാഭിമാനി. രണ്ടു പ്രസ്സുകള്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം നടക്കാന്‍ പോകുകയാണ്. സിപിഐ എമ്മിന്റെ മുഖപത്രമെന്നതിലുപരി ദേശാഭിമാനി ജനങ്ങളുടെ പൊതുപത്രമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിക്കുന്ന പത്രമാണ്.

ദേശാഭിമാനിക്കെതിരെ ഒരു മാധ്യമസ്ഥാപനം വാര്‍ത്തകൊടുക്കുമ്പോള്‍ ജനറല്‍ മാനേജരായ എന്നോട് നിജസ്ഥിതി അന്വേഷിക്കാമായിരുന്നു. വാര്‍ത്തകൊടുത്തതിന് ശേഷം ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ കൂലിക്കാരനല്ലാത്തതിനാല്‍ ചര്‍ച്ചയക്ക് പങ്കെടുത്തില്ല. ഏഷ്യാനെറ്റിന്റേത് സത്യസന്ധവും നീതിപൂര്‍വകവുമായ മാധ്യമ പ്രവര്‍ത്തനമല്ല. ലക്ഷണമൊത്ത മലയാള പത്രമെന്ന നിലയില്‍ ദേശാഭിമാനിയെയും വ്യക്തിപരമായി തന്നെയും നശിപ്പിക്കുകയാണ് ഏഷ്യാനെറ്റിന്റെ ലക്ഷ്യം. അതിനൊപ്പം പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമവുമുണ്ട്. ഇതൊന്നും കൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന നയത്തില്‍ നിന്ന് വ്യതിചലിക്കില്ല.

ഡാനിഷ് ചാക്കോയെ നാലുദിവസം മുമ്പ് ഏഷ്യനെറ്റ് ലേഖകന്‍ ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു. ഇതിനെതിരെ ചാക്കോ പത്രപ്രവര്‍ത്തക യൂണിയനും ഏഷ്യനെറ്റ് മാനേജ്മെന്റിനും പൊലീസിലും പരാതി നല്‍കുമെന്നറിയിച്ചിട്ടുണ്ട്. ചില മാധ്യമങ്ങള്‍ തന്നെ നിരന്തമായി വ്യക്തിഹത്യ ചെയ്യാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇതിന് മുന്നില്‍ തലകുനിക്കുന്ന പ്രശ്നമില്ലെന്നും ഇപി പറഞ്ഞു.

deshabhimani

ബാങ്ക് കിയോസ്ക് ആദ്യം 93 അക്ഷയകേന്ദ്രങ്ങളിലൂടെ

കൊച്ചി: കേരളത്തില്‍ കിയോസ്ക് സംവിധാനത്തിലൂടെ ബാങ്ക് ഇടപാടുകള്‍ ആദ്യം നടപ്പാക്കുന്നത് 93 അക്ഷയകേന്ദ്രങ്ങളിലൂടെ. ബയോമെട്രിക് രീതിയിലാണ് പണമിടപാട്. സംസ്ഥാന ലീഡ് ബാങ്കായ കനറ ബാങ്കാണ് ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിപ്രകാരം കേരളത്തില്‍ കിയോസ്കുകള്‍ ആരംഭിക്കുന്നത്. ഇതിനായി കനറ ബാങ്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം അക്ഷയ ജീവനക്കാര്‍ക്കും ബാങ്കിങ് സേവനങ്ങളില്‍ പരിശീലനം നല്‍കും. അക്ഷയയോടൊപ്പം കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളോടെ സ്വകാര്യ കുത്തക കമ്പനിയായ ബംഗളൂരുവിലെ ഇന്റഗ്ര മൈക്രോസിസ്റ്റവും കേരളത്തില്‍ കിയോസ്കുകള്‍ ആരംഭിക്കും. ബാങ്കിങ് സേവനങ്ങളില്ലാത്ത ഗ്രാമങ്ങളിലാണ് ആര്‍ബിഐ നിര്‍ദേശപ്രകാരം കിയോസ്കുകള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ 23ന് തിരുവനന്തപുരം നേമത്താണ് ആദ്യ കിയോസ്ക് ആരംഭിച്ചത്. നേമത്ത് കനറ ബാങ്ക് ശാഖയുള്ളപ്പോഴാണ് ഇവിടെ ആരംഭിച്ചത്. ഇതേക്കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കോ ജീവനക്കാര്‍ക്കോ വിവരം ലഭിച്ചിരുന്നില്ല. ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പുതിയ സംവിധാനത്തിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

ബയോമെട്രിക് സംവിധാനത്തിലൂടെ പണമിടപാടുകള്‍ നടത്തുമ്പോള്‍ നിക്ഷേപകരുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അക്ഷയകേന്ദ്രങ്ങളിലും ഇന്റഗ്രയുടെയും കൈകളിലെത്തും. ആധാര്‍ കാര്‍ഡിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് ഇതേ മാതൃകയില്‍ കനറ ബാങ്ക് സ്മാര്‍ട്ട് (കനറ വികാസ് കാര്‍ഡ്) കാര്‍ഡ് നല്‍കുന്നത്. കാര്‍ഡില്‍ തിരിച്ചറിയല്‍നമ്പറും 10 വിരലടയാളങ്ങളും ഫോട്ടോയും രേഖപ്പെടുത്തും. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളുമുണ്ടാകും. നിക്ഷേപകര്‍ക്ക് ബിസിനസ് കറസ്പോണ്ടന്റുമാര്‍വഴി കാര്‍ഡ് നല്‍കും. നിലവിലെ ആധാര്‍, എന്‍പിആര്‍ഡി കാര്‍ഡുകളുമായും സ്മാര്‍ട്ട് കാര്‍ഡ് ബന്ധിപ്പിക്കാനും നീക്കമുണ്ട്. നിക്ഷേപകരുടെ പണം ഏജന്‍സികളിലേക്ക് ബാങ്ക് നല്‍കും. കിയോസ്കുകള്‍വഴി ഇടപാടുകാര്‍ക്ക് പണം നല്‍കുന്നത് അക്ഷയകേന്ദ്രങ്ങളായിരിക്കും. പണം നിക്ഷേപിക്കുന്നതും ഇതേ രീതിയിലായിരിക്കും. പണമിടപാടുകളില്‍ ഉത്തരവാദിത്തം ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കായിരിക്കുമെന്നും ബാങ്കിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും കനറ ബാങ്ക് സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കിയോസ്കുകള്‍ ആരംഭിക്കാന്‍ ഇന്റഗ്രയ്ക്കുപുറമേ മുംബൈയിലെ ഫിനോ പേടെക്കിനെയാണ് ബിസിനസ് കറസ്പോണ്ടന്റുമാരായി(ബിസി) നിയമിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തെ കരാറും ഉണ്ടാക്കിയിട്ടുണ്ട്. അക്ഷയയുമായി കനറ ബാങ്ക് നേരിട്ടാണ് കരാറുണ്ടാക്കുന്നത്. കിയോസ്കുകളിലെ ജീവനക്കാര്‍ക്ക് ബാങ്കിന്റെ ശമ്പളമോ ആനുകൂല്യങ്ങളോ അവകാശപ്പെടാനാകില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. പൊതു ബാങ്കിങ് സംവിധാനം തകര്‍ത്ത് ശാഖാരഹിത ബാങ്കിങ് സംവിധാനമാണ് ഇന്റഗ്ര ലക്ഷ്യമിടുന്നത്. കനറ ബാങ്കിനു പിന്നാലെ മറ്റു പൊതുമേഖലാ, ഷെഡ്യൂള്‍ഡ് ബാങ്കുകളും കിയോസ്ക് സംവിധാനത്തിലേക്കുള്ള നീക്കത്തിലാണ്.
(സി എന്‍ റെജി)

deshabhimani

ജനസമ്പര്‍ക്ക പരിപാടിയിലെ പരാതികള്‍ ചാക്കുകെട്ടില്‍; പരിഹാരം അകലെ

കൊല്ലം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിച്ച പരാതികളിന്മേലുള്ള പരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളും. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ രാപ്പകല്‍ കാത്തിരുന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയ പാവപ്പെട്ട ജനത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കണം. ഭൂരിപക്ഷം അപേക്ഷകളും തീര്‍പ്പാക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ക്കും ഉറപ്പില്ല. അപേക്ഷകള്‍ തരംതിരിച്ച് അതതു വകുപ്പുകളിലേക്ക് അയക്കുന്ന പ്രവര്‍ത്തനം ഏറെ ദുഷ്കരമാകും.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍കോളേജില്‍ കഴിഞ്ഞ 12നു നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സ്വീകരിച്ച 37000 പരാതികളാണ് കലക്ടറേറ്റിലെ ജനസമ്പര്‍ക്ക സെല്ലില്‍ കെട്ടിക്കിടക്കുന്നത്. പരാതികളുടെ തരംതിരിക്കലിനു മതിയായ ജീവനക്കാരെ ഇനിയും നിയോഗിച്ചിട്ടില്ല. കഴിഞ്ഞ തവണ അപേക്ഷകള്‍ നിശ്ചിത മാതൃകയില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചിരുന്നു. ഇത്തവണ അക്ഷയകേന്ദ്രങ്ങളെ ഒഴിവാക്കി. അപേക്ഷകര്‍ എല്ലാം നേരിട്ട് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കണമെന്നായിരുന്നു നിര്‍ദേശം. ജനങ്ങളെ ഒരു കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി തിക്കും തിരക്കും സൃഷ്ടിക്കുകവഴി പരിപാടി ജനകീയമെന്നു വരുത്തി രാഷ്ട്രീയനേട്ടം കൊയ്യുകയായിരുന്നു ലക്ഷ്യം. വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെ പകലന്തിയോളം നരകയാതന അനുഭവിച്ചതു കൂടാതെ ഇനി പരാതിക്കു പരിഹാരമുണ്ടാകാന്‍ അനിശ്ചിതകാലം കാത്തിരിക്കുകയുംവേണം.

അക്ഷയകേന്ദ്രങ്ങള്‍ വഴി നിശ്ചിത മാതൃകയില്‍ അപേക്ഷ സ്വീകരിച്ചത് തുടര്‍ നടപടികള്‍ ആയാസരഹിതമാക്കി. എന്നാല്‍, ഇപ്പോള്‍ പരാതിക്കാര്‍ സ്വയം തയ്യാറാക്കിയ അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയത്. അവശ്യം വേണ്ട രേഖകളോ ശരിയായ വിലാസമോ രേഖപ്പെടുത്താത്ത അപേക്ഷകളാണ് ഏറെയും ലഭിച്ചത്. വേദിയില്‍ ഏറെ പരാതികളും സ്വീകരിച്ചത് യൂത്തുകോണ്‍ഗ്രസ്- കെഎസ്യു പ്രവര്‍ത്തകരായിരുന്നു. അവരാകട്ടെ അപേക്ഷകള്‍ ഒരു പരിശോധനയും കൂടാതെയാണ് വാങ്ങിയത്. ജനസമ്പര്‍ക്ക സെല്ലില്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ചിരിക്കുന്ന അപേക്ഷകള്‍ തരംതിരിക്കുന്ന ശ്രമകരമായ ജോലി നിര്‍വഹിക്കേണ്ട ചുമതല ജീവനക്കാര്‍ക്കാണ്. അപേക്ഷകള്‍ തരംതിരിച്ച് ഓരോ അപേക്ഷയിലെയും വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് അപേക്ഷകള്‍ തീര്‍പ്പാക്കേണ്ട അതതു വകുപ്പു തലവന്മാര്‍ക്ക് അയച്ചുകൊടുക്കും. മുമ്പ് ആനുകൂല്യം ലഭിച്ചവരും ആനുകൂല്യത്തിനായി ബന്ധപ്പെട്ട ഓഫീസുകളില്‍ നേരത്തെ അപേക്ഷിച്ചവരും ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തവരുമെല്ലാം അപേക്ഷ നല്‍കിയവരിലുണ്ട്. ഇത്തരം അപേക്ഷകള്‍ വീണ്ടും സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നത് അധിക ജോലിഭാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നതിനു തുല്യമാകും.

അപേക്ഷകള്‍ തരംതിരിക്കുന്ന പ്രക്രിയ ജനസമ്പര്‍ക്ക സെല്ലില്‍ ആരംഭിച്ചു. കലക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍നിന്ന് പത്തു ജീവനക്കാരെയാണ് നിയോഗിച്ചത്. നിശ്ചിത മാതൃക ഇല്ലാത്തതിനാല്‍ അപേക്ഷകള്‍ ഓരോന്നും വായിച്ചുനോക്കി പരാതിയുടെ സ്വഭാവം മനസ്സിലാക്കി ഏതു വകുപ്പില്‍നിന്നാണ് നടപടി ഉണ്ടാകേണ്ടതെന്നു രേഖപ്പെടുത്തി വേണം തരം തിരിക്കേണ്ടത്. ഇത്തരത്തില്‍ ദിവസം ശരാശരി 2000 അപേക്ഷകള്‍ മാത്രമാണ് തരംതിരിക്കാനാകുന്നത്. ഫോണ്‍ നമ്പരോ വ്യക്തമായ വിലാസമോ ഇല്ലാത്ത അപേക്ഷകളാണ് ഏറെയും. ഇവ താഴെത്തട്ടിലെ ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തുമ്പോള്‍ അപേക്ഷകനെ കണ്ടെത്താനാത്ത സ്ഥിതിവരും. ഫലത്തില്‍ അപേക്ഷകര്‍ക്കു സര്‍ക്കാര്‍ ഓഫീസുകള്‍ വഴി പരാതികള്‍ തീര്‍പ്പാക്കാന്‍ വേണ്ടിവരുന്ന സമയത്തേക്കാള്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരും.

deshabhimani

സിഖ് കര്‍ഷകര്‍ക്കെതിരായ മോഡിയുടെ ഗൂഢനീക്കം പരാജയപ്പെടുത്തുക: കിസാന്‍സഭ

കണ്ണൂര്‍: ഗുജറാത്തിലെ കച്ച് പ്രദേശത്തുനിന്ന് സിഖ് കര്‍ഷകരെ ആട്ടിപ്പായിക്കാനുള്ള നരേന്ദ്രമോഡിയുടെയും കോര്‍പറേറ്റ് കമ്പനികളുടെയും ഗൂഢനീക്കത്തെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു.

ഇവിടുത്തെ കര്‍ഷകര്‍ പുറമെനിന്ന് വന്നവരാണെന്ന കള്ളപ്രചാരണം നടത്തി ഭൂമി ചുളുവില്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. 1965ലെ ഇന്ത്യാ- പാക് യുദ്ധത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി പ്രത്യേകം ആവശ്യപ്പെട്ടതുപ്രകാരമാണ് അവിഭക്ത പഞ്ചാബില്‍നിന്നുള്ള സിഖ് കര്‍ഷകര്‍ കച്ച് പ്രദേശത്ത് ഭൂമി വിലകൊടുത്തു വാങ്ങിയത്. ഈ പ്രദേശത്ത വിശാലമായ ഊഷരഭൂമി അധ്വാനികളായ കര്‍ഷകരെ ഉപയോഗിച്ച് കൃഷിയോഗ്യമാക്കുകുയും ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുകയുമായിരുന്നു ശാസ്ത്രിയുടെ ലക്ഷ്യം. ഒപ്പം ഈ ജനത അതിര്‍ത്തിമേഖലയില്‍ കാവലാളാകുമെന്നും കരുതി.

അമ്പത് വര്‍ഷത്തോളമായി ഈ കര്‍ഷകര്‍ അഹോരാത്രം അധ്വാനിച്ച് പൊന്നുവിളയിച്ച ഭൂമിയാണ് മോഡിയും കൂട്ടരും ഭരണസംവിധാനമുപയോഗിച്ച് അന്യായമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. കൃഷിസ്ഥലത്തിനുചുറ്റും വ്യവസായങ്ങള്‍ വര്‍ധിച്ചതും തുറമുഖത്തിനടുത്തായതും സ്ഥലം വെട്ടിപ്പിടിക്കാനുള്ള ഭൂമാഫിയയുടെ ഗൂഢാലോചനയ്ക്ക് ശക്തികൂട്ടുന്നു. അദാനി, ടാറ്റ, അംബാനിമാര്‍ക്ക് ഇതിനകംതന്നെ ഗുജറാത്തിലെ അഞ്ചുലക്ഷം ഏക്കറോളം ഭൂമി മോഡിസര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഇതിനു പുറമെ അയ്യായിരത്തിലേറെ സിഖ് കര്‍ഷകരുടെ ഒരു ലക്ഷം ഏക്കര്‍കൂടി പിടിച്ചെടുത്ത് നല്‍കാനാണ് നീക്കം. പ്രശ്നം കര്‍ഷകര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഭൂമി വിട്ടുനല്‍കിയില്ലെങ്കില്‍ ഗുരുതരപ്രശ്നങ്ങള്‍ നേരിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ് മോഡിസര്‍ക്കാര്‍. ഇതിനെതിരെ കിസാന്‍സഭ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും.

രാജ്യമെങ്ങും വര്‍ഗീയാസ്വാസ്ഥ്യങ്ങളും കലാപങ്ങളും വിതച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്- ബിജെപി നീക്കത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

deshabhimani

ഹെല്‍മെറ്റ് വേട്ടയും അറബിക്കല്യാണവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും.. ജനകീയ പോരാട്ടങ്ങളിലുണര്‍ന്ന് കോഴിക്കോട്

നാടിന്റെ പ്രശ്നങ്ങളില്‍ ഒന്നിച്ചു നിന്ന് പ്രതിരോധിക്കുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു പോയവര്‍ഷം കോഴിക്കോട്ടുണ്ടായത്. മലയോര ജനതയെ ആശങ്കയിലാക്കി ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും അതിനെതിരായ ജനകീയപ്രതിഷേധവും, അറബിക്കല്ല്യാണം, സോളാര്‍ തട്ടിപ്പിനെതിരായ രാപ്പകല്‍സമരം എന്നിവ പോയവര്‍ഷത്തെ സമരതീക്ഷ്ണമാക്കി. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരായ രോഷം ജില്ലയിലും അണപൊട്ടി. കരിങ്കൊടി പ്രതിഷേധവും എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന രാപ്പകല്‍ ഉപരോധ സമരവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ചന്ദ്രശേഖരന്‍ കേസ് വിചാരണ പൂര്‍ത്തിയായതും ഏറെ കോളിളക്കം സൃഷ്ടിച്ച അപ്പാര്‍ട്ടുമെന്റ് പെണ്‍വാണിഭ കേസ് രാഷ്ട്രീയ ഇടപെടല്‍മൂലം തേഞ്ഞുമാഞ്ഞുപോയതും ഈ വര്‍ഷമാണ്. മീഞ്ചന്ത വട്ടക്കിണറിലെ സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയെ ഒരു വര്‍ഷത്തിനുശേഷം പിടികൂടിയതാണ് പൊലീസിന്റെ ഏകനേട്ടം. മീഞ്ചന്ത ബൈപ്പാസില്‍ ഹെല്‍മറ്റ് വേട്ടയെത്തുടര്‍ന്ന് യുവാക്കള്‍ ബൈക്ക് മറിഞ്ഞ് മരിച്ചതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും പൊലീസിന് നാണക്കേടായി.

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് വേങ്ങേരിക്കടുത്ത് ക്വട്ടേഷന്‍ സംഘത്തോടൊപ്പം പിടിയിലായത് രാഷ്ട്രീയകേരളത്തെ പിടിച്ചുലച്ചു. സ്കൂള്‍ കുട്ടികളെ വലയില്‍വീഴ്ത്തി പീഡിപ്പിച്ച പന്തിരിക്കര സെക്സ് റാക്കറ്റ് കേസും നാടിനെ ഞെട്ടിച്ചു. സാംസ്കാരിക പരിപാടികള്‍ക്കൊണ്ടും ശ്രദ്ധേയമായി പോയ വര്‍ഷം. ദേശാഭിമാനി ജോബ് ഫെസ്റ്റും അക്ഷരമുറ്റം ക്വിസ്സിന്റെ മെഗാഫൈനലും വളരുന്ന തലമുറയ്ക്ക് പുത്തനുണര്‍വേകി. മുഖ്യധാര മാസികയുടെ പ്രസിദ്ധീകരണവും ന്യൂനപക്ഷ സെമിനാറും രാഷ്ട്രീയകേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്‍ കേന്ദ്ര കഥാപാത്രമായി രണ്ടു നാടകങ്ങളും അരങ്ങിലെത്തി. ഗുരു ചേമഞ്ചേരിയുടെ 98-ാം പിറന്നാളും എംടിയുടെ 80-ാം പിറന്നാളും ജനകീയമായി. സംവിധായകന്‍ ഐവി ശശിയെ കലയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആദരിച്ചപ്പോള്‍ സൂപ്പര്‍താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ ഒരേ വേദിയിലെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഗള്‍ഫില്‍നിന്നുള്ളവര്‍ക്ക് വിവാഹം ചെയ്തുകൊടുത്തത് ജില്ലയുടെ സാംസ്കാരിക മഹിമയ്ക്ക് കളങ്കമായി. രണ്ട് അറബിക്കല്യാണങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ തീയാളിയ സമരത്തിനാണ് മലയോരം വേദിയായത്. നടക്കാവ് സ്കൂളില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ പ്രിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വികസന പദ്ധതികള്‍ സംസ്ഥാനത്തിന് മാതൃകയായി. വിദ്യാഭ്യാസരംഗത്തെ ഈ പുതുമാതൃക വര്‍ഷാന്ത്യത്തില്‍ ഉദ്ഘാടനം ചെയ്തു.

ഇവര്‍ ഇനി ഓര്‍മ...

2013നെ കണ്ണീരിലാഴ്ത്തിയ വേര്‍പാടിലൊന്നായിരുന്നു സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും എന്‍ജിഒ യൂണിയന്റെ മുന്‍ നേതാവുമായിരുന്ന സി എച്ച് അശോകന്റേത്. രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി സി എച്ച് വിടപറഞ്ഞത് ജൂലൈ അഞ്ചിനായിരുന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ കള്ളക്കേസില്‍ കുടുക്കിയ സഖാവിനെ ക്യാന്‍സറിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തു. കള്ളക്കേസില്‍കുടുക്കി യുഡിഎഫ് ഭരണനേതൃത്വം നടത്തിയ പീഡനത്തിന്റെ ഇരയായിരുന്നു അശോകന്‍. മോട്ടോര്‍ വാഹന തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവ് കെ ദേവരാജന്റെ അപകട മരണവും തീരാനഷ്ടമായി. ഐഎന്‍ടിയുസി നേതാവ് കെ സാദിരിക്കോയയുടെ വിയോഗവും ജില്ലയിലെ ട്രേഡ്യൂണിയന്‍ സമൂഹത്തിന് നഷ്ടമായി.

മലയോരത്ത് ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അജയ്യമായ കരുത്തായിരുന്ന ജോസ് വര്‍ഗീസ്, എന്‍സിപി നേതാവും മുന്‍മന്ത്രിയുമായ എ സി ഷണ്‍മുഖദാസ്, വിഎച്ച്പി നേതാവ് വി കെ ഏറാടി എന്നിവരും രാഷ്ട്രീയരംഗത്തെ നഷ്ടങ്ങളായി. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെ, ഗായകന്‍ നജ്മല്‍ ബാബു, നാടക കലാകാരന്‍ എം വി തവന്നൂര്‍, ശ്രീശന്‍ നടുക്കണ്ടി, സിനിമാനടന്‍ അഗസ്റ്റിന്‍, നാടകനടന്‍ ഷംസു മൈസൂര്‍ എന്നിവരും ഈ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞു. അദിതി എസ് നമ്പൂതിരി എന്ന ബാലികയുടെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാക്കിയപ്പോള്‍ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് നടത്തിയ ക്രൂരതകള്‍ ഏവരെയും ഞെട്ടിച്ചു. മെഡിക്കല്‍ കോളേജില്‍ രക്തം മാറി രോഗി മരിച്ചത് ആരോഗ്യ സംവിധാനത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കി.

deshabhimani

എല്‍ഡിഎഫ് സമരം നിയമസഭയിലേക്ക്

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചൊഴിയണ മെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന സമരം നിയമസഭയില്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിനാല്‍ ക്ലിഫ്ഹൗസ് ഉപരോധം താല്‍ക്കാലികമായി പിന്‍വലിക്കും. എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.
 
സഭക്ക് പുറത്ത് സമരം തുടങ്ങിയത് നിയമസഭ നേരത്തെ അവസാനിപ്പിച്ചതിനാലാണ്. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കാണ് ഉപരോധം പിന്‍വലിക്കുന്നത്്. അഴിമതി തന്നെയാണ് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തികാണിക്കുക. ആറന്‍മുള വിമാനത്താവള വിവാദവും പട്ടയ വിതരണ വിവാദവും റേഷന്‍ വിതരണത്തിലെ കുറവുകളും നിയമസഭയില്‍ ശക്തമായി ഉന്നയിക്കും . വിമാനത്താവള പ്രശ്നത്തില്‍ മുഖ്യമന്ത്രി നിരന്തരം കള്ളം പറയുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani

ട്രെയ്നികളെ നിയമിച്ച്് നേഴ്സുമാരുടെ ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ട്രെയ്നി നേഴ്സുമാരെ നിയമിച്ച് സേവന-വേതന വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ. പുതുക്കിയ മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇതിലൂടെ നേഴ്സുമാര്‍ക്ക് നഷ്ടപ്പെടുന്നത്. മിക്ക ആശുപത്രികളിലും ഇപ്പോള്‍ 80 ശതമാനത്തോളം ട്രെയ്നി നേഴ്സുമാരാണ് ജോലി ചെയ്യുന്നത്. മിനിമം വേതനം ആവശ്യപ്പെട്ട് കോതമംഗലത്ത് നേഴ്സുമാര്‍ സമരം നടത്തിയതിനുശേഷമാണ് പുതിയ നേഴ്സുമാര്‍ക്ക് ഒരു വര്‍ഷം പരിശീലന കാലയളവ് നിശ്ചയിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നേഴ്സിങ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. കോഴ്സ് വിജയിക്കുന്നവര്‍ ശാരീരികമായും മാനസികമായും രോഗികളെ പരിചരിക്കാന്‍ സജ്ജരായിരിക്കണമെന്നും ഇവര്‍ക്ക് പിന്നീട് പരിശീലനം ആവശ്യമില്ലെന്നുമാണ് കൗണ്‍സില്‍ നിര്‍ദേശം.

എന്നാല്‍ മാനേജ്മെന്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. മറ്റ്സംസ്ഥാനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് കാര്യമായ പരിശീലനം ലഭിക്കുന്നില്ലെന്നതാണ് ഇതിനു കാരണമായി പറഞ്ഞത്. ഇതിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും ട്രെയ്നി നേഴ്സുമാരെയാണ് നിയമിക്കുന്നത്. ആശുപത്രികളില്‍ വര്‍ഷങ്ങളുടെ പരിചയമുള്ളവര്‍പോലും ഇങ്ങനെ ട്രെയ്നികളായി. പരമാവധി 6000 രൂപവരെയാണ് ഇവര്‍ക്ക് നല്‍കുന്നത്. ഒരുവര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയാലും സ്റ്റാഫ്നേഴ്സ് തസ്തികയില്‍ നിയമിക്കാതെ ട്രെയ്നിയായിതുടരേണ്ടി വരുന്നു. ചോദ്യംചെയ്യുന്നവരെ ഉടന്‍ ജോലിയില്‍നിന്ന് പുറത്താക്കും. ട്രെയ്നികളുടെ പരിചരണം രോഗികള്‍ ഇഷ്ടപ്പെടാത്തതുകാരണംപല വന്‍കിട ആശുപത്രികളും ഇവര്‍ക്ക് സ്റ്റാഫ്നേഴ്സ് എന്ന പേരിലാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. നിയമം പാലിക്കാതെയുള്ള ട്രെയ്നിങ് വ്യവസ്ഥ സംസ്ഥാനത്ത് നേഴ്സുമാരുടെ പ്രക്ഷോഭങ്ങള്‍ക്കും കാരണമാകുന്നു. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയിലെ നേഴ്സുമാര്‍ ട്രെയ്നിങ് വ്യവസ്ഥയ്ക്കെതിരെ സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു. സര്‍ക്കാര്‍ നടപടിക്കെതിരെ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, നേഴ്സിങ് കൗണ്‍സില്‍, സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലേബര്‍ കമീഷണര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് നല്‍കിയിരിക്കുന്നത്. കേസ് ജനുവരി 15ന് കോടതി പരിഗണിക്കും.

deshabhimani

അംഗീകരിക്കപ്പെടുന്നത് ഒഴുക്കിനെതിരായ രാഷ്ട്രീയപ്രവര്‍ത്തനം: പിണറായി

ഒഴുക്കിനെതിരെ നീന്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം അവഗണിക്കപ്പെടാത്ത ശക്തിയായി മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ജനനായക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പിണറായി.

ഞാന്‍ അവാര്‍ഡ് അലങ്കാരമാണെന്ന് കരുതുന്നയാളല്ല. അത് എന്നെ പ്രലോഭിപ്പിക്കാറുമില്ല. എന്നാല്‍, സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുത്തു. പൊതുപ്രവര്‍ത്തകരെ വിലയിരുത്താനുള്ള ആത്യന്തിക മാനദണ്ഡം പുരസ്കാരമാണെന്ന് കരുതുന്നില്ല. എന്നാല്‍, ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നിര്‍ണയിച്ചതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ജനങ്ങളെ പൊതുപ്രവര്‍ത്തകര്‍ ആദരിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിനെതിരെ വ്യാജപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചില്‍ നടക്കുന്ന കാലമാണിത്. പല മാധ്യമങ്ങളും അതില്‍ മത്സരിക്കുന്നു. അതിന്റെ നടുവില്‍ നില്‍ക്കുമ്പോഴും അത്തരം പ്രചാരണങ്ങളെ വകഞ്ഞുമാറ്റി സമൂഹത്തിലെ വലിയൊരു വിഭാഗം സത്യം കണ്ടെത്തുന്നു. അതിന്റെ പ്രതിഫലനമാണ് ജനങ്ങളില്‍ നിന്നുളള ഈ അംഗീകാരം. ജനങ്ങളുടെ മനസ്സാണ് ഇതിലൂടെ ആദരിക്കപ്പെടുന്നത്. ജനങ്ങളുടെ നായകനായല്ല, മറിച്ച് ജനസേവകനായാണ് ഞാന്‍ സ്വയം കരുതുന്നത്. പക്ഷേ, ചില ഘട്ടങ്ങളില്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടിവരും. ആക്രമണം ജനങ്ങളുടെമേല്‍ പതിക്കാതിരിക്കാനാണ് അത്. ആ ഘട്ടത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുന്നു. പൂമാലയും കല്ലേറും കിട്ടും. രണ്ടിനെയും ഒരേ മനസ്സോടെ സ്വീകരിക്കും. പൂമാല കിട്ടുമ്പോള്‍ സ്വയം മറന്ന് ഭ്രമിച്ചുനിന്നാല്‍ കാലിടറി വീഴും. തുടര്‍ച്ചയായി കല്ലേറുകളുണ്ടായിട്ടും തളര്‍ന്നുവീഴാതിരുന്നത് മനസ്സിന്റെ ശുദ്ധിയും പ്രസ്ഥാനം തന്ന പിന്തുണയുംമൂലമാണ്. മൂല്യങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് അംഗീകാരമാണ് ഈ പുരസ്കാരം. അവാര്‍ഡുകള്‍ക്ക് വേണ്ടിയുള്ളതല്ല രാഷ്ട്രീയപ്രവര്‍ത്തനം. ബുളളറ്റോ കഴുമരമോ ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്നുള്ള കഠിനമായ രോഗമോ പ്രതിഫലമായി ഏറ്റുവാങ്ങിയവരെ പിന്തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ ആളാണ് ഞാന്‍. മഹത്തായ മൂല്യങ്ങളോടുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കാന്‍ അവാര്‍ഡ് സഹായകമാകുമെന്നും പിണറായി പറഞ്ഞു.

deshabhimani

കെഎസ്ആര്‍ടിസിക്ക് നഷ്ടം കോടികള്‍

തൃശൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്സി അഡൈ്വസ് മെമ്മോ അയച്ച്് നാലുമാസം പിന്നിട്ടിട്ടും നിയമനമില്ല. നിയമന ശുപാര്‍ശ അയച്ചിട്ട് ഡിസംബര്‍ അഞ്ചിന് 90 ദിവസം പൂര്‍ത്തിയായി. 9,300 പേര്‍ക്കാണ് നിയമനം ശുപാര്‍ശ ചെയ്തത്. നിയമന ശുപാര്‍ശ അയച്ചാല്‍ 90 ദിവസത്തിനകം സര്‍വീസില്‍ പ്രവേശിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കണ്ടക്ടര്‍മാരില്ലാതെ സര്‍വീസ് മുടങ്ങിയതുവഴി ക്രിസ്മസ്-ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കണ്ടക്ടര്‍ നിയമനം വൈകിക്കുന്നതിനു പിന്നില്‍ ഐഎന്‍ടിയുസി യൂണിയനാണെന്ന് ആക്ഷേപം ഉയര്‍ന്നു.

യൂണിയനിലേക്ക് ആളെ ചേര്‍ക്കാനാണ് നിയമന നടപടികള്‍ വൈകിപ്പിക്കുന്നതത്രെ. നിയമനഉത്തരവ് വരും മുമ്പേ ഐഎന്‍ടിയുസി നേതാക്കള്‍ വീട്ടിലെത്തിയതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. റാങ്ക് ലിസ്റ്റിലുള്ളവരുടെ മേല്‍വിലാസം ശേഖരിച്ചാണ് ക്യാന്‍വാസ് ചെയ്യുന്നത്. ഭരണകക്ഷി യൂണിയനില്‍ ചേരുന്നവര്‍ക്ക് ആവശ്യപ്പെട്ട ജില്ലയില്‍ നിയമനം നല്‍കുമെന്ന വാഗ്ദാനവും അല്ലെങ്കില്‍ നിയമനം തടസ്സപ്പെടുമെന്ന ഭീഷണിയുമുണ്ട്. പുതിയ ബസുകള്‍ നിരത്തിലിറക്കാത്തതും ഷെഡ്യൂളുകള്‍ കുറച്ചതുമാണ് ഒഴിവുകള്‍ കുറയാന്‍ കാരണമെന്ന് പറയുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഷംതോറും ആയിരം പുതിയ ബസ് ഇറക്കിയിരുന്നു. യുഡിഎഫ് മൂന്നു വര്‍ഷത്തിനിടെ 921 ബസ് മാത്രമാണ് പുതുതായി വാങ്ങിയത്. കെഎസ്ആര്‍ടിസിക്ക് ഏറ്റവും കലക്ഷന്‍ കിട്ടുന്നത് ക്രിസ്മസ്-ശബരിമല സീസണിലാണ്. എന്നാല്‍, ഇക്കുറി ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത് ഡിസംബറിലാണ്. 5891 ബസില്‍ ശരാശരി 4700 മാത്രമാണ് പ്രതിദിനം ഓടുന്നത്്. പ്രതിമാസ നഷ്ടം 130 കോടിയായി. കേടായ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീനുകള്‍ നന്നാക്കാത്തതും കലക്ഷനെ ബാധിച്ചു. ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ച എല്‍ഐസി പ്രീമിയവും വായ്പാ ഗഡുവും മൂന്നുമാസമായി അടച്ചിട്ടില്ല. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക ഒരുഗഡു നല്‍കിയെങ്കിലും ക്രിസ്മസ് ആയിട്ടും രണ്ടാംഗഡു 8500 രൂപ വരെ മാത്രമാണ് നല്‍കിയത്. കോര്‍പറേഷനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിലും നിയമനം നല്‍കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നതിലും പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ പറഞ്ഞു. അഡൈ്വസ് നല്‍കിയ 9300 പേരില്‍ ആയിരം പേര്‍ക്കേ തല്‍ക്കാലം നിയമനം നല്‍കൂവെന്നാണ് മാനേജ്മെന്റ് നിലപാട്. മൊത്തം 3808 ഒഴിവ് മാത്രമേയുള്ളൂവെന്നും മൂന്നു വര്‍ഷം മുമ്പ് തെറ്റായി വിജ്ഞാപനം ചെയ്തതാണെന്നുമാണ് അവകാശവാദം.

ബസ് വാങ്ങാന്‍ പണമില്ല

പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് പണമില്ല. 1500 ബസ് വാങ്ങാന്‍ കഴിഞ്ഞ ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചെങ്കിലും ഇതിനുള്ള പണം കണ്ടെത്താനായിട്ടില്ല. കെഎസ്ആര്‍ടിസിക്കുള്ള ഈ വര്‍ഷത്തെ വായ്പാപരിധി കഴിഞ്ഞതിനാല്‍ ധനകാര്യസ്ഥാപനങ്ങള്‍ പുതിയ വായ്പ നല്‍കാന്‍ തയ്യാറില്ല. സര്‍ക്കാര്‍ നല്‍കിയ 75 കോടി രൂപ പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍പോലും തികഞ്ഞിട്ടില്ല.

എല്‍ഐസി, ഹഡ്കോ, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെടിഡിഎഫ്സി) എന്നീ സ്ഥാപനങ്ങളെയാണ് കെഎസ്ആര്‍ടിസി വായ്പയ്ക്കായി ആശ്രയിച്ചിരുന്നത്. ഇതില്‍ കെടിഡിഎഫ്സിയില്‍നിന്നാണ് കൂടുതല്‍ വായ്പയും വാങ്ങിയത്. കെടിഡിഎഫ്സിയോട് ഈ വര്‍ഷം 500 കോടി രൂപ വായ്പയായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 360 കോടി രൂപമാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം കൂടുതല്‍ തുക നല്‍കാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചിട്ടുമുണ്ട്. ഒരു ബസ് ചേസ് വാങ്ങാന്‍ നികുതിയുള്‍പ്പെടെ 9.4 ലക്ഷം നല്‍കേണ്ടിവരും. സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ നൂറുകണക്കിന് ബസുകളാണ് വിവിധ ഡിപ്പോകളിലായി കട്ടപ്പുറത്തുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഗ്രാമീണ സര്‍വീസുകള്‍ ഭൂരിഭാഗവും നിര്‍ത്തലാക്കി. ആവശ്യത്തിന് ബസില്ലാത്തതിനാല്‍ മണ്ഡലകാലത്തും ക്രിസ്മസ് അവധിക്കും യാത്രാദുരിതം രൂക്ഷമായിരുന്നു.

വി എം രാധാകൃഷ്ണന്‍ deshabhimani

ബംഗാളിന്റെ നേട്ടങ്ങളെല്ലാം തൃണമൂല്‍ ഭരണം ഇല്ലാതാക്കി: സൂര്യകാന്ത് മിശ്ര

കണ്ണൂര്‍: ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണം ഉണ്ടാക്കിയ മുഴുവന്‍ നേട്ടങ്ങളും രണ്ടര വര്‍ഷത്തെ തൃണമൂല്‍ ഭരണത്തില്‍ ഇല്ലാതായെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞു. കാര്‍ഷിക പരിഷ്കാരങ്ങള്‍ അട്ടിമറിക്കുകയും വ്യവസായരംഗം പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. 74 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മറ്റ് മേഖലകളിലേക്കും ആത്മഹത്യ പടരുകയാണ്. ജനാധിപത്യത്തിനും ജനജീവിതത്തിനും നേരെയുമുള്ള ആക്രമണമാണ് ബംഗാളില്‍- കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ "മീറ്റ് ദ പ്രസി"ല്‍ സംസാരിക്കുകയായിരുന്നു മിശ്ര.

ഒരു വ്യവസായവും ആരംഭിക്കാന്‍ മമതക്ക് കഴിഞ്ഞില്ല. തൊഴിലുറപ്പ് പദ്ധതിപോലും നടപ്പാക്കാനായില്ല. ചെറുകിട സ്ഥാപനങ്ങളെല്ലാം പൂട്ടി. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള തൃണമൂല്‍ മന്ത്രിമാര്‍. ബംഗാളില്‍ നടമാടുന്നത് അരാജകത്വമാണ്. 70 മുതല്‍ 77 വരെയുള്ള അര്‍ധഫാസിസ്റ്റ് ഭീകരതയെ ചെറുത്തുതോല്‍പ്പിച്ച ബംഗാളിലെ ജനത തൃണമൂല്‍ കോണ്‍ഗ്രസിന്റെ കിരാത വാഴ്ചയെയും അതിജീവിക്കും.

ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി സൂര്യകാന്ത് മിശ്ര പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ട് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചിലൊന്ന് സീറ്റില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക നല്‍കാന്‍ അനുവദിച്ചില്ല. പത്രിക നല്‍കിയ നൂറുകണക്കിന് സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനായില്ല. എന്നിട്ടും ഇടതുപക്ഷത്തിന് 39 ശതമാനം വോട്ടുലഭിച്ചു. നന്ദിഗ്രാമില്‍ 90 ശതമാനം ജനങ്ങളും ഭൂമി നല്‍കാന്‍ സമ്മതിച്ചിട്ടും ഒരിഞ്ച് ഭൂമിപോലും ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തില്ല. എന്നാല്‍, കര്‍ഷകരെ കുടിയിറക്കുന്നുവെന്ന കള്ളപ്രചാരണമാണ് ഉണ്ടായത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗം എം പ്രകാശന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് കെ എന്‍ ബാബു അധ്യക്ഷനായി.

deshabhimani

ഫെബ്രു. 6, 7ന് ദേശവ്യാപക കര്‍ഷക പ്രക്ഷോഭം

കണ്ണൂര്‍: കാര്‍ഷികമേഖലയിലെ ജീവല്‍ പ്രശ്നങ്ങളുയര്‍ത്തി ഫെബ്രുവരി 6,7 തിയതികളില്‍ ദേശവ്യാപക പ്രക്ഷോഭം നടത്താന്‍ അഖിലേന്ത്യാ കിസാന്‍സഭ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലകളില്‍ വന്‍ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇതര കര്‍ഷകസംഘടനകളെ ഉള്‍പ്പടെ അണിനിരത്തി ഐക്യപ്രസ്ഥാനം രൂപീകരിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ പശ്ചിമഘട്ടമേഖലയിലെ ആറു സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ ജനുവരി 31ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രസിഡന്റ് അമ്രാറാമും ജനറല്‍ സെക്രട്ടറി ഹനന്‍മുള്ളയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവലിബറല്‍ നയങ്ങളുടെ ഭാഗമായി കാര്‍ഷികമേഖലക്കെതിരായ ആക്രമണം സര്‍ക്കാര്‍ തീവ്രമാക്കിയിരിക്കുന്നു. കൃഷി ലാഭകരമല്ലെന്ന ധാരണ പടരുകയാണ്. കര്‍ഷക ആത്മഹത്യ പെരുകുന്നു. കൃഷിയെയും രാജ്യത്തെ കോടിക്കണക്കിന് കൃഷിക്കാരെയും രക്ഷിക്കാന്‍ പോരാട്ടമല്ലാതെ വഴിയില്ല. സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്) സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ട്രേഡ്യൂണിയനുകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഫാസിസ്റ്റ്-ഭീകരവാഴ്ചയില്‍ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.

കൃഷിക്കാരാണ് വലിയ കടന്നാക്രമണത്തിന് ഇരയാകുന്നത്. കാര്‍ഷികപ്രതിസന്ധി അതിരൂക്ഷമായി. ഇടതുപക്ഷം ഭരിച്ച മൂന്നര പതിറ്റാണ്ടിനിടെ ഒരൊറ്റ കൃഷിക്കാരനും ആത്മഹത്യ ചെയ്യാത്ത സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനിടെ 89 പേരാണ് ജീവനൊടുക്കിയത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാര്‍ഷികസംരക്ഷണ നടപടികളാകെ അട്ടിമറിച്ചു. ഭൂപരിഷ്കരണം അട്ടിമറിച്ച് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ജന്മിമാര്‍ക്ക് തിരികെ നല്‍കി. ബിജെപി പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമം കര്‍ഷക-കര്‍ഷകത്തൊഴിലാളി വിരുദ്ധമാണ്. ഈ രീതിയില്‍ നിയമം നടപ്പാക്കുന്നത് ചെറുക്കും. തൊഴിലുറപ്പു തൊഴിലാളികളുടെ കൂലി അതത് സംസ്ഥാനങ്ങളിലെ മിനിമംകൂലിയിലും കുറയരുത്. ഓരോ കുടുംബത്തിനും വര്‍ഷം ചുരുങ്ങിയത് 200 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദ്, ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

കപ്പല്‍ശാലയുടെ പ്രതാപം പഴങ്കഥയാവുമോ

കൊച്ചി: കപ്പല്‍ശാല കൊച്ചിനഗരത്തിന്റെ അഭിമാന സ്തംഭമാണ്. കൊച്ചിക്കാരുടെ പോരാട്ടവിജയത്തിന്റെ കൊടിയടയാളംകൂടിയാണ് 1971-ല്‍ സ്ഥാപിച്ച കപ്പല്‍ശാല. 1967-ല്‍ ഇ എം എസ് സര്‍ക്കാരാണ് ഇതിനായി 170 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. തുടര്‍ന്നും സ്ഥാപനം യാഥാര്‍ഥ്യമാകാതിരുന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി. കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ മുന്നില്‍ കപ്പലിന്റെ മാതൃകയും പേറിയായിരുന്നു സമരം. ആ സമരത്തിന്റെ വിജയമാണ് കപ്പല്‍ശാല. തൊഴിലാളികളുടെകൂടി സഹകരണത്തോടെ കപ്പല്‍ശാല വളര്‍ന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മിനിരത്ന സ്ഥാപനമെന്ന പെരുമ നേടി. ആ കീര്‍ത്തി നിലനിര്‍ത്താന്‍ കപ്പല്‍ശാലയ്ക്ക് ആകുമോ? പ്രതിരോധമേഖലയില്‍നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ കപ്പല്‍ശാലയ്ക്കു നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍തന്നെ കപ്പല്‍ശാലയെ ദുരവസ്ഥയിലേക്കു തള്ളുകയാണ്. ഓഹരി വിറ്റഴിച്ച് ഈ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനും നീക്കം തകൃതി.

പ്രതിരോധസേനയ്ക്കായുള്ള വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ അന്തിമ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കപ്പല്‍ശാലയില്‍ നടക്കുന്ന പ്രധാന ജോലി. തീരദേശ സംരക്ഷണസേനയ്ക്കായുള്ള 18 പട്രോള്‍ കപ്പലുകളുടെ ഓര്‍ഡറുമുണ്ട്. കപ്പല്‍ശാലയുടെ ശേഷി കണക്കിലെടുത്താല്‍ ഇത് വളരെ ചെറിയ പ്രവൃത്തി മാത്രമാണ്. വിക്രാന്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2017-ലേ പൂര്‍ത്തിയാകൂ. എന്നാല്‍ ഇതിന് കപ്പല്‍ശാലയുടെ തൊഴില്‍ശേഷി ഏറെ ഇനി മുടക്കേണ്ടതില്ല. ഇതര ജോലികളും ഏറിയാല്‍ ഒരുവര്‍ഷത്തേക്കു മാത്രം. തുടര്‍ന്നുള്ള പ്രവൃത്തിക്ക് ഓര്‍ഡര്‍ നേടിയെടുക്കാന്‍ കപ്പല്‍ശാലയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

ഇതിനിടെയാണ് ഏറെ പ്രതീക്ഷയര്‍പ്പിച്ച പ്രതിരോധവകുപ്പിന്റെ യുദ്ധടാങ്കര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി സഞ്ചരിക്കുന്ന ലാന്‍ഡിങ് പ്ലാറ്റ്ഫോം ഡക്കിന്റെ (എല്‍പിഡി) നിര്‍മാണജോലിയില്‍നിന്നു സര്‍ക്കാര്‍ കപ്പല്‍ശാലയെ തഴഞ്ഞത്. നാവികസേനയ്ക്കായി നാല് എല്‍പിഡികളാണ് നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ ഓര്‍ഡര്‍ പ്രതിരോധവകുപ്പിനു കീഴിലെ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ് കമ്പനിക്കു കൈമാറി. ശേഷിക്കുന്ന രണ്ടെണ്ണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍പോലും കൊച്ചി കപ്പല്‍ശാലയ്ക്ക് അവസരം നിഷേധിച്ചു. എല്‍ ആന്‍ഡ് ടി, എവിബി, പിപ്പോവാവ് എന്നീ സ്വകാര്യകമ്പനികള്‍ക്ക് ടെന്‍ഡറിന് അവസരം നല്‍കിയപ്പോള്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിനു നല്‍കിയ അനുമതിയുടെ പേരിലാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് തുടര്‍ അവസരം നിഷേധിച്ചത്. വിക്രാന്തിന്റെ ജോലി ഇപ്പോഴും ഇവിടെ നടക്കുന്നതിനാല്‍ പുതിയ ഓര്‍ഡര്‍ പൂര്‍ത്തിയാക്കല്‍ തടസ്സമാകുമെന്ന തെറ്റായ വാദമാണ് ഇതിനായി നിരത്തിയത്. മലയാളിയായ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഇടപെടലും കൊച്ചി കപ്പല്‍ശാലയ്ക്കായി ഉണ്ടായില്ല. വാസ്തവത്തില്‍ വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി എല്‍പിഡിയുടെ ഓര്‍ഡര്‍ കപ്പല്‍ശാലയ്ക്ക് നല്‍കാനാകൂ. എല്‍പിഡിയുടെ ഡിസൈനിങ് ഉള്‍പ്പെടെയുള്ള പ്രാഥമിക കാര്യങ്ങള്‍ക്കുപോലും അന്തിമരൂപം ആയിട്ടില്ലാത്ത സാഹചര്യത്തില്‍ വിക്രാന്തിന്റെ പേരില്‍ ഈ നിര്‍മാണജോലിയില്‍നിന്നു കപ്പല്‍ശാലയെ തഴഞ്ഞതിന് ഒരു നീതീകരണവുമില്ല.

നാല് എല്‍പിഡികള്‍ക്ക് ഏതാണ്ട് 25,000 കോടി രൂപയാണ്. ഒരു എല്‍പിഡിയുടെ ഓര്‍ഡര്‍ ലഭിച്ചാല്‍തന്നെ കപ്പല്‍ശാലയ്ക്ക് ലഭിക്കുക 6250 കോടി രൂപയുടെ ഓര്‍ഡറാകും. ചെറിയ കാലയളവിലൊഴികെ ലാഭമുണ്ടാക്കിയ ചരിത്രമാണ് കൊച്ചി കപ്പല്‍ശാലയുടേത്. മതിയായ ഓര്‍ഡര്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇത് പഴങ്കഥയാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. 2012-13 സാമ്പത്തികവര്‍ഷം കൊച്ചി കപ്പല്‍ശാലയുടെ വിറ്റുവരവ് 1554 കോടി രൂപയാണ്. നികുതി കഴിക്കാതെ 276 കോടിരൂപയുടെ ആദായവും നികുതികഴിച്ച് 185 കോടി രൂപയുടെ അറ്റാദായവും ഇതുവഴി ഉണ്ടായി. അതായത്, കപ്പല്‍ശാലവഴി നികുതി ഇനത്തില്‍ മാത്രം കഴിഞ്ഞവര്‍ഷം സര്‍ക്കാരിനു ലഭിച്ചത് 91 കോടി രൂപയാണ്. 2011-12ല്‍ കപ്പല്‍ശാലയുടെ വിറ്റ്വരവ് 1405 കോടി രൂപയായിരുന്നു. നികുതി കഴിക്കാതെയുള്ള ആദായം 253 കോടി രൂപയും നികുതികഴിച്ചുള്ള അറ്റാദായം 172 കോടി രൂപയുമായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം വീണ്ടും മെച്ചപ്പെടുത്തിയത്. ആഗോള കപ്പല്‍നിര്‍മാണ മേഖല 2007 മുതല്‍ പ്രതിസന്ധി നേരിടുമ്പോള്‍തന്നെയായിരുന്നു കൊച്ചി കപ്പല്‍ശാലയുടെ നേട്ടം. ഇതിന് വിദേശ ഓര്‍ഡറുകള്‍ക്കു പുറമെ പ്രതിരോധവകുപ്പിന്റെ ഓര്‍ഡറുകളും ഏറെ സഹായകമായി. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടുതന്നെ 500 കോടിയിലേറെ രൂപയുടെ അറ്റാദായം കപ്പല്‍ശാല നേടി. ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ ഇനിയുള്ള നാളുകള്‍ പ്രതിസന്ധിയുടേതാകും.

ഓഹരി വില്‍ക്കാന്‍ ത്വരിത നീക്കം 

കൊച്ചി: സര്‍ക്കാര്‍ ഓര്‍ഡര്‍പോലും നിഷേധിച്ച് കൊച്ചി കപ്പല്‍ശാലയെ തകര്‍ച്ചയിലേക്കു തള്ളുന്നതിനു പുറമെയാണ് കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള ത്വരിത നീക്കവും. സര്‍ക്കാര്‍ ഓര്‍ഡര്‍പോലും നിഷേധിക്കുന്നതിന്റെ പിന്നില്‍ ഇതാണോ ലക്ഷ്യമെന്ന സംശയവും ഉയരുന്നുണ്ട്. കപ്പല്‍ശാല വികസനപദ്ധതികള്‍ക്ക് 400 കോടിയോളം രൂപ കണ്ടെത്തുന്നതിന് 2.2 കോടി പുതുഓഹരി നിക്ഷേപം തേടാനാണ് നീക്കമുള്ളത്. സ്വകാര്യവല്‍ക്കരണംതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലാഭകരമായ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കേണ്ട ആവശ്യം ഇല്ലാതിരിക്കെയാണ് ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയത്തിന് ആക്കംപകര്‍ന്നുള്ള നീക്കം. വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ശാലയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ട്. 2005 മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. 94-ല്‍ 119.64 കോടി രൂപയുടെ മുന്‍ഗണനാ ഓഹരികള്‍ സര്‍ക്കാര്‍ എടുത്തതോടെയാണ് കപ്പല്‍ശാലയുടെ അതുവരെയുള്ള കടം ഇല്ലാതായത്. തുടര്‍ന്ന് 2009, 2011 വര്‍ഷങ്ങളിലായി ഈ തുകയില്‍ 80 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനും കഴിഞ്ഞു.

നാവികസേനാ സംയുക്തസംരംഭമായി കപ്പല്‍ശാല മാറ്റണം: പി രാജീവ്

കൊച്ചി: നാവികസേനയുടെ കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരംപോലും കൊച്ചി കപ്പല്‍ശാലയ്ക്കു നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് പി രാജീവ് എംപി അഭിപ്രായപ്പെട്ടു. നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് നിവേദനം നല്‍കുമെന്നും രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാവികസേനയുമായി ചേര്‍ന്ന് സംയുക്തസംരംഭമാക്കി കപ്പല്‍ശാലയെ മാറ്റുന്നതിനുള്ള സാധ്യത ആരായണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയ്ക്ക് ടെന്‍ഡര്‍ നടപടികളില്ലാതെതന്നെ നാമനിര്‍ദേശത്തിലൂടെ കപ്പല്‍നിര്‍മാണ ഉത്തരവു നല്‍കാന്‍ നിയമപ്രകാരം പ്രതിരോധവകുപ്പിന് കഴിയും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര വിജിലന്‍സ് കമീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ കപ്പല്‍ശാലയ്ക്ക് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുകയും പകരം സ്വകാര്യകമ്പനികള്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ഇത് രാജ്യസുരക്ഷയെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. രാജ്യത്തിന് അഭിമാനകരമായ വിമാനവാഹിനി കപ്പല്‍ നിര്‍മിച്ച് ചരിത്രം സൃഷ്ടിക്കുന്ന കപ്പല്‍ശാലയോടുള്ള സമീപനം തിരുത്താന്‍ പ്രതിരോധവകുപ്പ് തയ്യാറാകണം. നാവികസേനയുമായുള്ള സംയുക്തസംരംഭമായി കപ്പല്‍ശാലയെ മാറ്റാനായാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കപ്പലുകള്‍ നിര്‍മിക്കുന്ന സ്ഥാപനമായി ഇതിനെ മാറ്റാം. സേനയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കാതെ ഇവിടെത്തന്നെ കപ്പലുകള്‍ നിര്‍മിക്കാനുമാകും. സ്വന്തമായി യാര്‍ഡ് നിര്‍മിക്കാന്‍ സേന ഉദ്ദേശിക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യത്തിന് പ്രസക്തിയേറെയാണ്. പ്രതിരോധമന്ത്രി ഇതില്‍ ഉടന്‍ ഇടപെടണമെന്നും രാജീവ് ആവശ്യപ്പെട്ടു.

deshabhimani

വലിയകുളം ബാങ്ക് തെരഞ്ഞെടുപ്പ്: വാര്‍ത്ത വാസ്തവവിരുദ്ധം

റാന്നി: കോണ്‍ഗ്രസുമായി ഒത്തുകളി നടത്തിയതിനാലാണ് സിപിഐ എം നേതാവിന് ബാങ്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം റാന്നി ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വലിയകുളം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുശേഷം നേരത്തെയുള്ള പ്രസിഡന്റ് അഡ്വ. കെ പി സുഭാഷ്കുമാറിനു പകരം രാജന്‍ കെ തോമസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് തെറ്റിദ്ധാരണാജനകമായ വാര്‍ത്ത വന്നത്. വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കി സിപിഐ എമ്മിനെയും നേതാക്കളെയും ജനങ്ങളുടെ മുമ്പില്‍ കരിവാരിത്തേച്ച് കാണിക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നില്‍.

പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ അഴിമതിക്കാരായ യുഡിഎഫ് ഭരണസമിതി സ്ഥാനം ഒഴിയേണ്ടിവരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം രഹസ്യമാക്കി വച്ചത്. ഇതിനു കൂട്ടുനില്‍ക്കേണ്ട ആവശ്യം സിപിഐ എമ്മിനോ നേതാക്കള്‍ക്കോ ഇല്ല. കാരണം പഴവങ്ങാടിക്കരയില്‍ മത്സരം നടന്നിരുന്നെങ്കില്‍ അഴിമതിക്കാര്‍ക്കെതിരേയുള്ള ജനവികാരം സിപിഐ എം ഉള്‍പ്പെടെ എല്‍ഡിഎഫ് പാനലിന് മികച്ച വിജയം ഉറപ്പായിരുന്നു. എന്നാല്‍ വലിയകുളം സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥിതി മറിച്ചായിരുന്നു. ബാങ്കിന്റെ വളര്‍ച്ചയ്ക്ക് കൂട്ടു നിന്ന എല്‍ഡിഎഫ് മുന്നണിക്ക് അനുകൂലമായിരുന്നു ജനവികാരം . ഇത് നേരിട്ടറിയാവുന്നതിനാലാണ് കോണ്‍ഗ്രസുകാര്‍ മത്സരിക്കാതെ മാറി നിന്നത്. നിക്ഷേപ മണ്ഡലത്തില്‍ അഡ്വ. കെ പി സുഭാഷ്കുമാറിനെതിരെ മാത്രമാണ് മത്സരം നടന്നത്. എന്നാല്‍ 358 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സുഭാഷ്കുമാര്‍ നേടിയ വിജയം ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതാണ്. സുഭാഷ് കുമാറിന് കോണ്‍ഗ്രസുകാരുമായി ഒത്തുകളിക്കേണ്ട ആവശ്യമില്ല. ഇത്തരത്തിലൊരു സംശയം സിപിഐഎമ്മിലോ ജനങ്ങളുടെ ഇടയിലോ ഇല്ല. പുതിയൊരാളെ പ്രസിഡന്റാക്കാം എന്ന് വലിയകുളം ലോക്കല്‍ കമ്മിറ്റി ഐക്യകണ്ഠേന തീരുമാനം എടുക്കുകയായിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു.

deshabhimani

ആധാറില്‍ കേന്ദ്രത്തിന്റെ അന്ത്യശാസനം

ചൊവ്വാഴ്ചക്കുള്ളില്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍ കൈമാറിയില്ലെങ്കില്‍ പാചകവാതക സബ്സിഡി നല്‍കില്ലെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ അന്ത്യശാസനം. സുപ്രീംകോടതി ഉത്തരവും ജനങ്ങളുടെ ആശങ്കകളും അവഗണിച്ചാണ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഡിസംബര്‍ 31നകം ആധാര്‍ ലിങ്ക്ചെയ്യാത്തവര്‍ക്ക് സബ്സിഡിയുണ്ടാകില്ലെന്നും വിപണിവില നല്‍കേണ്ടിവരുമെന്നും കാണിച്ച് രാജ്യത്തെ പ്രാദേശിക പത്രങ്ങളില്‍ ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ പരസ്യവും നല്‍കി.

ആധാര്‍ കാര്‍ഡ് സര്‍ക്കാരിന്റെ ഒരു പദ്ധതിക്കും നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവും നിലവിലുണ്ട്. ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ പ്രദേശങ്ങളില്‍ വ്യാപകമായ പരാതിയാണ് ഉയരുന്നത്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പാചകവാതക സബ്സിഡി പണം അക്കൗണ്ടില്‍ ലഭിക്കുന്നുണ്ടെങ്കിലും തുക വ്യത്യസ്തമാണ്. സിലിണ്ടറിന് 1060 മുതല്‍ 1080 വരെ മുന്‍കൂര്‍ അടയ്ക്കണം. നികുതികളുടെയും മറ്റും പേരില്‍ സിലിണ്ടറിന് മുപ്പതുമുതല്‍ അമ്പതുരൂപ വരെ എണ്ണ കമ്പനികള്‍ ഈടാക്കുന്നുമുണ്ട്. നിലവില്‍ എല്‍പിജി സിലിണ്ടറിന് എണ്ണകമ്പനികള്‍ നിശ്ചയിച്ചിട്ടുള്ള വിലയാണ് 1080 രൂപ. ഭാവിയില്‍ ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച് ഈ വിലയില്‍ മാറ്റമുണ്ടാകും. അത്തരം ഘട്ടങ്ങളില്‍ അക്കൗണ്ടിലേക്ക് വരുന്ന സബ്സിഡി തുക മാറുമോയെന്നും വ്യക്തമല്ല.

ആധാര്‍ കാര്‍ഡ് ഇനിയും കിട്ടാത്തവര്‍ക്ക് ജനുവരി ഒന്നു മുതല്‍ വിപണിവില നല്‍കി എല്‍പിജി സിലിണ്ടര്‍ വാങ്ങേണ്ടിവരുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആധാര്‍ കാര്‍ഡ് പിന്നീട് എപ്പോഴെങ്കിലും ലഭിച്ചാല്‍ അതുവരെയുള്ള കാലയളവില്‍ വാങ്ങിയ സിലിണ്ടറുകളുടെ സബ്സിഡി പണം ഒറ്റയടിക്ക് അക്കൗണ്ടിലേക്ക് വരുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പെട്രോളിയം മന്ത്രാലയമോ എണ്ണകമ്പനികളോ നല്‍കുന്നില്ല. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആധാര്‍ കാര്‍ഡിന് നിയമപിന്‍ബലം നല്‍കിയുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇനി പൊതുതെരഞ്ഞെടുപ്പിന് മുമ്പായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിനുള്ള പാര്‍ലമെന്റിന്റെ ഹ്രസ്വസമ്മേളനം മാത്രമാണുണ്ടാകുക. ഈ സമ്മേളനത്തില്‍ നിയമനിര്‍മാണങ്ങളൊന്നും സാധ്യമല്ല. ചുരുക്കത്തില്‍ യുപിഎ സര്‍ക്കാരിന് ആധാര്‍ കാര്‍ഡ് നിയമവിധേയമാക്കിയുള്ള ബില്‍ പാസാക്കാന്‍ കഴിയില്ല. ഈ വസ്തുതകളെല്ലാം അവഗണിച്ചാണ് എല്‍പിജി സബ്സിഡി പണം ബാങ്ക് അക്കൗണ്ടിലേക്ക് പദ്ധതിയുമായി പെട്രോളിയം മന്ത്രാലയം മുന്നോട്ടുപോകുന്നത്.

ആധാര്‍ ഒരു പദ്ധതിക്കും നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന് ഉറപ്പുനല്‍കിയിരുന്നതാണ്. എല്‍പിജി സബ്സിഡിയുടെ കാര്യത്തില്‍ ഈ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ആധാര്‍ കാര്‍ഡ് ഇനിയും കിട്ടാത്തവരെ സബ്സിഡി പട്ടികയില്‍നിന്ന് പുറത്താക്കുക വഴി സബ്സിഡി ചെലവില്‍ കോടികളാണ് കേന്ദ്രസര്‍ക്കാര്‍ ലാഭിക്കുക.

എം പ്രശാന്ത് deshabhimani

മുഖ്യധാരയില്‍ ഇതെല്ലാം സഹജമപ്പാ...:)

അലോ..ചാനലല്ലേ?

വോ...

ഒരു സ്കൂപ്പൊണ്ടായിരുന്നു...

പറ

മ്മടെ ദേശാഭിമാനിക്കാരു...സ്ഥലം വില്പന. തമ്പാനൂരില്‍.... സെന്റിന് പത്ത് ലക്ഷം

ങേ..തമ്പാനൂരിലോ? പത്ത് ലക്ഷമോ? കൊള്ള വിലയാണല്ലോ കൊടുക്കുന്നത്...പാര്‍ട്ടീന്റെ പണമെടുത്ത് ഇങ്ങനെ ചെലവാക്കാമോ? പാവം പാലോറ മാത.കണ്ണ് നെറയുന്നു.. ഇപ്പത്തന്നെ ബൈറ്റിട്ടേക്കാം..കൊള്ളവിലയ്ക്ക് ദേശാഭിമാനിയുടെ ഭൂമികച്ചോടം..

അയ്യോ സാറേ...ദേശാഭിമാനി വാങ്ങിയതല്ല..വിറ്റതാ...

ങ്ങേ..തമ്പാനൂരിലോ? വെറും പത്ത് ലക്ഷമോ? ചുളുവിലയ്ക്കാ‍ണല്ലോ കൊടുക്കുന്നത്..പാര്‍ട്ടീന്റെ സ്വത്തെടുത്ത് ഇങ്ങനെ വില്‍ക്കാമോ?പാവം പാലോറ മാത. കണ്ണ് നെറയുന്നു.. ഇപ്പത്തന്നെ ബൈറ്റിട്ടേക്കാം..ചുളുവിലയ്ക്ക് ദേശാഭിമാനിയുടെ ഭൂമികച്ചോടം..

അണ്ണാ അണ്ണന്‍ തന്നണ്ണാ ചാനല്‍ പ്രഭു..

Sunday, December 29, 2013

സമരങ്ങളുടെ അനിവാര്യത

ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്, കേരളത്തിലെ അധ്യാപകരും ഇതര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ക്കുവേണ്ടിയും സര്‍ക്കാര്‍ സര്‍വീസുകളിലെ താല്‍ക്കാലിക നിയമന ചൂഷണത്തിനെതിരെയുമെല്ലാമായി നടത്തിയ നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ പണിമുടക്കിന്റെ പ്രചാരണ പരിപാടികള്‍ക്കായി വളണ്ടിയര്‍മാര്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെത്തിയത്. സ്കൂട്ടറില്‍ വരുന്ന ഇരുപതുകളുടെ ആദ്യപാതിയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടി സമരവളണ്ടിയര്‍മാരോട് എല്ലാ സമരങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് കയര്‍ക്കുന്ന ഒരു "ബൈറ്റ്" (ദൃശ്യാംശം) നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരുന്നു. ജോലിസ്ഥിരതയോ വേതനസ്ഥിരതയോ അവകാശപ്പെടാനില്ലാത്ത ഇരുപത്തിനാലു മണിക്കൂറില്‍ ഇരുപതുമണിക്കൂറും അധ്വാനം ചൂഷണം ചെയ്യപ്പെടുന്ന ആ കുട്ടിയടക്കമുള്ള പുതുതലമുറയ്ക്കുവേണ്ടി കൂടിയാണ് ആ സമരമെന്ന സത്യം വിസ്മരിച്ചുകൊണ്ടുള്ള ആ പെരുമാറ്റം അനുദിനം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതുതലമുറയെ ആവേശം കൊള്ളിയ്ക്കുമെന്ന് മാധ്യമങ്ങള്‍ കരുതിയിരിക്കണം.

സമാനമായ മറ്റൊരു സംഭവം പശ്ചാത്തല സംവിധാനങ്ങളില്‍ വലിയ മാറ്റമൊന്നുമില്ലാതെ കഴിഞ്ഞ ദിവസം ആവര്‍ത്തിക്കപ്പെട്ടു. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍, ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ മാഫിയാ ഇടപാടുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് മാറിനിന്ന് അന്വേഷണം വേണമെന്ന ന്യായമായ ആവശ്യത്തെ തെല്ലും മാനിക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഒരാളെ ആ പദവിയില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു സമരമുന്നേറ്റത്തിലേക്ക് സ്കൂട്ടറോടിച്ച് ഒരു വീട്ടമ്മ കടന്നെത്തുന്നു. തനിയ്ക്കു നേരിട്ട ഒരു താല്‍ക്കാലിക അസൗകര്യത്തിന്റെ പേരില്‍ കേരളത്തിലെ സമുന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അവര്‍ കയര്‍ക്കുന്നതിന്റെ ബൈറ്റുകള്‍ പഴയ അതേ ആവേശത്തില്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നു. ആ കയര്‍ക്കലിന്റെ പേരില്‍ ജ്ഞാനപീഠസമ്മാനത്തിന്റെ ഇരട്ടി വരുന്ന തുക കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന വ്യവസായ പ്രമുഖന്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തതിനെ വാനോളം പുകഴ്ത്തിയുള്ള ചാനല്‍ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നിറയുന്നു. അതിന്റെയെല്ലാം പശ്ചാത്തലത്തില്‍ പുതിയൊരു സംവാദവിഷയം തന്നെ രൂപപ്പെടുത്തിയെടുക്കുന്നു. ""സമരങ്ങളെല്ലാം കെട്ടുകാഴ്ചകളായി പരാജയപ്പെടുകയാണോ"" - ചാനലുകളില്‍ തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. രാഷ്ട്രീയവല്‍ക്കരിക്കപ്പെടാത്ത പാവം മനസ്സുകള്‍ക്ക് ഇതിന്റെ രാഷ്ട്രീയം പെട്ടെന്നു പിടികിട്ടിക്കൊള്ളണമെന്നില്ല. ഇതിനെ നമുക്ക് അരാഷ്ട്രീയതയുടെ രാഷ്ട്രീയം എന്നു വിളിക്കാം.

ഇതു തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. എല്ലാ രാഷ്ട്രീയവും ഒരുപോലെ, രാഷ്ട്രീയക്കാരെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍ എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. ആ നാടകത്തിന്റെ ഏറ്റവും പുതിയ രംഗഭാഷയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സമരങ്ങളെല്ലാം പരാജയപ്പെടുകയാണെന്ന വാദം ആരംഭിച്ചത് മുഖ്യമന്ത്രിയും യുഡിഎഫും. ഇപ്പോള്‍ അതേറ്റെടുത്തിരിക്കുന്നത് വലതുപക്ഷ മാധ്യമങ്ങള്‍. ഇന്ത്യയില്‍ നടന്ന ഐതിഹാസിക സമരങ്ങളെ ഏതെങ്കിലുമൊന്നിനെ ഈ വലതുപക്ഷ മാധ്യമങ്ങള്‍ എന്നെങ്കിലും പിന്തുണച്ചിട്ടുണ്ടോ? ആ സമരങ്ങളിലെ ന്യായമായ ആവശ്യങ്ങളെ ജനസമക്ഷം എത്തിക്കാന്‍ എന്തെങ്കിലും ഈ മാധ്യമങ്ങള്‍ ചെയ്തിട്ടുണ്ടോ? സമരങ്ങളെല്ലാം പരാജയപ്പെടുന്നു എന്നു പ്രഖ്യാപിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി കേരളത്തില്‍ ഏതെങ്കിലുമൊരു സമരരംഗത്ത് തന്റെ വ്യക്തിത്വം വ്യക്തമാക്കിയിട്ടുണ്ടോ? തുടക്കത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് ഇടതുപക്ഷത്തോടൊപ്പം വാശിയോടെ പറഞ്ഞവര്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ സമരത്തെ വിമര്‍ശിക്കുന്നതെന്തുകൊണ്ടാണ്? ഇത്തരം ചോദ്യങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ ഉയരേണ്ടത്.

കേരളം ഇന്നു കാണുന്ന കേരളമായി മാറിയതെങ്ങനെയാണ്? സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍, അധഃകൃതന് സ്വന്തം വീട് ഓട് മേയാന്‍, മക്കള്‍ക്ക് നല്ല പേരിടാന്‍, അവരെ സ്കൂളില്‍ പഠിപ്പിക്കാന്‍, അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കാന്‍, റോഡില്‍കൂടി നടക്കാന്‍, ക്ഷേത്രങ്ങളില്‍ കയറി തൊഴാന്‍, പണിയെടുത്ത് ഫലഭൂയിഷ്ഠമാക്കിയ കുടികിടപ്പില്‍ പേടികൂടാതെ താമസിക്കാന്‍, തൊഴിലിടങ്ങളില്‍ നട്ടെല്ലു നിവര്‍ത്തിനിന്ന് അധ്വാനത്തിന് കൂലി വാങ്ങാന്‍, ആരോടും അന്തസ്സോടെ നിന്ന് തന്‍കാര്യം പറയാന്‍ ഇന്ന് കേരളീയന് കഴിയുന്നുണ്ടെങ്കില്‍ അതിനു കാരണം സമരതീക്ഷ്ണമായ അവന്റെ ഭൂതകാല ചരിത്രമാണ്. ആരും നിര്‍ബന്ധിക്കാതെ ഒരൊറ്റ രാത്രികൊണ്ട് കേരളം മുഴുവന്‍ തലസ്ഥാന നഗരിയില്‍ നിറഞ്ഞതും ഒരു താക്കീതു നല്‍കി തിരിച്ചുപോന്നതും ഉള്‍ക്കിടിലത്തോടെ ഓര്‍മിക്കുന്നതുകൊണ്ടാണ്

ഇപ്പോള്‍ ഒറ്റപ്പെട്ട വീട്ടമ്മമാരെയും കൂട്ടി സമരപരാജയ പ്രഖ്യാപനങ്ങള്‍ക്കിറങ്ങുന്നത്. ചരിത്രത്തെ തമസ്കരിക്കല്‍, പൊതുഇടങ്ങളെ ഇല്ലാതാക്കല്‍, അരാഷ്ട്രീയവല്‍ക്കരിക്കല്‍ എന്നീ ആസൂത്രിത അജന്‍ഡകളുടെ സ്വാഭാവിക പരിണാമമാണ് സമരമുറകളെ പരിഹസിക്കല്‍. പക്ഷേ, കേരളം കേരളമായി മാറിയതിന്റെ ചരിത്രം അറിയാവുന്നവര്‍ക്കറിയാം ഒരണ ബോട്ടുസമരവും വിമോചന സമരവുമല്ല പുതിയ കേരളം സാധ്യമാക്കിയത്, മറിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമരങ്ങളാണ് കേരളത്തെ കേരളമാക്കിയത് എന്ന്. തൊഴിലാളിവര്‍ഗം ഉള്ളിടത്തോളം കാലം ആ സമരങ്ങള്‍ അധികാരസ്ഥാനങ്ങള്‍ക്ക് അലോസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

കെ പി മോഹനന്‍ ( പത്രാധിപര്‍ ) deshabhimani weekly

ആറന്‍മുള: പോക്ക് വരവ് നടത്തിയതും യുഡിഎഫ് സര്‍ക്കാര്‍

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുടെ ഭൂമി പോക്കുവരവു നടത്തിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് രേഖകള്‍. അതോടെ മുന്‍ സര്‍ക്കാരിന്റെ കാലത്താണ് പോക്കുവരവ് നടത്തിയതെന്ന സര്‍ക്കാര്‍ വാദമാണ് പൊളിഞ്ഞത്.  2012 ഫെബ്രുവരി 17നു ശേഷമാണു ഭൂമിയുടെ പോക്കുവരവ് നടന്നിരിക്കുന്നതെന്നു രേഖകളില്‍ വ്യക്തം.
 
ആറന്മുള വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ പോക്കുവരവു നടത്താന്‍ അനുമതി നല്‍കിയത് കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാഥാര്‍ഥത്തില്‍ 2011 നവംബര്‍ 18നാണ് ഭൂമി പോക്കുവരവു ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. 2012 ഫെബ്രുവരിയില്‍ ജില്ലാ കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ചു കത്തയച്ചിരുന്നു. ഇതില്‍ 2012 ഫെബ്രുവരി വരെ ഭൂമിയുടെ പോക്കുവരവു നടന്നിട്ടില്ലെന്നു സൂചിപ്പിച്ചിട്ടുണ്ട്.

 പോക്കുവരവിന് അനുമതി നല്‍കിയതു സംബന്ധിച്ച കലക്ടറുടെ ഉത്തരവു വിവാദമായപ്പോള്‍ ഈ ഉത്തരവു റദ്ദാക്കാന്‍ കലക്ടര്‍ വീണ്ടും ഉത്തരവിറക്കി. എന്നാല്‍, അതിനെതിരെ കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

deshabhimani

തോട്ടംമേഖലയിലെ അവകാശ സമരങ്ങളില്‍ശ്രദ്ധേയ സാന്നിധ്യമായ റോസമ്മ പുന്നൂസ്

വണ്ടിപ്പെരിയാര്‍: തേയില തോട്ടംമേഖലയില്‍ അടിമതുല്യം പണിയെടുത്ത തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടേയും ട്രേഡ് യൂണിയന്റെയും നേതാവായിരുന്ന റോസമ്മപുന്നൂസ് പ്രമുഖ പങ്ക് വഹിച്ചു. മൂന്നാറിലും പീരുമേട്ടിലും തൊഴില്‍ മേഖലയില്‍ ഇടപെട്ട് സജീവ സാന്നിധ്യമായിരുന്നു ഈ ധീര വനിത. വണ്ടിപ്പെരിയാര്‍ പശുമല തോട്ടത്തില്‍ നടന്ന പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് റോസമ്മ പുന്നൂസിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളാണ് ഇടത്തൊഴിലാളി സംഘടന ശക്തിപ്പെടാന്‍ ഇടയാക്കിയത്. 1952 ഏപ്രില്‍ 22നാണ് തിരു-കൊച്ചി കോണ്‍ഗ്രസ് പശുമല തോട്ടത്തിലെ രണ്ട് തൊഴിലാളികളെ വെടിവച്ച് കൊന്നത്. വെടിവെപ്പ്നടക്കുന്ന കാലത്ത് ഇടത് തൊഴിലാളി സംഘടനയ്ക്ക് പീരുമേട്ടില്‍ സ്വാധീനം കുറവായിരുന്നു. തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഒരുപിടി അരി നല്‍കുന്ന പിള്ളപ്പതിവ് സമ്പ്രദായം പശുമല ട്രാവന്‍കൂര്‍ ടീ കമ്പനി ഉടമ ഏകപക്ഷീയമായി നിര്‍ത്തി. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം എം സുന്ദരത്തിന്റെ നേതൃത്വത്തില്‍ മാനേജര്‍ ബംഗ്ലാവിലേക്ക് ഐഎന്‍ടിയുസി മാര്‍ച്ച് നടത്തി. അരിവിതരണ കേന്ദ്രത്തില്‍ നിന്നും തൊഴിലാളികള്‍ അരി പിടിച്ചെടുത്തു. തുടര്‍ന്ന് മാനേജ്മെന്റ് ഗുണ്ടകളും പൊലീസും ഭീകര മര്‍ദനം അഴിച്ചുവിട്ടു.

സംഭവത്തില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ഐഎന്‍ടിയുസി നേതൃത്വത്തില്‍നെല്ലിമല, ഇഞ്ചിക്കാട്, പേക്കാനം, ചന്ദ്രവനം, തങ്കമല, മഞ്ചുമല തുടങ്ങി വിവിധ എസ്റ്റേറ്റുകളില്‍ നിന്നുള്ള തൊഴിലാളികള്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് നിറയൊഴിച്ചു. മാധവന്‍, പൊന്നയ്യന്‍ എന്നീ തൊഴിലാളികള്‍ മരിച്ചു. തുടര്‍ന്ന് ഭീകര നരനായാട്ടാണ് പൊലീസും മാനേജ്മെന്റ് ഗുണ്ടകളും നടത്തിയത്. ഇതോടെ തൊഴിലാളികള്‍ കാട്ടിലേക്ക് ഓടിപ്പോയി. ഇതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. പാര്‍ടി പശുമലയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ റോസമ്മപുന്നൂസ്, അബ്ദുള്‍വഹാബ് എന്നിവര്‍ സംസാരിച്ചു. സമാനമായ പ്രശ്നങ്ങള്‍ മൂന്നാര്‍ മേഖലയിലും ഉണ്ടായിരുന്നു. തോട്ടം ഉടമയ്ക്കുവേണ്ടി തൊഴിലാളികളെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. പൊലീസ് വെടിവെപ്പിലും നരനായാട്ടിനുമെതിരെ മുന്‍നിരയില്‍നിന്ന് റോസമ്മ പുന്നൂസ് പോരാടിയിരുന്നതായി ആദ്യകാല നേതാക്കള്‍ അനുസ്മരിക്കുന്നു.

deshabhimani

പഴയ റെയില്‍വേസ്റ്റേഷന്‍ പുനരുദ്ധാരണം തടയാന്‍ ശ്രമം

എറണാകുളം പഴയ റെയില്‍വേസ്റ്റേഷന്‍ പുനരുദ്ധരിക്കുന്നത് തടയാന്‍ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് പി രാജീവ് എംപി വെളിപ്പെടുത്തി. മൂന്നുവര്‍ഷമായി കൊച്ചിയിലെ പൗരസമൂഹം പഴയ സ്റ്റേഷന്‍ റെയില്‍വേ സബര്‍ബന്‍ ഹബ്ബായി മാറ്റണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുമ്പോള്‍ പാസഞ്ചര്‍ സ്റ്റേഷനായി മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന കേന്ദ്രമന്ത്രി കെ വി തോമസിന്റെ പുതിയ വാദം സംശയകരമാണെന്നും രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ മറവില്‍ ഇവിടം കേന്ദ്രമാക്കി സ്വകാര്യപങ്കാളിത്തത്തോടെയുള്ള പദ്ധതി ആവിഷ്കരിക്കാനുള്ള നീക്കത്തെ ബഹുജനപ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെമു-പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന സബര്‍ബന്‍ ഹബ്ബാക്കി ഈ സ്റ്റേഷനെ മാറ്റണമെന്നാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനും താന്‍ ജനറല്‍ കണ്‍വീനറുമായ കൊച്ചി നഗരവികസന സമിതി കാലങ്ങളായി ആവശ്യപ്പെടുന്നത്. ഗാന്ധിജി വന്നിറങ്ങിയ സ്റ്റേഷന്‍ എന്ന നിലയില്‍ പൈതൃകപദവിയും നല്‍കണം. ഒപ്പം ഐലന്‍ഡിലേക്കുള്ള റെയില്‍വേലൈന്‍ വൈദ്യുതീകരിച്ച് ആ ഭാഗത്തേക്കുകൂടി ട്രെയിന്‍സര്‍വീസും ആരംഭിക്കണം. 2011 നവംബര്‍ 17ന് എറണാകുളം ഗസ്റ്റ്ഹൗസില്‍ ജില്ലയിലെ ഗതാഗതപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താന്‍ വിളിച്ച വിവിധ സംഘടനകളുടെ യോഗത്തിലാണ് സബര്‍ബന്‍ ഹബ് എന്ന നിര്‍ദേശം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടത്. അന്നത്തെ റെയില്‍വേമന്ത്രി ദിനേശ് ത്രിവേദി, റെയില്‍വേ ബോര്‍ഡ്, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചു. പൈതൃക സ്റ്റേഷനായി വികസിപ്പിക്കണമെന്ന് രാജ്യസഭയിലും ആവശ്യപ്പെട്ടു. എന്നാല്‍, ഇവിടം മെഡിക്കല്‍ കോളേജ്പോലുള്ള സ്വകാര്യപങ്കാളിത്ത സംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശമാണ് അന്ന് കേരളത്തില്‍നിന്നുള്ള ചില കേന്ദ്രമന്ത്രിമാര്‍ മുന്നോട്ടുവച്ചത്. ഇതു നടക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയപ്പോഴാണ് ഇപ്പോള്‍ സ്വകാര്യപങ്കാളിത്തത്തോടെയുള്ള റെയില്‍വേസ്റ്റഷനും വാണിജ്യ സ്ഥാപനങ്ങളുമെന്ന പുതിയ നിര്‍ദേശം. ആരുടെയോ നിര്‍ദേശപ്രകാരം തിരുവനന്തപുരം റെയില്‍വേ ഡിവിഷനാണ് ഈ പദ്ധതി തയ്യാറാക്കുന്നതെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, രാജ്യസഭയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് ഇത്തരമൊരു പദ്ധതി ഇല്ലെന്നായിരുന്നു മറുപടി. പദ്ധതി സ്വമേധയാ തയ്യാറാക്കാന്‍ റെയില്‍വേ ഡിവിഷന് അധികാരവുമില്ല. എന്നിരിക്കെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി ജനകീയ ആവശ്യത്തെ ഇല്ലാതാക്കുന്ന സമീപനമാണ് ചിലരില്‍നിന്നും ഇപ്പോഴുണ്ടാകുന്നത്.

കൊച്ചിയുടെ പൈതൃകമുറങ്ങുന്ന റെയില്‍വേഭൂമി സ്വകാര്യ ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പൊതുവെ ഇതുമായി ബന്ധപ്പെട്ട സംഘടനകളും വ്യക്തികളും സ്വീകരിച്ചത്. ഈ സന്ദര്‍ഭത്തിലാണ് റെയില്‍വേ ജനറല്‍ മാനേജര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പദ്ധതികള്‍ പ്രായോഗികമല്ലെന്ന നിലപാട് സ്വീകരിച്ചത്. ഒരു പാസഞ്ചര്‍ മാത്രം ഓടിക്കുന്ന സ്റ്റേഷനാക്കി മാറ്റണമെന്ന അഭിപ്രായവും ദുരൂഹമാണ്. ജനകീയ ആവശ്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കൊച്ചി നഗരവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിന് പഴയ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ജനകീയകുട്ടായ്മ സംഘടിപ്പിക്കുമെന്നും രാജീവ് പറഞ്ഞു. ആവശ്യമെങ്കില്‍ തുടര്‍പ്രക്ഷോഭവും നടത്തും. എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ മാതൃകയില്‍ ട്രയാങ്കിള്‍ റെയില്‍വേസ്റ്റേഷനാക്കി വികസിപ്പിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. ഇത് എന്‍ജിന്‍ മാറ്റാതെ സര്‍വീസ് നടത്താന്‍ സ്റ്റേഷനെ പര്യാപ്തമാക്കും.

deshabhimani

ജീവന് ഉറപ്പില്ലാത്ത തൊഴിലുറപ്പ്; പരിഹാസംമാത്രം കൂലി

പെരുമ്പാവൂര്‍: ഏറെ പ്രതീക്ഷയോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ അംഗങ്ങളായ ലക്ഷക്കണക്കിനു തൊഴിലാളികള്‍ നിരാശയില്‍. കൂലി 180 രൂപയേയുള്ളൂ എന്നതുമാത്രമല്ല, തൊഴിലിന് ഉറപ്പും ഇല്ലാതായി. കേന്ദ്ര നിബന്ധനകള്‍ കേരളത്തിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതായതോടെ ഈ സാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ക്ക് അനുമതി മൂന്നുമാസം വൈകി. ഇതോടെ ഒരുവര്‍ഷം 100 തൊഴില്‍ദിനമെന്നത് ഏറെ ദുഷ്കരമായി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംമാത്രം ബാക്കിനില്‍ക്കെ ശരാശരി 60 തൊഴില്‍ദിനങ്ങളെ ഇതുവരെ ഉറപ്പാക്കാനായിട്ടുള്ളൂ. 100 തൊഴില്‍ദിനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് 400 രൂപയുടെ പുടവ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പൂര്‍ണമായി നടപ്പാക്കാനായില്ല. തീരുമാനത്തിലെ അവ്യക്തതമൂലം ഒരു കുടുംബത്തില്‍ ഒരാള്‍ക്കുമാത്രമായി അത് പരിമിതപ്പെടുത്തി. 100 തൊഴില്‍ദിനം പൂര്‍ത്തീകരിക്കുന്നവരുടെ മക്കള്‍ക്ക് 1000 രൂപയുടെ പഠനോപകരണം നല്‍കുമെന്ന പ്രഖ്യാപനവും പിന്നീടുവന്നു. ഇതും ജലരേഖയായി. തൊഴില്‍ചെയ്ത് 14 ദിവസത്തിനകം കൂലി നല്‍കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.

രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ തൊഴില്‍ചെയ്താല്‍ ലഭിക്കുന്നത് 180 രൂപയാണ്. മെക്കാട്പണിക്കുപോലും നാട്ടില്‍ 600 രൂപയാണ് കൂലി. ഭാവിയില്‍ കൂലിക്കൂടുതല്‍ ലഭിക്കുമെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് പട്ടിണിക്കൂലിക്ക് പലരും തൊഴിലെടുക്കുന്നത്. എന്നാല്‍, നിലനില്‍പ്പിനുവേണ്ടി സാഹസികമായി തൊഴിലെടുക്കാന്‍പോലും തൊഴിലാളികള്‍ നിര്‍ബന്ധിതമാകുന്നു. രായമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നൂറോളം തൊഴിലാളികള്‍ കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ചെയ്യുന്ന സാഹസികകാഴ്ച ഇതിനുദാഹരണമാണ്. മുപ്പതടിയിലേറെ താഴ്ചയുള്ള കീഴില്ലം ലോലെവല്‍ കനാലിന്റെ ശുചീകരണം നടത്താന്‍ വടത്തില്‍ തൂങ്ങി സാഹസികമായി ജോലിചെയ്യുകയാണിവര്‍. വരള്‍ച്ച രൂക്ഷമായപ്പോള്‍ ശുചീകരണം പൂര്‍ത്തിയാകുംമുമ്പെ കനാലിലൂടെ വെള്ളവും വിട്ടു. വടത്തില്‍നിന്നും അബദ്ധത്തില്‍ കൈവിട്ടാല്‍ ശക്തമായ ഒഴുക്കില്‍പ്പെടും. നീന്തലറിയാവുന്നവര്‍ ആരുമില്ലതാനും. വെള്ളം തുറന്നുവിടുംമുമ്പ് രണ്ടുപേര്‍ പിടിവിട്ട് കനാലില്‍വീണ് പരിക്കേറ്റിട്ടും പഞ്ചായത്ത് അധികൃതര്‍ ഒരു സഹായവും ചെയ്തില്ല. 18-ാം വാര്‍ഡില്‍ രാജമ്മ എന്ന തൊഴിലാളി വീണ് കാലൊടിഞ്ഞ് അരലക്ഷത്തിലേറെ രൂപ ആശുപത്രിയില്‍ ചെലവായിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ മേഖലാ സെക്രട്ടറി കെ എന്‍ ഹരിദാസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.

deshabhimani

ആസൂത്രണ ബോര്‍ഡിന്റെ വികസനരേഖ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു

വിപണികേന്ദ്രീകൃതവും സ്വകാര്യവല്‍ക്കരണത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതുമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ വികസനരേഖ- വിഷന്‍ 2030 എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന കോണ്‍ഗ്രസിലെ സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. കേരളം വിവിധ മേഖലകളില്‍ തനതായ രീതിയില്‍ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന രേഖ സാമൂഹ്യ, സാമ്പത്തികരംഗങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍കൂടി ലക്ഷ്യമിടുന്നതാണെന്നും കേരള വികസനവും, വിഷന്‍ 2030ഉം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ വികസനരേഖ- വിഷന്‍ 2030ല്‍ വികസനത്തിനുള്ള ഒറ്റമൂലിയായി വാണിജ്യവല്‍ക്കരണത്തെയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. വിപണിയിലും സാങ്കേതികവിദ്യയിലും മാത്രം കേന്ദ്രീകരിച്ചുള്ള വികസനം കേരളത്തിന്റെ തനത് വളര്‍ച്ചാചരിത്രത്തെ പരിഗണിക്കുന്നില്ല. വൈജ്ഞാനിക സമൂഹം കേരള വികസനത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ മറന്ന് സംസ്ഥാനത്തെക്കുറിച്ച് പ്രാഥമിക ധാരണയില്ലാത്ത ഏജന്‍സിയെക്കൊണ്ടാണ് രേഖ തയ്യാറാക്കിയത്. ഇത് ഇവിടുത്തെ പണ്ഡിതസമൂഹത്തെ അവഹേളിക്കുന്നതാണ്. രേഖയുടെ ഉള്ളടക്കം അത് നടപ്പാക്കുന്നതിലെ അപ്രായോഗികത വ്യക്തമാക്കുന്നതാണ്. കൃഷിയും മൃഗപരിപാലനവുംപോലുള്ള മേഖലകളില്‍ ഉപജീവനമാര്‍ഗങ്ങള്‍ക്കു പകരം സംഘടിത സംരംഭകരുടെ വാണിജ്യലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് രേഖ. ഇതിനുള്ള മാര്‍ഗങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക അവസ്ഥ പരിഗണിക്കാതെ തയ്യാറാക്കിയതാണ്. സാങ്കേതിക വിദ്യയെയും വിപണിയെയും മാത്രം ആശ്രയിച്ചുള്ള വികസനം മുന്നോട്ടുവയ്ക്കുന്ന രേഖ അംഗീകരിക്കാനാവില്ല. ഇതു നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

പത്തുശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ സേവനപാതയില്‍നിന്നു മാറ്റി വാണിജ്യവല്‍ക്കരിക്കുകയാണ് വികസനരേഖ ലക്ഷ്യമിടുന്നതെന്ന് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഇതിനായി ആഗോള കമ്പനികളുമായി കൈകോര്‍ത്ത് വിദ്യാഭ്യാസ, ആരോഗ്യ ഹബ്ബുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍-2030 അന്തിമരേഖയല്ലെന്നും കരടു മാത്രമാണെന്നും ആസൂത്രണബോര്‍ഡ് അംഗം സി പി ജോണ്‍ പറഞ്ഞു. വിമര്‍ശങ്ങള്‍അംഗീകരിച്ച് തിരുത്തുന്നതിനു തടസ്സമില്ല. ഇതിന് പരിഷത്തുമായി ചര്‍ച്ചയ്ക്ക് ബോര്‍ഡ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ഇഎസ് ചെയര്‍മാന്‍ ഡോ. കെ കെ ജോര്‍ജ് മോഡറേറ്ററായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി സന്തോഷ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

വധേരയുടെ ഇടപാടില്‍ കോണ്‍ഗ്രസിന് മൗനം

ന്യൂഡല്‍ഹി: ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ പെട്ടെന്ന് വെളിപാടുണ്ടായ രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും റോബര്‍ട്ട് വധേരയുടെ അനധികൃത ഭൂമി ഇടപാടുകളുടെ കാര്യത്തില്‍ നിശബ്ദത. ആദര്‍ശ് കുംഭകോണത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കുറ്റക്കാരാക്കിയുള്ള അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തു വന്നിരുന്നു. വധേരയുടെ തട്ടിപ്പ് സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്തു. ഗുഡ്ഗാവില്‍ 3.5 ഏക്കര്‍ ഭൂമി ചെറിയ വിലയ്ക്ക് വാങ്ങിയശേഷം വന്‍ലാഭത്തിന് ഡിഎല്‍എഫ് എന്ന നിര്‍മാണ കമ്പനിക്ക് വധേര മറിച്ചുവില്‍ക്കുകയായിരുന്നു. ഇടപാടില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ അശോക് ഖെംക എന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ കേസുമായി നീങ്ങുകയാണ് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും രംഗത്തുവന്നു. എന്നാല്‍, വധേരയുടെ ഭൂമി ഇടപാടുകളോട് പ്രതികരിക്കാന്‍ സോണിയയും ഇതുവരെ തയ്യാറായിട്ടില്ല.

ഗുഡ്ഗാവിലെ ഭൂമി ഇടപാടിനു പുറമെ രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ വധേര നടത്തിയ ഭൂമി ഇടപാടുകളും സംശയത്തിന്റെ നിഴലിലാണ്. ഈ ഇടപാടുകളെ കുറിച്ച് അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍. ഹരിയാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകനെന്ന നിലയില്‍ എല്ലാ സര്‍ക്കാര്‍ സംവിധാനവും ദുരുപയോഗപ്പെടുത്തിയായിരുന്നു ഇടപാടുകള്‍. മഹാരാഷ്ട്രയിലെ മറാത്തവാദ മേഖലയില്‍ സ്വാധീനമുള്ള മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ പുറത്താക്കുന്ന നിലയിലേക്ക് രാഹുല്‍ നീങ്ങുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വ്യാപകമായ അതൃപ്തിയുണ്ട്. ചവാന്‍ അല്ലാതെ മേഖലയില്‍ നിന്ന് കോണ്‍ഗ്രസിന് മറ്റ് നേതാക്കളില്ലെന്ന് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ ചവാനെ അകറ്റുന്നത് ബിജെപി-ശിവസേനാ സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ നടപടി തെറ്റെന്ന് രാഹുല്‍ വിമര്‍ശിച്ചശേഷവും തിരക്കിട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം. മന്ത്രിസഭാ അംഗങ്ങളുമായി ആലോചിച്ച് നടപടിയെടുക്കുമെന്നാണ് പ്രഥ്വിരാജ് ചവാന്‍ പ്രതികരിച്ചിട്ടുള്ളത്.

വധേരയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ഐഎഎസുകാരനായ ഖെംകയ്ക്കെതിരെ ഹരിയാന സര്‍ക്കാര്‍ നടപടിയെടുത്തു. പല വകുപ്പുകളിലേക്ക് മാറ്റിയശേഷം നിലവില്‍ ഖെംകയ്ക്കെതിരെ കേസുമായി മുന്നോട്ടുനീങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആംആദ്മി പാര്‍ടി രൂപീകരിച്ചശേഷം അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ ആദ്യം പ്രചാരണായുധമാക്കിയ വിഷയത്തിലൊന്നാണ് വധേരയുടെ ഭൂമി ഇടപാടുകള്‍. ഗുഡ്ഗാവിലെ ഇടപാടുകള്‍ക്കു പിന്നാലെ രാജസ്ഥാനിലെ വധേരയുടെ ഭൂമി ഇടപാടുകളും പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. ഗുഡ്ഗാവിലെ അനധികൃത ഭൂമി ഇടപാടിലൂടെ വധേര നേടിയത് 50 കോടിയിലേറെ രൂപയാണ്. ഓംകാരേശ്വര്‍ ഗ്രൂപ്പില്‍ നിന്ന് 7.5 കോടി രൂപയ്ക്ക് 2008 ഫെബ്രുവരിയിലാണ് വധേരയുടെ സ്കൈലൈറ്റ് ഗ്രൂപ്പ് മൂന്നര ഏക്കര്‍ വാങ്ങിയത്. രണ്ടുമാസത്തിനകം ഈ ഭൂമി ഡിഎല്‍എഫിന് 53 കോടി രൂപയ്ക്ക് മറിച്ചുവിറ്റു. ഡിഎല്‍എഫ് നല്‍കിയ അഡ്വാന്‍സ് തുക ഉപയോഗിച്ചാണ് ഓംകാരേശ്വര്‍ ഗ്രൂപ്പിന് നല്‍കിയ ഏഴരക്കോടി വധേര നല്‍കിയത്. അഞ്ചുപൈസ പോലും മുതല്‍മുടക്കില്ലാതെ രണ്ടുമാസം കൊണ്ട് വധേര സ്വന്തമാക്കിയത് 50.5 കോടി രൂപയാണ്. ഡിഎല്‍എഫിന് ഗുഡ്ഗാവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഹരിയാന സര്‍ക്കാരിന്റെ അനുമതി വധേര വഴി വേഗത്തില്‍ നേടാനായി.

deshabhimani

"തൃണമൂലുകാര്"ക്ക് കൂലി നല്‍കിയില്ല; കണ്‍വന്‍ഷനില്‍ സംഘര്‍ഷം

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് ആളെക്കൂട്ടാന്‍ കൊണ്ടുവന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പണംകൊടുക്കാതെ സംഘാടകര്‍ മുങ്ങി. തുടര്‍ന്ന് ആര്‍ട്ടിസ്റ്റുകള്‍ സ്ഥലത്തുണ്ടായിരുന്ന നേതാക്കളെയും പരിപാടിക്ക് വിളിച്ച സ്ത്രീയെയും തടഞ്ഞുവച്ചു. ശനിയാഴ്ച ഭാരതീയ വിദ്യാഭവന്‍ ഹാളിലാണ് സംഭവം. പരിപാടി ഉദ്ഘാടനംചെയ്ത ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ റെയില്‍വേമന്ത്രിയുമായ മുകുള്‍ റോയ് കേരളത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മടങ്ങിയ ഉടനാണ് സംഘര്‍ഷമുണ്ടായത്.

പരിപാടിക്ക് ആളെക്കൂട്ടാന്‍ 500 രൂപ കൂലിക്ക് 200 പേരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഏര്‍പ്പാടാക്കുന്ന ഏജന്റ് ഗീതമുഖേന സംഘാടകര്‍ ബുക്ക്ചെയ്തത്. ദിലീപിന്റെ സിനിമയുടെ ചിത്രീകരണമെന്നു പറഞ്ഞാണ് തങ്ങളെ കൊണ്ടുവന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പകല്‍ രണ്ടിന് തുടങ്ങുന്ന പരിപാടിക്ക് രാവിലെ സ്ഥലത്തെത്തിയ ഇവരില്‍ 58 പേര്‍ക്കാണ് പണം നല്‍കാതിരുന്നത്. ഉദ്ഘാടനശേഷം വേദിവിട്ട മുകള്‍ റോയിയെ വിമാനത്താവളംവരെ അനുഗമിക്കാന്‍ നേതാക്കള്‍ കൂട്ടത്തോടെ യാത്രയായി. അതോടെ പണം കിട്ടാത്തവര്‍ സംഘാടകരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഗീതയുമായി ഇവര്‍ വാഗ്വാദത്തിലേര്‍പ്പെട്ടതോടെ സംഘര്‍ഷാവസ്ഥയായി. സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെവന്നതോടെ മുപ്പതോളം പേര്‍ ബഹളംവച്ച് പിരിഞ്ഞുപോയി. ബാക്കിയുള്ളവരെ സ്റ്റേഷനിലെത്തിച്ച് ഇവരെ ബുക്ക്ചെയ്ത പാര്‍ടി നേതാവിനെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. രാവിലെമുതല്‍ ഭക്ഷണവും വെള്ളവും തരാതിരുന്ന സംഘാടകര്‍ പണംതരാതെ മടങ്ങില്ലെന്നുപറഞ്ഞ് ഇരുപത്തഞ്ചോളംപേര്‍ സ്റ്റേഷനിലും സംഘടിച്ചു. തുടര്‍ന്ന് വണ്ടിക്കൂലിക്കുള്ള പണമെങ്കിലും നല്‍കിയാല്‍ മതിയെന്ന് ഇവര്‍ കേണപേക്ഷിച്ചതോടെ നേതാക്കളിലൊരാള്‍ വന്ന് കുറച്ചുപേര്‍ക്ക് പണം നല്‍കി.

deshabhimani

മുഖ്യമന്ത്രിയുടെ വാദം തെറ്റ്

ആറന്മുള വിമാനത്താവളപദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം എടുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും കള്ളക്കളി. പദ്ധതി റിപ്പോര്‍ട്ട് പോലും ലഭിക്കുന്നതിനുമുമ്പാണ് വിമാനത്താവളപദ്ധതിയില്‍ പത്ത് ശതമാനം ഓഹരി എടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. വയലും നീര്‍ത്തടവും നികത്തിയത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് മറച്ചുവച്ചതിന് പിന്നാലെയാണ് ഓഹരി പങ്കാളിത്തം സംബന്ധിച്ചും തിരിമറി നടത്തിയത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം വിമാനത്താവള കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് നിയമസഭാരേഖകളും തെളിയിക്കുന്നു.

ആറന്മുളയില്‍ നിയമവിരുദ്ധമായി വയലും നീര്‍ത്തടവും നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചെന്നും 2012 മാര്‍ച്ച് 20ന് റവന്യൂമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനത്തെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയെന്നാണ് എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരെ മന്ത്രി അറിയിച്ചത്. വയലും നീര്‍ത്തടവും നികത്തിയത് മറച്ചുവച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് അയച്ചത് 2012 ജൂണിലാണ്. തിരുവഞ്ചൂരിന്റെ നിയമസഭയിലെ മറുപടിയില്‍നിന്നുതന്നെ മുഖ്യമന്ത്രിയുടെ വാദം കളവാണെന്ന് തെളിയുന്നു. പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച കുറിപ്പില്‍ കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനം വ്യക്തമാക്കിയിരുന്നു. ഇത് ഒഴിവാക്കാന്‍ മുഖ്യമന്ത്രിതന്നെ നിര്‍ദേശം നല്‍കി. വ്യവസായമന്ത്രിയും ഈ ഫയല്‍ കണ്ടു. എന്നാല്‍, വയല്‍ നികത്തല്‍ വ്യവസായവകുപ്പിന്റെ അനുമതിയില്‍ വരുന്ന വിഷയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഫയല്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നെല്‍വയല്‍ നികത്തിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായി റവന്യൂമന്ത്രി നിയമസഭയില്‍ത്തന്നെ വ്യക്തമാക്കിയതായി രേഖ കൈവശമുള്ളപ്പോഴാണ് മുഖ്യമന്ത്രി വിവരം മറച്ചുപിടിക്കുന്നത്. റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട കലക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും തുടര്‍നടപടി സ്വീകരിച്ചില്ല. വയലും നീര്‍ത്തടവും നികത്തിയത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കിട്ടിയ പരാതിയിലാണ് സംസ്ഥാന പരിസ്ഥിതി വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2012 ജൂണ്‍ 22ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. നിയമലംഘനത്തെ കുറിച്ച് പ്രതിപാദിച്ചിരുന്ന ഭാഗം ഒഴിവാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചു. ഇതേതുടര്‍ന്നാണ് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് പരിസ്ഥിതി സെക്രട്ടറിയുടെ കുറിപ്പ് വ്യക്തമാക്കുന്നു. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിയമലംഘനം നടന്നത് മുന്‍സര്‍ക്കാരിന്റെ കാലത്താണെന്ന വാദമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. ഇതും വസ്തുതാവിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ മറുപടി സാക്ഷ്യപ്പെടുത്തുന്നു. ആറന്മുളയില്‍ ഒരിഞ്ചു ഭൂമി പോലും നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നത്. ഇതിന് ഒത്താശ ചെയ്യുന്നതിന് പുറമെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരം മറച്ചുവയ്ക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ഥ്യം.

പദ്ധതിയില്‍ പത്തുശതമാനം ഓഹരി എടുക്കുന്നതിന് 2013 ജനുവരിയിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ 2013 ജനുവരി 16ലെ ഒരു കത്തിലെ പരാമര്‍ശമാണ് ഇതിന് ആധാരമാക്കിയത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് അപ്പോഴും സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നില്ല. പുറമ്പോക്ക് ഭൂമിയുടെ വിനിയോഗം സംബന്ധിച്ച പരാമര്‍ശമാണ് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ കത്തിലുണ്ടായിരുന്നത്. 800 ഏക്കറില്‍ ടൗണ്‍ഷിപ്പും വിമാനത്താവളവും നിര്‍മിക്കുമെന്നും കെജിഎസ് ഗ്രൂപ്പ് അവകാശപ്പെട്ടതായി ഇതില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് ശതമാനം ഓഹരി എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

deshabhimani

Saturday, December 28, 2013

കലാപങ്ങളുടെ പിന്നാമ്പുറങ്ങള്‍

മുസാഫിര്‍ നഗരം രാജ്യഭൂപടത്തില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഇതേരീതിയില്‍ ശ്രദ്ധാകേന്ദ്രമായ മറ്റൊരു നഗരം ഗുജറാത്തിലെ അഹമ്മദാബാദും ഗോദ്രയുമായിരുന്നു. മൂവായിരത്തോളം വരുന്ന മുസ്‌ലിം ജനതയെ ഒറ്റരാത്രികൊണ്ട് കൂട്ടക്കുരുതി ചെയ്ത ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ജീവിതമാകെ എടുത്തെറിയപ്പെട്ട ആ കാളരാത്രിയുടെ നടുക്കുന്ന ഓര്‍മകളും പേറി, അതുണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ മൃതപ്രായരായി കഴിയുന്ന മുസ്‌ലിം ജനതയ്ക്ക് എന്ത് നീതികിട്ടി എന്ന് അന്വേഷിക്കുന്നതില്‍ അര്‍ഥമില്ല. ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും ഒരു ജനവിഭാഗത്തോട് കാട്ടിയ ക്രൂരതയ്ക്കുള്ള മറുപടി മാത്രമാണെന്നും മറ്റുമുള്ള വാദഗതികള്‍ ഉയര്‍ത്തി നമ്മുടെ ജനാധിപത്യം കുറ്റവാളികള്‍ക്ക് വീണ്ടും വീണ്ടും വിജയം  ചാര്‍ത്തിക്കൊടുത്തു. വികസനമന്ത്രത്തിന്റെ തന്ത്രിയും സദ്ഭാവനയുടെ വെന്നിക്കൊടിപാറിക്കുന്ന ദേശീയവാദിയുമായി നരേന്ദ്രമോഡി എന്ന സൂത്രധാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുതിപ്പിനായി തയാറെടുക്കുന്നു. ലക്ഷ്യം പ്രധാനമന്ത്രിപദം-പാപക്കറപുരണ്ട കൈകളില്‍ കൂച്ചുവിലങ്ങിന് പകരം രാജ്യഭരണത്തിന്റെ താക്കോലേറ്റുവാങ്ങാനാണ് മോഡി കൂട്ടയോട്ടം നടത്തുന്നത്.

2002 ല്‍ നിന്നും ഒന്നുമിവിടെ മാറിയിട്ടില്ല. ഗുജറാത്ത് കലാപം വിതറിയ വിഷവിത്തുക്കള്‍ക്ക് ഒരു ദ്രുതവാട്ടവും സംഭവിച്ചില്ല. ജനവിധിയെന്ന ജനാധിപത്യത്തിലെ ഒരു സമസ്യക്ക് മനഃസാക്ഷി വോട്ടുകള്‍ ഉത്തരം തേടുന്നുണ്ട് ഇപ്പോഴും.

മുസാഫിര്‍ നഗറിലേക്ക് വരാം. ഓഗസ്റ്റ് 27 നാണ് എല്ലാം സാധാരണനിലയില്‍ പോയിരുന്ന നഗരം ഒരു ദുരന്തത്തിലേക്ക് പെട്ടെന്ന് വഴുതിവീണത്. എപ്പോഴുമുള്ളതുപോലുള്ളൊരു റോഡപകടത്തില്‍ വര്‍ഗീയവിഷം കലരുകയായിരുന്നു. അപകടസ്ഥലങ്ങളില്‍ ഉണ്ടാകാറുള്ള സ്വാഭാവിക തര്‍ക്കങ്ങള്‍ എങ്ങനെ കലാപത്തിലേക്ക് നയിച്ചു എന്നുള്ളിടത്താണ് അന്വേഷണം ഉണ്ടാകേണ്ടത്. മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഉള്‍പ്പെട്ട മൂന്നു ചെറുപ്പക്കാര്‍ തമ്മിലുണ്ടായ വാക്തര്‍ക്കം ഹിന്ദു-മുസ്‌ലിം സ്പര്‍ധയായി രൂപാന്തരപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുകയുണ്ടായി. ഷാനവാസ് എന്ന ചെറുപ്പക്കാരനുമായി സച്ചിന്‍, ഗൗരവ് എന്ന രണ്ടു ചെറുപ്പക്കാര്‍ അപകടം സംബന്ധിച്ച് ഏറ്റുമുട്ടി, അതൊടുവില്‍ സച്ചിന്റെയും ഗൗരവിന്റെയും കൊലപാതകത്തിലേക്ക് നയിച്ചു. സച്ചിനും ഗൗരവും കൊല്ലപ്പെട്ട വാര്‍ത്ത പരന്നതോടെ ഒരു സംഘം ആളുകള്‍ ഷാനവാസിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഷാനവാസിനെ വെട്ടിക്കൊലപ്പെടുത്തി.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്നറിഞ്ഞിട്ടും പൊലീസ് നിസ്സംഗത പാലിച്ചത് അന്വേഷിക്കേണ്ടതുണ്ട്. പൊലീസിന്റെ നിഷ്‌ക്രിയത്വം മുതലാക്കി വര്‍ഗീയവാദികള്‍ ഇടയിലൂടെ നുഴഞ്ഞുകയറി സംഭവം തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു. ഷാനവാസിന്റെ കൊലയ്ക്ക് അവര്‍ ഒരു കാരണവും കെട്ടിച്ചമച്ചുണ്ടാക്കി.  കവ്വാള്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ഷാനവാസ് കളിയാക്കി എന്നും അതു ചോദിക്കാന്‍ ചെന്ന യുവാക്കളെയാണ് ഷാനവാസ് കൊലപ്പെടുത്തിയതെന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സംഭവങ്ങളുടെ നിജസ്ഥിതി തേടി എന്‍ ഡി ടി വി സംഘം കവ്വാള്‍ ഗ്രാമത്തില്‍ പോയി പെണ്‍കുട്ടിയെ കാണുകയുണ്ടായി. ഷാനവാസെന്നയാളെ തനിക്കറിയില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും പെണ്‍കുട്ടി വിളിച്ചുപറഞ്ഞെങ്കിലും അതിനു മുമ്പേ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. കവ്വാള്‍ ഗ്രാമത്തിലെ സംഭവം പൊടിപ്പും തൊങ്ങലും വച്ച് കെട്ടുകഥകളായി ജില്ലയില്‍ പടര്‍ന്നുകയറി.

ഗുജറാത്ത് കലാപത്തിന് സമാനമായ സംഭവങ്ങളാണ് മുസാഫര്‍ നഗറിലും ഉണ്ടായത്. ബി ജെ പി എം എല്‍ എമാരായ  സംഗീത് സോം, ബാബുഹുക്കിംസിങ് എന്നിവര്‍ ഹിന്ദുവികാരം ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയും കൊല്ലപ്പെട്ട യുവാക്കളുടെ കൊലപാതകം സംബന്ധിച്ച ഭീകര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഇട്ടതും എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെയായിരുന്നു. കലാപത്തില്‍ 60 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവര്‍ എത്രയെന്നോ ആരൊക്കെയെന്നോ വ്യക്തമായ കണക്കുകള്‍ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പക്കലില്ല എന്നതാണ് വസ്തുത. അവരെല്ലാംതന്നെ അത്രയധികം നിഷ്‌ക്രിയരായിരുന്നു എന്ന് സാരം.

കലാപം കെട്ടടങ്ങിയെങ്കിലും അതിന്റെ ബാക്കിപത്രം ഏറെ വേദനാജനകമാണ്. ഗുരുതരമായി പരുക്കേറ്റ പലരും മരിച്ചുകൊണ്ടിരിക്കുന്നു ഇപ്പോഴും. ലഹളയെ തുടര്‍ന്ന് പ്രാണഭയത്തോടെ ഓടി രക്ഷപ്പെട്ട പലരും അഭയാര്‍ഥിക്യാമ്പുകളില്‍ അന്തേവാസികളായി. സ്ഥാവരജംഗമസ്വത്തുക്കളും ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട് ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട നിരവധി മനുഷ്യജീവിതങ്ങള്‍ ഇന്നീ ക്യാമ്പിലുണ്ട്. സര്‍വവും നഷ്ടപ്പെട്ട നിസഹായനോട് അതിലും വലിയ ക്രൂരതയാണ് അവിടെ നടമാടിയത്. സ്ത്രീകുളും കുട്ടികളും കടുത്ത ചൂഷണത്തിന് വിധേയമാകുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകള്‍ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി. ഇവരില്‍ പലരും കൊലചെയ്യപ്പെടുകയോ കാണാതാവുകയോ ഉണ്ടായി. എന്നാല്‍ ഈ കാര്യങ്ങളൊന്നും തന്നെ അന്വേഷിച്ച് കണ്ടെത്താനോ സ്ത്രീകളേയും കുട്ടികളേയും സുരക്ഷിതരാക്കാനോ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ശ്രമിക്കുന്നില്ല. അഭയാര്‍ഥി ക്യാമ്പില്‍ 40 കുട്ടികള്‍ മരിച്ചുവീണിട്ടും കുലുങ്ങാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ തണുപ്പ് കടുത്തതോടെ മരണസംഖ്യ ഉയരുന്നു. 40 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ അതിലും കൂടുതലാണെന്ന് ക്യാമ്പുകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലെ പല കുടിലുകളിലും എത്തുമ്പോള്‍ മരിച്ച കുട്ടികളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ഓര്‍ത്ത് വിലപിക്കുന്നവരെയാണ് കണ്ടത്. കൊടുംതണുപ്പില്‍ കമ്പിളിപുതപ്പോ, വസ്ത്രങ്ങളോ ഇല്ലാതെ നരകിക്കുകയാണ് ഭൂരിഭാഗം പേരും. തണുപ്പില്‍ പലരും രോഗികളായി.

ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ല. ചികിത്സാസഹായം എത്തിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുപോലും ഒരു നടപടിയും ഇവിടെ ഉണ്ടാകുന്നില്ല. ക്യാമ്പുകളില്‍ ഇപ്പോള്‍ ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നില്ല.

മൂന്നു വയസുള്ള തന്റെ മകളുടെ കൈപിടിച്ച് തിരിച്ച് ദൂരേയ്ക്ക് വലിച്ചെറിയുന്നത് കണ്ട് ഓടിച്ചെന്ന അമ്മയെ കലാപകാരികള്‍ ലാത്തികൊണ്ട് അടിക്കുകയും പിന്നീട് അതുപയോഗിച്ച് ലൈംഗികമായി അതിക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തതടക്കം നിരവധി ക്രൂരപീഡനകഥകള്‍ അന്വേഷിച്ചുചെന്ന അധികാരികളോട് സ്ത്രീകള്‍ വിവരിക്കുകയുണ്ടായി. ഒന്നിനും ഒരു പരിഹാരവുമില്ലായിതുവരെ.

കലാപം ചെയ്തുകൂട്ടിയ ക്രൂരതകളും അവ സ്ത്രീജീവിതങ്ങള്‍ക്കുമേല്‍ വിതയ്ക്കുന്ന ദുരന്തവും ഒരു വര്‍ഗീയ കലാപത്തിലും പുറംലോകം ചര്‍ച്ച ചെയ്യാറില്ല. കലാപത്തിന് തിരികൊളുത്തുന്ന വര്‍ഗീയശക്തികള്‍ക്ക് കരുത്തുപകരുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസാഫിര്‍നഗര്‍ കലാപത്തിന് ചുക്കാന്‍പിടിച്ച സംഗീത് സോം, സുരേഷ് റാണ തുടങ്ങിയ ബി ജെ പി എം എല്‍ എ മാര്‍ക്ക് പട്ടും വളയും നല്‍കിയാണ് നരേന്ദ്രമോഡി ആദരിച്ചത്.

അഭയാര്‍ഥി ക്യാമ്പുകളില്‍ ഒടുങ്ങാത്ത നിലവിളികളുമായി കഴിയുന്ന കുറേ മനുഷ്യജന്മങ്ങളുണ്ട്. സദ്ഭാവനയുടെ കൂട്ടയോട്ടത്തില്‍ അവര്‍ക്കെന്ത് പങ്കാണുള്ളത്. മോഡിയുടെ ദേശീയതയില്‍ ഇവര്‍ക്ക് പ്രവേശനമില്ലല്ലോ.

janayugom

റോസമ്മ പുന്നൂസിന് ആദരാഞ്ജലി

കമ്മ്യുണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസ് അന്തരിച്ചു.100 വയസായിരുന്നു. ആദ്യ നിയമ സഭാംഗവും പ്രോടെം സ്പീക്കറുമായിരുന്നു. ഒമാനിലെ സലാലായിലാണ് അന്ത്യം.ആദ്യ നിയമസഭയിലേക്ക് ദേവികുളം മണഡ്ലത്തില്‍ നിന്ന് വിജയിച്ച റോസമ്മ പുന്നൂസാണ് കേരള നിയമസഭയില്‍ ആദ്യമായി സത്യ പ്രതിജ്ഞ ചെയ്തത്. എട്ടാം നിയമസഭയിലേക്ക് ആലപ്പുഴയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നിയമ ബിരുദധാരിയാണ്. സംസ്കാരം തിങ്കളാഴ്ച തിരുവല്ല മര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ പി ടി പുന്നൂസ്. മക്കള്‍ ഡോ. തോമസ് പുന്നൂസ്, ഡോ. ഗീത ജേക്കബ്ബ്. മകനൊപ്പമായിരുന്നു സലാലയില്‍ താമസം.

1957ല്‍ വിജയിച്ചെങ്കിലും കോടതിവിധിയിലൂടെ അംഗത്വം നഷ്ടമായി. പിന്നീട് 1958ല്‍ ഉപതെരെഞ്ഞെടുപ്പിലൂടെ വീണ്ടും സഭയിലെത്തി. കേരളം രൂപീകൃതമായ ശേഷമുള്ള ആദ്യ ഉപതെരെഞ്ഞെടുപ്പായിരുന്നു അത്. 1957ല്‍ റോസമ്മ എംഎല്‍എ ആയപ്പോള്‍ ഭര്‍ത്താവ് പി ടി പുന്നൂസ് ലോക്സഭാംഗമായും വിജയിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയില്‍ അന്നമ്മയുടേയും എട്ടു മക്കളില്‍ നാലാമതായി 1913 മേയ് 13നു് ജനിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായാണ് റോസമ്മ പുന്നൂസ് 1939ല്‍ സജീവരാഷ്ട്രീയത്തിലെത്തിയത്. സഹോദരിയായ അക്കാമ്മ ചെറിയാനൊപ്പം സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. അക്കാലത്ത് അവര്‍ മൂന്ന് വര്‍ഷത്തോളം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി

വലിയ ഇടവേളക്ക് ശേഷം 1982ല്‍ ആലപ്പുഴയില്‍ നിന്നും സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് 1987ല്‍ ആലപ്പുഴയില്‍ നിന്നുതന്നെ വിജയിച്ചു. സിപിഐയുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷന്‍ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോര്‍പ്പറേഷന്റെ ചെയര്‍പേഴ്സണ്‍, ഹൗസിംഗ് ബോര്‍ഡ് അംഗം, പത്തു വര്‍ഷത്തോളം റബ്ബര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

deshabhimani

മുതലക്കണ്ണീര്‍

ഗുജറാത്തില്‍ രണ്ടായിരത്തിലധികം പേരെ കൊലപ്പെടുത്തിയ നിഷ്ഠുരമായ വംശഹത്യക്ക് നേതൃത്വം നല്‍കിയതില്‍ മുതലക്കണ്ണീരുമായി മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ബ്ലോഗ്. കലാപം നടക്കുമ്പോള്‍ സമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടതെന്ന് കലാപം നടന്ന് 11 വര്‍ഷത്തിനുശേഷം ബ്ലോഗിലെഴുതിയ ലേഖനത്തില്‍ മോഡി അവകാശപ്പെട്ടു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡി ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കലാപകാലത്തെ "സങ്കടങ്ങള്‍" വിവരിക്കുന്നത്. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 69 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലീന്‍ചിറ്റിന് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയുടെ അംഗീകാരം നേടിയതിന് പിന്നാലെയാണ് മോഡിയുടെ ദുഃഖപ്രകടനം.

അനാവശ്യമായി താന്‍ പഴി കേട്ടുവെന്ന വാദമാണ് മോഡി ഉയര്‍ത്തുന്നത്. രാജ്യം മറന്നിട്ടില്ലാത്ത സത്യങ്ങള്‍ മറച്ചുപിടിക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമമാണ് മോഡി ലേഖനത്തില്‍ നടത്തിയിരിക്കുന്നത്. ലേഖനത്തില്‍നിന്ന്: ""മനുഷ്യത്വരഹിതമായ കലാപം ഗുജറാത്തിനേറ്റ കനത്ത ആഘാതമായിരുന്നു. അത് തന്നെ മാനസികമായി തകര്‍ത്തു. കലാപത്തിന്റെ പേരില്‍ തന്നെയും ഗുജറാത്തിനെയും കരിതേച്ച് കാണിക്കാനുള്ള ശ്രമമാണ് നടന്നത്. ഗുജറാത്തിലെ പ്രിയപ്പെട്ട സഹോദരങ്ങള്‍ കൊല്ലപ്പെട്ടതിന്റെ പാപഭാരം ഏല്‍ക്കേണ്ടി വന്നു. ഇത്തരമൊരു കലാപം ഇനി ഒരു രാജ്യത്തും ഒരു സമൂഹത്തിലും സംഭവിക്കാന്‍ ഇടയാകരുത്. നൂറുകണക്കിന് പേര്‍ മരിക്കുകയും ലക്ഷങ്ങള്‍ ഭവനരഹിതരാവുകയും ചെയ്ത 2001ലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെയാണ് കലാപമുണ്ടാകുന്നത്. അത് അപ്രതീക്ഷിതമായി നേരിടേണ്ടി വന്നത് വലിയ ആഘാതമായി. നിരവധി നിരപാധികളാണ് കൊല്ലപ്പെട്ടത്. ഭൂകമ്പം താറുമാറാക്കിയ സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറം. തന്നെ അത് കടുത്ത ദു:ഖത്തിലേക്കും വേദനയിലേക്കുമാണ് തള്ളിവിട്ടത്. അന്നത്തെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ തന്റെയുള്ളിലുണ്ടാക്കിയ ശൂന്യത വിവരിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല. അധികാരസ്ഥാനത്തുള്ളവര്‍ക്ക് ആരോടും ദുഃഖം പങ്കിടാന്‍ കഴിയില്ല""- ഇങ്ങനെ പോകുന്നു മോഡിയുടെ പരിദേവനം.

ഗോധ്രസംഭവത്തെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ മാത്രമായിരുന്നു ഗുജറാത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കാനുള്ള ശ്രമവും മോഡി നടത്തിയിട്ടുണ്ട്. കലാപമുണ്ടായപ്പോള്‍ രാജ്യത്ത് മറ്റെവിടത്തെക്കാളും വേഗത്തിലും കാര്യക്ഷമമായും ഇടപെടാന്‍ സാധിച്ചെന്ന അവകാശവാദവും മോഡി ഉയര്‍ത്തുന്നുണ്ട്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ടയറിനടിയില്‍പെട്ട് നായ്ക്കുട്ടി മരിച്ചാല്‍ യാത്രക്കാരനുണ്ടാകുന്ന വിഷമത്തിന് തുല്യമായ ചിന്തയാണ് ഗുജറാത്ത് കലാപകാലത്ത് തനിക്കുണ്ടായതെന്ന് കഴിഞ്ഞവര്‍ഷം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ഇന്നേവരെ പശ്ചാത്താപപ്രകടനത്തിനു തയ്യാറാകാത്ത മോഡിയുടെ ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാണെന്ന് വ്യക്തം. മോഡി മുസ്ലിംവിരുദ്ധനായ നേതാവാണെന്ന പ്രതിച്ഛായ മാറ്റാന്‍ ശ്രമിക്കണമെന്ന് ഉപദേശിച്ച് കഴിഞ്ഞദിവസങ്ങളില്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ മുഖപ്രസംഗവും മറ്റും എഴുതിയിരുന്നു.
(സുജിത് ബേബി)

deshabhimani

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് കുറവ്

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തനിരക്ക് മൊത്തം ജനസംഖ്യയുടെ 25.6 ശതമാനമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സ്ത്രീപദവി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ സ്ഥിരംതൊഴില്‍ ചെയ്യുന്നവര്‍ 9.5 ശതമാനവും താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 16.1 ശതമാനവുമാണ്. 2008ല്‍ സംസ്ഥാനത്തെ 1800 വീടുകളിലായി 15 മുതല്‍ 59 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതരസംസ്ഥാനങ്ങളുമായും ലോകരാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊഴിലെടുക്കുന്ന സ്ത്രീയുടെ ശരാശരി വരുമാനം 3374 രൂപയാണ്. താഴ്ന്ന സാമ്പത്തിക ഗ്രൂപ്പില്‍ 1347 രൂപയാണ്. എന്നാല്‍, ഇതിന്റെ ഏഴിരട്ടിയാണ് ഉയര്‍ന്ന വരുമാനം. 10,016 രൂപയുണ്ട്. സ്ഥിരം തൊഴിലുള്ളവരുടെ ശരാശരി വരുമാനം 6031 രൂപയും താല്‍കാലിക തൊഴിലുകാരുടേത് 1819 രൂപയുമാണ്.

കുടുംബവരുമാനത്തിലെ സ്ത്രീയുടെ പങ്ക് തൊഴിലിന്റെ അടിസ്ഥാനത്തില്‍ 14.1 ശതമാനമാണ്. ഗാര്‍ഹികാധ്വാനത്തിന്റെ മൂല്യംകൂടി ഉള്‍പ്പെടുത്തുമ്പോള്‍ 36.1 ശതമാനമാകും. 60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ 49 ശതമാനത്തിനു മാത്രമേ വരുമാനമുള്ളൂ. ഇവരില്‍ 85.2 ശതമാനവും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്. സ്ത്രീകളില്‍ ഭൂരിപക്ഷവും വീട്ടമ്മമാരായി ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. സ്ത്രീകളില്‍ 12 ശതമാനം പേര്‍ പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. ഇതില്‍ 16.5 ശതമാനം ഏതെങ്കിലും തരത്തിലുള്ള സ്ഥാനം വഹിക്കുന്നു. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണങ്ങളില്ല. കേരളത്തില്‍ 96.4 ശതമാനം വീടുകളിലും കുടുംബത്തിലെ അധികാരം പുരുഷന്മാരിലാണ്. 10 ശതമാനം കുടുംബങ്ങളില്‍ ഗാര്‍ഹികപീഡനമുണ്ട്. കുടുംബത്തിനുള്ളില്‍ സുരക്ഷിതരല്ലെന്ന് 41 ശതമാനം പേര്‍ പറയുന്നു. ഇതില്‍ അഞ്ചു ശതമാനം ഒട്ടും സുരക്ഷിതരല്ല.

കര്‍ഷക കൂട്ടായ്മയും വിപണന സംവിധാനവും വ്യാപിപ്പിക്കണം

കൊച്ചി: കാര്‍ഷികമേഖലയുടെ സംരക്ഷണത്തിന് കര്‍ഷകരുടെ പ്രാദേശിക കൂട്ടായ്മകളും, ഉല്‍പ്പന്ന സംഭരണ-വിപണന സംവിധാനങ്ങളും അടങ്ങുന്ന സംഘടനാരൂപങ്ങള്‍ വ്യാപിപ്പിക്കണമെന്ന് കേരള വികസന കോണ്‍ഗ്രസിന്റെ കാര്‍ഷിക സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് കേരള വികസന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളില്‍ കാര്‍ഷിക ഉല്‍പ്പാദകരുടെ കമ്പനി രൂപീകരിക്കണം. കൃഷിയില്‍നിന്ന് കര്‍ഷകര്‍ക്ക് മാന്യവും സ്ഥിരവുമായ വരുമാനം ലഭിക്കണം. കര്‍ഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം. കര്‍ഷകര്‍ക്ക് ഉയര്‍ന്നതോതില്‍ സബ്സിഡി നല്‍കണം. കേരളത്തിലെ കുടുംബഘടനയും പൊതുഇടങ്ങളും സ്ത്രീസൗഹൃദമാക്കാനുള്ള സംഘടിതമായ ഇടപെടലുകള്‍ ഉറപ്പാക്കിയാല്‍ മാത്രമേ സ്ത്രീ-പുരുഷ തുല്യതയുള്ള സമൂഹം ഉണ്ടാകൂവെന്ന് ലിംഗനീതി സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കി മാത്രമേ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനാകൂ എന്നാണ് വിദ്യാഭ്യാസ സെമിനാറിന്റെ അഭിപ്രായം. ഊര്‍ജസംരക്ഷണ ഉപാധികള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കണം. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശാലമായ രാഷ്ട്രീയലക്ഷ്യം നഷ്ടപ്പെട്ടതായി സാംസ്കാരിക സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ഭൂമി പൊതുനിയന്ത്രണത്തില്‍ വരണമെന്നും ഓരോ ഉപയോഗത്തിനും പ്രത്യേക മേഖലകള്‍ രൂപീകരിക്കണമെന്നും അഭിപ്രയമുയര്‍ന്നു.

സി കെ പി പത്മനാഭന്‍, ഡോ. ജിജു പി അലക്സ്, ഡോ. ഇന്ദിരാദേവി, ഡോ. സി തമ്പാന്‍, ഡോ. എം പി പരമേശ്വരന്‍, പ്രൊഫ.കെ ശ്രീധരന്‍, എം ജി സുരേഷ്കുമാര്‍ അഡ്വ. തുളസി, ആര്‍ പാര്‍വതീദേവി, എന്‍ ശാന്തകുമാരി, ഡോ. എ ജി ഒലീന, ഒ എം ശങ്കരന്‍, ഡോ. കെ പ്രദീപ്കുമാര്‍. ഡോ. എം എ ഖാദര്‍, പ്രൊഫ.രാജന്‍ വര്‍ഗീസ്, ആര്‍ സേതുനാഥ്, ഡോ. സി ടി എസ് നായര്‍ ഡോ. കെ വിദ്യാസാഗര്‍, ഡോ. അജയകുമാര്‍, ഡോ. ശ്രീകുമാര്‍, ഡോ. രാമകുമാര്‍, പി സി ഉണ്ണികൃഷ്ണന്‍, ഡോ. കെ പി കണ്ണന്‍, അഡ്വ. കെ പി രവിപ്രകാശ്, കെ കെ കൃഷ്ണകുമാര്‍, ഡോ. എന്‍ അജിത്കുമാര്‍, ഡോ. ബിനോയ് പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍ കെ ശശിധരന്‍ പിള്ള, പ്രൊഫ. പി കെ രവീന്ദ്രന്‍, വി വി ശ്രീനിവാസന്‍, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, കെ ടി രാധാകൃഷ്ണന്‍, ടി രാധാമണി, ഡോ. കെ രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

കാര്‍ഷികമേഖല ഗുരുതര പ്രതിസന്ധിയില്‍: സൂര്യകാന്ത് മിശ്ര

കണ്ണൂര്‍: അതിഗുരുതരമായ പ്രതിസന്ധിയിലാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞു. സമ്പദ്ഘടനയുടെ അടിസ്ഥാനം കാര്‍ഷികമേഖലയായിട്ടും കൃഷിക്കാരുടെ വരുമാനം അനുദിനം കുറയുന്നു. രാജ്യത്തിന്റെ പലഭാഗത്തും ദൃശ്യമാകുന്ന പട്ടിണിയുടെ കാരണവും ഇതാണ്. ജീവിതം വഴിമുട്ടി ആത്മഹത്യയെ അഭയം പ്രാപിക്കുകയാണ് കൃഷിക്കാര്‍. ശനിയാഴ്ച കണ്ണൂരിലാരംഭിക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭാ കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തരം കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നത് നിഷേധിക്കുന്നില്ല. ഹരിതവിപ്ലവത്തോടെ ഈ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ വര്‍ധിച്ചു. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടി. രാജ്യത്തെ മുഴുവന്‍ പട്ടിണി മാറ്റാന്‍ കഴിയുന്ന തരത്തില്‍ ഭക്ഷ്യോല്‍പ്പാദനം വര്‍ധിച്ചു. എന്നാല്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ എല്ലാം കീഴ്മേല്‍ മറിച്ചു. രണ്ടാം ഹരിതവിപ്ലവത്തെക്കുറിച്ച് പറയുന്ന സര്‍ക്കാര്‍ എല്ലാം കോര്‍പറേറ്റുകളെ ഏല്‍പ്പിച്ച് കൈയുംകെട്ടി മാറിനില്‍ക്കുകയാണ്. വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പര്യം മാത്രമാണ് നടപ്പാകുന്നത്.

രാജ്യത്തെ കാര്‍ഷിക വളര്‍ച്ച ഒരിക്കലും സന്തുലിതമായിരുന്നില്ല. സംസ്ഥാനങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലുമെല്ലാം വലിയ രീതിയില്‍ അസമത്വം നിലനിന്നു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ഏറെ രൂക്ഷമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയസമീപനങ്ങളോടെ ഇത് കൂടുതല്‍ വഷളായി. വിലത്തകര്‍ച്ചയും പെരുകുന്ന ഉല്‍പ്പാദനച്ചെലവുമെല്ലാം കൃഷിക്കാരെ തളര്‍ത്തി. പാവപ്പെട്ട ജനവിഭാഗങ്ങളാണ് ഇതിന്റെ യഥാര്‍ഥ ഇരകള്‍. ഓരോ പ്രദേശത്തിന്റെയും വിളയുടെയും അടിസ്ഥാനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശരിയായി വിലയിരുത്തുകയും പരിഹാരത്തിനായി ശ്രമിക്കുകയും വേണം. വികലമായ കേന്ദ്രനയങ്ങളുടെ പരിമിതികള്‍ക്കിടയിലും കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയിലുണ്ടാക്കിയ മാറ്റം ഗൗരവമായി കാണണം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ആഘാതത്തില്‍നിന്ന് കൃഷിക്കാരെ രക്ഷിക്കുന്നതിനുതകുന്ന ബദല്‍ നയങ്ങളാണ് ഈ സര്‍ക്കാരുകള്‍ നടപ്പാക്കിയത്. അതിശക്തമായ ജനകീയ സമരങ്ങളുടെ അനുഭവമാണ് ഈ സര്‍ക്കാരുകള്‍ക്ക് ബദല്‍ നയങ്ങള്‍ക്കുള്ള ഉള്‍ക്കരുത്ത് നല്‍കിയത്. സാര്‍വദേശീയ ധനമൂലധന ശക്തികള്‍ സമസ്തമേഖലയിലും ആക്രമണോത്സുകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉജ്വലമായ സമരങ്ങളല്ലാതെ മറ്റു പോംവഴികളില്ലെന്ന് സൂര്യകാന്ത് മിശ്ര പറഞ്ഞു.

കിസാന്‍സഭ സെന്‍ട്രല്‍ കൗണ്‍സിലിന് ഇന്നു തുടക്കം

കണ്ണൂര്‍: അഖിലേന്ത്യ കിസാന്‍ സഭ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച കണ്ണൂരില്‍ തുടങ്ങും. സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലെ എ കെ ജി ഹാളിലാണ് രണ്ടുദിവസത്തെ യോഗം. ആദ്യമായാണ് കിസാന്‍ സഭ കൗണ്‍സില്‍ യോഗത്തിന് കണ്ണൂര്‍ വേദിയാകുന്നത്. പ്രത്യേക ക്ഷണിതാക്കളടക്കം 64 പേര്‍ പങ്കെടുക്കും. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി രാജ്യത്തെ കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗം അതിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും രൂപം നല്‍കും. കൗണ്‍സിലിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചേര്‍ന്ന കാര്‍ഷിക സെമിനാര്‍ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ഉദ്ഘാടനംചെയ്തു. കിസാന്‍ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ അധ്യക്ഷനായി. എം പ്രകാശന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, മുന്‍ പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള, മുന്‍ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ എന്നിവര്‍ കണ്ണൂരിലെത്തി. റെയില്‍വേ സ്റ്റേഷനില്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് ഉജ്വല സ്വീകരണം നല്‍കി. അഖിലേന്ത്യാ പ്രസിഡന്റ് അമ്രാറാം ശനിയാഴ്ചയെത്തും.

deshabhimani

ഉപാധികളോടെ പട്ടയം: യുഡിഎഫ് വഞ്ചന വീണ്ടും

ഇടുക്കി: ഉപാധികള്‍ വച്ചും നിയമക്കുരുക്കഴിക്കാതെയും യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന പട്ടയം കര്‍ഷക വഞ്ചന. ഇടുക്കിയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ എല്ലാവര്‍ക്കും നാലേക്കര്‍ വരെ ഉപാധികളില്ലാതെ പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. അലോട്ട്മെന്റ് മേഖല, പത്തുചെയിന്‍ പ്രദേശം, ടൗണ്‍മേഖല, ഇതര കൈവശ മേഖല എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കാണ് പട്ടയം നിഷേധിക്കുന്നത്. 1964ലെ ഭൂപതിവ് 24-ാം ചട്ടം അനുസരിച്ചേ പട്ടയം വിതരണം ചെയ്യാനാവൂ എന്നാണ് ഉത്തരവ്്.

കേരള ഭൂപതിവ് ചട്ടങ്ങളിലുള്ള മലയോര കൃഷിക്കാരുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ റദ്ദാക്കാതെയാണ് പട്ടയം നല്‍കുന്നത്. പതിച്ചുകിട്ടുന്ന ഭൂമിയുടെ അളവ് നാലേക്കറില്‍നിന്ന് കുറയ്ക്കുന്നതും കൈമാറ്റ നിബന്ധനകളും റദ്ദാക്കാതെ പട്ടയമേള നടത്തുന്നതുകൊണ്ട് ഭൂരിപക്ഷം കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കില്ല. പ്രധാന ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാതെയും നിയമ തടസ്സങ്ങള്‍ ഒഴിവാക്കാതെയും മേള സംഘടിപ്പിക്കുന്നതിനാല്‍ ഉപേക്ഷിക്കപ്പെട്ട വൈദ്യുതപദ്ധതി പ്രദേശത്തെയും കോളനി മേഖലയിലെയും അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കില്ല. ഇടുക്കിയിലാകെ 65000ലേറെ കര്‍ഷകര്‍ക്കാണ് പട്ടയം ലഭിക്കേണ്ടത്.

2011 മാര്‍ച്ചില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധികളില്ലാത്ത പൂര്‍ണാധികാര പട്ടയംനല്‍കി. അര്‍ഹതപ്പെട്ട 28017 കര്‍ഷക കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. 1957ലെയും 67ലെയും ഇ എം എസ് സര്‍ക്കാരും 70ല്‍ കെ ടി ജേക്കബ് റവന്യൂമന്ത്രിയായിരുന്നപ്പോഴും യഥാര്‍ഥ പട്ടയങ്ങള്‍ നല്‍കി. കൂടാതെ 1987ലും 96ലും എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ ജില്ലയില്‍ കൈവശരേഖകള്‍ നല്‍കി. 1982ല്‍ റവന്യൂ മന്ത്രിയായിരുന്ന പി ജെ ജോസഫ് നെടുങ്കണ്ടത്ത് നല്‍കിയ പട്ടയം മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ഇടപെട്ട് തിരികെ വാങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. 1993ല്‍ കെ എം മാണി റവന്യൂമന്ത്രിയായിരിക്കുമ്പോഴാണ് ഉപാധികളും വ്യവസ്ഥകളും വച്ച് കൈവശരേഖ നല്‍കിയത്. ഇതനുസരിച്ച് പട്ടയഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നായി. കൈമാറ്റം അനന്തര അവകാശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇത് പട്ടയരേഖയിലെ ഒമ്പതാം ഇനമാക്കി എഴുതിയും ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടയപ്രശ്നത്തില്‍ നയപരമായ തീരുമാനം എടുക്കുകയായിരുന്നു. 1977 ജനുവരി ഒന്നുവരെ കൈവശഭൂമിയില്‍ സ്ഥിരതാമസക്കാരായ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപേക്ഷിക്കപ്പെട്ട വൈദ്യുത പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും പട്ടയം, ഏലകൃഷിക്കാര്‍ക്ക് കുത്തകപ്പാട്ടം പുതുക്കല്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം തുടങ്ങിയ അവകാശങ്ങള്‍ ഉറപ്പുവരുത്തിയുമായിരുന്നു 2010 നവംബര്‍ 16ന് ഓര്‍ഡിനന്‍സ് ഇറക്കി എല്‍ഡിഎഫ് ഉപാധിരഹിത പട്ടയം നല്‍കിയത്. പട്ടയഭൂമി കൈമാറ്റംചെയ്യാന്‍ പാടില്ലെന്ന് 1993ല്‍ യുഡിഎഫ് കൊണ്ടുവന്ന നിയമ ഭേദഗതി എടുത്തുകളഞ്ഞു. എന്നാല്‍ ഓര്‍ഡിനന്‍സ് കാലാവധി അവസാനിച്ചപ്പോള്‍ ഇത് പുതുക്കാന്‍ യുഡിഎഫ് തയാറായില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ഭീതിയിലാണ്. ഉപാധികള്‍ ഉള്‍പ്പെടുത്തിയ പട്ടയം കൂടിയായപ്പോള്‍ കൂടുതല്‍ ആശങ്കയിലായി.
(കെ ടി രാജീവ്)

deshabhimani

ആര്‍എസ്എസിന്റെത് ഫാസിസ്റ്റ് ശൈലി: പി ജയരാജന്‍

കണ്ണൂര്‍: ഭിന്നാഭിപ്രായം പ്രകടപ്പിക്കുന്നവരെ ഫാസിസ്റ്റ് ശൈലിയില്‍ നേരിടുന്ന ബിജെപി- ആര്‍എസ്എസ് നിലപാടിനെതിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആസൂത്രിതമായി അക്രമം നടത്തുകയും അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ പഴിചാരുകയും ചെയ്യുകയെന്നത് ആര്‍ എസ് എസ് ശൈലിയാണ്. കണ്ണൂര്‍ തളാപ്പിലെ അമ്പാടിമുക്കില്‍ ബി ജെ പി സ്ഥാപിച്ച സ്മാരക സ്തൂപം ആര്‍എസ്എസുകാര്‍ അടിച്ച് തകര്‍ത്ത് മറ്റുള്ളവരുടെ പേരില്‍ കേസെടുപ്പിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. 24ന് രാത്രിയാണ് അമ്പാടിമുക്കിലെ ബിജെപി സ്തൂപം തകര്‍ത്തത്.
 
ഇതേ തുടര്‍ന്ന് അടുത്ത കാലത്ത് രൂപപ്പെട്ട സമാന്തര സംഘടനയിലെ രണ്ടുപേര്‍ക്കെതിരെ ബി ജെപിക്കാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആര്‍ എസ് എസുകാര്‍ പലേടത്തും നടപ്പിലാക്കിയ സമാന്തര സംഘടനാ പ്രവര്‍ത്തകര്‍ ഇത്തരമൊരാക്രമണം മുന്‍കൂട്ടികണ്ട് ഒളിക്യാമറ സ്ഥാപിച്ചിരുന്നു. സമാന്തര സംഘടന പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ആര്‍എസ്എസുകാരാണ് അക്രമണം നടത്തിയതായി ക്യാമറയില്‍ ദൃശ്യമായത്.ആര്‍ എസ്എസ്-ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്ത് വന്ന സമാന്തര സംഘടനാ പ്രവര്‍്ത്തകരെ കേസില്‍ പെടുത്തുകയായിരുന്നു ഉദ്ദേശ്യം. ക്യാമറ ദൃശ്യങ്ങള്‍ കണ്ണൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണം.
 
ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അഴിമതിക്കും മൂല്യച്ച്യുതിക്കുമെതിരെ സംഘടനക്കകത്ത് പ്രതിഷേധമുയര്‍ത്തി ഫലമില്ലാതെ വന്നപ്പോള്‍ സമാന്തര സംഘടനാ നേതാക്കള്‍ പരസ്യമായി അത്തരം കാര്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന് മറുപടി പറയുന്നതിന് പകരം അക്രമത്തിലൂടെ അത്തരക്കാരെ നേരിടുന്ന ഫാസിസ്റ്റ് ശൈലിയാണ് ആര്‍ എസ് എസ് നേതൃത്വം കൈക്കൊള്ളുന്നത്. പാനൂരില്‍ സമാന്തര സംഘടനക്കാര്‍ നടത്തിയ യോഗം ആര്‍ എസ് എസിന്റെ ക്രിമിനലുകളാണ് അക്രമിച്ചത്. ആര്‍ എസ് എസിന്റെ ജില്ലാ നേതൃത്വം ആസൂത്രണം ചെയ്താണ് സമാന്തര സംഘടനാ നേതാക്കളെ വധിക്കാന്‍ ശ്രമിച്ചത്. അക്രമത്തിന്റെ പിന്നിലുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്ക് കേസ് എടുക്കണം. ഗൂഢാലോചന നടത്തിയത് ആരെന്ന് ഈ സംഘടന നേതാക്കള്‍ വ്യക്തമാക്കിയതും ജില്ലാ പൊലീസ് മേധാവിക്ക് എഴുതി നല്‍കിയതുമാണ്.
 
പാനൂരിലെ അക്രമത്തിന്റെ മറു പതിപ്പാണ് തളാപ്പിലുണ്ടായത്. 26ന് പട്ടുവം മുതുകുടയില്‍ പി രാജന്‍, കെ പി ശിവന്‍ എന്നീ സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത് ഈ ഫാസിസ്റ്റ് നടപടിയുടെ തുടര്‍ച്ചയാണ്. നടുവില്‍ ആര്‍എസ്എസ് നടത്തുന്ന ഐടിസി പരേഡില്‍ പങ്കെടുക്കാത്തതിനാണ് തുണ്ടത്തില്‍ മഹേഷ് എന്ന യുവാവിനെ അക്രമിക്കാന്‍ ശ്രമിച്ചതും തടയാന്‍ ചെന്ന തെക്കേമുറിയില്‍ ജോര്‍ജിനെയും മകള്‍ നീതു ജോര്‍ജിനെയും മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചതും ഇവരുടെ ശൈലിയുടെ ഭാഗമാണ്. ബി ജെപിയുടെ നാലു മുന്‍ ജില്ലാ പ്രസിഡന്റുമാരടക്കം നിലവിലുള്ള പ്രസിഡന്റിനെതിരായി ആരോപണം ഉന്നയിച്ചിട്ടും അത് സംബന്ധിച്ചുള്ള യാതൊരു കാര്യവും ജനങ്ങളോട് വിശദീകരിക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കണമെന്ന ബി ജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ സമാന്തര സംഘടനാ നേതാക്കള്‍ പ്രതികരിച്ചത് സ്വാഗതാര്‍ഹമാണ്.
 
മാത്രമല്ല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മലയോര മേഖലയില്‍ അധിവസിക്കുന്ന ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രക്ഷോഭ രംഗത്തുള്ള എല്‍ ഡി എഫുമായി സഹകരിക്കുന്നതാണെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ജയരാജന്‍ അറിയിച്ചു.

deshabhimani

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണം: സെമിനാര്‍

പാനൂര്‍: മലയോരജനതയുടെ ജീവിതംതകര്‍ക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് പാട്യം പഠനഗവേഷണകേന്ദ്രം "കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ജനങ്ങളുടെ ആശങ്കകളും" എന്ന വിഷയത്തില്‍ പാനൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ട് മരവിപ്പിച്ച് പശ്ചിമഘട്ടസംരക്ഷണം പഠിക്കാന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കുലര്‍മാത്രമാണ് ഓഫീസ് മെമ്മോറാണ്ടമെന്നും ഇതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ലെന്നും വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പാനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ മോഡറേറ്ററായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ ജനങ്ങളുടെ രോഷപ്രകടനമാണ് കൊട്ടിയൂരിലും താമരശേരിയിലും കണ്ടതെന്ന് പി ജയരാജന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് ആശങ്കയും അമര്‍ഷവും പ്രതിഷേധവുമുണ്ട്. പ്രകൃതിക്കൊപ്പം മനുഷ്യനും സംരക്ഷിക്കപ്പെടണം. പരിസ്ഥിതിമൗലികവാദത്തിലൂടെ ജനജീവിതത്തിന് ഭീഷണിഉയര്‍ത്തുകയാണ്. പ്രശ്നത്തില്‍ ബിജെപി നേതൃത്വത്തില്‍നിന്ന് വ്യത്യസ്ത നിലപാടാണ് ഒ കെ വാസു ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നതെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും പി ജയരാജന്‍ പറഞ്ഞു. ചര്‍ച്ചയിലൂടെയാണ് ഏത് റിപ്പോര്‍ട്ടും സമ്പൂര്‍ണമാകുന്നതെന്നും യഥാര്‍ഥപഠനമല്ല ഇക്കാര്യത്തിലുണ്ടായതെന്നും സിപിഐ സംസ്ഥാനകമ്മിറ്റി അംഗം സി പി മുരളി പറഞ്ഞു. തിരുവനന്തപുരത്തെ സുഖവാസകേന്ദ്രത്തിലിരുന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതെന്ന് ഒ കെ വാസു പറഞ്ഞു. വില്ലേജ്നിശ്ചയിച്ചതിലടക്കം കള്ളക്കളിയുണ്ട്. ഇതിനെതിരെ എല്ലാവരും രംഗത്തിറങ്ങണം. കെ കെ രാമചന്ദ്രന്‍, എന്‍ കെ അബ്ദുള്‍അസീസ്, കെ കെ ജയപ്രകാശ്, വി വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി ഹരീന്ദ്രന്‍ സ്വാഗതവും കെ കെ പവിത്രന്‍ നന്ദിയും പറഞ്ഞു.

deshabhimani

Friday, December 27, 2013

ആര്‍എസ്എസുകാര്‍ വാടകക്കൊലയാളി സംഘമായി മാറി: പിണറായി

കാപ്പാട്: കൂലിക്ക് കൊലയും അക്രമവും നടത്തുന്ന ക്രിമിനല്‍സംഘമായി ആര്‍എസ്എസ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പല മാര്‍ഗങ്ങളിലൂടെ ആര്‍എസ്എസിന് പണം ലഭിക്കുന്നുണ്ട്. ഇങ്ങനെ എത്തുന്ന പണം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ നല്ലൊരു വിഭാഗം ആര്‍എസ്എസുകാര്‍ സാമൂഹ്യവിരുദ്ധരാവുന്നു. ഉള്ള പണം മതിയാകാതെ വരുമ്പോള്‍ എന്തുംചെയ്യാന്‍ മടിക്കാത്ത സംഘമായി അവര്‍ മാറുന്നു. ആര്‍എസ്എസ്-മണല്‍ മാഫിയ അക്രമത്തിനെതിരെ കാപ്പാട്ട് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

എതിര്‍ക്കുന്നവരെ ആക്രമിക്കുകയാണ് ആര്‍എസ്എസ് ഉദ്ദേശ്യം. കാപ്പാട്ട് മണല്‍ മാഫിയയുടെ പ്രവര്‍ത്തനത്തെ എതിര്‍ത്തതിനാണ് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരമുള്ള സിപിഐ എം പ്രവര്‍ത്തകന്‍ എം സുരേഷിനെ ഭീകരമായി ആക്രമിച്ച് കൈകാലുകള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇരുട്ടിന്റെ മറവില്‍ വീട്ടില്‍ തള്ളിക്കയറി അവര്‍ നടത്തിയത് ധീരതയല്ല, ഭീരുത്വമാണ്. പണത്തിനുവേണ്ടി ക്വട്ടേഷന്‍ പണിയാണ് അവര്‍ നടത്തുന്നത്. ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് നാടൊന്നൊകെ എടുക്കണം. ജനശക്തിയുടെ മുന്നില്‍ ആര്‍എസ്എസിന്റെ കൈയിലുള്ള ഒരായുധവും വിലപ്പോവില്ല. ആര്‍എസ്എസുകാരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റേത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഉമ്മന്‍ചാണ്ടിയുടെയും നയത്തിന്റെ ഭാഗമാണിത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും അക്രമികളെ കസ്റ്റഡിയിലെടുത്തിട്ടില്ല. നൂറുകണക്കിനാളുകളെ കൊലചെയ്ത കലാപങ്ങളിലടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരെ തൊടാന്‍ മടിക്കുകയാണ് പൊലീസ്. മഹാരാഷ്ട്രയില്‍ ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയ കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് തയാറായില്ല. മുസഫര്‍ നഗറില്‍ അനേകം നിരപരാധികളെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി. അനേകം സഹോദരിമാര്‍ കൂട്ട ബലാത്സംഗത്തിനിരയായി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ പാകിസ്ഥാനില്‍ പോയി തീവ്രവാദ പരിശീലനം നേടുന്നവരാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. ആര്‍എസ്എസ് പറയുന്നതും കോണ്‍ഗ്രസ് പറയുന്നതും ഒന്നുതന്നെയാണെന്നതിന് തെളിവാണിതെന്നും പിണറായി പറഞ്ഞു.

deshabhimani