Wednesday, December 25, 2013

അഭിലാഷ് ഉമ്മന്‍ചാണ്ടിയുടെയും വിശ്വസ്തന്‍

ഗുജറാത്ത് വ്യവസായി അഭിലാഷ് മുരളീധരനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അടുത്ത ബന്ധം. "പാവം പയ്യന്‍" തോമസ് കുരുവിള മുഖാന്തരമാണ് ഉമ്മന്‍ചാണ്ടിയുമായി അഭിലാഷ് അടുത്ത ബന്ധം സ്ഥാപിച്ചത്. പ്രത്യുപകാരമായാണ് കുരുവിളയ്ക്ക് ഗുജറാത്തില്‍ വലിയതോതില്‍ നിക്ഷേപത്തിന് അഭിലാഷ് വഴിയൊരുക്കിയതും പാം കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടറാക്കിയതും. ഡല്‍ഹിയിലും കേരളത്തിലും പലവട്ടം ഉമ്മന്‍ചാണ്ടിയും അഭിലാഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് കുരുവിള വഴിയൊരുക്കി. അഭിലാഷിന്റെ ബിസിനസ് സാമ്രാജ്യം കേരളത്തിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു പ്രധാന അജന്‍ഡ. സമുദ്രോല്‍പ്പന്ന കയറ്റുമതി, റിയല്‍എസ്റ്റേറ്റ്, പ്ലാന്റേഷന്‍, ക്വാറി എന്നീ മേഖലകളിലാണ് കേരളത്തില്‍ പദ്ധതിയിട്ടത്. തുടക്കമായി തെങ്ങമത്ത് ക്വാറിയും റബര്‍തോട്ടവും വാങ്ങിക്കൂട്ടി.

അഭിലാഷിന്റെ അനുജന്റെ വിവാഹത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തുവെന്നത് ഇരുവരുമായുള്ള അടുത്ത ബന്ധത്തിന് തെളിവാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യൂമന്ത്രി അടൂര്‍ പ്രകാശും കേന്ദ്രമന്ത്രി കെ വി തോമസുമൊക്കെ എത്തിയിരുന്നു. അഭിലാഷിന്റെ അനുജന്റെ ഫേസ്ബുക്ക് പേജില്‍ വിവാഹചിത്രങ്ങളുണ്ടായിരുന്നെങ്കിലും ഗുജറാത്ത് മന്ത്രിസംഘത്തിന്റെ വിവാദ സന്ദര്‍ശനത്തിനു പിന്നാലെ മാറ്റി. ഗുജറാത്തിലെ കുരുവിളയുടെ നിക്ഷേപങ്ങളില്‍ സോളാര്‍ അഴിമതിപ്പണമുണ്ടെന്ന സൂചനയും ശക്തമാണ്. സോളാര്‍ കേസ് പ്രതികളുടെ ഡല്‍ഹി ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടും പ്രത്യേക അന്വേഷണസംഘം അവഗണിച്ചു. ജുഡീഷ്യല്‍ അന്വേഷണപരിധിയിലും ഡല്‍ഹി ഇടപാടുകള്‍ ഉള്‍പ്പെടുന്നില്ല. എല്ലാ ഒത്താശയുംചെയ്ത കുരുവിളയെ ചോദ്യംചെയ്യുകപോലുമുണ്ടായില്ല. കുരുവിളയെ ഒഴിവാക്കുകയെന്നത് ഒരേസമയം ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും താല്‍പ്പര്യമായിരുന്നു. കുരുവിള അകത്തായാല്‍ മകന്റെ ഗുജറാത്ത് ബന്ധം പുറത്താകുമോയെന്ന ആശങ്കയായിരുന്നു തിരുവഞ്ചൂരിന്. ഡല്‍ഹിയിലെ എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍പിടിച്ച കുരുവിളയെ സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെയും ബാധ്യതയായി മാറി. സോളാര്‍ കേസിലെ മുഖ്യപ്രതി സരിതയെ പുറത്തിറക്കുന്നതിന് വലിയതോതില്‍ പണമൊഴുകുന്നുണ്ടെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഗുജറാത്ത് വ്യവസായിയുമായി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമുള്ള അടുത്ത ബന്ധം പുറത്താകുന്നത്.

deshabhimani

No comments:

Post a Comment