Tuesday, December 24, 2013

സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണം

സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മേഖലയിലെ തൊഴിലിനു മാത്രമാണ് സംവരണ നിയമങ്ങള്‍ പാലിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ സ്വകാര്യ സംരംഭങ്ങളില്‍ സംവരണം നടപ്പാക്കുന്നില്ല. ഇതുമൂലം മഹാഭൂരിപക്ഷം അഭ്യസ്തവിദ്യരായ ആദിവാസി ദളിത് വിഭാഗങ്ങള്‍ തൊഴില്‍ രഹിതരായി തുടരുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി നടപ്പാക്കുന്ന നിയമന നിരോധനംമൂലം സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് തൊഴില്‍ കിട്ടാത്ത അവസ്ഥയാണ്. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാരുകള്‍ വിവിധ പദ്ധതി നടപ്പാക്കുന്നതെന്നാണ് പറയുന്നത്. സമൂഹത്തിന്റെ വലിയൊരു വിഭാഗം സര്‍ക്കാരിതര സ്ഥാപനങ്ങളെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവിടെ ആദിവാസികള്‍ക്ക് ഇപ്പോഴും കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കി സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് മൂന്നാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കാനനപ്രദേശത്ത് താമസിക്കുന്ന ആദിവാസികളെ കുടിയിറക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. വനം ആദിവാസികളുടേതാണ്. നൂറ്റാണ്ടുകളായി കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ പശ്ചിമഘട്ട മലനിരകളിലും അതിനോട് ചേര്‍ന്നും ഇപ്പോഴും താമസിക്കുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ പരമ്പരാഗതമായി ഇവിടെ താമസിക്കുന്ന ആദിവാസികളെ ആട്ടിപ്പായിക്കാനോ അവരുടെ ഉപജീവനം മുട്ടിക്കാനോ സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ എകെഎസ് മുന്നോട്ട് വരുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പി ആര്‍ തങ്കപ്പന്‍, പി വാസുദേവന്‍, ഇ എ ശങ്കരന്‍-(പ്രമേയം), എം കെ പ്രഭാകരന്‍, സീത ബാലന്‍-(മിനുട്സ്), വി കേശവന്‍, പി കെ സുരേഷ്ബാബു (ക്രഡന്‍ഷ്യല്‍) എന്നിവരാണ് സബ്കമ്മിറ്റി അംഗങ്ങള്‍. സമ്മേളനത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച കാഞ്ഞങ്ങാട്ട് നടക്കുന്ന പ്രകടനത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍നിന്നായി ഇരുപതിനായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും

കടലാടിപ്പാറയില്‍ ഖനനം അനുവദിക്കരുത്

കാഞ്ഞങ്ങാട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ സ്വകാര്യ കമ്പനിക്ക് ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ആദിവാസി കോളനിക്ക് സമീപത്തെ സ്ഥലത്താണ് ഖനന നീക്കം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിച്ച പദ്ധതിയാണ് വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. നൂറുകണക്കിന് ആദിവാസികളുടെ ജീവിതം അസാധ്യമാക്കുന്ന നീക്കം ചെറുക്കാന്‍ മുഴുവനാളുകളും മുന്നോട്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വനാവകാശ നിയമം പൂര്‍ണമായി നടപ്പാക്കണം: എകെഎസ്

കാഞ്ഞങ്ങാട്: വനാവകാശ നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ രീതിയില്‍ നടപ്പാക്കണമെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നിയമം നടപ്പാക്കിയപ്പോള്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്്. റവന്യു ഭൂമിയുടെ പദവി നല്‍കി ആദിവാസികള്‍ക്ക് വനഭൂമി നല്‍കണം. നിയമം കാലോചിതമാക്കണം. 2005 ഡിസംബര്‍ 13ന് ഭൂമിയില്‍ പ്രവേശിച്ചവര്‍ക്കാണ് വനഭൂമിയില്‍ അവകാശം ഉണ്ടാവുക. അതിനുശേഷം വനഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ആദിവാസികള്‍ക്ക് അവകാശം ഉണ്ടാകില്ലെന്ന് നിലപാട് അംഗീകരിക്കാനാവില്ല. 2013 ഡിസംബര്‍വരെ കൈവശ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ആദിവാസികള്‍ക്ക് വന ഭൂമിയില്‍ അവകാശം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക,ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കുക, ആദിവാസി മേഖലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നബാര്‍ഡ് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ നല്‍കുക, ഒരു ലക്ഷം രൂപവരെയുള്ള വായ്പാ കുടിശ്ശിക എഴുതിത്തള്ളുക, ആദിവാസി വകുപ്പിന് കൗളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥക്ക് പരിഹരിക്കുക, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

deshabhimani

No comments:

Post a Comment