Friday, December 27, 2013

സിഐടിയു സമരം ലക്ഷ്യം കണ്ടു; ഗോഡൗണില്‍ തൊഴിലാളികള്‍ ലോഡിറക്കി

മാള: കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ് ലംഘിച്ചതിനെതിരെ നടത്തിയ സമരം ലക്ഷ്യം കണ്ടു. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ വലിയപറമ്പില്‍ കഴിഞ്ഞ വര്‍ഷം പുതുതായരംഭിച്ച ഗോഡൗണിലെ കയറ്റിറക്ക് ജോലികള്‍ ഈ പ്രദേശത്തെ രജിസ്റ്റര്‍ ചെയ്ത അംഗീകൃത കയറ്റിറക്ക് തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണെന്ന ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ് നടപ്പാക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) നടത്തിയ സമരമാണ് വിജയിച്ചത്.

ഗോഡൗണില്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ അനധികൃതമായി നിയമിച്ച 11 പേരാണ് ജോലി ചെയ്തത്. ഇതിനെതിരെ യൂണിയന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ തെളിവെടുപ്പ് നടത്തിയാണ് സിഐടിയു യൂണിയന്റെ നിലപാട് ശരിവച്ചത്. മൂന്നുമാസമായി ഗോഡൗണില്‍ ചരക്ക് വന്നിരുന്നില്ല. ക്രിസ്മസ് തലേന്നാള്‍ രാവിലെ ഒരുലോഡ് പഞ്ചസാരയെത്തി. അതിക്കാന്‍ തൊഴിലാളികളെ അനുവദിക്കാതായതോടെ, വൈകിട്ട് അഞ്ചോടെ വാഹനം പഞ്ചസാര ഇറക്കാതെ തിരിച്ചുവിടാനുള്ള ശ്രമം തൊഴിലാളികളും നാട്ടുകാരും തടഞ്ഞു. രാത്രി ഏഴോടെ മാള പൊലീസ് എത്തി അംഗീകൃത തൊഴിലാളികള്‍ ചരക്ക് ഇറക്കാനും മറ്റുള്ളവര്‍ പുറത്ത് പോകാനും ആവശ്യപ്പെട്ടതോടെയാണ് സമരം വിജയിച്ചത്. യു കെ പ്രഭാകരന്‍, പി കെ വിജയന്‍, പി ഒ ഷാജി, ടി പി രവീന്ദ്രന്‍, ടി എം രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

deshabhimani

No comments:

Post a Comment