Friday, December 27, 2013

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു വിതരണം കമ്പനികള്‍ നേരിട്ട്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്ന് വാങ്ങി സൂക്ഷിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ 28 സംഭരണശാലകളും പൂട്ടാന്‍ തീരുമാനം. മരുന്ന് സംഭരണവും വിതരണവും സര്‍ക്കാരിന് വന്‍ ബാധ്യതയാണെന്ന് വരുത്തിത്തീര്‍ത്ത് വിതരണച്ചുമതല സ്വകാര്യ മരുന്ന് കമ്പനികളെ നേരിട്ട് ഏല്‍പ്പിക്കാനാണ് നീക്കം. ഏകദേശം1500 സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് എത്തിക്കാനുള്ള ചുമതല മരുന്ന് ഉല്‍പ്പാദക കമ്പനികളുടെ കൈപ്പിടിയിലാകുന്നതോടെ ഗുണനിലവാര പരിശോധനയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നിലയ്ക്കും. മരുന്ന് കച്ചവടം ഉറപ്പിക്കുന്ന സ്ഥാപനം മാത്രമായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാറും.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന്റെ മറവിലുള്ള കോടികളുടെ അഴിമതിയും തട്ടിപ്പും അവസാനിപ്പിക്കാന്‍ 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് കേരള മെഡിക്കല്‍ സര്‍വീസസ്് കോര്‍പറേഷന്‍ രൂപീകരിച്ചത്. സംഭരണവും വിതരണവും സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തതോടെ രോഗികള്‍ക്ക് ഗുണനിലവാരമുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ ലഭിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമവും അവസാനിപ്പിക്കാനായി. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയതോടെ സര്‍ക്കാരിന് കോടികളുടെ ലാഭവും ലഭിച്ചു. എല്ലാ വര്‍ഷവും ഡിസംബറില്‍ അതാത് ആശുപത്രി ജീവനക്കാരുടെ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചാണ് കോര്‍പറേഷന്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് ആവശ്യമുള്ള മരുന്നുകളുടെ കണക്കെടുപ്പ് നടത്തിയിരുന്നത്. ഇത്തവണ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് കണക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ താല്‍പ്പര്യമനുസരിച്ചാണ് മരുന്നുകമ്പനികളുടെ മടങ്ങിവരവ്. മരുന്ന് വാങ്ങുന്ന ഉത്തരവാദിത്തം മെഡിക്കല്‍ കോര്‍പറേഷന്‍ ഉപേക്ഷിക്കുന്നില്ല. കമ്പനികളുമായി ധാരണ ഉണ്ടാക്കിയുള്ള കോടികളുടെ കച്ചവടത്തിനാണിത്. വിതരണച്ചുമതല നേരിട്ട് ലഭ്യമാകുന്നതോടെ മരുന്ന് കമ്പനികള്‍ക്ക് ഗുണനിലവാര പരിശോധന ഒഴിവാക്കിക്കിട്ടും. 30 ശതമാനം വില കുറച്ച് നല്‍കേണ്ട അവശ്യമരുന്നുകളില്‍പ്പോലും കൃത്രിമം കാട്ടാം. കേന്ദ്രസര്‍ക്കാരിന്റെ പട്ടികയിലുള്ള അവശ്യമരുന്നുകള്‍ക്ക് പകരം ചേരുവ മാറ്റി പുതിയ ബ്രാന്‍ഡില്‍ കൂടിയവിലയ്ക്ക് വിപണിയിലിറക്കുകയാണ് കുത്തകകള്‍ ഇപ്പോള്‍ ചെയ്യുന്നത്.

മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങുന്ന മരുന്നുകള്‍ തലസ്ഥാനത്തെ ലാബില്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് ആശുപത്രികളിലേക്ക് അയച്ചിരുന്നത്. കമ്പനികള്‍ നേരിട്ട് മരുന്ന് എത്തിക്കുന്നതോടെ ഈ ലാബുകള്‍ പരാതി പരിശോധനാകേന്ദ്രം മാത്രമാകും. പതിനാല് ജില്ലയിലുള്ള 28 സംഭരണശാലകളും പൂട്ടുന്നതോടെ സാമ്പത്തികലാഭം ഉണ്ടാകുമെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ അവകാശവാദം. തലസ്ഥാനത്ത് അടക്കം പല സംഭരണശാലകളും വാടകയ്ക്കാണ്. മെഡിക്കല്‍ കോളേജുകളുള്ള ജില്ലകളില്‍ മൂന്ന് വേര്‍ഹൗസുകള്‍വരെയുണ്ട്. ഓരോ സംഭരണശാലയിലും സെക്യൂരിറ്റി സ്റ്റാഫ്, ലാബ് അസിസ്റ്റന്റ്, സ്വീപ്പര്‍, മാനേജര്‍ തുടങ്ങി ശരാശരി 35 ജീവനക്കാര്‍ വീതമുണ്ട്്. സംഭരണശാലകള്‍ പൂട്ടുന്നതോടെ കുറഞ്ഞത് 750 പേര്‍ തൊഴില്‍ രഹിതരാകും.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment