Saturday, December 28, 2013

മുതലക്കണ്ണീര്‍

ഗുജറാത്തില്‍ രണ്ടായിരത്തിലധികം പേരെ കൊലപ്പെടുത്തിയ നിഷ്ഠുരമായ വംശഹത്യക്ക് നേതൃത്വം നല്‍കിയതില്‍ മുതലക്കണ്ണീരുമായി മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ബ്ലോഗ്. കലാപം നടക്കുമ്പോള്‍ സമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടതെന്ന് കലാപം നടന്ന് 11 വര്‍ഷത്തിനുശേഷം ബ്ലോഗിലെഴുതിയ ലേഖനത്തില്‍ മോഡി അവകാശപ്പെട്ടു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡി ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കലാപകാലത്തെ "സങ്കടങ്ങള്‍" വിവരിക്കുന്നത്. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 69 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലീന്‍ചിറ്റിന് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയുടെ അംഗീകാരം നേടിയതിന് പിന്നാലെയാണ് മോഡിയുടെ ദുഃഖപ്രകടനം.

അനാവശ്യമായി താന്‍ പഴി കേട്ടുവെന്ന വാദമാണ് മോഡി ഉയര്‍ത്തുന്നത്. രാജ്യം മറന്നിട്ടില്ലാത്ത സത്യങ്ങള്‍ മറച്ചുപിടിക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമമാണ് മോഡി ലേഖനത്തില്‍ നടത്തിയിരിക്കുന്നത്. ലേഖനത്തില്‍നിന്ന്: ""മനുഷ്യത്വരഹിതമായ കലാപം ഗുജറാത്തിനേറ്റ കനത്ത ആഘാതമായിരുന്നു. അത് തന്നെ മാനസികമായി തകര്‍ത്തു. കലാപത്തിന്റെ പേരില്‍ തന്നെയും ഗുജറാത്തിനെയും കരിതേച്ച് കാണിക്കാനുള്ള ശ്രമമാണ് നടന്നത്. ഗുജറാത്തിലെ പ്രിയപ്പെട്ട സഹോദരങ്ങള്‍ കൊല്ലപ്പെട്ടതിന്റെ പാപഭാരം ഏല്‍ക്കേണ്ടി വന്നു. ഇത്തരമൊരു കലാപം ഇനി ഒരു രാജ്യത്തും ഒരു സമൂഹത്തിലും സംഭവിക്കാന്‍ ഇടയാകരുത്. നൂറുകണക്കിന് പേര്‍ മരിക്കുകയും ലക്ഷങ്ങള്‍ ഭവനരഹിതരാവുകയും ചെയ്ത 2001ലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെയാണ് കലാപമുണ്ടാകുന്നത്. അത് അപ്രതീക്ഷിതമായി നേരിടേണ്ടി വന്നത് വലിയ ആഘാതമായി. നിരവധി നിരപാധികളാണ് കൊല്ലപ്പെട്ടത്. ഭൂകമ്പം താറുമാറാക്കിയ സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറം. തന്നെ അത് കടുത്ത ദു:ഖത്തിലേക്കും വേദനയിലേക്കുമാണ് തള്ളിവിട്ടത്. അന്നത്തെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ തന്റെയുള്ളിലുണ്ടാക്കിയ ശൂന്യത വിവരിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല. അധികാരസ്ഥാനത്തുള്ളവര്‍ക്ക് ആരോടും ദുഃഖം പങ്കിടാന്‍ കഴിയില്ല""- ഇങ്ങനെ പോകുന്നു മോഡിയുടെ പരിദേവനം.

ഗോധ്രസംഭവത്തെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ മാത്രമായിരുന്നു ഗുജറാത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കാനുള്ള ശ്രമവും മോഡി നടത്തിയിട്ടുണ്ട്. കലാപമുണ്ടായപ്പോള്‍ രാജ്യത്ത് മറ്റെവിടത്തെക്കാളും വേഗത്തിലും കാര്യക്ഷമമായും ഇടപെടാന്‍ സാധിച്ചെന്ന അവകാശവാദവും മോഡി ഉയര്‍ത്തുന്നുണ്ട്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ടയറിനടിയില്‍പെട്ട് നായ്ക്കുട്ടി മരിച്ചാല്‍ യാത്രക്കാരനുണ്ടാകുന്ന വിഷമത്തിന് തുല്യമായ ചിന്തയാണ് ഗുജറാത്ത് കലാപകാലത്ത് തനിക്കുണ്ടായതെന്ന് കഴിഞ്ഞവര്‍ഷം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ഇന്നേവരെ പശ്ചാത്താപപ്രകടനത്തിനു തയ്യാറാകാത്ത മോഡിയുടെ ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാണെന്ന് വ്യക്തം. മോഡി മുസ്ലിംവിരുദ്ധനായ നേതാവാണെന്ന പ്രതിച്ഛായ മാറ്റാന്‍ ശ്രമിക്കണമെന്ന് ഉപദേശിച്ച് കഴിഞ്ഞദിവസങ്ങളില്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ മുഖപ്രസംഗവും മറ്റും എഴുതിയിരുന്നു.
(സുജിത് ബേബി)

deshabhimani

No comments:

Post a Comment