Sunday, December 22, 2013

യാഥാര്‍ഥ്യങ്ങള്‍ മറച്ച് മാധ്യമങ്ങളുടെ ദാസ്യവേല

പുറത്തായത് കള്ളക്കളി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അടിസ്ഥാന ജനവിരുദ്ധ തീരുമാനങ്ങള്‍ തടയാന്‍ നിര്‍ദേശമില്ലെന്നിരിക്കെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് വ്യക്തം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇറക്കിയ ഈ അറിയിപ്പില്‍ നിലവിലുള്ള റിപ്പോര്‍ട്ട് തന്നെയാണ് നടപ്പാക്കുകയെന്ന് വ്യക്തമാക്കിയതോടെ പുറത്തായത് സര്‍ക്കാരിന്റെ കള്ളക്കളി.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കേന്ദ്രം പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന മേഖലയിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലായി. കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ ഏത് പ്രവര്‍ത്തനവും നടത്താന്‍ തടസ്സമില്ല എന്ന് പറയുമ്പോഴും ഭൂവിനിയോഗം സംബന്ധിച്ച നിര്‍ദേശത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പശ്ചിമഘട്ടത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പഴയ നിലപാട് ഊട്ടിയുറപ്പിക്കുന്നു പുതിയ ഓഫീസ് മെമ്മോറാണ്ടം. 1972ലെ പരിസ്ഥിതിസംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 5 അനുസരിച്ച് ഇറക്കിയ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പുതിയ മെമ്മോറാണ്ടത്തിന് പ്രസക്തിയുമില്ല. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ നടപടികളും നിലനില്‍ക്കുകയുമാണ്. പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ച് അന്തിമ വിജ്ഞാപനമിറക്കുന്നത് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേട്ടശേഷമാകുമെന്നാണ് പുതിയ ഓഫീസ് മെമ്മോറാണ്ടം വ്യക്തമാക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായും അത് നടപ്പാക്കാന്‍ സമയബന്ധിതമായി നടപടി കൈക്കൊള്ളുമെന്നും ഇതേ മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തുന്നു.

മെമ്മോറാണ്ടത്തിലെ പരിഗണനാവിഷയങ്ങള്‍ കര്‍ഷകരുടെ ഭൂവിനിയോഗവും പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തിനിര്‍ണയവുമാണ്. പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച 37 ശതമാനം പ്രദേശത്ത് അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍പോലും നടക്കില്ല. സ്കൂള്‍, ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയ്ക്ക് ഈ മേഖലയുടെ 10 കിലോമീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കാനാകില്ല. റോഡ്, റെയില്‍വേ ലൈന്‍ നിര്‍മാണത്തിന് തടസ്സം നേരിടും. ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് വീട് നിര്‍മാണമൊഴികെ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും പാടില്ല. ചുരുക്കത്തില്‍ തൊഴുത്ത് നിര്‍മാണംപോലും സാധ്യമാകില്ല.

റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടമേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സമിതി റിപ്പോര്‍ട്ടിനെ പുതിയ മെമ്മോറാണ്ടവും ശരിവെക്കുന്നു. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. മാംസ-പാല്‍ സംസ്കരണം, സസ്യഎണ്ണ ഉല്‍പ്പാദനം തുടങ്ങിയ വ്യവസായങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് ചുവപ്പ് പട്ടികയിലാണ്.

യാഥാര്‍ഥ്യങ്ങള്‍ മറച്ച് മാധ്യമങ്ങളുടെ ദാസ്യവേല

വനം-പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ മറവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒത്താശ ചെയ്ത് മാധ്യമങ്ങളുടെ ദാസ്യവേല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചെന്നാണ് ഭരണകക്ഷിയുടെ മുഖപത്രത്തിന്റെ ശനിയാഴ്ചത്തെ തലക്കെട്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേന്ദ്രം തിരുത്തിയെന്നും ഇനി പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നിശ്ചയിക്കാമെന്നും പുതുക്കിയ ഉത്തരവ് ഉടനെന്നും പത്രമുത്തശ്ശി. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാമെന്ന് മാത്രമായിരുന്നു ദേശീയ ദിനപത്രത്തിലെ വാര്‍ത്ത.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ മൂന്നാമത് ഓഫീസ് മെമ്മോറാണ്ടം (ഒഎം) മുന്‍നിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഈ മാധ്യമങ്ങള്‍ വ്യഗ്രത കാട്ടിയത്. മലയോര കര്‍ഷകരുടെ തിളച്ചുമറിയുന്ന പ്രക്ഷോഭം ഇതോടെ അവസാനിക്കണമെന്ന മുന്‍വിധിയോടെ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ ഈ മാധ്യമങ്ങള്‍ നിരത്തി. മുഖ്യധാരാപത്രങ്ങളെല്ലാംതന്നെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇനി ഒരുതരത്തിലും മലയോര കര്‍ഷകരെ ദോഷകരമായി ബാധിക്കില്ലെന്ന മട്ടിലുള്ള അവാസ്തവമായ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്.

എന്നാല്‍, പശ്ചിമഘട്ടമേഖലയിലെ 37 ശതമാനം പ്രദേശങ്ങളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന്റെ മുന്നോടിയായാണ് ഓഫീസ് മെമ്മോറാണ്ടമെന്ന് ഒഎമ്മില്‍ വ്യക്തമായി പറയുന്നു. ഒക്ടോബര്‍ 19 നും നവംബര്‍ 16 നും പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ തുടര്‍ച്ചയായുള്ള ഈ ഒഎം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് വ്യക്തം. "മാറ്റങ്ങളോടെയാണെങ്കിലും റിപ്പോര്‍ട്ട് നടപ്പാക്കുകയാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും" ഒഎം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. പുതുക്കിയ ഒഎം അനുസരിച്ച് പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ച് അന്തിമറിപ്പോര്‍ട്ട് ഇറക്കുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായംകൂടി കേള്‍ക്കുമെന്ന് പറയുന്നുണ്ട്. ഇതാണ് "മാറ്റത്തിന് വഴങ്ങി കേന്ദ്രമെന്നും""കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേന്ദ്രം തിരുത്തി"യെന്നും "സംസ്ഥാനങ്ങള്‍ക്ക് മാറ്റങ്ങള്‍ നിര്‍ദേശിക്കാ"മെന്നുമുള്ള തലക്കെട്ടില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുമെന്ന സ്വരം ഒഎമ്മില്‍ ഇല്ല. നിര്‍ദേശങ്ങള്‍ പരിഗണിച്ച് മെച്ചപ്പെടുത്തുമെന്ന (ഫൈന്‍ട്യൂണ്‍) പരാമര്‍ശം മാത്രമാണ് പരിസ്ഥിതിമന്ത്രാലയത്തിന്റേത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മലയോരമേഖലയിലെ ജനങ്ങളുടെ സര്‍ക്കാര്‍വിരുദ്ധ രോഷം ശമിപ്പിക്കാനുള്ള തന്ത്രം മാത്രമാണിത്. കസതൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ഒഎം പുറത്തിറക്കി മണിക്കൂറിനുള്ളില്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കാനാണ് ജയന്തിയുടെ രാജി. കേരളത്തിലെ പോലെ തമിഴ്നാട്ടിലെയും മലയോരജനങ്ങളുടെ രോഷം ശമിപ്പിക്കാന്‍ നടപടിയെടുത്തെന്ന പ്രതിഛായ സൃഷ്ടിക്കാനാണ് ജയന്തി നടരാജന്റെ ശ്രമം. പരിസ്ഥിതിലോല പ്രദേശത്തെ കൃഷിയെയും ഭൂവുടമാ അവകാശത്തെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ബാധിക്കില്ലെന്നാണ് മറ്റൊരു പരാമര്‍ശം. എന്നാല്‍, ഈ പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനം അനുവദിക്കുമെന്നതിന് ഒരു സൂചനയും ഒഎം നല്‍കുന്നില്ല. പരിസ്ഥിതിലോല പ്രദേശത്തുമാത്രമല്ല, 10 കിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. ഇതോടെ മലയോരപ്രദേശത്തെ നഗരങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അസാധ്യമാകും. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് യുഡിഎഫിനെയും ഉമ്മന്‍ചാണ്ടിയെയും രക്ഷിക്കാനുള്ള മാധ്യമസേവയാണ് ശനിയാഴ്ചത്തെ പത്രങ്ങളില്‍ കണ്ടത്.

deshabhimani

No comments:

Post a Comment