Saturday, December 21, 2013

കശുവണ്ടിവ്യവസായത്തെ ആര് രക്ഷിക്കും

കേരളത്തില്‍ കൈത്തറി കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികളുടെ ജീവിതമാര്‍ഗമാണ് കശുവണ്ടിവ്യവസായം. 98 ശതമാനം സ്ത്രീത്തൊഴിലാളികള്‍ പണിയെടുക്കുന്ന ഈ വ്യവസായത്തിന്റെ പോക്ക് വറുതിയില്‍നിന്ന് വറുതിയിലേക്കാണ്്. ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ ഈ വ്യവസായത്തില്‍ സ്വകാര്യ മുതലാളിമാരുടെ താല്‍പ്പര്യംമാത്രമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. തൊഴിലാളികളുടെ താല്‍പ്പര്യവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവും സര്‍ക്കാര്‍ മറക്കുന്നു.

ഒമ്പതു ജില്ലകളിലെ 850ല്‍ അധികം കശുവണ്ടിഫാക്ടറികളിലായി മൂന്നു ലക്ഷത്തിലധികം തൊഴിലാളികളുണ്ട്. ഈ വ്യവസായത്തിന്റെ കേന്ദ്രീകൃത സ്വഭാവംതന്നെ മാറ്റിമറിക്കപ്പെടുകയാണ്. "കുടിവറുപ്പ്" എന്ന നിയമലംഘനത്തിലൂടെ ഫാക്ടറി സ്വഭാവം ഇല്ലാതാക്കുകയാണ് ഉടമകള്‍. കുടിവറുപ്പില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം, പിഎഫ്, ഇഎസ്ഐ തുടങ്ങി ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുന്നു. ആയിരവും രണ്ടായിരവും തൊഴിലാളികള്‍ പണിയെടുക്കുന്ന ഫാക്ടറികള്‍ എന്ന സങ്കല്‍പ്പംതന്നെ മാറിക്കഴിഞ്ഞു. നൂറില്‍താഴെ തൊഴിലാളികള്‍മാത്രമുള്ള സ്ഥാപനങ്ങളും ആരംഭിക്കുന്നു. ഇവിടെ ജോലിചെയ്യുന്നവര്‍ക്ക് ഹാജരിന് ആനുപാതികമായി ക്ഷാമബത്ത നല്‍കുന്നില്ല. പിഎഫ്, ഇഎസ്ഐ, ക്ഷേമനിധി ആനുകൂല്യം നിഷേധിക്കുന്നു.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഇത്തരത്തില്‍ നൂറിലേറെ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, തൊഴില്‍വകുപ്പും സര്‍ക്കാരും ഒരു നടപടിയും സ്വീകരിച്ചില്ല. കശുമാവ് കൃഷിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നാമമാത്രമാക്കി. തൊഴിലാളികള്‍ക്ക് നിയമപരമായ അവകാശം ഉറപ്പാക്കുന്ന എന്‍ഫോഴ്സ്മെന്റ് നടപടി പേരിനുമാത്രമാണ്. വ്യവസായത്തിന്റെ സുസ്ഥിരതയ്ക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അണ്‍ രജിസ്റ്റേര്‍ഡ് കാഷ്യൂ ഫാക്ടറീസ് (പ്രിവന്‍ഷന്‍) ആക്ടിലും വെള്ളം ചേര്‍ത്തു. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപ്പെക്സിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായി.

കശുവണ്ടി വികസന കോര്‍പറേഷനു കീഴില്‍ 34 ഫാക്ടറിയുണ്ട്. ഈ സ്ഥാപനങ്ങളാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാതൃക. രണ്ടുസ്ഥാപനവും ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്നു. കാപ്പെക്സ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രവര്‍ത്തനം ഭാഗികവും. ഇത് മുതലെടുത്ത സ്വകാര്യ മുതലാളിമാര്‍ കുടിവറുപ്പു സമ്പ്രദായം പുനരാരംഭിച്ചു. തൊഴിലാളികളുടെ ഇപിഎഫ്, ഇഎസ്ഐ ക്ഷേമനിധി വിഹിതം അടയ്ക്കാതിരിക്കുന്നില്ല. വൃത്തിഹീനമായ ഫാക്ടറി അന്തരീക്ഷത്തില്‍ പണിയെടുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനിഷേധം വ്യാപകമായി. പല ഫാക്ടറികളിലും സ്വകാര്യതയില്ലാത്തതും ശുചിത്വമില്ലാത്തതുമായ പ്രാഥമിക സൗകര്യങ്ങളാണുള്ളത്. ഈ സാഹചര്യത്തിലും തൊഴില്‍വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. 2011ലാണ് കൂലി പുതുക്കി നിശ്ചയിച്ചത്. ഇന്ന് ജീവിതച്ചെലവ് ഇരട്ടിയോ അതിലധികമോ ആയി വര്‍ധിച്ചു. കൂലി പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഫാക്ടറി ഉടമകളുടെ സമ്മര്‍ദമാണ് കാരണം. തൊഴിലാളികളെ അടിമപ്പണിക്ക് എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment