Monday, December 23, 2013

ആദ്യ ഡിജിറ്റല്‍ പട്ടണമായി ആലപ്പുഴ

ആലപ്പുഴനഗരം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പട്ടണമാകുന്നു. നഗരത്തിലെ ദൃശ്യപ്രാധാന്യമുള്ള എല്ലാ സ്ഥാപനങ്ങളുടെയും വസ്തുക്കളുടെയും സ്ഥലങ്ങളുടെയും സമീപം ക്യുആര്‍ കോഡുകള്‍ സ്ഥാപിക്കുന്നതോടെയാണ് ഈ ചരിത്രനേട്ടത്തിലേക്ക് പ്രാചീനമായ തുറമുഖനഗരം കുതിക്കുന്നത്. രാധ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിക്കി സംഗമോത്സവത്തിലാണ് ക്യുആര്‍ കോഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വിനോദസഞ്ചാരികള്‍ക്കും ചരിത്ര പഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഈ പദ്ധതി വിക്കിമീഡിയ സമൂഹത്തിന്റെ പിന്തുണയോടെ ആലപ്പുഴ നഗരത്തിലെ പ്രാദേശിക ചരിത്രരചനാ താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ചാണ് സംഘടിപ്പിക്കുക. ആലപ്പുഴ നഗരത്തെ ഒരു വര്‍ഷംകൊണ്ട് ഡിജിറ്റൈസ് ചെയ്യുകവഴി ക്യുആര്‍ കോഡ് മുഖേന ഡിജിറ്റൈസ് ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരമായി ആലപ്പുഴ മാറും. വിക്കിസംഗമോത്സവത്തിന് ആതിഥ്യമരുളിയതിന്റെ സ്മരണയ്ക്കായാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിക്കിമീഡിയര്‍ ഈ പദ്ധതി നടപ്പാക്കുക.

നഗരത്തിന്റെ പൗരാണിക ചരിത്രമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഏറ്റവും പ്രധാനമായി കണക്കാക്കുന്ന ഒന്നാണ് നഗര ഡിജിറ്റൈസേഷന്‍. ഈ പരിപാടിയിലൂടെ ആലപ്പുഴ നഗരത്തിലെ വിക്കിപീഡിയയുടെ സാന്നിധ്യവും ഉപയോഗവും വികസിപ്പിക്കാന്‍ കഴിയുമെന്നാണ് മലയാളം വിക്കിസമൂഹം കരുതുന്നത്. ലണ്ടനില്‍ 2011ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇത് നഗരങ്ങളിലേക്ക് ആദ്യം വ്യാപിപ്പിച്ചത് ജിബ്രാള്‍ട്ടറിലാണ്. ഇവിടത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും സ്ഥലങ്ങളും വസ്തുതകളും സംബന്ധിച്ച വിക്കിപീഡിയ ലേഖനങ്ങള്‍ എഴുതുകയും അവയുടെ ക്യുആര്‍ കോഡുകള്‍ സൃഷ്ടിച്ച് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള Quick Response Code എന്ന ഡിജിറ്റല്‍ കോഡ്   QR Code Reader എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക. ആ കോഡില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന യുആര്‍എല്‍ വഴി ആ കോഡിനാധാരമായ ഒരു വെബ്സൈറ്റിലേക്ക് എത്തുകയും ആ വിഷയം സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ലഭ്യമാകുകയും ചെയ്യും. പരസ്യങ്ങളില്‍ പതിപ്പിക്കുന്ന ക്യുആര്‍ കോഡ് റീഡ് ചെയ്താല്‍ ആ ഉല്‍പന്നം സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ മൊബൈലില്‍ വായിക്കാനാകും. ഏത് വൈബ്സൈറ്റുകളിലെ വിവരവും ക്യുആര്‍ കോഡ് ജനറേറ്റര്‍ എന്ന ഓപ്പണ്‍ സോഴ്സ് സംവിധാനം ഉപയോഗിച്ച് ക്യുആര്‍ കോഡ് ആക്കി മാറ്റാം. ഇത്തരത്തില്‍ ക്യുആര്‍ കോഡ് നിര്‍മിക്കുന്ന പദ്ധതിയാണ് ക്യുആര്‍ പീഡിയ.

deshabhimani

No comments:

Post a Comment