Saturday, December 28, 2013

ആര്‍എസ്എസിന്റെത് ഫാസിസ്റ്റ് ശൈലി: പി ജയരാജന്‍

കണ്ണൂര്‍: ഭിന്നാഭിപ്രായം പ്രകടപ്പിക്കുന്നവരെ ഫാസിസ്റ്റ് ശൈലിയില്‍ നേരിടുന്ന ബിജെപി- ആര്‍എസ്എസ് നിലപാടിനെതിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആസൂത്രിതമായി അക്രമം നടത്തുകയും അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ പഴിചാരുകയും ചെയ്യുകയെന്നത് ആര്‍ എസ് എസ് ശൈലിയാണ്. കണ്ണൂര്‍ തളാപ്പിലെ അമ്പാടിമുക്കില്‍ ബി ജെ പി സ്ഥാപിച്ച സ്മാരക സ്തൂപം ആര്‍എസ്എസുകാര്‍ അടിച്ച് തകര്‍ത്ത് മറ്റുള്ളവരുടെ പേരില്‍ കേസെടുപ്പിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. 24ന് രാത്രിയാണ് അമ്പാടിമുക്കിലെ ബിജെപി സ്തൂപം തകര്‍ത്തത്.
 
ഇതേ തുടര്‍ന്ന് അടുത്ത കാലത്ത് രൂപപ്പെട്ട സമാന്തര സംഘടനയിലെ രണ്ടുപേര്‍ക്കെതിരെ ബി ജെപിക്കാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആര്‍ എസ് എസുകാര്‍ പലേടത്തും നടപ്പിലാക്കിയ സമാന്തര സംഘടനാ പ്രവര്‍ത്തകര്‍ ഇത്തരമൊരാക്രമണം മുന്‍കൂട്ടികണ്ട് ഒളിക്യാമറ സ്ഥാപിച്ചിരുന്നു. സമാന്തര സംഘടന പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ആര്‍എസ്എസുകാരാണ് അക്രമണം നടത്തിയതായി ക്യാമറയില്‍ ദൃശ്യമായത്.ആര്‍ എസ്എസ്-ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്ത് വന്ന സമാന്തര സംഘടനാ പ്രവര്‍്ത്തകരെ കേസില്‍ പെടുത്തുകയായിരുന്നു ഉദ്ദേശ്യം. ക്യാമറ ദൃശ്യങ്ങള്‍ കണ്ണൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണം.
 
ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അഴിമതിക്കും മൂല്യച്ച്യുതിക്കുമെതിരെ സംഘടനക്കകത്ത് പ്രതിഷേധമുയര്‍ത്തി ഫലമില്ലാതെ വന്നപ്പോള്‍ സമാന്തര സംഘടനാ നേതാക്കള്‍ പരസ്യമായി അത്തരം കാര്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന് മറുപടി പറയുന്നതിന് പകരം അക്രമത്തിലൂടെ അത്തരക്കാരെ നേരിടുന്ന ഫാസിസ്റ്റ് ശൈലിയാണ് ആര്‍ എസ് എസ് നേതൃത്വം കൈക്കൊള്ളുന്നത്. പാനൂരില്‍ സമാന്തര സംഘടനക്കാര്‍ നടത്തിയ യോഗം ആര്‍ എസ് എസിന്റെ ക്രിമിനലുകളാണ് അക്രമിച്ചത്. ആര്‍ എസ് എസിന്റെ ജില്ലാ നേതൃത്വം ആസൂത്രണം ചെയ്താണ് സമാന്തര സംഘടനാ നേതാക്കളെ വധിക്കാന്‍ ശ്രമിച്ചത്. അക്രമത്തിന്റെ പിന്നിലുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്ക് കേസ് എടുക്കണം. ഗൂഢാലോചന നടത്തിയത് ആരെന്ന് ഈ സംഘടന നേതാക്കള്‍ വ്യക്തമാക്കിയതും ജില്ലാ പൊലീസ് മേധാവിക്ക് എഴുതി നല്‍കിയതുമാണ്.
 
പാനൂരിലെ അക്രമത്തിന്റെ മറു പതിപ്പാണ് തളാപ്പിലുണ്ടായത്. 26ന് പട്ടുവം മുതുകുടയില്‍ പി രാജന്‍, കെ പി ശിവന്‍ എന്നീ സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത് ഈ ഫാസിസ്റ്റ് നടപടിയുടെ തുടര്‍ച്ചയാണ്. നടുവില്‍ ആര്‍എസ്എസ് നടത്തുന്ന ഐടിസി പരേഡില്‍ പങ്കെടുക്കാത്തതിനാണ് തുണ്ടത്തില്‍ മഹേഷ് എന്ന യുവാവിനെ അക്രമിക്കാന്‍ ശ്രമിച്ചതും തടയാന്‍ ചെന്ന തെക്കേമുറിയില്‍ ജോര്‍ജിനെയും മകള്‍ നീതു ജോര്‍ജിനെയും മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചതും ഇവരുടെ ശൈലിയുടെ ഭാഗമാണ്. ബി ജെപിയുടെ നാലു മുന്‍ ജില്ലാ പ്രസിഡന്റുമാരടക്കം നിലവിലുള്ള പ്രസിഡന്റിനെതിരായി ആരോപണം ഉന്നയിച്ചിട്ടും അത് സംബന്ധിച്ചുള്ള യാതൊരു കാര്യവും ജനങ്ങളോട് വിശദീകരിക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കണമെന്ന ബി ജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ സമാന്തര സംഘടനാ നേതാക്കള്‍ പ്രതികരിച്ചത് സ്വാഗതാര്‍ഹമാണ്.
 
മാത്രമല്ല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മലയോര മേഖലയില്‍ അധിവസിക്കുന്ന ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രക്ഷോഭ രംഗത്തുള്ള എല്‍ ഡി എഫുമായി സഹകരിക്കുന്നതാണെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ജയരാജന്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment