Friday, December 27, 2013

മോഡിക്ക് ക്ലീന്‍ ചിറ്റ്: ഹര്‍ജി തള്ളി

മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കം 29 പേരെ കുറ്റവിമുക്തരാക്കിയ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് കോടതി ശരിവെച്ചു. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ കേസിലാണ് വിധി.

കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചോദ്യം ചെയ്തിരുന്നു.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാന മുഖ്യമന്ത്രിയെ കൂട്ടക്കൊലക്കേസില്‍ ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിക്കുന്നത്. എന്നാല്‍ മോഡിയടക്കമുള്ളവര്‍ക്കെതിരെ തെളിവില്ലെന്നായിരുന്നു കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ നിഗമനം. ഇതിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നത്. മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് ബി ജെ ഗണാത്രയാണ് വിധി പറഞ്ഞത്.

ഗോധ്ര സംഭവത്തിന്റെ പിറ്റേന്ന് 2002 ഫെബ്രുവരി 28ന്  അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് ഹൌസിങ് സൊസൈറ്റിയിയില്‍ സംഘപരിവാര്‍ നടത്തിയ കൂട്ടക്കൊലയില്‍ ജഫ്രിയടക്കം 69 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാവിലെ ഒമ്പതോടെയാണ് ആര്‍എസ്എസിന്റെ വേഷം ധരിച്ചെത്തിയ അക്രമികള്‍ സൊസൈറ്റിക്ക് പുറത്ത് തടിച്ചുകൂടിയത്. ഭയന്നോടിയ ജനം മുന്‍ എംപിയായ ഇഹ്സാന്‍ ജഫ്രിയുടെ വീട്ടില്‍ അഭയംതേടി. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സഹായം അഭ്യര്‍ഥിച്ച് ജഫ്രി പലവട്ടം വിളിച്ചു. എന്നാല്‍, ജഫ്രിയെ ശകാരിക്കുകയാണ് മോഡി ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരെയടക്കം സഹായത്തിനായി ഫോണ്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഡല്‍ഹിയിലേക്കും ജഫ്രി ഫോണ്‍ ചെയ്തു. കേന്ദ്രം ഭരിക്കുന്നത് അന്ന് വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപിയായിരുന്നു. രണ്ടു കിലോമീറ്റര്‍ മാത്രം അപ്പുറത്ത് പൊലീസ് കമീഷണര്‍ ഓഫീസ് ഉണ്ടായിട്ടും നിയമപാലകര്‍ വന്നില്ല. അന്നത്തെ രാഷ്ട്രപതി പരേതനായ കെ ആര്‍ നാരായണന്‍തന്നെ ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ജഫ്രിയുടെ ജീവന്‍ രക്ഷിക്കാന്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ എംപിമാര്‍ അന്നുച്ചയോടെ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്ചെയ്തു. ഇതൊന്നും ഫലംചെയ്തില്ല. വൈകിട്ട് വീട്ടിലേക്ക് അതിക്രമിച്ചു കടന്ന അക്രമികള്‍ ജഫ്രിയെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൈയും കാലും വെട്ടി ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. രാഷ്ട്രപതിയുടെ ഇടപെടലിനുപോലും വിലയില്ലാതായി. ഗുജറാത്ത് സംഭവത്തില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഗൂഢാലോചന നടന്നതായി കെ ആര്‍ നാരായണന്‍ സ്ഥാനമൊഴിഞ്ഞശേഷം പറയുകയുണ്ടായി. നരേന്ദ്ര മോഡിക്കെതിരെ 100 പേജുള്ള പരാതിയാണ് സാകിയ ജഫ്രി സമര്‍പ്പിച്ചത്. മോഡിക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത 62 പേരെയും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇവരില്‍ മോഡിയുടെ മന്ത്രിസഭാംഗങ്ങളും ഉള്‍പ്പെടും.

  വംശഹത്യാവേളയില്‍ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് മോഡി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും എസ്ഐടി പരിഗണിച്ചിരുന്നു. പ്രസംഗഭാഗങ്ങളുടെ ടേപ്പ് കൈമാറാന്‍ മടിച്ചതടക്കം അന്വേഷണസംഘവുമായി ഗുജറാത്ത് സര്‍ക്കാര്‍ തുടര്‍ച്ചയായി നിസ്സഹകരിക്കുകയാണുണ്ടായത്. തുടര്‍ന്ന് സുപ്രീംകോടതിതന്നെ ഉത്തരവിട്ടാണ് പ്രസംഗത്തിന്റെ ടേപ്പ് അന്വേഷണസംഘത്തിന് ലഭിച്ചത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പത്ത് പ്രധാന കേസ് അന്വഷിക്കാന്‍ 2008 മാര്‍ച്ചിലാണ് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്. നാലുവര്‍ഷത്തെ അന്വേഷണത്തിനു ശേഷം പ്രതികള്‍ക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ 2012 ഫെബ്രുവരിയില്‍ സമര്‍പ്പിക്കുയും ചെയതു. ഇത് ചോദ്യം ചെയ്തായിരുന്നു സാകിയ ജാഫ്രിയുടെ ഹര്‍ജി.

രണ്ടായിരത്തിലെപ്പേര്‍ കശാപ്പുചെയ്യപ്പെട്ട ഗുജറാത്ത് വംശഹത്യയില്‍ നാലായിരത്തിലേറെ പരാതികള്‍ സംസ്ഥാനത്തെ പൊലീസ് സ്റേഷനുകളിലും പ്രാദേശിക കോടതികളിലും എത്തിയിരുന്നു. ഇതില്‍ പകുതിയും തുടര്‍നടപടിയില്ലാതെ തള്ളുകയായിരുന്നു. തുടര്‍ന്നുപോയതില്‍ ഏറെയും മുസ്ളിങ്ങള്‍ പ്രതികളായ കേസും. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടത്. സംസ്ഥാന സര്‍ക്കാരിനെയും ജുഡീഷ്യറിയെയും രൂക്ഷമായി വിമര്‍ശിച്ച പരമോന്നതകോടതി പലകേസും ഗുജറാത്തിനു പുറത്തേക്ക് മാറ്റുകയും നേരിട്ട് അന്വേഷണത്തിന് മുതിരുകയുംചെയ്തു. ഇതിലൊന്നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ്.

deshabhimani

No comments:

Post a Comment