Wednesday, December 25, 2013

ബാങ്ക്ജോലി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള തീരുമാനം റദ്ദാക്കണം: ബെഫി

ധനപരമായ ഉള്‍ച്ചേര്‍ക്കലിന്റെ പേരില്‍ പണമടക്കലും പിന്‍വലിക്കലും ഉള്‍പ്പെടെയുള്ള മര്‍മപ്രധാന ബാങ്ക്ജോലികള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ആവശ്യപ്പെട്ടു.

 ദേശീയതലത്തില്‍ ഏതാനും കമ്പനികള്‍ക്ക് ഗ്രാമങ്ങളില്‍ ബാങ്ക് ബൂത്തുകള്‍(കിയോസ്ക്കുകള്‍) ആരംഭിക്കാന്‍ കരാര്‍ നല്‍കുകയും കമ്പനികള്‍ വിവിധ പ്രദേശങ്ങളില്‍ ഫ്രാഞ്ചൈസികളെ കണ്ടെത്തുകയുമാണ് ചെയ്യുന്നത്. 2000 രൂപയ്ക്കുള്ള മൂന്നു ഇടപാടുവരെ ദിവസം ഒരു ഇടപാടുകാരന് ബൂത്തുകള്‍വഴി ചെയ്യാം. ബൂത്തുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ചെറിയ ഇടപാടുകാര്‍ ബാങ്കുകളെ സമീപിക്കേണ്ടതില്ല. പണമിടപാടുകളുടെ സുരക്ഷിതത്വത്തിന് ബാങ്കുകള്‍ ഉത്തരവാദികളായിരിക്കില്ല. ബൂത്തുകളിലെ ജോലിക്കാരുടെ കാര്യത്തിലും ബാങ്കുകള്‍ക്ക് ഉത്തരവാദിത്തമില്ല. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് ഇടപാടുകളും ബൂത്തുകള്‍ കൈകാര്യംചെയ്യും. ഇപ്രകാരം നടത്തുന്ന ഇടപാടുകള്‍ക്ക് ബാങ്ക് നല്‍കുന്ന കമീഷന്‍ കമ്പനികളും ഏജന്‍സികളും പങ്കിട്ടെടുക്കും. സമാന്തര ബാങ്ക്ബൂത്തുകള്‍ വെള്ളം, വൈദ്യുതി, ഫോണ്‍, ബില്ലുകളും കരങ്ങളും അടയ്ക്കാനുള്ള അക്ഷയകേന്ദ്രങ്ങളെക്കാള്‍ അപകടകാരികളാണ്. അവ ഏറ്റവും പാവപ്പെട്ട ഇടപാടുകാരുടെ നിക്ഷേപവും വായ്പകളുമാണ് കൈകാര്യംചെയ്യുന്നത്. ഈ പണമിടപാടുകള്‍ക്കും ബാങ്ക് ഗ്യാരന്റി നല്‍കുന്നില്ല. ഏജന്‍സി ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ ബാങ്ക് ഉറപ്പുവരുത്തുന്നില്ല. താല്‍ക്കാലിക, കാഷ്വല്‍ ജീവനക്കാര്‍ ബൂത്തുകളില്‍ ജോലിചെയ്യുന്നത് സുരക്ഷിതത്വത്തെ ബാധിക്കും. കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ബാങ്ക് ബൂത്തുകള്‍ ആരംഭിച്ചെങ്കിലും താമസിയാതെ അടച്ചുപൂട്ടി. ഇക്കാരണങ്ങളാല്‍ സമാന്തര ബാങ്കിങ് നടത്താനുള്ള നീക്കത്തില്‍നിന്ന് ബാങ്കുകള്‍ പിന്തിരിയണമെന്ന് ബെഫി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment