Sunday, December 29, 2013

സമരങ്ങളുടെ അനിവാര്യത

ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്, കേരളത്തിലെ അധ്യാപകരും ഇതര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ക്കുവേണ്ടിയും സര്‍ക്കാര്‍ സര്‍വീസുകളിലെ താല്‍ക്കാലിക നിയമന ചൂഷണത്തിനെതിരെയുമെല്ലാമായി നടത്തിയ നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ പണിമുടക്കിന്റെ പ്രചാരണ പരിപാടികള്‍ക്കായി വളണ്ടിയര്‍മാര്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെത്തിയത്. സ്കൂട്ടറില്‍ വരുന്ന ഇരുപതുകളുടെ ആദ്യപാതിയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടി സമരവളണ്ടിയര്‍മാരോട് എല്ലാ സമരങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് കയര്‍ക്കുന്ന ഒരു "ബൈറ്റ്" (ദൃശ്യാംശം) നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരുന്നു. ജോലിസ്ഥിരതയോ വേതനസ്ഥിരതയോ അവകാശപ്പെടാനില്ലാത്ത ഇരുപത്തിനാലു മണിക്കൂറില്‍ ഇരുപതുമണിക്കൂറും അധ്വാനം ചൂഷണം ചെയ്യപ്പെടുന്ന ആ കുട്ടിയടക്കമുള്ള പുതുതലമുറയ്ക്കുവേണ്ടി കൂടിയാണ് ആ സമരമെന്ന സത്യം വിസ്മരിച്ചുകൊണ്ടുള്ള ആ പെരുമാറ്റം അനുദിനം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതുതലമുറയെ ആവേശം കൊള്ളിയ്ക്കുമെന്ന് മാധ്യമങ്ങള്‍ കരുതിയിരിക്കണം.

സമാനമായ മറ്റൊരു സംഭവം പശ്ചാത്തല സംവിധാനങ്ങളില്‍ വലിയ മാറ്റമൊന്നുമില്ലാതെ കഴിഞ്ഞ ദിവസം ആവര്‍ത്തിക്കപ്പെട്ടു. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍, ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ മാഫിയാ ഇടപാടുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് മാറിനിന്ന് അന്വേഷണം വേണമെന്ന ന്യായമായ ആവശ്യത്തെ തെല്ലും മാനിക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഒരാളെ ആ പദവിയില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു സമരമുന്നേറ്റത്തിലേക്ക് സ്കൂട്ടറോടിച്ച് ഒരു വീട്ടമ്മ കടന്നെത്തുന്നു. തനിയ്ക്കു നേരിട്ട ഒരു താല്‍ക്കാലിക അസൗകര്യത്തിന്റെ പേരില്‍ കേരളത്തിലെ സമുന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അവര്‍ കയര്‍ക്കുന്നതിന്റെ ബൈറ്റുകള്‍ പഴയ അതേ ആവേശത്തില്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നു. ആ കയര്‍ക്കലിന്റെ പേരില്‍ ജ്ഞാനപീഠസമ്മാനത്തിന്റെ ഇരട്ടി വരുന്ന തുക കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന വ്യവസായ പ്രമുഖന്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തതിനെ വാനോളം പുകഴ്ത്തിയുള്ള ചാനല്‍ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നിറയുന്നു. അതിന്റെയെല്ലാം പശ്ചാത്തലത്തില്‍ പുതിയൊരു സംവാദവിഷയം തന്നെ രൂപപ്പെടുത്തിയെടുക്കുന്നു. ""സമരങ്ങളെല്ലാം കെട്ടുകാഴ്ചകളായി പരാജയപ്പെടുകയാണോ"" - ചാനലുകളില്‍ തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. രാഷ്ട്രീയവല്‍ക്കരിക്കപ്പെടാത്ത പാവം മനസ്സുകള്‍ക്ക് ഇതിന്റെ രാഷ്ട്രീയം പെട്ടെന്നു പിടികിട്ടിക്കൊള്ളണമെന്നില്ല. ഇതിനെ നമുക്ക് അരാഷ്ട്രീയതയുടെ രാഷ്ട്രീയം എന്നു വിളിക്കാം.

ഇതു തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. എല്ലാ രാഷ്ട്രീയവും ഒരുപോലെ, രാഷ്ട്രീയക്കാരെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍ എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. ആ നാടകത്തിന്റെ ഏറ്റവും പുതിയ രംഗഭാഷയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സമരങ്ങളെല്ലാം പരാജയപ്പെടുകയാണെന്ന വാദം ആരംഭിച്ചത് മുഖ്യമന്ത്രിയും യുഡിഎഫും. ഇപ്പോള്‍ അതേറ്റെടുത്തിരിക്കുന്നത് വലതുപക്ഷ മാധ്യമങ്ങള്‍. ഇന്ത്യയില്‍ നടന്ന ഐതിഹാസിക സമരങ്ങളെ ഏതെങ്കിലുമൊന്നിനെ ഈ വലതുപക്ഷ മാധ്യമങ്ങള്‍ എന്നെങ്കിലും പിന്തുണച്ചിട്ടുണ്ടോ? ആ സമരങ്ങളിലെ ന്യായമായ ആവശ്യങ്ങളെ ജനസമക്ഷം എത്തിക്കാന്‍ എന്തെങ്കിലും ഈ മാധ്യമങ്ങള്‍ ചെയ്തിട്ടുണ്ടോ? സമരങ്ങളെല്ലാം പരാജയപ്പെടുന്നു എന്നു പ്രഖ്യാപിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി കേരളത്തില്‍ ഏതെങ്കിലുമൊരു സമരരംഗത്ത് തന്റെ വ്യക്തിത്വം വ്യക്തമാക്കിയിട്ടുണ്ടോ? തുടക്കത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് ഇടതുപക്ഷത്തോടൊപ്പം വാശിയോടെ പറഞ്ഞവര്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ സമരത്തെ വിമര്‍ശിക്കുന്നതെന്തുകൊണ്ടാണ്? ഇത്തരം ചോദ്യങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ ഉയരേണ്ടത്.

കേരളം ഇന്നു കാണുന്ന കേരളമായി മാറിയതെങ്ങനെയാണ്? സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍, അധഃകൃതന് സ്വന്തം വീട് ഓട് മേയാന്‍, മക്കള്‍ക്ക് നല്ല പേരിടാന്‍, അവരെ സ്കൂളില്‍ പഠിപ്പിക്കാന്‍, അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കാന്‍, റോഡില്‍കൂടി നടക്കാന്‍, ക്ഷേത്രങ്ങളില്‍ കയറി തൊഴാന്‍, പണിയെടുത്ത് ഫലഭൂയിഷ്ഠമാക്കിയ കുടികിടപ്പില്‍ പേടികൂടാതെ താമസിക്കാന്‍, തൊഴിലിടങ്ങളില്‍ നട്ടെല്ലു നിവര്‍ത്തിനിന്ന് അധ്വാനത്തിന് കൂലി വാങ്ങാന്‍, ആരോടും അന്തസ്സോടെ നിന്ന് തന്‍കാര്യം പറയാന്‍ ഇന്ന് കേരളീയന് കഴിയുന്നുണ്ടെങ്കില്‍ അതിനു കാരണം സമരതീക്ഷ്ണമായ അവന്റെ ഭൂതകാല ചരിത്രമാണ്. ആരും നിര്‍ബന്ധിക്കാതെ ഒരൊറ്റ രാത്രികൊണ്ട് കേരളം മുഴുവന്‍ തലസ്ഥാന നഗരിയില്‍ നിറഞ്ഞതും ഒരു താക്കീതു നല്‍കി തിരിച്ചുപോന്നതും ഉള്‍ക്കിടിലത്തോടെ ഓര്‍മിക്കുന്നതുകൊണ്ടാണ്

ഇപ്പോള്‍ ഒറ്റപ്പെട്ട വീട്ടമ്മമാരെയും കൂട്ടി സമരപരാജയ പ്രഖ്യാപനങ്ങള്‍ക്കിറങ്ങുന്നത്. ചരിത്രത്തെ തമസ്കരിക്കല്‍, പൊതുഇടങ്ങളെ ഇല്ലാതാക്കല്‍, അരാഷ്ട്രീയവല്‍ക്കരിക്കല്‍ എന്നീ ആസൂത്രിത അജന്‍ഡകളുടെ സ്വാഭാവിക പരിണാമമാണ് സമരമുറകളെ പരിഹസിക്കല്‍. പക്ഷേ, കേരളം കേരളമായി മാറിയതിന്റെ ചരിത്രം അറിയാവുന്നവര്‍ക്കറിയാം ഒരണ ബോട്ടുസമരവും വിമോചന സമരവുമല്ല പുതിയ കേരളം സാധ്യമാക്കിയത്, മറിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമരങ്ങളാണ് കേരളത്തെ കേരളമാക്കിയത് എന്ന്. തൊഴിലാളിവര്‍ഗം ഉള്ളിടത്തോളം കാലം ആ സമരങ്ങള്‍ അധികാരസ്ഥാനങ്ങള്‍ക്ക് അലോസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

കെ പി മോഹനന്‍ ( പത്രാധിപര്‍ ) deshabhimani weekly

2 comments:

  1. അതെയതെ ഉപരോധസമരങ്ങൾ പൊളിഞ്ഞാലെന്താ , ട്രാക്ട്രർ വിരുദ്ധസമരം മുതൽ കമ്പ്യൂട്ടർ വിരുദ്ധസമരം വരെ നടത്തി നാടിനെ സേവിച്ചില്ലേ? നാലാൾക്ക് ജോലി കൊടുക്കുന്ന എന്ത് സംരംഭം തുടങ്ങിയാലും കൊടികുത്തി സമരം ചെയ്ത് സകലതും പൂട്ടിച്ച്, മലയാളികളെ കൂട്ടപ്രവാസികളാക്കി ആ ഗൾഫ് പണം കൊണ്ട് ഇന്ന് കേരളത്തെ ഒന്നാം സ്ഥാനത്താക്കിയില്ലേ? ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും സഹോദരൻ അയ്യപ്പനുമെല്ലാം നടത്തിയ സാമൂഹ്യപരിഷ്ക്കരണ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ നവോത്ഥാനത്തെ പാർട്ടിക്കണക്കിൽ വരവ് വെച്ച് ഇപ്പോഴത്തെ വഴിപാട് സമരങ്ങളെ ന്യായീകരിക്കുകയും ചെയ്യാം.

    ReplyDelete
    Replies
    1. നാണവും മാനവും ഇല്ലാത്ത മുഖ്യനോട് ജനാധിപത്യ രീതിയില്‍ സമരത്തിന്‌ പോയ ഇടതു പക്ഷം തീര്‍ച്ചയായും പഴി കേള്‍ക്കെണ്ടിയിരിക്കുന്നു. പിന്നെ കണ്ണുമടച്ചു ന്യായീകരിക്കാന്‍ ഇജ്ജാതി ഐറ്റംസ് കൂടെ ഉണ്ടല്ലോ..

      Delete