Wednesday, December 25, 2013

സംഗീതയുടെ കുടുംബത്തിന് വിമാനക്കൂലി നല്‍കിയത് യുഎസ്

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്ക്ക് എതിരായി പരാതി നല്‍കിയ സംഗീത റിച്ചാര്‍ഡിന്റെ കുടുംബാംഗങ്ങള്‍ക്ക് ന്യൂഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനടിക്കറ്റിന് പണം നല്‍കിയത് അമേരിക്കന്‍ എംബസി. സംഗീതയുടെ ഭര്‍ത്താവ് ഫിലിപ്പ് റിച്ചാര്‍ഡ്, മക്കളായ ജന്നിഫര്‍, ജതിര്‍ എന്നിവര്‍ ഡിസംബര്‍ പത്തിനാണ് ഡല്‍ഹിയില്‍നിന്ന് പറന്നത്. ഇവരെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി പ്രീത് ഭരാര പ്രസ്താവിച്ചത് വിവാദമായിരുന്നു. ദേവയാനിയെ കേസില്‍പ്പെടുത്തിയതിലും അപമാനിച്ചതിലും ഗൂഢാലോചനയുണ്ടെന്ന പരാതി ശരിവയ്ക്കുന്നതാണ് പുതിയ വിവരം. ഇതിനോട് പ്രതികരിക്കാന്‍ അമേരിക്കന്‍ എംബസി തയ്യാറായില്ല.

ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സിയാണ് ഫിലിപ്പ് റിച്ചാര്‍ഡിന്റെയും മക്കളുടെയും ടിക്കറ്റുകള്‍ ശരിയാക്കിയത്. നയതന്ത്രപരിരക്ഷയുള്ളവര്‍ക്ക് ലഭിക്കുന്ന രീതിയില്‍ ടിക്കറ്റ് നിരക്കില്‍നിന്ന് 4.5 ശതമാനം സേവനനികുതി ഒഴിവാക്കുകയുംചെയ്തു. ഫിലിപ്പും മക്കളും ഡിസംബര്‍ 12നാണ് ന്യൂയോര്‍ക്കില്‍ എത്തിയത്. ദേവയാനിയെ അറസ്റ്റുചെയ്തതും അന്നാണ്. ഇതിനിടെ, ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് പേരെഴുതാതെ നല്‍കിയ തിരിച്ചറിയല്‍കാര്‍ഡുകള്‍ പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കാര്‍ഡുകള്‍ മടക്കിനല്‍കാന്‍ ഇന്ത്യ മുന്നോട്ടുവച്ച സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഇനി നയതന്ത്രജ്ഞര്‍ക്കു മാത്രമാണ് പരിരക്ഷയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയെന്ന് വിദേശ വകുപ്പ് പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും നയതന്ത്രപരിരക്ഷ ഉണ്ടാകില്ല. ദേവയാനിക്ക് എതിരായ കേസ് ഒബാമ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കൊക്കകോള പ്ലാന്റിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ഇതിനെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. പ്രതിദിനം 60,000 ലിറ്റര്‍ കൊക്കകോള ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റില്‍ ഏകദേശം 1200 തൊഴിലാളികളുണ്ട്.

deshabhimani

No comments:

Post a Comment