Sunday, December 29, 2013

പഴയ റെയില്‍വേസ്റ്റേഷന്‍ പുനരുദ്ധാരണം തടയാന്‍ ശ്രമം

എറണാകുളം പഴയ റെയില്‍വേസ്റ്റേഷന്‍ പുനരുദ്ധരിക്കുന്നത് തടയാന്‍ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് പി രാജീവ് എംപി വെളിപ്പെടുത്തി. മൂന്നുവര്‍ഷമായി കൊച്ചിയിലെ പൗരസമൂഹം പഴയ സ്റ്റേഷന്‍ റെയില്‍വേ സബര്‍ബന്‍ ഹബ്ബായി മാറ്റണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുമ്പോള്‍ പാസഞ്ചര്‍ സ്റ്റേഷനായി മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന കേന്ദ്രമന്ത്രി കെ വി തോമസിന്റെ പുതിയ വാദം സംശയകരമാണെന്നും രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ മറവില്‍ ഇവിടം കേന്ദ്രമാക്കി സ്വകാര്യപങ്കാളിത്തത്തോടെയുള്ള പദ്ധതി ആവിഷ്കരിക്കാനുള്ള നീക്കത്തെ ബഹുജനപ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെമു-പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന സബര്‍ബന്‍ ഹബ്ബാക്കി ഈ സ്റ്റേഷനെ മാറ്റണമെന്നാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനും താന്‍ ജനറല്‍ കണ്‍വീനറുമായ കൊച്ചി നഗരവികസന സമിതി കാലങ്ങളായി ആവശ്യപ്പെടുന്നത്. ഗാന്ധിജി വന്നിറങ്ങിയ സ്റ്റേഷന്‍ എന്ന നിലയില്‍ പൈതൃകപദവിയും നല്‍കണം. ഒപ്പം ഐലന്‍ഡിലേക്കുള്ള റെയില്‍വേലൈന്‍ വൈദ്യുതീകരിച്ച് ആ ഭാഗത്തേക്കുകൂടി ട്രെയിന്‍സര്‍വീസും ആരംഭിക്കണം. 2011 നവംബര്‍ 17ന് എറണാകുളം ഗസ്റ്റ്ഹൗസില്‍ ജില്ലയിലെ ഗതാഗതപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താന്‍ വിളിച്ച വിവിധ സംഘടനകളുടെ യോഗത്തിലാണ് സബര്‍ബന്‍ ഹബ് എന്ന നിര്‍ദേശം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടത്. അന്നത്തെ റെയില്‍വേമന്ത്രി ദിനേശ് ത്രിവേദി, റെയില്‍വേ ബോര്‍ഡ്, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചു. പൈതൃക സ്റ്റേഷനായി വികസിപ്പിക്കണമെന്ന് രാജ്യസഭയിലും ആവശ്യപ്പെട്ടു. എന്നാല്‍, ഇവിടം മെഡിക്കല്‍ കോളേജ്പോലുള്ള സ്വകാര്യപങ്കാളിത്ത സംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശമാണ് അന്ന് കേരളത്തില്‍നിന്നുള്ള ചില കേന്ദ്രമന്ത്രിമാര്‍ മുന്നോട്ടുവച്ചത്. ഇതു നടക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയപ്പോഴാണ് ഇപ്പോള്‍ സ്വകാര്യപങ്കാളിത്തത്തോടെയുള്ള റെയില്‍വേസ്റ്റഷനും വാണിജ്യ സ്ഥാപനങ്ങളുമെന്ന പുതിയ നിര്‍ദേശം. ആരുടെയോ നിര്‍ദേശപ്രകാരം തിരുവനന്തപുരം റെയില്‍വേ ഡിവിഷനാണ് ഈ പദ്ധതി തയ്യാറാക്കുന്നതെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, രാജ്യസഭയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് ഇത്തരമൊരു പദ്ധതി ഇല്ലെന്നായിരുന്നു മറുപടി. പദ്ധതി സ്വമേധയാ തയ്യാറാക്കാന്‍ റെയില്‍വേ ഡിവിഷന് അധികാരവുമില്ല. എന്നിരിക്കെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി ജനകീയ ആവശ്യത്തെ ഇല്ലാതാക്കുന്ന സമീപനമാണ് ചിലരില്‍നിന്നും ഇപ്പോഴുണ്ടാകുന്നത്.

കൊച്ചിയുടെ പൈതൃകമുറങ്ങുന്ന റെയില്‍വേഭൂമി സ്വകാര്യ ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പൊതുവെ ഇതുമായി ബന്ധപ്പെട്ട സംഘടനകളും വ്യക്തികളും സ്വീകരിച്ചത്. ഈ സന്ദര്‍ഭത്തിലാണ് റെയില്‍വേ ജനറല്‍ മാനേജര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പദ്ധതികള്‍ പ്രായോഗികമല്ലെന്ന നിലപാട് സ്വീകരിച്ചത്. ഒരു പാസഞ്ചര്‍ മാത്രം ഓടിക്കുന്ന സ്റ്റേഷനാക്കി മാറ്റണമെന്ന അഭിപ്രായവും ദുരൂഹമാണ്. ജനകീയ ആവശ്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കൊച്ചി നഗരവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിന് പഴയ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ജനകീയകുട്ടായ്മ സംഘടിപ്പിക്കുമെന്നും രാജീവ് പറഞ്ഞു. ആവശ്യമെങ്കില്‍ തുടര്‍പ്രക്ഷോഭവും നടത്തും. എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ മാതൃകയില്‍ ട്രയാങ്കിള്‍ റെയില്‍വേസ്റ്റേഷനാക്കി വികസിപ്പിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. ഇത് എന്‍ജിന്‍ മാറ്റാതെ സര്‍വീസ് നടത്താന്‍ സ്റ്റേഷനെ പര്യാപ്തമാക്കും.

deshabhimani

No comments:

Post a Comment