Saturday, December 21, 2013

കസ്തൂരി രംഗന്‍: പുതിയ ഉത്തരവ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വഞ്ചന

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് അതിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന വഞ്ചനയാണ് പുതുക്കിയ ഉത്തരവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിസംബര്‍ 20ന് വനം-പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ പുതുതായി ഒന്നുമില്ല. 1972 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 5 അനുസരിച്ച് ഇറക്കിയ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പുതിയ ഓഫീസ് മെമ്മോറാണ്ടത്തിന് യാതൊരു പ്രസക്തിയുമില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായും ഉദ്യോഗസ്ഥ മേധാവിത്വ സ്വഭാവത്തിലും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ നിലനില്‍ക്കുകയാണ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത ജനരോഷമാണ് സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്നത്. തങ്ങളുടെ ജീവിതത്തിനും കൃഷിക്കും തടസ്സം നേരിടുന്ന ശുപാര്‍ശകള്‍ ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായിട്ടായിരുന്നു ജനങ്ങളുടെ പ്രക്ഷോഭം. മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരി രംഗന്‍ കമ്മിറ്റിയും രൂപീകരിക്കപ്പെട്ടത് ഉദ്യോഗസ്ഥമേധാവിത്വപരമായ നിലയിലായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഓഫീസ് മെമ്മോറാണ്ടം ഇറക്കിയതും ഇപ്പോള്‍ ചെറിയ ഭേദഗതികളോടെ പുതുക്കിയ ഓഫീസ് മെമ്മോറാണ്ടം ഇറക്കിയതും അതേ രീതിയില്‍ തന്നെയാണ്.

ജനാധിപത്യപരമായ നിലയില്‍, പരിസ്ഥിതി സംരക്ഷണം പോലുള്ള ഗൗരവമായ പ്രശ്നം കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകാത്തതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവിറക്കുന്നതിനുമുമ്പ് പശ്ചിമഘട്ട മേഖലയിലെ സംസ്ഥാന നിയമസഭകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. പരിസ്ഥിതി സംരക്ഷണം ഉദ്യോഗസ്ഥ മേധാവികള്‍ മാത്രം തീരുമാനിക്കേണ്ടതല്ല. ജനങ്ങളുടെ പങ്കാളിത്തം ഇത്തരം കാര്യത്തില്‍ ഉറപ്പ് വരുത്തേണ്ടിയിരുന്നു. അതുണ്ടായില്ല.

കേരളത്തിലെ സവിശേഷ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. ഫലത്തില്‍ കുത്തഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിരുത്തരവാദിത്തമായിരുന്നു അത്. ജനങ്ങളുടെ രൂക്ഷമായ പ്രക്ഷോഭം ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്. പുതുക്കിയ ഓഫീസ് മെമ്മോറാണ്ടം പ്രകാരം, പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊണ്ട് അന്തിമ വിജ്ഞാപനമിറക്കുന്നത് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും എന്ന കാര്യം ഇതില്‍ പറഞ്ഞിട്ടുണ്ട്. പ്രക്ഷോഭ രംഗത്തുള്ള ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള തന്ത്രം മാത്രമാണ് ഇത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായും അത് നടപ്പാക്കാന്‍ നടപടി കൈക്കൊള്ളുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതായത്, പ്രക്ഷോഭത്തില്‍ ഉന്നയിക്കപ്പെട്ട കൃഷിക്കാരുടെ പ്രശ്നങ്ങളും ജനങ്ങളുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകളും ദൈനംദിന ജീവിത വ്യാപാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രക്ഷോഭം തുടരേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. പശ്ചിമഘട്ട സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഗൗരവമായിത്തന്നെ പരിഗണിക്കേണ്ട വിഷയമാണ്. ജനങ്ങളുടെ ആവാസവ്യവസ്ഥയെയും കൃഷിയെയും ദൈനംദിന ജീവിതവ്യാപാരങ്ങളെയും ബാധിക്കാതെ, ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവണം. അതിനായുള്ള പോരാട്ടത്തില്‍ സിപിഐ എം മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും.

പശ്ചിമ ഘട്ട സംരക്ഷണം: ആശങ്കകള്‍ പങ്കുവച്ച് സംവാദം

കാസര്‍കോട്: പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തിയും ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചും സംവാദം. ജില്ലാ പരിസ്ഥിതി സമിതിയും പരിസ്ഥിതി സംഘടനകളുമാണ് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ "പശ്ചിമ ഘട്ട സംരക്ഷണം ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍" എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചത്.

തന്റെ റിപ്പോര്‍ട്ടിലുള്ളത് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് സംവാദം ഉദ്ഘാടനം ചെയ്ത് മാധവ് ഗാഡ്ഡില്‍ പറഞ്ഞു. ഹരീഷ് വാസുദേവ് വിഷയം അവതരിപ്പിച്ചു. മലയോര ജനതയെ വിശ്വാസത്തിലെടുത്തും അവരുടെ ആശങ്കകള്‍ അകറ്റിയും മാത്രമേ ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാവൂ എന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലന്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. റിപ്പോര്‍ട്ടുകളെ വൈകാരികമായി സമീപിക്കുന്നത് നല്ലതല്ല. പരിസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയ വികസനമാണ് നമുക്ക് വേണ്ടത്. ചര്‍ച്ചക്ക് വിധേയമാക്കാതെ റിപ്പോര്‍ട്ട് നടപ്പാക്കരുത്. അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുകയും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തിരുന്നുവെങ്കില്‍ പല ആശങ്കകളും ഒഴിവാക്കമായിരുന്നുവെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി അംഗീകരിക്കുന്നതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ ശ്രീകാന്ത് പറഞ്ഞു. ഫാദര്‍ ടോമി എടാട്ട്, തോമസ് ടി തയ്യില്‍ എന്നിവരും സംസാരിച്ചു. പ്രൊഫ. ടി സി മാധവപ്പണിക്കര്‍ മോഡറേറ്ററായി. പി മുരളീധരന്‍ സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment