Monday, December 23, 2013

അറിവിന്റെ "മാധ്യമ"മായി വിക്കി സംഗമോത്സവം

ആലപ്പുഴ: വിക്കി സംഗമോത്സവത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ വാര്‍ഷികോത്സവം ചേര്‍ന്നു. രാധ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം പ്രമുഖ മാധ്യമചിന്തകന്‍ ശശികുമാര്‍ ഉദ്ഘാടനംചെയ്തു. എം ഗോപകുമാര്‍ അധ്യക്ഷനായി. ഡോ. ടി എം തോമസ് ഐസക് എംഎല്‍എ മുഖ്യാതിഥിയായി. വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റര്‍ പ്രസിഡന്റ് മോക്ഷ് ജുനേജ, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി ഡയറക്ടര്‍ വിഷ്ണുവര്‍ധന്‍, എ ആര്‍ മുഹമ്മദ് അസ്ലാം, പി വി വിനോദ് എന്നിവര്‍ സംസാരിച്ചു. അഡ്വ. ടി കെ സുജിത്ത് സ്വാഗതംപറഞ്ഞു.

നതാ ഹുസൈന്‍, കണ്ണന്‍ ഷണ്‍മുഖം, കെ മനോജ്, വിശ്വപ്രഭ, ഡോ. ഫുആദ് ജലീല്‍ എന്നിവര്‍ വിക്കിപീഡിയ തല്‍സ്ഥിതി അവലോകനം നടത്തി. പൊതു അവതരണങ്ങള്‍ക്കും സമാന്തര അവതരങ്ങള്‍ക്കും സരള രാംകമല്‍, കെ മനോജ് പുതിയവിള, അരുണ്‍ രവി എന്നിവര്‍ നേതൃത്വം നല്‍കി. സമാപനസമ്മേളനത്തില്‍ ഡോ. ടി ടി ശ്രീകുമാര്‍, കണ്ണന്‍ ഷണ്‍മുഖം എന്നിവര്‍ സംസാരിച്ചു. എന്‍ സാനു നന്ദി പറഞ്ഞു. വൈകിട്ട് ആലപ്പുഴ ലൈറ്റ് ഹൗസിനുമുന്നില്‍ നഗര ഡിജിറ്റൈസേഷന്റെ ഭാഗമായുള്ള ആലപ്പുഴ പീഡിയ പരിപാടി ഡോ. ടി എം തോമസ് ഐസക് എംഎല്‍എ. ഉദ്ഘാടനം ചെയ്തു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആലപ്പുഴ നഗരത്തിലെ ചരിത്രപരവും വാണിജ്യ-വിനോദ പ്രാധാന്യമുള്ളതുമായ മുഴുവന്‍ സ്ഥലങ്ങളുടെയും ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ച് അവയെപറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാനാ മാസിഡോ, നഗരസഭാ വൈസ് ചെയര്‍മാന്‍ ബി അന്‍സാരി, കൗണ്‍സിലര്‍ ഹസീന അമാന്‍ എന്നിവര്‍ സംസാരിച്ചു. തണ്ണീര്‍തടപഠനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള വിക്കി ജലയാത്രയോടെ തിങ്കളാഴ്ച സംഗമോത്സവം സമാപിക്കും.

അറിവ് പങ്കിടാത്ത മാധ്യമങ്ങള്‍ ഫാസിസത്തെ സൃഷ്ടിക്കും: ശശികുമാര്‍

ആലപ്പുഴ: ജനങ്ങളുടെ അഭിലാഷങ്ങളെ രൂപപ്പെടുത്തുന്നതില്‍നിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പിന്മാറുന്നത് ഫാസിസത്തെ സൃഷ്ടിക്കുമെന്ന് പ്രമുഖ മാധ്യമ ചിന്തകന്‍ ശശികുമാര്‍ പറഞ്ഞു. അറിവ് പങ്കുവയ്ക്കുക എന്ന പ്രാഥമിക കടമയില്‍നിന്ന് ഇത്തരം മാധ്യമങ്ങള്‍ പിന്‍വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്കി സംഗമോത്സവത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അച്ചടി-ദൃശ്യ മാധ്യമങ്ങളൊന്നും മൂല്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നില്ല. എല്ലാ ബ്രേക്കിങ് ന്യൂസും ചാനല്‍ ചര്‍ച്ചകളും ഉള്ളടക്കത്തില്‍ ഒന്നാണ്. കോര്‍പറേറ്റുകളുടെ ഉപഭോക്തൃ ദാതാക്കളായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിയ സാഹചര്യത്തില്‍ അറിവ് സമൂഹ നിര്‍മിതിക്കുള്ള ബദല്‍ മാതൃകയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അറിവുനിര്‍മാണവും കൈമാറ്റവും മാധ്യമങ്ങള്‍ കേന്ദ്രീകൃതമാക്കുകയാണെന്ന് മുഖ്യാതിഥിയായ ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ എം ഗോപകുമാര്‍ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment