Monday, December 23, 2013

വിഴിഞ്ഞത്തെ മുന്‍നിര്‍ത്തി തരൂരിന്റെ പ്രഖ്യാപനനാടകം

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പേരില്‍ ശശി തരൂരിന്റെ പ്രഖ്യാപനനാടകം. ഞായറാഴ്ച തലസ്ഥാനത്തെത്തിയ കേന്ദ്ര ഷിപ്പിങ്, ഐടി സഹമന്ത്രി മിലിന്ദ് ദിയോറയെ മുന്‍നിര്‍ത്തിയായിരുന്നു തരൂരിന്റെ നാടകം. കോവളത്തെ ലൈറ്റ് ഹൗസിന്റെ സൗന്ദര്യവല്‍ക്കരണപദ്ധതികളുടെ പ്രഖ്യാപനം നടത്താനാണ് ദിയോറ ഔദ്യോഗികമായി തലസ്ഥാനത്തെത്തിയത്. ലൈറ്റ് ഹൗസിന്റെ ലോഗോ പ്രകാശനത്തിനുശേഷം വാര്‍ത്താസമ്മേളനവും സംഘടിപ്പിച്ചിരുന്നു.

എന്നാല്‍, ഞായറാഴ്ച രാവിലെ വിമാനത്താവളത്തില്‍ കുടുംബസമേതമെത്തിയ ദിയോറയെയും സംഘത്തെയും ശശി തരൂര്‍ വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്തേക്ക് കൊണ്ടുപോയി. ഏതാനും ദൃശ്യമാധ്യമങ്ങളെയും അവിടേക്ക് ക്ഷണിച്ചു. കൂടുതല്‍ വിദേശകപ്പലുകളെ ആകര്‍ഷിക്കുന്നതിനായി വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ദിയോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം തരൂര്‍ തന്നോട് ഉന്നയിച്ച പശ്ചാത്തലത്തിലാണ് തന്റെ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രസഹായം നല്‍കുമോ എന്ന ചോദ്യത്തിന് പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാനമാണെന്നും സാമ്പത്തികസഹായം നല്‍കേണ്ടത് കേന്ദ്രമല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഭരണകാലാവധി കഴിയാന്‍ മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയാണ് കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ വിവിധ അംഗീകാരങ്ങള്‍ നേടിമാത്രമേ കബോട്ടാഷ് നിയമത്തില്‍ ഇളവ് നേടാനാകൂ. ഇന്ത്യയില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുമാത്രമാണ് നിലവില്‍ കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വിഴിഞ്ഞം തുറമുഖം പ്രായോഗികമാക്കാനുള്ള പദ്ധതികളെക്കുറിച്ച് ഒന്നും പറയാതെ പദ്ധതി വന്നതിനുശേഷം നടക്കേണ്ട കബോട്ടാഷ് നിയമത്തിലെ ഇളവുസംബന്ധിച്ചാണ് തരൂരും ദിയോറയും വാചാലരായത്. കബോട്ടാഷ് നിയമപ്രകാരം വിദേശകപ്പലുകളില്‍ തുറമുഖത്തെത്തുന്ന ചരക്കുകള്‍ ഇന്ത്യന്‍ കപ്പലുകളില്‍മാത്രമേ മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനാകൂ. സുരക്ഷാകാര്യങ്ങള്‍കൂടി പരിഗണിച്ചാണ് കബോട്ടാഷ് നിയമം ഏര്‍പ്പെടുത്തിയത്. നിയമത്തില്‍ ഇളവുവരുത്തുമ്പോള്‍ കൂടുതല്‍ വിദേശകപ്പലുകളെ ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതിപ്രദേശത്തെ സന്ദര്‍ശനത്തിനുശേഷം ലൈറ്റ് ഹൗസിലെത്തിയ ദിയോറയും തരൂരും വാര്‍ത്താസമ്മേളനം നടത്തി വീണ്ടും പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചു. വിഴിഞ്ഞത്തോ പൂവാറോ ഒരു കപ്പല്‍ശാലകൂടി വേണമെന്ന ആവശ്യവും തരൂര്‍ ഉന്നയിച്ചു. ഇക്കാര്യവും പരിഗണിക്കുമെന്ന്്്്്്്് ഉടന്‍ മറുപടി വന്നു. കോവളത്തെ ലൈറ്റ് ഹൗസിന്റെ സൗന്ദര്യവല്‍ക്കരണത്തിനായി രണ്ടുകോടി രൂപ അനുവദിക്കുമെന്നും മിലിന്ദ് ദിയോറ പറഞ്ഞു. ദിയോറയുടെ ഭാര്യ പൂജ ഷെട്ടിയും ലൈറ്റ് ഹൗസ് സന്ദര്‍ശിക്കാനെത്തിയിരുന്നു.

deshabhimani

No comments:

Post a Comment