Monday, December 30, 2013

കപ്പല്‍ശാലയുടെ പ്രതാപം പഴങ്കഥയാവുമോ

കൊച്ചി: കപ്പല്‍ശാല കൊച്ചിനഗരത്തിന്റെ അഭിമാന സ്തംഭമാണ്. കൊച്ചിക്കാരുടെ പോരാട്ടവിജയത്തിന്റെ കൊടിയടയാളംകൂടിയാണ് 1971-ല്‍ സ്ഥാപിച്ച കപ്പല്‍ശാല. 1967-ല്‍ ഇ എം എസ് സര്‍ക്കാരാണ് ഇതിനായി 170 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. തുടര്‍ന്നും സ്ഥാപനം യാഥാര്‍ഥ്യമാകാതിരുന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി. കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ മുന്നില്‍ കപ്പലിന്റെ മാതൃകയും പേറിയായിരുന്നു സമരം. ആ സമരത്തിന്റെ വിജയമാണ് കപ്പല്‍ശാല. തൊഴിലാളികളുടെകൂടി സഹകരണത്തോടെ കപ്പല്‍ശാല വളര്‍ന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മിനിരത്ന സ്ഥാപനമെന്ന പെരുമ നേടി. ആ കീര്‍ത്തി നിലനിര്‍ത്താന്‍ കപ്പല്‍ശാലയ്ക്ക് ആകുമോ? പ്രതിരോധമേഖലയില്‍നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ കപ്പല്‍ശാലയ്ക്കു നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍തന്നെ കപ്പല്‍ശാലയെ ദുരവസ്ഥയിലേക്കു തള്ളുകയാണ്. ഓഹരി വിറ്റഴിച്ച് ഈ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനും നീക്കം തകൃതി.

പ്രതിരോധസേനയ്ക്കായുള്ള വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ അന്തിമ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കപ്പല്‍ശാലയില്‍ നടക്കുന്ന പ്രധാന ജോലി. തീരദേശ സംരക്ഷണസേനയ്ക്കായുള്ള 18 പട്രോള്‍ കപ്പലുകളുടെ ഓര്‍ഡറുമുണ്ട്. കപ്പല്‍ശാലയുടെ ശേഷി കണക്കിലെടുത്താല്‍ ഇത് വളരെ ചെറിയ പ്രവൃത്തി മാത്രമാണ്. വിക്രാന്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2017-ലേ പൂര്‍ത്തിയാകൂ. എന്നാല്‍ ഇതിന് കപ്പല്‍ശാലയുടെ തൊഴില്‍ശേഷി ഏറെ ഇനി മുടക്കേണ്ടതില്ല. ഇതര ജോലികളും ഏറിയാല്‍ ഒരുവര്‍ഷത്തേക്കു മാത്രം. തുടര്‍ന്നുള്ള പ്രവൃത്തിക്ക് ഓര്‍ഡര്‍ നേടിയെടുക്കാന്‍ കപ്പല്‍ശാലയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

ഇതിനിടെയാണ് ഏറെ പ്രതീക്ഷയര്‍പ്പിച്ച പ്രതിരോധവകുപ്പിന്റെ യുദ്ധടാങ്കര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി സഞ്ചരിക്കുന്ന ലാന്‍ഡിങ് പ്ലാറ്റ്ഫോം ഡക്കിന്റെ (എല്‍പിഡി) നിര്‍മാണജോലിയില്‍നിന്നു സര്‍ക്കാര്‍ കപ്പല്‍ശാലയെ തഴഞ്ഞത്. നാവികസേനയ്ക്കായി നാല് എല്‍പിഡികളാണ് നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ ഓര്‍ഡര്‍ പ്രതിരോധവകുപ്പിനു കീഴിലെ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ് കമ്പനിക്കു കൈമാറി. ശേഷിക്കുന്ന രണ്ടെണ്ണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍പോലും കൊച്ചി കപ്പല്‍ശാലയ്ക്ക് അവസരം നിഷേധിച്ചു. എല്‍ ആന്‍ഡ് ടി, എവിബി, പിപ്പോവാവ് എന്നീ സ്വകാര്യകമ്പനികള്‍ക്ക് ടെന്‍ഡറിന് അവസരം നല്‍കിയപ്പോള്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിനു നല്‍കിയ അനുമതിയുടെ പേരിലാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് തുടര്‍ അവസരം നിഷേധിച്ചത്. വിക്രാന്തിന്റെ ജോലി ഇപ്പോഴും ഇവിടെ നടക്കുന്നതിനാല്‍ പുതിയ ഓര്‍ഡര്‍ പൂര്‍ത്തിയാക്കല്‍ തടസ്സമാകുമെന്ന തെറ്റായ വാദമാണ് ഇതിനായി നിരത്തിയത്. മലയാളിയായ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഇടപെടലും കൊച്ചി കപ്പല്‍ശാലയ്ക്കായി ഉണ്ടായില്ല. വാസ്തവത്തില്‍ വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി എല്‍പിഡിയുടെ ഓര്‍ഡര്‍ കപ്പല്‍ശാലയ്ക്ക് നല്‍കാനാകൂ. എല്‍പിഡിയുടെ ഡിസൈനിങ് ഉള്‍പ്പെടെയുള്ള പ്രാഥമിക കാര്യങ്ങള്‍ക്കുപോലും അന്തിമരൂപം ആയിട്ടില്ലാത്ത സാഹചര്യത്തില്‍ വിക്രാന്തിന്റെ പേരില്‍ ഈ നിര്‍മാണജോലിയില്‍നിന്നു കപ്പല്‍ശാലയെ തഴഞ്ഞതിന് ഒരു നീതീകരണവുമില്ല.

നാല് എല്‍പിഡികള്‍ക്ക് ഏതാണ്ട് 25,000 കോടി രൂപയാണ്. ഒരു എല്‍പിഡിയുടെ ഓര്‍ഡര്‍ ലഭിച്ചാല്‍തന്നെ കപ്പല്‍ശാലയ്ക്ക് ലഭിക്കുക 6250 കോടി രൂപയുടെ ഓര്‍ഡറാകും. ചെറിയ കാലയളവിലൊഴികെ ലാഭമുണ്ടാക്കിയ ചരിത്രമാണ് കൊച്ചി കപ്പല്‍ശാലയുടേത്. മതിയായ ഓര്‍ഡര്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇത് പഴങ്കഥയാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. 2012-13 സാമ്പത്തികവര്‍ഷം കൊച്ചി കപ്പല്‍ശാലയുടെ വിറ്റുവരവ് 1554 കോടി രൂപയാണ്. നികുതി കഴിക്കാതെ 276 കോടിരൂപയുടെ ആദായവും നികുതികഴിച്ച് 185 കോടി രൂപയുടെ അറ്റാദായവും ഇതുവഴി ഉണ്ടായി. അതായത്, കപ്പല്‍ശാലവഴി നികുതി ഇനത്തില്‍ മാത്രം കഴിഞ്ഞവര്‍ഷം സര്‍ക്കാരിനു ലഭിച്ചത് 91 കോടി രൂപയാണ്. 2011-12ല്‍ കപ്പല്‍ശാലയുടെ വിറ്റ്വരവ് 1405 കോടി രൂപയായിരുന്നു. നികുതി കഴിക്കാതെയുള്ള ആദായം 253 കോടി രൂപയും നികുതികഴിച്ചുള്ള അറ്റാദായം 172 കോടി രൂപയുമായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം വീണ്ടും മെച്ചപ്പെടുത്തിയത്. ആഗോള കപ്പല്‍നിര്‍മാണ മേഖല 2007 മുതല്‍ പ്രതിസന്ധി നേരിടുമ്പോള്‍തന്നെയായിരുന്നു കൊച്ചി കപ്പല്‍ശാലയുടെ നേട്ടം. ഇതിന് വിദേശ ഓര്‍ഡറുകള്‍ക്കു പുറമെ പ്രതിരോധവകുപ്പിന്റെ ഓര്‍ഡറുകളും ഏറെ സഹായകമായി. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടുതന്നെ 500 കോടിയിലേറെ രൂപയുടെ അറ്റാദായം കപ്പല്‍ശാല നേടി. ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ ഇനിയുള്ള നാളുകള്‍ പ്രതിസന്ധിയുടേതാകും.

ഓഹരി വില്‍ക്കാന്‍ ത്വരിത നീക്കം 

കൊച്ചി: സര്‍ക്കാര്‍ ഓര്‍ഡര്‍പോലും നിഷേധിച്ച് കൊച്ചി കപ്പല്‍ശാലയെ തകര്‍ച്ചയിലേക്കു തള്ളുന്നതിനു പുറമെയാണ് കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള ത്വരിത നീക്കവും. സര്‍ക്കാര്‍ ഓര്‍ഡര്‍പോലും നിഷേധിക്കുന്നതിന്റെ പിന്നില്‍ ഇതാണോ ലക്ഷ്യമെന്ന സംശയവും ഉയരുന്നുണ്ട്. കപ്പല്‍ശാല വികസനപദ്ധതികള്‍ക്ക് 400 കോടിയോളം രൂപ കണ്ടെത്തുന്നതിന് 2.2 കോടി പുതുഓഹരി നിക്ഷേപം തേടാനാണ് നീക്കമുള്ളത്. സ്വകാര്യവല്‍ക്കരണംതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലാഭകരമായ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കേണ്ട ആവശ്യം ഇല്ലാതിരിക്കെയാണ് ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയത്തിന് ആക്കംപകര്‍ന്നുള്ള നീക്കം. വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ശാലയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ട്. 2005 മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. 94-ല്‍ 119.64 കോടി രൂപയുടെ മുന്‍ഗണനാ ഓഹരികള്‍ സര്‍ക്കാര്‍ എടുത്തതോടെയാണ് കപ്പല്‍ശാലയുടെ അതുവരെയുള്ള കടം ഇല്ലാതായത്. തുടര്‍ന്ന് 2009, 2011 വര്‍ഷങ്ങളിലായി ഈ തുകയില്‍ 80 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനും കഴിഞ്ഞു.

നാവികസേനാ സംയുക്തസംരംഭമായി കപ്പല്‍ശാല മാറ്റണം: പി രാജീവ്

കൊച്ചി: നാവികസേനയുടെ കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരംപോലും കൊച്ചി കപ്പല്‍ശാലയ്ക്കു നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് പി രാജീവ് എംപി അഭിപ്രായപ്പെട്ടു. നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് നിവേദനം നല്‍കുമെന്നും രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാവികസേനയുമായി ചേര്‍ന്ന് സംയുക്തസംരംഭമാക്കി കപ്പല്‍ശാലയെ മാറ്റുന്നതിനുള്ള സാധ്യത ആരായണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയ്ക്ക് ടെന്‍ഡര്‍ നടപടികളില്ലാതെതന്നെ നാമനിര്‍ദേശത്തിലൂടെ കപ്പല്‍നിര്‍മാണ ഉത്തരവു നല്‍കാന്‍ നിയമപ്രകാരം പ്രതിരോധവകുപ്പിന് കഴിയും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര വിജിലന്‍സ് കമീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ കപ്പല്‍ശാലയ്ക്ക് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുകയും പകരം സ്വകാര്യകമ്പനികള്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ഇത് രാജ്യസുരക്ഷയെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. രാജ്യത്തിന് അഭിമാനകരമായ വിമാനവാഹിനി കപ്പല്‍ നിര്‍മിച്ച് ചരിത്രം സൃഷ്ടിക്കുന്ന കപ്പല്‍ശാലയോടുള്ള സമീപനം തിരുത്താന്‍ പ്രതിരോധവകുപ്പ് തയ്യാറാകണം. നാവികസേനയുമായുള്ള സംയുക്തസംരംഭമായി കപ്പല്‍ശാലയെ മാറ്റാനായാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കപ്പലുകള്‍ നിര്‍മിക്കുന്ന സ്ഥാപനമായി ഇതിനെ മാറ്റാം. സേനയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കാതെ ഇവിടെത്തന്നെ കപ്പലുകള്‍ നിര്‍മിക്കാനുമാകും. സ്വന്തമായി യാര്‍ഡ് നിര്‍മിക്കാന്‍ സേന ഉദ്ദേശിക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യത്തിന് പ്രസക്തിയേറെയാണ്. പ്രതിരോധമന്ത്രി ഇതില്‍ ഉടന്‍ ഇടപെടണമെന്നും രാജീവ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment