Monday, December 30, 2013

ബാങ്ക് കിയോസ്ക് ആദ്യം 93 അക്ഷയകേന്ദ്രങ്ങളിലൂടെ

കൊച്ചി: കേരളത്തില്‍ കിയോസ്ക് സംവിധാനത്തിലൂടെ ബാങ്ക് ഇടപാടുകള്‍ ആദ്യം നടപ്പാക്കുന്നത് 93 അക്ഷയകേന്ദ്രങ്ങളിലൂടെ. ബയോമെട്രിക് രീതിയിലാണ് പണമിടപാട്. സംസ്ഥാന ലീഡ് ബാങ്കായ കനറ ബാങ്കാണ് ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിപ്രകാരം കേരളത്തില്‍ കിയോസ്കുകള്‍ ആരംഭിക്കുന്നത്. ഇതിനായി കനറ ബാങ്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം അക്ഷയ ജീവനക്കാര്‍ക്കും ബാങ്കിങ് സേവനങ്ങളില്‍ പരിശീലനം നല്‍കും. അക്ഷയയോടൊപ്പം കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളോടെ സ്വകാര്യ കുത്തക കമ്പനിയായ ബംഗളൂരുവിലെ ഇന്റഗ്ര മൈക്രോസിസ്റ്റവും കേരളത്തില്‍ കിയോസ്കുകള്‍ ആരംഭിക്കും. ബാങ്കിങ് സേവനങ്ങളില്ലാത്ത ഗ്രാമങ്ങളിലാണ് ആര്‍ബിഐ നിര്‍ദേശപ്രകാരം കിയോസ്കുകള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ 23ന് തിരുവനന്തപുരം നേമത്താണ് ആദ്യ കിയോസ്ക് ആരംഭിച്ചത്. നേമത്ത് കനറ ബാങ്ക് ശാഖയുള്ളപ്പോഴാണ് ഇവിടെ ആരംഭിച്ചത്. ഇതേക്കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കോ ജീവനക്കാര്‍ക്കോ വിവരം ലഭിച്ചിരുന്നില്ല. ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പുതിയ സംവിധാനത്തിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

ബയോമെട്രിക് സംവിധാനത്തിലൂടെ പണമിടപാടുകള്‍ നടത്തുമ്പോള്‍ നിക്ഷേപകരുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അക്ഷയകേന്ദ്രങ്ങളിലും ഇന്റഗ്രയുടെയും കൈകളിലെത്തും. ആധാര്‍ കാര്‍ഡിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് ഇതേ മാതൃകയില്‍ കനറ ബാങ്ക് സ്മാര്‍ട്ട് (കനറ വികാസ് കാര്‍ഡ്) കാര്‍ഡ് നല്‍കുന്നത്. കാര്‍ഡില്‍ തിരിച്ചറിയല്‍നമ്പറും 10 വിരലടയാളങ്ങളും ഫോട്ടോയും രേഖപ്പെടുത്തും. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളുമുണ്ടാകും. നിക്ഷേപകര്‍ക്ക് ബിസിനസ് കറസ്പോണ്ടന്റുമാര്‍വഴി കാര്‍ഡ് നല്‍കും. നിലവിലെ ആധാര്‍, എന്‍പിആര്‍ഡി കാര്‍ഡുകളുമായും സ്മാര്‍ട്ട് കാര്‍ഡ് ബന്ധിപ്പിക്കാനും നീക്കമുണ്ട്. നിക്ഷേപകരുടെ പണം ഏജന്‍സികളിലേക്ക് ബാങ്ക് നല്‍കും. കിയോസ്കുകള്‍വഴി ഇടപാടുകാര്‍ക്ക് പണം നല്‍കുന്നത് അക്ഷയകേന്ദ്രങ്ങളായിരിക്കും. പണം നിക്ഷേപിക്കുന്നതും ഇതേ രീതിയിലായിരിക്കും. പണമിടപാടുകളില്‍ ഉത്തരവാദിത്തം ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കായിരിക്കുമെന്നും ബാങ്കിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും കനറ ബാങ്ക് സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കിയോസ്കുകള്‍ ആരംഭിക്കാന്‍ ഇന്റഗ്രയ്ക്കുപുറമേ മുംബൈയിലെ ഫിനോ പേടെക്കിനെയാണ് ബിസിനസ് കറസ്പോണ്ടന്റുമാരായി(ബിസി) നിയമിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തെ കരാറും ഉണ്ടാക്കിയിട്ടുണ്ട്. അക്ഷയയുമായി കനറ ബാങ്ക് നേരിട്ടാണ് കരാറുണ്ടാക്കുന്നത്. കിയോസ്കുകളിലെ ജീവനക്കാര്‍ക്ക് ബാങ്കിന്റെ ശമ്പളമോ ആനുകൂല്യങ്ങളോ അവകാശപ്പെടാനാകില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. പൊതു ബാങ്കിങ് സംവിധാനം തകര്‍ത്ത് ശാഖാരഹിത ബാങ്കിങ് സംവിധാനമാണ് ഇന്റഗ്ര ലക്ഷ്യമിടുന്നത്. കനറ ബാങ്കിനു പിന്നാലെ മറ്റു പൊതുമേഖലാ, ഷെഡ്യൂള്‍ഡ് ബാങ്കുകളും കിയോസ്ക് സംവിധാനത്തിലേക്കുള്ള നീക്കത്തിലാണ്.
(സി എന്‍ റെജി)

deshabhimani

No comments:

Post a Comment