Tuesday, December 24, 2013

സര്‍ക്കാര്‍ കൈയൊഴിഞ്ഞു; ക്രിസ്മസ് പൊള്ളും

നീതി, ത്രിവേണി, സപ്ലൈകോ സ്റ്റോറുകളില്‍ ക്രിസ്മസ് നാളുകളില്‍ പതിവ് കാണാറുള്ള ആള്‍തിരക്കില്ല. നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങാമെന്ന മോഹവുമായി എത്തുന്നവര്‍ ഒഴിഞ്ഞ കയ്യോടെ മടങ്ങുകയാണ്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ ക്രിസ്മസ്, പുതുവത്സര ആഘോഷവേളയിലും നീതിസ്റ്റോറുകളും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും ശൂന്യമാണ്്. സാധാരണക്കാര്‍ക്ക് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്നതും വിലക്കയറ്റം പാരമ്യത്തില്‍ നില്‍ക്കെ ഇല്ലാതായി. അരി, വെളിച്ചെണ്ണ, പച്ചരി, പയര്‍വര്‍ഗങ്ങള്‍, മല്ലി, മുളക്, കടുക് തുടങ്ങി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 35 ശതമാനംവരെ വിലക്കുറവില്‍ വിതരണംചെയ്യാറുണ്ട്. ഇതാണ് ഇക്കുറി നിലച്ചത്.

ക്രിസ്മസ് തലേന്നും സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ എത്തിയിട്ടില്ല. മുന്‍കാലങ്ങളില്‍ ക്രിസ്മസിന് ഒരാഴ്ച മുമ്പ് ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളില്‍ എത്തും വിധം സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാറുണ്ട്. എന്നാല്‍ ഇക്കുറി ഫണ്ട് അനുവദിക്കാത്തതുമൂലം സ്റ്റോക്ക് എടുത്തിട്ടില്ല. എറണാകുളം ജില്ലയില്‍ പ്രാഥമിക, വനിത, പട്ടികജാതി, ഫാര്‍മേഴ്സ്, റൂറല്‍ സഹകരണസംഘങ്ങളുടെ കീഴില്‍ 553 നീതി സ്റ്റോറുകളും 174 സഹകരണസംഘം ചന്തകളുമുണ്ട്. 14 നിയോജകമണ്ഡലങ്ങളിലും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും മാവേലിസ്റ്റോറുകളുമുണ്ട്. മൂന്നുലക്ഷം രൂപയുടെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ മൂന്നു ഗഡുക്കളായി സ്റ്റോറുകളില്‍ എത്തിക്കാറുണ്ട്. ഇത് ലഭിക്കാത്തതിനാല്‍ ആഘോഷവേളയായിട്ടും നീതി സ്റ്റോറുകളിലും മറ്റും ഇക്കുറി കച്ചവടവും കുറഞ്ഞു. ത്രിവേണി, സപ്ലൈകോ സ്റ്റോറുകളില്‍ മാത്രമാണ് അല്‍പ്പമെങ്കിലും സാധനങ്ങള്‍ എത്തുന്നത്. ഇതാകട്ടെ വളരെ പരിമിതമായതിനാല്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുകയുമില്ല.
(എം ജി രാമകൃഷ്ണന്‍)

ക്രിസ്മസ് വിപണി പൊള്ളുന്നു; സബ്സിഡി അരിക്കും വിലവര്‍ധന

കൊച്ചി: അരി, മത്സ്യം, മാംസം എന്നിവയുടെ വിലക്കയറ്റംമൂലം ക്രിസ്മസ് വിപണി പൊള്ളുന്നു. സപ്ലൈകോ-കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് വിപണിയിലെ സബ്സിഡി അരിയുടെ വിലവര്‍ധനയും ക്ഷാമവും സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു. സബ്സിഡി അരിക്ക് 6.30 രൂപമുതല്‍ ഒമ്പതു രൂപവരെയാണ് കൂടിയത്. കഴിഞ്ഞവര്‍ഷം 17 രൂപയ്ക്ക് നല്‍കിയിരുന്ന ജയ, മട്ട, പച്ചരി എന്നിവയുടെ വില 21 രൂപയായി. ജയ, മട്ട എന്നിവ സബ്സിഡിയില്ലാതെ യഥാക്രമം 30 രൂപയ്ക്കും 27.50 രൂപയ്ക്കുമാണ് നല്‍കുന്നത്. 21 രൂപ വിലയുണ്ടായിരുന്ന കുറുവയുടെ വില 28 ആയും പൊന്നി അരിയുടെ വില 32ല്‍ നിന്ന് 35 ആയി. ചിലയിടങ്ങളില്‍ ക്രിസ്മസ് ചന്തകളില്‍ സബ്സിഡി അരി കിട്ടാനില്ലാത്തതിനാല്‍ തിരക്ക് കുറയുന്നു. ഒരു ചന്തയിലേക്കു വരുന്ന ഭക്ഷ്യധാന്യത്തിന്റെ 60 ശതമാനം മാത്രമാണ് സബ്സിഡിനിരക്കില്‍ നല്‍കുന്നത്. ബാക്കി 40 ശതമാനത്തിന് സബ്സിഡിയില്ല.

മുപ്പത്താറു രൂപയ്ക്ക് നല്‍കിയിരുന്ന ഉഴുന്നുപരിപ്പിന് ഇക്കുറി 44 രൂപയാണ് വില. പഞ്ചസാരയുടെ വില 26ല്‍നിന്ന് 27.50 രൂപ ആയും വെളിച്ചെണ്ണയ്ക്ക് 60ല്‍നിന്ന് 80 രൂപയായും ചെറുപയറിന് 39ല്‍നിന്ന് 56 രൂപയായും ഉയര്‍ന്നു. കുളമ്പുരോഗം പടര്‍ന്നതിനാല്‍ ഇക്കുറി ക്രിസ്മസിന് പോത്തിറച്ചി ഉണ്ടാകില്ല. പോത്തിനെ അറക്കരുതെന്നുള്ള ഉത്തരവ് വന്നതോടെ ഇക്കുറി ആട്ടിറച്ചിക്കും കോഴിയിറച്ചിക്കും വില കൂടി. 90 രൂപ ഉണ്ടായിരുന്ന കോഴിയുടെ വില 120 രൂപയായി ഉയര്‍ന്നു. 360 രൂപയുണ്ടായിരുന്ന ആട്ടിറച്ചിക്ക് 400 രൂപയുമായി. ക്രിസ്മസിന് തൊട്ടടുത്തുള്ള ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് സൂചന. മത്സ്യവിപണിയിലും വില ഉയര്‍ന്നു. സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന മത്തിയുടെ വില റോക്കറ്റ്പോലെ ഉയരുകയാണ്. കിലോയ്ക്ക് 100 രൂപയാണ് വില. ആവോലി, നെയ്മീന്‍ എന്നിവയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വില. ഇവയ്ക്ക് യഥാക്രമം 500ഉം 450 രൂപയുമായി. അയല 140, കിളിമീന്‍ 160, ഏരി 240, വിളമീന്‍ 280, നാടന്‍വറ്റ 180, മോദ 350, തിരുത 300, ആയിരംപല്ലി 300 രൂപ എന്നിങ്ങനെയാണ് കൊച്ചിയിലെ വില. കിളിമീനിന്റെ ലഭ്യത ഇക്കുറി സാധാരണയിലും വളരെ കുറവായതിനാലാണ് വില ഉയര്‍ന്നത്.

deshabhimani

1 comment:

  1. പെരുന്നാള്‍ ആയിരുന്നെങ്കില്‍ പൊള്ളില്ലായിരുന്നു..'കിരിതുമാസ്സും' ഓണാവു' ആര്‍ക്കുവേണം!

    ReplyDelete