Monday, December 30, 2013

ഫെബ്രു. 6, 7ന് ദേശവ്യാപക കര്‍ഷക പ്രക്ഷോഭം

കണ്ണൂര്‍: കാര്‍ഷികമേഖലയിലെ ജീവല്‍ പ്രശ്നങ്ങളുയര്‍ത്തി ഫെബ്രുവരി 6,7 തിയതികളില്‍ ദേശവ്യാപക പ്രക്ഷോഭം നടത്താന്‍ അഖിലേന്ത്യാ കിസാന്‍സഭ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലകളില്‍ വന്‍ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇതര കര്‍ഷകസംഘടനകളെ ഉള്‍പ്പടെ അണിനിരത്തി ഐക്യപ്രസ്ഥാനം രൂപീകരിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ പശ്ചിമഘട്ടമേഖലയിലെ ആറു സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ ജനുവരി 31ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രസിഡന്റ് അമ്രാറാമും ജനറല്‍ സെക്രട്ടറി ഹനന്‍മുള്ളയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവലിബറല്‍ നയങ്ങളുടെ ഭാഗമായി കാര്‍ഷികമേഖലക്കെതിരായ ആക്രമണം സര്‍ക്കാര്‍ തീവ്രമാക്കിയിരിക്കുന്നു. കൃഷി ലാഭകരമല്ലെന്ന ധാരണ പടരുകയാണ്. കര്‍ഷക ആത്മഹത്യ പെരുകുന്നു. കൃഷിയെയും രാജ്യത്തെ കോടിക്കണക്കിന് കൃഷിക്കാരെയും രക്ഷിക്കാന്‍ പോരാട്ടമല്ലാതെ വഴിയില്ല. സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്) സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ട്രേഡ്യൂണിയനുകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഫാസിസ്റ്റ്-ഭീകരവാഴ്ചയില്‍ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.

കൃഷിക്കാരാണ് വലിയ കടന്നാക്രമണത്തിന് ഇരയാകുന്നത്. കാര്‍ഷികപ്രതിസന്ധി അതിരൂക്ഷമായി. ഇടതുപക്ഷം ഭരിച്ച മൂന്നര പതിറ്റാണ്ടിനിടെ ഒരൊറ്റ കൃഷിക്കാരനും ആത്മഹത്യ ചെയ്യാത്ത സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനിടെ 89 പേരാണ് ജീവനൊടുക്കിയത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാര്‍ഷികസംരക്ഷണ നടപടികളാകെ അട്ടിമറിച്ചു. ഭൂപരിഷ്കരണം അട്ടിമറിച്ച് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ജന്മിമാര്‍ക്ക് തിരികെ നല്‍കി. ബിജെപി പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമം കര്‍ഷക-കര്‍ഷകത്തൊഴിലാളി വിരുദ്ധമാണ്. ഈ രീതിയില്‍ നിയമം നടപ്പാക്കുന്നത് ചെറുക്കും. തൊഴിലുറപ്പു തൊഴിലാളികളുടെ കൂലി അതത് സംസ്ഥാനങ്ങളിലെ മിനിമംകൂലിയിലും കുറയരുത്. ഓരോ കുടുംബത്തിനും വര്‍ഷം ചുരുങ്ങിയത് 200 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദ്, ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment