Sunday, December 22, 2013

അഭിലാഷ് മുരളീധരനെ അറിയാം; മകന് ജോലി കിട്ടിയത് യോഗ്യതയുള്ളതിനാല്‍

കോട്ടയം: ഗുജറാത്തിലെ വ്യവസായി അഭിലാഷ് മുരളീധരനെ തനിക്ക് 12 വര്‍ഷമായി അറിയാമെന്നും തന്റെ മകന് അഭിലാഷിന്റെ കമ്പനിയില്‍ ജോലികിട്ടിയത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഭിലാഷിന്റെ കമ്പനിയില്‍ പ്രൊഫഷണല്‍ ഡയറക്ടറാണ് മകന്‍. താന്‍ മന്ത്രിയായതുകൊണ്ടല്ല മകന് അവിടെ ജോലി കിട്ടിയതെന്നും ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

അഭിലാഷിനെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല. താന്‍ മന്ത്രിയാകുന്നതിന് മുന്‍പ് തന്നെ മകന് ജോലി കിട്ടിയിരുന്നു. അഭിലാഷിന്റെ കമ്പനിയില്‍ മാത്രമല്ല മറ്റ് പല കമ്പനികളിലും മകന്‍ കണ്‍സള്‍ട്ടന്റാണ്. അഭിലാഷിന്റെ സഹോദരന്റെ വിവാഹത്തിന് താന്‍ മാത്രമല്ല മറ്റ് പല രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിലാഷിന്റെ കമ്പനി ബ്ലാക്ക് ലിസ്റ്റില്‍ പെട്ട കമ്പനിയൊന്നുമല്ലെന്നും തനിക്കും മകനുമെതിരെ ആരോപണം ഉന്നയിക്കുന്നത് അസൂയ കൊണ്ടാണന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

പി സി ജോര്‍ജ് പറയുന്നതിനെല്ലാം മറുപടി പറയാനാകില്ലെന്നുംനാലെണ്ണം അടിച്ചാണ് ജോര്‍ജ് എന്തൊക്കെയോ വിളിച്ചു പറയുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യുഡിഎഫിലെ ചിലര്‍ മോഡിയുടെ പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള വിവാദം മാറ്റാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അഭിലാഷ് ധനികനായത് ഞൊടിയിടയില്‍

ന്യൂഡല്‍ഹി: കരുനാഗപ്പള്ളിക്കടുത്ത് തഴവയില്‍ വിമുക്ത ഭടന്റെ മകനായ അഭിലാഷ് മുരളീധരന്‍ കോടിപതിയായത് ചുരുങ്ങിയ വര്‍ഷങ്ങളില്‍. പത്താംക്ലാസ് പഠനശേഷം 2002ല്‍ ജോലി തേടി ഗുജറാത്തിലേക്ക് വണ്ടി കയറിയ അഭിലാഷ് 2008 വരെ ഒരു സാധാരണ ഉത്തരേന്ത്യന്‍ പ്രവാസി മാത്രമായിരുന്നു. ഗുജറാത്തില്‍ ഒരു ഉന്നതന്റെ സഹായിയായി പ്രവര്‍ത്തിച്ചുതുടങ്ങിയത് മുതലാണ് അഭിലാഷിന്റെ ജീവിതത്തിലെ നാടകീയ മാറ്റങ്ങള്‍. വാപിയില്‍ യുണീക് അക്വാ മാനേജ്മെന്റ് എന്ന കുപ്പിവെള്ള കമ്പനിയുടെ ഡയറക്ടറായാണ് ബിസിനസ് രംഗത്തേക്ക് കാല്‍വയ്പ്. 2008 ഏപ്രില്‍ ഒന്നിനാണ് അഭിലാഷ് ഈ കമ്പനിയുടെ ഡയറക്ടര്‍സ്ഥാനം ഏല്‍ക്കുന്നത്. ഗുജറാത്തുകാരായ ദര്‍മിന്‍ രഘുഭായ് പട്ടേല്‍, നേഹ ദര്‍മിന്‍ പട്ടേല്‍ എന്നിവരായിരുന്നു സ്ഥാപക ഡയറക്ടര്‍മാര്‍. 2000 മുതല്‍ പ്രവര്‍ത്തിച്ചുവന്ന ഈ കമ്പനി അഭിലാഷ് എത്തി ചുരുങ്ങിയ നാളുകള്‍ക്കകം പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് പാം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരില്‍ സ്വന്തം ബിസിനസ് സാമ്രാജ്യം അഭിലാഷ് പടുത്തുയര്‍ത്തി. പാം ഇന്‍ഡസ്ട്രീസ്, പാം ലീഷ്വര്‍, പാം പവര്‍, പാം എക്സിം, പാം ഇന്‍ഫ്രാടെക്, പാം അഗ്രിടെക്, ടെക്നോമീറ്റ് എന്നിവയാണ് രജിസ്റ്റേര്‍ഡ് കമ്പനികള്‍. സീഫുഡ് എക്സ്പോര്‍ട്ട്, റിയല്‍എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി, മൈനിങ്-ക്വാറിയിങ്, തോട്ടംവിളകള്‍, പാരമ്പര്യേതര ഊര്‍ജം തുടങ്ങി മറ്റ് മേഖലകളിലേക്കും പാംഗ്രൂപ്പ് വ്യാപരിച്ചിട്ടുണ്ടെങ്കിലും രജിസ്ട്രേഷനായിട്ടില്ല. പാം കണ്‍സള്‍ട്ടന്‍സിയിലാണ് അഭിലാഷിനൊപ്പം തോമസ് കുരുവിള ഡയറക്ടര്‍സ്ഥാനത്തുള്ളത്.

അഭിലാഷ് അത്യാധുനിക ആഡംബരക്കാറുകളിലാണ് നാട്ടിലെത്തിയിരുന്നത്. ക്ഷേത്രത്തിന് സ്റ്റേജും നടപ്പന്തലും കെട്ടിക്കൊടുത്തു. തെങ്ങമത്ത് ക്വാറിയും റബര്‍ തോട്ടവും വാങ്ങി. തമിഴ്നാട്ടിലും ഭൂമി വാങ്ങിക്കൂട്ടി. മൂത്ത സഹോദരന്‍ കണ്ണനാണ് നാട്ടിലെയും തമിഴ്നാട്ടിലെയും വസ്തുവകകളുടെ ചുമതലക്കാരന്‍. ഇളയ സഹോദരന്‍ പ്രതീഷ് ഓഹരിപങ്കാളിയും ഡയറക്ടറുമാണ്. ദ്വാരക എന്ന പേരില്‍ ആഡംബരവീടും അഭിലാഷ് നിര്‍മിച്ചു. ഗുജറാത്തില്‍നിന്ന് അരഡസന്‍ മന്ത്രിമാരെങ്കിലും ഇവിടെ അതിഥികളായി വന്നിട്ടുണ്ട്. ഗുജറാത്തില്‍വച്ച് സ്വന്തം വിവാഹം ആഡംബരപൂര്‍ണമായി നടത്തിയതിനു പുറമെ നാട്ടില്‍വച്ച് അനുജന്റെ വിവാഹവും ആഘോഷിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടൂര്‍ പ്രകാശും കേന്ദ്രമന്ത്രി കെ വി തോമസും ഈ വിവാഹത്തില്‍ പങ്കെടുത്തു.

തിരുവഞ്ചൂരിനെ കണ്ടത് ഹോട്ടല്‍മുറിയിലെന്ന് ഗുജറാത്ത് സംഘാംഗം

ന്യൂഡല്‍ഹി: മസ്കറ്റ് ഹോട്ടലിലെ ലോബിയില്‍വച്ചാണ് ഗുജറാത്ത് മന്ത്രിസംഘത്തെ കണ്ടതെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം പൊളിയുന്നു. ഹോട്ടലിലെ മുറിയില്‍വച്ചാണ് തിരുവഞ്ചൂരിനെ കണ്ടതെന്ന് ഗുജറാത്ത് മന്ത്രിതലസംഘത്തോടൊപ്പമുണ്ടായിരുന്ന സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി മനോജ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം വിശദീകരിക്കുന്നതിന് മസ്കറ്റ് ഹോട്ടലില്‍ ഗുജറാത്ത് മന്ത്രിസംഘത്തിന്റെ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നു. കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഹോട്ടലില്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോയി. ലോബിയില്‍വച്ചല്ല മുറിയില്‍വച്ചാണ് മന്ത്രിയെ കണ്ടത്. അഭിലാഷ് മുരളീധരനും ഈ ഘട്ടത്തിലുണ്ടായിരുന്നു. മന്ത്രിസംഘത്തോടൊപ്പമല്ല അഭിലാഷ് എത്തിയത്- മനോജ് പറഞ്ഞു. ഗുജറാത്ത് മന്ത്രിസംഘവും അഭിലാഷ് മുരളീധരനും എത്തിയ ദിവസം ഫയല്‍ നോക്കാനാണ് താന്‍ മസ്കറ്റ് ഹോട്ടലില്‍ പോയതെന്നാണ് തിരുവഞ്ചൂര്‍ അവകാശപ്പെടുന്നത്.

deshabhimnai

No comments:

Post a Comment