Sunday, December 22, 2013

ക്രെഡിറ്റ് കാര്‍ഡുകളുടെ മേല്‍ ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണം

ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങളടെ മേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. 90 ദിവസത്തിനകം ഇടപാടുകാര്‍ തവണ അടയ്ക്കാന്‍ മുടങ്ങിയാല്‍ അത് കിട്ടാക്കടമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം. ക്രെഡിറ്റ് കാര്‍ഡ് വായ്പാകുടിശ്ശിക വന്നാല്‍ നടപടികളില്‍ സ്ഥിരതയും സുതാര്യതയും കൈവരാന്‍ ഇതു സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഇപ്പോള്‍ ഇടപാടുകള്‍ക്ക് തുക മുഴുവനായോ ഭാഗികമായോ അല്ലെങ്കില്‍ ഒരു നിശ്ചിത മിനിമം തുകയോ അടയ്ക്കാനുള്ള സൗകര്യം നല്‍കുന്നുണ്ട്്. ബാക്കി തുക ബില്ലിങ് കാലാവധിയില്‍ മറ്റ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലേക്ക് റോള്‍ചെയ്തു മാറ്റി ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തി മിനിമം തുക മാത്രം അടച്ച് ബാക്കി വിവിധ വിഭാഗങ്ങളിലുള്ള കാര്‍ഡുകളില്‍ മാറ്റി ഉപയോഗിക്കുന്ന രീതി ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ വ്യാപകമാണ്. ഒന്നിലേറെ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ തിരിച്ചും മറിച്ചും അഡ്ജസ്റ്റ് ചെയ്താണ് പലരും കാര്‍ഡ് ഉപയോഗിക്കുന്നതുതന്നെ.

റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധന അനുസരിച്ച് ഈ രീതി ഇനി സാധ്യമല്ല. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലെ കുടിശ്ശിക മുഴുവനും അടച്ചില്ലെങ്കില്‍ ബാങ്കുകള്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ വിവരം അറിയിക്കണം. ഇത് കാര്‍ഡുടമയുടെ വായ്പാക്ഷമതാ സ്കോറിനെ ബാധിക്കും. അതേസമയം, കുടിശ്ശിക കാര്യക്ഷമമായി ഈടാക്കുന്നതിന് ഇതു സഹായിക്കുകയും ചെയ്യും. കൈയില്‍ പണം കൊണ്ടുനടക്കുന്നതിനു പകരം ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും കൊണ്ടുനടക്കുന്നത് അടുത്തകാലത്ത് വ്യാപകമാവുകയാണ്. മറ്റു വായ്പാസൗകര്യങ്ങള്‍ അത്ര അനായാസം ലഭ്യമല്ലാത്തതിനാല്‍ പലരും ക്രെഡിറ്റ് കാര്‍ഡുകളെ ആശ്രയിക്കുന്ന പ്രവണത വര്‍ധിച്ചതായാണ് വിവരം.

മാന്ദ്യം തീരെയും ബാധിച്ചിട്ടില്ലാത്ത മേഖലയാണിത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവ് പ്രതിമാസം 42 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് പ്രതിമാസം 4462 രൂപ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിച്ച സ്ഥാനത്ത് ഇപ്പോള്‍ 6322 രൂപയാണ് പ്രതിമാസം ശരാശരി ചെലവ്. സ്മാര്‍ട്ട് ഫോണ്‍ പോലെയുള്ള ആഡംബര ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി യുവാക്കളാണ് ക്രെഡിറ്റ് കാര്‍ഡ് കൂടുതലായും ഉപയോഗിക്കുന്നത്.
(പി ജി സുജ)

deshabhimani

No comments:

Post a Comment