Saturday, December 28, 2013

ഉപാധികളോടെ പട്ടയം: യുഡിഎഫ് വഞ്ചന വീണ്ടും

ഇടുക്കി: ഉപാധികള്‍ വച്ചും നിയമക്കുരുക്കഴിക്കാതെയും യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന പട്ടയം കര്‍ഷക വഞ്ചന. ഇടുക്കിയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ എല്ലാവര്‍ക്കും നാലേക്കര്‍ വരെ ഉപാധികളില്ലാതെ പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. അലോട്ട്മെന്റ് മേഖല, പത്തുചെയിന്‍ പ്രദേശം, ടൗണ്‍മേഖല, ഇതര കൈവശ മേഖല എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കാണ് പട്ടയം നിഷേധിക്കുന്നത്. 1964ലെ ഭൂപതിവ് 24-ാം ചട്ടം അനുസരിച്ചേ പട്ടയം വിതരണം ചെയ്യാനാവൂ എന്നാണ് ഉത്തരവ്്.

കേരള ഭൂപതിവ് ചട്ടങ്ങളിലുള്ള മലയോര കൃഷിക്കാരുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ റദ്ദാക്കാതെയാണ് പട്ടയം നല്‍കുന്നത്. പതിച്ചുകിട്ടുന്ന ഭൂമിയുടെ അളവ് നാലേക്കറില്‍നിന്ന് കുറയ്ക്കുന്നതും കൈമാറ്റ നിബന്ധനകളും റദ്ദാക്കാതെ പട്ടയമേള നടത്തുന്നതുകൊണ്ട് ഭൂരിപക്ഷം കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കില്ല. പ്രധാന ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാതെയും നിയമ തടസ്സങ്ങള്‍ ഒഴിവാക്കാതെയും മേള സംഘടിപ്പിക്കുന്നതിനാല്‍ ഉപേക്ഷിക്കപ്പെട്ട വൈദ്യുതപദ്ധതി പ്രദേശത്തെയും കോളനി മേഖലയിലെയും അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കില്ല. ഇടുക്കിയിലാകെ 65000ലേറെ കര്‍ഷകര്‍ക്കാണ് പട്ടയം ലഭിക്കേണ്ടത്.

2011 മാര്‍ച്ചില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധികളില്ലാത്ത പൂര്‍ണാധികാര പട്ടയംനല്‍കി. അര്‍ഹതപ്പെട്ട 28017 കര്‍ഷക കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. 1957ലെയും 67ലെയും ഇ എം എസ് സര്‍ക്കാരും 70ല്‍ കെ ടി ജേക്കബ് റവന്യൂമന്ത്രിയായിരുന്നപ്പോഴും യഥാര്‍ഥ പട്ടയങ്ങള്‍ നല്‍കി. കൂടാതെ 1987ലും 96ലും എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ ജില്ലയില്‍ കൈവശരേഖകള്‍ നല്‍കി. 1982ല്‍ റവന്യൂ മന്ത്രിയായിരുന്ന പി ജെ ജോസഫ് നെടുങ്കണ്ടത്ത് നല്‍കിയ പട്ടയം മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ഇടപെട്ട് തിരികെ വാങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. 1993ല്‍ കെ എം മാണി റവന്യൂമന്ത്രിയായിരിക്കുമ്പോഴാണ് ഉപാധികളും വ്യവസ്ഥകളും വച്ച് കൈവശരേഖ നല്‍കിയത്. ഇതനുസരിച്ച് പട്ടയഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നായി. കൈമാറ്റം അനന്തര അവകാശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇത് പട്ടയരേഖയിലെ ഒമ്പതാം ഇനമാക്കി എഴുതിയും ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടയപ്രശ്നത്തില്‍ നയപരമായ തീരുമാനം എടുക്കുകയായിരുന്നു. 1977 ജനുവരി ഒന്നുവരെ കൈവശഭൂമിയില്‍ സ്ഥിരതാമസക്കാരായ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപേക്ഷിക്കപ്പെട്ട വൈദ്യുത പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും പട്ടയം, ഏലകൃഷിക്കാര്‍ക്ക് കുത്തകപ്പാട്ടം പുതുക്കല്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം തുടങ്ങിയ അവകാശങ്ങള്‍ ഉറപ്പുവരുത്തിയുമായിരുന്നു 2010 നവംബര്‍ 16ന് ഓര്‍ഡിനന്‍സ് ഇറക്കി എല്‍ഡിഎഫ് ഉപാധിരഹിത പട്ടയം നല്‍കിയത്. പട്ടയഭൂമി കൈമാറ്റംചെയ്യാന്‍ പാടില്ലെന്ന് 1993ല്‍ യുഡിഎഫ് കൊണ്ടുവന്ന നിയമ ഭേദഗതി എടുത്തുകളഞ്ഞു. എന്നാല്‍ ഓര്‍ഡിനന്‍സ് കാലാവധി അവസാനിച്ചപ്പോള്‍ ഇത് പുതുക്കാന്‍ യുഡിഎഫ് തയാറായില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ഭീതിയിലാണ്. ഉപാധികള്‍ ഉള്‍പ്പെടുത്തിയ പട്ടയം കൂടിയായപ്പോള്‍ കൂടുതല്‍ ആശങ്കയിലായി.
(കെ ടി രാജീവ്)

deshabhimani

No comments:

Post a Comment