Wednesday, December 25, 2013

ഞാന്‍ ജയിച്ചു: സ്നോഡെന്‍

അമേരിക്കയുടെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍എസ്എ) ആഗോള ചാരപ്പണിയെക്കുറിച്ച് പുനര്‍മൂല്യനിര്‍ണയത്തിന് വഴിയൊരുങ്ങിയതോടെ തന്റെ ദൗത്യം വിജയിച്ചെന്ന് എഡ്വേഡ് സ്നോഡെന്‍. അമേരിക്ക ശേഖരിച്ച ടെലിഫോണ്‍- ഇന്റര്‍നെറ്റ് വിവരശേഖരത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമൊരുക്കിയതുകൊണ്ടുതന്നെ വ്യക്തിപരമായി സംതൃപ്തനാണ്. ദൗത്യം പൂര്‍ണമായി. ഞാന്‍ വിജയിച്ചുകഴിഞ്ഞു- റഷ്യയില്‍ അഭയംതേടിയ സ്നോഡെന്‍ "വാഷിങ്ടണ്‍ പോസ്റ്റിന്" അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് ഇടപെടാന്‍ അവസരം ലഭിച്ചതോടെ ഞാന്‍ പറയാന്‍ ശമിച്ചതെല്ലാം സാധൂകരിക്കപ്പെട്ടു. സമൂഹത്തെ ഉടച്ചുവാര്‍ക്കുക എന്റെ ലക്ഷ്യമല്ല, സ്വയം മാറാന്‍ സമൂഹത്തിന് അവസരമൊരുക്കാനാണ് ശ്രമിച്ചത്- സ്നോഡെന്‍ പറഞ്ഞു. സിഐഎക്കുവേണ്ടി പണിയെടുക്കുന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിലെ മുന്‍ കരാര്‍ജീവനക്കാരനായ സ്നോഡെന്‍ (30) ഹോങ്കോങ്ങിലേക്ക് കടന്നശേഷം ആറുമാസംമുമ്പ് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് എന്‍എസ്എയുടെ ചാരപ്പണി ലോകത്തെ അറിയിച്ചത്. തുടര്‍ന്ന് രാജദ്രോഹക്കുറ്റം ചുമത്തി അമേരിക്ക വേട്ടയാടിയ സ്നോഡെന് റഷ്യ അഭയം നല്‍കുകയായിരുന്നു. അമേരിക്കയെ വഞ്ചിച്ചു എന്ന ആരോപണം സ്നോഡെന്‍ തള്ളി. "എന്‍എസ്എയെ തകര്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അവരെ പരിഷ്കരിക്കാനാണ് ശ്രമിച്ചത്. പക്ഷേ, അത് അവര്‍ മനസ്സിലാക്കുന്നില്ല"- സ്നോഡെന്‍ പറഞ്ഞു.

സ്നോഡെന്റെ അഭിപ്രായത്തോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല. സ്വന്തം ജനതയുടെയും ലോകനേതാക്കളുടെയും ടെലിഫോണ്‍-ഇന്റര്‍നെറ്റ് സ്വകാര്യ സംഭാഷണംവരെ എന്‍എസ്എ ശേഖരിക്കുന്നുണ്ടെന്ന തെളിവുസഹിതമുള്ള വെളിപ്പെടുത്തല്‍ അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയരുന്നു. സ്വകാര്യതയില്‍ കടന്നുകയറുന്നതിനെതിരെ ജനകീയപ്രതിഷേധം ശക്തമായതോടെ എന്‍എസ്എയുടെ "വിവരശേഖരണ സമ്പ്രദായത്തില്‍" മാറ്റംവരുത്തുമെന്ന് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമ സൂചന നല്‍കി. എന്‍എസ്എയുടെ "വിവര ശേഖരണം" ഭരണഘടനാവിരുദ്ധമാണെന്ന് ഫെഡറല്‍ ജഡ്ജി വിലയിരുത്തിയതിനു പിന്നാലെയാണ് ഒബാമയുടെ പ്രഖ്യാപനം. എന്‍എസ്എയുടെ പദ്ധതികളില്‍ നിര്‍ണായകമായ 46 മാറ്റമാണ് ഒബാമയുടെ ഉപദേശകസമിതി മുന്നോട്ട് വച്ചിരിക്കുന്നത്. അമേരിക്കന്‍ കോടതികളിലും ജനപ്രതിനിധിസഭയിലും സിലിക്കന്‍വാലിയിലും മാത്രമല്ല ലോകരാഷ്ട്രങ്ങളിലും സ്നോഡെന്റെ വെളിപ്പെടുത്തല്‍ ചലനമുണ്ടാക്കി.

deshabhimani

No comments:

Post a Comment